Image

മലയാള ചലച്ചിത്രഗാനങ്ങൾ പുതിയ നൂറ്റാണ്ടിൽ (ഭാഗം രണ്ട്: കുര്യൻ കെ തോമസ്)

Published on 15 October, 2026
മലയാള ചലച്ചിത്രഗാനങ്ങൾ പുതിയ നൂറ്റാണ്ടിൽ (ഭാഗം രണ്ട്: കുര്യൻ കെ തോമസ്)

ഗാനരചയിതാക്കൾ, സംഗീത സംവിധായകർ, ഗായകർ അടങ്ങുന്ന ചലച്ചിത്രഗാന ശരീരത്തിലെ ജൈവസാന്നിധ്യങ്ങളിൽ സംഭവിക്കുന്ന തലമുറമാറ്റം… മലയാള ചലച്ചിത്ര സംഗീതലോകത്ത് പുതിയ നൂറ്റാണ്ടിൽ (2001-2025) ദൃശ്യമാകുന്ന രൂപ-ഭാവ പരിണാമങ്ങൾ…

പെൺപാട്ടു കാഴ്ചയും കേൾവിയും കാമനകളും

ഒന്നര പതിറ്റാണ്ടിനിടയിൽ ചലച്ചിത്ര ഗാനരചനയിലും  സംഗീതമൊരുക്കലിലും സ്ത്രീ പങ്കാളിത്തം കാലാനുഗതമായി  വർദ്ധിക്കുന്നുണ്ട്. അന്നാ കാതറിൻ വലയിൽ, നേഹ എസ് നായർ (രചന, സംഗീതം,  ആലാപനം), അനു ഏലിസബത്ത് ജോസ്, ധന്യ സുരേഷ്, ആശാ രമേശ്, ഗൗരി ലക്ഷ്മി, ഹസീന എസ്. കാനം, സബീന ഷാജഹാൻ ,ശശികല മേനോൻ, സ്മിതാ പിഷാരടി, ബി ശ്രീരേഖ, അടക്കം 80 ഓളം പെൺ ഗാനരചയിതാക്കളും അലീന അലി അക്ബർ, ശ്രീരഞ്ജിനി മനോജ്, എം.എം. ശ്രീലേഖ, പ്രീതി പിള്ള,  ഗൗരി ലക്ഷ്‌മി. സംഗീത വർമ്മ, , രശ്മി നാരായണൻ, സയനോര ഫിലിപ്പ്, സിത്താര കൃഷ്‌ണകുമാർ, ചാരു ഹരിഹരൻ തുടങ്ങി പത്തിലധികം പെൺ സംഗീതസംവിധായകരും ഈ കാലഘട്ടത്തിൽ സജീവമായി.

പെണ്ണൂടലിന്റെ അംഗോപാംഗ വർണ്ണനയിൽനിന്ന് പാട്ടു സാഹിത്യം പുതിയ നൂറ്റാണ്ടിൽ തുല്യനീതി/ലിംഗസമത്വ സങ്കൽപ്പങ്ങളിലേക്കും അരുകുവൽക്കരിക്കപ്പെട്ടവരുടെ അവകാശങ്ങളിലേക്കും സാമൂഹിക അവബോധ മാറ്റത്തിന്റെ അനുരണനങ്ങൾ എന്നവണ്ണം പ്രതിഫലിക്കുന്നു. സി എസ് മീനാക്ഷി ചൂണ്ടിക്കാട്ടുമ്പോലെ 'എൻ പ്രാണനായകനെ എന്തു വിളിക്കും' എന്ന നാണവും വിധേയത്വവുമുള്ള പാട്ടിൽനിന്ന്, വ്യക്തവും ആർജ്ജവവുമുള്ള 'ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ... ഈ തൊട്ടുനോട്ടമിഷ്ടമല്ലടാ' എന്ന നിലപാടുമാറ്റമുള്ള പാട്ടിലേക്കുള്ള ദൂരം അൻപതു വർഷമാണ്. കാവ്യാത്മക ആടയാഭരണങ്ങളെ പാട്ട് അഴിച്ചുവെക്കുന്നു. പ്രണയത്തിന്റെ ജനാധിപത്യവൽക്കരണം സംഭവിക്കുന്നു. ഭയത്തോടും നാണത്തോടും കൂടിമാത്രം സ്വന്തം വികാരങ്ങളെ പ്രകാശിപ്പിക്കുന്ന 'കാവ്യവസ്തു'വിൽനിന്നും, സ്വന്തം വികാരങ്ങളിലും വാക്കുകളിലും പൂർണ്ണ സ്വാതന്ത്ര്യമുള്ള പുതിയ മലയാളി പെണ്ണിലേക്കുള്ള പരിണാമമാണ് പുതിയ പാട്ടിൽ അടയാളപ്പെടുത്തുന്നത്.

