
ന്യൂയോർക്ക്: അമേരിക്കയിലെ ഇല്ലിനോയിയിൽ ഹിന്ദു ക്ഷേത്രം ലക്ഷ്യമിട്ട് കൂട്ടവെടിവയ്പ് നടത്താൻ ശ്രമിച്ചെന്ന കേസിൽ 19കാരൻ അറസ്റ്റിൽ. തോക്ക് പ്രവർത്തിക്കാതിരുന്നതിനെത്തുടർന്നാണ് ആക്രമണശ്രമം പരാജയപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. സഹപ്രവർത്തകന്റെ വിവരത്തെത്തുടർന്നാണ് അലക്സാൻഡ്രോസ് പപൊറാക്കിസ് (Alexandros Paporakis) എന്ന യുവാവിനെ പൊലീസ് പിടികൂടിയത്.
ചിക്കാഗോയിൽനിന്ന് ഏകദേശം 70 കിലോമീറ്റർ അകലെയുള്ള അറോറയിലെ ഒരു ഹിന്ദു ക്ഷേത്രത്തിൽ ശനിയാഴ്ചയാണ് ആക്രമണശ്രമം നടന്നതെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. തോക്കിന്റെ കാഞ്ചി വലിച്ചിട്ടും വെടിയുതിർക്കാൻ കഴിയാതിരുന്നതോടെ പ്രതി സ്ഥലത്തുനിന്ന് അതിവേഗം രക്ഷപ്പെട്ടതായി സഹപ്രവർത്തകനോട് പറഞ്ഞിരുന്നു.
ഞായറാഴ്ച ചിക്കാഗോയ്ക്ക് സമീപമുള്ള പാലറ്റൈനിലെ വസതിക്കു പുറത്തുവച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതിക്കെതിരെ ഭീകരഭീഷണി മുഴക്കിയതിനും നിയമവിരുദ്ധമായി ആയുധം കൈവശംവച്ചതിനും കേസെടുത്തു. ഒക്ടോബർ 30 വരെ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടു.
പ്രതിയുടെ കൈവശത്തുനിന്ന് എട്ടു പേജുള്ള ഒരു രേഖ പൊലീസ് കണ്ടെത്തി. 'Why I Fought: A.K.A.: Aurora Shooter's Manifesto' എന്ന തലക്കെട്ടിലുള്ള ഈ രേഖയിൽ ഇന്ത്യൻ വംശജർക്കും ഹിന്ദുക്കൾക്കും എതിരെ കടുത്ത വംശീയവിദ്വേഷം പ്രകടിപ്പിച്ചിരുന്നതായി കോടതിയിൽ സമർപ്പിച്ച രേഖകൾ വ്യക്തമാക്കുന്നു.
കഴിയുന്നത്ര ന്യൂനപക്ഷക്കാരെ കൊലപ്പെടുത്തിയശേഷം മരിക്കുമെന്നും പ്രതി രേഖയിൽ പ്രഖ്യാപിച്ചിരുന്നതായി പ്രോസിക്യൂട്ടർമാർ ആരോപിച്ചു. ജൂതർക്കും ആഫ്രിക്കൻ അമേരിക്കക്കാർ ഉൾപ്പെടെയുള്ള വംശീയ ന്യൂനപക്ഷങ്ങൾക്കുമെതിരെ ഇയാൾ വിദ്വേഷം പ്രകടിപ്പിച്ചിരുന്നതായും അധികൃതർ പറഞ്ഞു.
ആക്രമണത്തിന് രണ്ടുവർഷമായി പദ്ധതിയിട്ടുവരികയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. പ്രതി സ്വയം 'വെള്ളക്കാരുടെ മേധാവിത്വത്തിൽ വിശ്വസിക്കുന്ന നിയോ-നാസി' എന്ന് വിശേഷിപ്പിച്ചിരുന്നതായും പൊലീസ് അറിയിച്ചു.
പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ റൈഫിൾ, നിറച്ച മാഗസിനുകൾ, നൂറുകണക്കിന് വെടിയുണ്ടകൾ, ശരീരസംരക്ഷണ കവചം എന്നിവ കണ്ടെത്തി. വെള്ളക്കാരുടെ മേധാവിത്വവാദവുമായി ബന്ധപ്പെട്ട തീവ്രവാദ ചിഹ്നങ്ങൾ കവചത്തിലുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.
സംഭവത്തിന്റെ ഗൗരവം കുറച്ചുകാണാനാവില്ലെന്ന് പാലറ്റൈൻ പൊലീസ് മേധാവി വില്യം നോർഡ് പ്രതികരിച്ചു. ആക്രമണപദ്ധതിയും കൂട്ടക്കൊല നടത്താനുള്ള ആഗ്രഹവും പ്രതിയുടെ രേഖകളിൽ വ്യക്തമാക്കിയിരുന്നതായി അദ്ദേഹം പറഞ്ഞു.
ഫാസ്റ്റ് ഫുഡ് റസ്റ്ററന്റിൽ പ്രതിക്കൊപ്പം ജോലി ചെയ്തിരുന്ന സഹപ്രവർത്തകനാണ് പൊലീസിനെ വിവരമറിയിച്ചത്. പ്രതി അയച്ച തന്ത്രപ്രധാനമായ വേഷത്തിലുള്ള സ്വന്തം ചിത്രവും ആക്രമണപദ്ധതി വിവരിക്കുന്ന രേഖയും അന്വേഷണത്തിന് സഹായകമായി. എഫ്.ബി.ഐയുടെ സഹായത്തോടെ പ്രതിയുടെ ഇലക്ട്രോണിക് ഉപകരണങ്ങളും ആശയവിനിമയ രേഖകളും പരിശോധിച്ചതായി പൊലീസ് അറിയിച്ചു.
അറോറയിലെ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്കും പ്രദേശത്തെ മറ്റു ക്ഷേത്രങ്ങൾക്കും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.