
വാഷിങ്ടൺ: അമേരിക്കയിലെ തൊഴിൽ അധിഷ്ഠിത ഗ്രീൻ കാർഡ് നടപടികളുടെ നിർണായക ഘട്ടമായ പെർം (PERM) പദ്ധതി നിലനിർത്തണമെന്ന് ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് പീപ്പിൾ ഓഫ് ഇന്ത്യൻ ഒറിജിൻ (GOPIO) പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് ആവശ്യപ്പെട്ടു. പദ്ധതിയുടെ ദുരുപയോഗം തടയുന്നതിനുള്ള നടപടികൾ ശക്തമാക്കുന്നതിനൊപ്പം, നിയമാനുസൃതമായ അപേക്ഷകരുടെ നടപടികൾ തടസ്സപ്പെടുത്തരുതെന്നും സംഘടന വൈറ്റ് ഹൗസിന് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.
ഗോപിയോ ചെയർമാൻ തോമസ് എബ്രഹാമും പ്രസിഡന്റ് പ്രകാശ് ഷായും ഒപ്പിട്ട കത്തിൽ, നിലവിലുള്ള അപേക്ഷകൾ ഉൾപ്പെടെ എല്ലാ കേസുകളിലും വ്യക്തവും നീതിപൂർവവും പ്രവചനാതീതവുമായ നടപടിക്രമങ്ങൾ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. അമേരിക്കയിൽ വിദഗ്ധ തൊഴിലാളികൾക്കുള്ള കുടിയേറ്റ നടപടികൾ അനിശ്ചിതത്വത്തിലായാൽ പ്രഗത്ഭരായ ഉദ്യോഗാർഥികൾ കാനഡ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലേക്ക് മാറാൻ സാധ്യതയുണ്ടെന്നും സംഘടന മുന്നറിയിപ്പ് നൽകി.
ഒക്ടോബർ എട്ടിന് അമേരിക്കൻ തൊഴിൽ വകുപ്പ് എട്ട് പ്രമുഖ കമ്പനികളുടെ പുതിയ പെർം അപേക്ഷകൾ സ്വീകരിക്കില്ലെന്നും നിലവിലുള്ള അപേക്ഷകളിൽ നടപടികൾ തുടരില്ലെന്നും പ്രഖ്യാപിച്ചിരുന്നു. കോഗ്നിസന്റ്, ഇൻഫോസിസ്, ടാറ്റ കൺസൾട്ടൻസി സർവീസസ് (ടി.സി.എസ്.), വിപ്രോ, എച്ച്.സി.എൽ., ക്യാപ്ജെമിനി, മൈക്രോസോഫ്റ്റ്, അഡോബി എന്നിവയാണ് പട്ടികയിലുള്ളത്. വിലക്ക് എത്രകാലം തുടരുമെന്ന ചോദ്യത്തിന്, ആവശ്യമായ കാലയളവോളം നടപടി തുടരുമെന്നായിരുന്നു വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ പ്രതികരണം.
എന്നാൽ, വിലക്കിന് ആധാരമായ ആരോപണങ്ങൾ, നിയമപരമായ അധികാരം, നടപടിയുടെ കാലാവധി എന്നിവ വ്യക്തമാക്കുന്ന ഔദ്യോഗിക അറിയിപ്പ് ഒക്ടോബർ 13 വരെ തൊഴിൽ വകുപ്പ് പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് കുടിയേറ്റ നിയമ സ്ഥാപനമായ ഗോയൽ ആൻഡ് ആൻഡേഴ്സൺ ചൂണ്ടിക്കാട്ടി.
സോഫ്റ്റ്വെയർ കമ്പനിയായ ക്ലൗഡെറയ്ക്കെതിരായ നടപടി നിലവിലെ വിലക്കിന്റെ ഭാവി നിർണയിക്കുന്നതിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ. ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് ഏപ്രിൽ 28ന് സമർപ്പിച്ച പരാതിയിൽ, ക്ലൗഡെറയുടെ പെർം തൊഴിൽ പരസ്യങ്ങളിൽ അപേക്ഷകർക്ക് നൽകിയ ഇമെയിൽ വിലാസം പ്രവർത്തിച്ചിരുന്നില്ലെന്ന് ആരോപിച്ചിരുന്നു. ഇമെയിൽ അക്കൗണ്ട് ഉദ്ദേശിച്ച രീതിയിൽ പ്രവർത്തിച്ചിരുന്നില്ലെന്ന് കമ്പനി പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെ മേയ് 12ന് തൊഴിൽ വകുപ്പ് ക്ലൗഡെറയെ 180 ദിവസത്തേക്ക് പെർം നടപടികളിൽനിന്ന് വിലക്കിയിരുന്നു.