സ്ത്രീകൾ സിനിമകളുടെ സമഗ്ര മേഖലകളിലേക്കും കടന്നുവരുന്നു. സ്ത്രീപക്ഷ സിനിമകൾ നിർമ്മിക്കപ്പെടുന്നു. കെഎസ്എഫ്ഡിസി അടക്കം സ്ത്രീകൾ സംവിധാനംചെയ്ത സിനിമകൾക്കായി ബജറ്റിൽ പണം നീക്കിവെക്കുന്നു. സ്ത്രീപക്ഷ സിനിമകൾപോലെ (22 ഫീമെയിൽ കോട്ടയം,  ഹൗ ഓൾഡ് ആർ യു , ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, ബി 32 മുതൽ 44 വരെ,  ഫെമിനിച്ചി ഫാത്തിമ) പുതിയ ഭാവുകത്വവുമായി പാട്ടുകളും (ജീവാംശമായി…, ആരാധികേ…, ചെരാതുകൾ..., ഉയിരിൽ തൊടും തളിർ…) ഇന്ന് ശ്രദ്ധേയമാകുന്നു.

ഭക്തിഗാനങ്ങൾ

മലയാളസിനിമയിലെ ഭക്തിഗാനങ്ങൾ ചലച്ചിത്രാഖ്യാനത്തോടും സാങ്കേതിക പുരോഗതിയോടും കാലത്തിനൊപ്പം ചേർന്നുനിന്നു. സിറ്റുവേഷണൽ ഭക്തിയും സാങ്കേതികമികവും മതസൗഹാർദ്ദവുമാണ് ഈ കാലഘട്ടത്തിലെ ഗാനങ്ങളുടെ പൊതുവായ സവിശേഷതകൾ. ഹിന്ദു ഭക്തിഗാനങ്ങളിൽ ശാസ്ത്രീയ സംഗീതത്തിന്റെ തുടർച്ചയ്ക്കൊപ്പം നാടൻതാളങ്ങൾക്കും, ആധുനിക ഓർക്കസ്ട്രേഷനും പ്രാധാന്യമേറി. ‘കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ…’ എന്ന ഗാനം കൃഷ്ണഭക്തിയും ശുദ്ധമായ ശാസ്ത്രീയ ഈണവും ചേർന്ന മികച്ച ഉദാഹരണമായി. ‘അമ്പാടി പയ്യുകൾ മേയും…’ എന്ന ഗാനം ആഘോഷമൂഡ് നൽകുന്ന നാട്ടുഭക്തിഗാനവുമായി. ഭ്രമയുഗം  പോലുള്ള സിനിമകളിൽ ഭയവും മിസ്റ്റിസിസവും നിറഞ്ഞ തീവ്രമായ ആധുനിക പശ്ചാത്തല സംഗീതത്തോടെയാണ് ഭക്തി അവതരിപ്പിക്കപ്പെട്ടത്.

പരമ്പരാഗത ശൈലി നിലനിർത്തിക്കൊണ്ടുവന്ന പാശ്ചാത്യ ഗായകസംഘ ശൈലികൾ ക്രിസ്ത്യൻ ഭക്തിഗാനങ്ങളിൽ സമന്വയിപ്പിച്ചു. ‘ഉയിരിൻ നാഥനെ…’ എന്ന ഗാനം മരണവീട്ടിലെ പ്രാർത്ഥനയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ വൈകാരികവും ആത്മീയവുമായ ഒന്നായിരുന്നു. ‘യെരുശലേം നായക...' (അബ്രഹാമിന്റെ സന്തതികള്‍) എന്ന ഗാനം കുട്ടികളുടെ ക്വയർ പാട്ടുകളുടെ ലളിതമായ ഈണത്തിൽ ഒരുക്കിയതാണ്. ദി പ്രീസ്റ്റ് എന്ന സിനിമയിലെ ‘ശുദ്ധർ സ്തുതിക്കും വീട്…’ എന്ന പഴയഗാനത്തിൽ പാശ്ചാത്യ ബാൻഡുകളുടെ ശൈലിയും പള്ളിക്വയറിന്റെ ഗാംഭീര്യവും സിനിമാറ്റിക് ഭക്തിഗാനങ്ങൾക്ക് ആധുനികമുഖം നൽകി.

മാപ്പിളപ്പാട്ടുകളുടെ പരമ്പരാഗത ശൈലിയിൽനിന്നും ഗസലുകളുടെയും ഈശ്വരസാമീപ്യം തേടുന്ന സൂഫി സംഗീതശാഖയുടെയും ശൈലിയിലേക്കാണ് മുസ്‌ലിം പശ്ചാത്തലമുള്ള പ്രണയ, വിരഹ, സാമൂഹിക ഗാനങ്ങളെല്ലാം വഴിമാറിയത്. 'റസൂലള്ളാഹ്...' (സാൽവഡോർ ഡാലി), കിനാവുകൊണ്ട് മുറിച്ചൊരു...' (സുഡാനി ഫ്രം നൈജീരിയ), തനിയെ മിഴികൾ' (പരദേശി), 'തീരമേ തീരമേ...' (മാലിക്) പോലെ മലബാറിന്റെ തനത് സംസ്കാരം പ്രതിഫലിപ്പിക്കുന്ന, ലളിതമായ വരികളും ഡഫ്മുട്ടിന്റെ താളവുമുള്ള പ്രാർത്ഥനാരൂപത്തിലുള്ള നിരവധി ഗാനങ്ങൾ.

ഹിറ്റ് ഗാനങ്ങളുടെ പുനരുപയോഗം

ഹിറ്റ് ഗാനങ്ങൾ അതേപടിയോ റീ-മിക്സ് ചെയ്തോ ഉള്ള  പുനരുപയോഗ സാധ്യതകൾ സിനിമാഗാന ഘടനയെയും ആഖ്യാനശൈലിയെയും ആസ്വാദനരീതികളെയും പുതുക്കി. കാറ്റു വന്നു വിളിച്ചപ്പോള്‍ (2001) എന്ന സിനിമക്കായി എം ജി രാധാകൃഷ്ണന്‍ ഗൗരിമനോഹരി രാഗഛായയിൽ ഈണംനൽകി കെ എസ് ചിത്ര പാടിയ 'കാറ്റേ നീ വീശരുതിപ്പോള്‍…’ എന്ന ഹിറ്റ് ഗാനം ഏതാണ്ട് ഏഴ് പതിറ്റാണ്ടുമുമ്പ് 1957 ൽ അച്ഛനും മകനും എന്ന സിനിമക്കായി തിരുനെല്ലൂര്‍ കരുണാകരന്‍ രചിച്ച് വിമല്‍കുമാര്‍ സംഗീതം നൽകി ശ്യാമള എന്ന ഗായിക പാടിയതായിരുന്നു. 'അല്ലിയാമ്പൽ കടവി…', 'അകലെ അകലെ നീലാകാശം…', 'കിഴക്കേ മലയിലെ…', 'കണ്ട് രണ്ട് കണ്ണ്…', 'കസ്തൂരി മണക്കുന്നല്ലോ…', 'ചെട്ടികുളങ്ങര ഭരണിനാളിൽ…', മഴതുള്ളി തുള്ളി…', 'അയല പൊരിച്ചതുണ്ട്…', 'കണ്ണും കണ്ണും തമ്മിൽ തമ്മിൽ…', 'മിഴിയോരം നനഞ്ഞൊഴുകും…', 'ഓ മൃദുലേ…', 'ഒരു മധുരകിനാവിൻ…', 'പൂമുഖ വാതിൽക്കൽ…', ഉണ്ണികളേ ഒരു കഥ പറയാം…', 'ഉന്നം മറന്ന് തെന്നിപ്പറന്ന്…' തുടങ്ങി പിൽക്കാലത്ത് വിജയകരമായി ഉപയോഗിക്കുകയോ പുനഃസൃഷ്ടിക്കുകയോ ചെയ്തിട്ടുള്ള ഗാനങ്ങൾ നിരവധിയാണ്.