ഫെഡറൽ ചട്ടപ്രകാരം പരമാവധി 180 ദിവസം വരെ വിലക്ക് ഏർപ്പെടുത്താൻ കഴിയുമെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ. അതിനുശേഷം നടപടികൾ പുനരാരംഭിക്കണമോ വിലക്ക് നീട്ടണമോ എന്ന് വകുപ്പ് തീരുമാനിക്കേണ്ടിവരും. ക്ലൗഡെറയുമായി ബന്ധപ്പെട്ട തീരുമാനം നവംബർ ആദ്യത്തോടെ ഉണ്ടാകുമെന്നാണ് ഗോയൽ ആൻഡ് ആൻഡേഴ്സന്റെ പ്രതീക്ഷ. എട്ട് കമ്പനികൾക്കെതിരായ പുതിയ നടപടി നിയമപരമായി ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്നും സ്ഥാപനം ചൂണ്ടിക്കാട്ടി. എന്നാൽ ഇതുമായി ബന്ധപ്പെട്ട് കേസ് ഫയൽ ചെയ്തതായി റിപ്പോർട്ടുകളില്ല.
നിലവിലെ വിലക്ക് പെർം നടപടികൾക്ക് മാത്രമാണ് ബാധകമെന്നും എച്ച്-1ബി വിസാ പദവിയെ നേരിട്ട് ബാധിക്കില്ലെന്നും നിയമസ്ഥാപനം വ്യക്തമാക്കി. വിലക്കിന്റെ പ്രത്യാഘാതങ്ങൾ സംബന്ധിച്ച് ഇന്ത്യൻ ഐ.ടി. കമ്പനികൾ ആശങ്ക കുറച്ചുകാണിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. കാര്യമായ പ്രത്യാഘാതം പ്രതീക്ഷിക്കുന്നില്ലെന്ന് ഇൻഫോസിസ് അറിയിച്ചതായി ഹിന്ദു ബിസിനസ്ലൈൻ റിപ്പോർട്ട് ചെയ്തു. ടി.സി.എസിന്റെ പെർം അപേക്ഷകൾ ഒറ്റ അക്ക സംഖ്യയിലാണെന്ന് ഔട്ട്ലുക്ക് ബിസിനസ് റിപ്പോർട്ട് ചെയ്തു. അമേരിക്കയിലെ വിപ്രോ ജീവനക്കാരിൽ 80 ശതമാനത്തിലധികവും പ്രാദേശികമായി നിയമിക്കപ്പെട്ടവരാണെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
തൊഴിൽ അധിഷ്ഠിത ഗ്രീൻ കാർഡ് ലഭിക്കുന്നതിനുള്ള ആദ്യഘട്ടമാണ് പെർം (Permanent Labor Certification). ഒരു തസ്തികയിൽ നിലവിലുള്ള വേതനനിരക്കിൽ യോഗ്യനായ അമേരിക്കൻ തൊഴിലാളിയെ ലഭ്യമല്ലെന്ന് തൊഴിലുടമ തൊഴിൽ വകുപ്പിനെ ബോധ്യപ്പെടുത്തണം. രാജ്യാടിസ്ഥാനത്തിലുള്ള ഗ്രീൻ കാർഡ് പരിധികൾ കാരണം ഇന്ത്യൻ പൗരന്മാർക്ക് സ്ഥിരതാമസാനുമതി ലഭിക്കുന്നതിന് വർഷങ്ങളോളം കാത്തിരിക്കേണ്ടിവരാറുണ്ട്. എച്ച്-1ബി വിസയിൽ അമേരിക്കയിൽ ജോലി ചെയ്യുന്ന നിരവധി ഇന്ത്യൻ പ്രൊഫഷണലുകൾ സ്ഥിരതാമസാനുമതിക്കായി പെർം നടപടികളെ ആശ്രയിക്കുന്നതിനാൽ, നിലവിലെ നിയന്ത്രണങ്ങൾ അവരുടെ ഭാവി പദ്ധതികളെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.