റീ-മിക്സ്/കവർ പതിപ്പുകളായി എത്തിയവയിൽ 'ദേവദൂതർ പാടി…' (കാതോട് കാതോരം) എന്ന ഗാനം 'ന്നാ താൻ കേസ് കൊട്' (2022) സിനിമയിൽ ചാക്കോച്ചന്റെ തകർപ്പൻ ഡാൻസിലൂടെ വലിയ തരംഗമായി മാറി. ‘ചേക്കേറാൻ ഒരു ചില്ല' എന്ന ചിത്രത്തിൽ ജഗതി ശ്രീകുമാർ തമാശയായി പാടിയ "പാൽക്കാരിപ്പെണ്ണേ പാലൊന്നു തായോ..." എന്ന വരികൾ നീരജ് മാധവ് ചിത്രമായ 'പൈപ്പിൻ ചുവട്ടിലെ പ്രണയം' (2017) എന്ന സിനിമയിൽ പ്രൊമോഷൻ ടീസറായും പാട്ടായുമെത്തി. തമിഴ് ചിത്രമായ 'ഗുണ'യിലെ (1991) ഇളയരാജ-വാലി ടീമിന്റെ 'കൺമണി അൻപൊടു…' എന്ന ഗാനം മഞ്ഞുമ്മൽ ബോയ്‌സിലും പ്രേമത്തിലും ആഖ്യാനത്തിൽ ഫലപ്രദമായി ഉപയോഗിക്കുന്ന ടൂൾ ആണ്.

പാട്ടില്ലാത്ത സിനിമകൾ

കഴിഞ്ഞനൂറ്റാണ്ടിൽ പുറത്തുവന്ന 'സ്വയംവരം', 'എലിപ്പത്തായം', കാഞ്ചനസീതപോലെ പരീക്ഷണസിനിമകളും 'ന്യൂ ഡൽഹി' സിബിഐ സീരീസ് അടക്കമുള്ള വാണിജ്യസിനിമകളും സാമ്പത്തികവിജയത്തിനു പാട്ടുകൾ അനിവാര്യമാണെന്ന ചിന്താഗതിയെ പശ്ചാത്തല ശബ്ദങ്ങളും ബി.ജി.എമ്മും ഉപയോഗിച്ച്‌ തകർത്തവയാണ്. 'ഒരു ചെറുപുഞ്ചിരി', 'മേൽവിലാസം', 'ഈ.മ.യൗ.', 'ജല്ലിക്കട്ട്', 'അഞ്ചാം പാതിരാ', 'ജോജി', 'ഇലവീഴാപ്പൂഞ്ചിറ' തുടങ്ങി ഒട്ടനവധി പാട്ടില്ലാത്ത സിനിമകൾ ഈ നൂറ്റാണ്ടിലുണ്ടായി. സിനിമയുടെ കഥാപരിസരവും കഥാപാത്രങ്ങളുടെ വൈകാരികതയും പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ പശ്ചാത്തല സംഗീതം (BGM) ഇന്ന് നിർണ്ണായക പങ്കുവഹിക്കുന്നു. നിശബ്ദതയോ ഉയർന്ന ശബ്ദങ്ങളോ മാത്രമായിരുന്ന പഴയ രീതി മാറി, അന്താരാഷ്ട്ര നിലവാരമുള്ള ഓർക്കസ്ട്രേഷനും സിന്തസൈസർ ശബ്ദങ്ങളും ചേർന്നതാണ് പുതിയ കാലത്തെ ബി.ജി.എം.

റെക്കോർഡിങ് സാങ്കേതികവിദ്യ

പഴയകാലത്ത് ഗായകരും വാദ്യകലാകാരന്മാരും സ്റ്റുഡിയോയിൽ ഒരുമിച്ചിരുന്ന് ഒറ്റ ടേക്കിലാണ് ലൈവ് റെക്കോർഡിങ് നടത്തിയിരുന്നത്. പിന്നീട് മാഗ്നറ്റിക് ടേപ്പുകളും ഓരോ ശബ്ദവും പ്രത്യേകമായി റെക്കോർഡ് ചെയ്യാൻ സഹായിക്കുന്ന മൾട്ടിട്രാക്ക് സംവിധാനങ്ങളും നിലവിൽവന്നു. ആർക്കെങ്കിലും തെറ്റ് പറ്റിയാൽ പാട്ട് വീണ്ടും പാടേണ്ടി വന്നിരുന്ന അവസ്ഥയ്ക്ക് ഇതിലൂടെ വലിയ മാറ്റമുണ്ടായി. പാടുമ്പോൾ സംഭവിക്കുന്ന ചെറിയ ശ്രുതിവ്യത്യാസങ്ങളും തെറ്റുകളും സ്റ്റുഡിയോകളിൽതന്നെ ഡിജിറ്റലായി തിരുത്താൻ സഹായിക്കുന്ന ഓട്ടോ ട്യൂൺ സോഫ്റ്റ്‌വെയറുകൾ അന്യഭാഷാ ഗായകർക്കുപോലും മലയാളത്തിൽ കൃത്യമായ ഉച്ചാരണത്തോടെയും ശ്രുതിയോടെയും പാടാൻ വഴിതുറക്കുകയും നിർമ്മാണച്ചെലവ് ഗണ്യമായി കുറയ്ക്കുകയും ചെയ്തു.

ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ വലിയ അനലോഗ് ടേപ്പ് സ്പൂളുകളിൽനിന്ന് മലയാള സിനിമ കമ്പ്യൂട്ടർ അധിഷ്ഠിത ഡിജിറ്റൽ ഓഡിയോ വർക്ക്സ്റ്റേഷനുകളിലേക്ക് മാറിത്തുടങ്ങി. വലിയ ഓർക്കസ്ട്രകളെവെച്ച് റെക്കോർഡ് ചെയ്യാൻ ചെന്നൈയിലെ വമ്പൻ സ്റ്റുഡിയോകളെ ആശ്രയിച്ചിരുന്ന രീതി സാങ്കേതിക മുന്നേറ്റത്തോടെ കുറഞ്ഞു. ആധുനിക സോഫ്റ്റ്‌വെയറുകൾ പാട്ടുകൾ കുറഞ്ഞ സമയത്തിനുള്ളിൽ റെക്കോർഡ് ചെയ്യാനും എഡിറ്റ് ചെയ്യാനും   സഹായിക്കുന്നു. സ്റ്റീരിയോ ഫോർമാറ്റുകളിൽനിന്ന് ഡോൾബി അറ്റ്മോസ് പോലുള്ള ഇമ്മേഴ്സീവ് സൗണ്ട് സാങ്കേതികവിദ്യകളിലേക്ക് ശബ്ദമിക്സിങ് വികസിച്ചതോടെ കേൾവിയുടെ ഗുണനിലവാരം ആഗോള നിലവാരത്തിലേക്ക് ഉയർന്നു. ലൈവ് ഇൻസ്ട്രുമെന്റുകളിൽനിന്ന് ഡിജിറ്റൽ ഓഡിയോ വർക്ക്സ്റ്റേഷനുകളിലേക്കുള്ള മാറ്റം പാട്ടുകളുടെ വേഗതയും താളവും കൂട്ടി. റീൽസുകളിലും സോഷ്യൽ മീഡിയയിലും തരംഗമാകുന്ന തരത്തിലാണ് ഇന്ന് ബി.ജി.എമ്മും പ്രധാന ട്രാക്കുകളും രൂപകൽപ്പന ചെയ്യുന്നത്.

ആസ്വാദനവും വിപണനവും

മലയാള ചലച്ചിത്ര സംഗീതരംഗത്ത് കാസറ്റു/സിഡി വിപണിയുടെ തകർച്ചയും മ്യൂസിക് ലേബലുകളുടെ പുനഃക്രമീകരണവുമാണ് ഈ കാൽനൂറ്റാണ്ടിനിടയിൽ ഉണ്ടായ വലിയ മാറ്റം. കാസറ്റ് വിപണി പൂർണ്ണമായും ഇല്ലാതായതോടെ പരമ്പരാഗത ഓഡിയോ കമ്പനികൾക്ക് വലിയ തിരിച്ചടിയേറ്റു.

സ്മാർട്ട്‌ ഫോണുകളിലും ഹൈ-സ്പീഡ് ഇന്റർനെറ്റിലും ഉണ്ടായ കുതിച്ചുചാട്ടം കേൾവിക്കാരെ പൂർണ്ണമായും ഡിജിറ്റൽ യുഗത്തിൽ എത്തിച്ചു. നിലവിലുണ്ടായിരുന്ന ഓഡിയോ കാസറ്റുകളും സിഡികളും വാക്ക്മാൻ അല്ലെങ്കിൽ വലിയ മ്യൂസിക് സിസ്റ്റങ്ങളിൽ പാട്ടുകൾ കേട്ടിരുന്ന ആസ്വാദനരീതി എംപിത്രീ ഡൗൺലോഡുകളിലേക്കും ബ്ലൂടൂത്തോ മെമ്മറി കാർഡോ വഴിയുള്ള കൈമാറ്റങ്ങളിലേക്കും വഴിമാറി. പാട്ടുകൾ കേൾക്കുകമാത്രം ചെയ്തിരുന്ന അവസ്ഥയിൽനിന്ന് ലിറിക് വീഡിയോകളും സിനിമയുടെ പിന്നണിദൃശ്യങ്ങളും കണ്ട് ആസ്വദിക്കുന്ന വിഷ്വൽ സംസ്കാരത്തിലേക്ക് മലയാളി മാറി. വിപണി പൂർണ്ണമായി ഡിജിറ്റൽ മ്യൂസിക് ലേബലുകൾ കൈയടക്കുന്ന അവസ്ഥയായി. യൂട്യൂബ്, സ്പോട്ടിഫൈ, വിങ്ക്, ജിയോസാവൻ പോലുള്ള സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകൾ ഗാനാസ്വാദനത്തിന്റെ പുതുവഴികളായി.

ഇന്ന് യൂട്യൂബ് വ്യൂസ്, ഡിജിറ്റൽ സ്ട്രീമിങ് ആപ്പുകളിലെ പ്ലേ കൗണ്ട്, റോയൽറ്റി എന്നിവയിലൂടെയാണ് വരുമാനം കണ്ടെത്തുന്നത്. പാട്ട് ഹിറ്റാക്കാൻ പോസ്റ്ററുകളും ട്രെയിലറുകളുംമാത്രം പോരാത്ത ഇക്കാലത്ത് ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർമാരെക്കൊണ്ട് പാട്ടു റീലുകൾ ചെയ്യിച്ചും, കവർ വേർഷനുകളും ഡാൻസ് ചലഞ്ചുകളും സംഘടിപ്പിച്ചുമാണ് വിപണനം നടത്തുന്നത്. ഗായകർക്കും സംഗീതജ്ഞർക്കും സ്വന്തം യൂട്യൂബ് ചാനലുകളിലൂടെയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിലൂടെയോ പാട്ടുകൾ റിലീസ് ചെയ്ത് നേരിട്ട് വരുമാനം ഉണ്ടാക്കാൻ സാധിക്കുന്ന രീതിയിൽ വിപണി വികേന്ദ്രീകരിക്കപ്പെട്ടു.

ഗാനങ്ങൾക്കും പ്രമോഗാനങ്ങൾക്കും ഇൻസ്റ്റാഗ്രാം റീലുകളിലൂടെയും യൂട്യൂബിലൂടെയും കിട്ടുന്ന പബ്ലിസിറ്റിക്കൊപ്പം റോയൽറ്റിയും അനുബന്ധ പരസ്യവരുമാനവും സിനിമയുടെ സാമ്പത്തിക വിജയത്തിൽ നിർണ്ണായകമായി. കടുവ സിനിമയിലെ ‘പാലാപ്പള്ളി തിരുപ്പള്ളി..’ എന്ന ഗാനം റിലീസിന് മുൻപേ ഉത്സവപ്പറമ്പുകളിലും ക്ലബ്ബുകളിലും ഹിറ്റായി പ്രേക്ഷകരെ തിയേറ്ററുകളിലെത്തിച്ചു. റിലീസിന് മുൻപുതന്നെ വലിയ തരംഗമായ ഹൃദയം എന്ന ചിത്രത്തിലെ പാട്ടുകളുടെ ഓഡിയോ റൈറ്റ്സ് രണ്ട് കോടി രൂപയ്ക്കായിരുന്നു വിറ്റത്. ആവേശം ചിത്രത്തിലെ ‘ഇല്ലുമിനാറ്റി…’, ‘ജാഡമൗഡി…’ സിംഗിൾ ട്രാക്കുകൾ റിലീസിന് മുൻപേ റീലുകളിൽ തരംഗമായി രംഗണ്ണൻ എന്ന കഥാപാത്രത്തിന് തിയേറ്ററുകളിൽ വൻവരവേൽപ്പിനും സിനിമക്ക് 150 കോടി കളക്ഷനും വഴിയൊരുക്കി.

പാട്ടിന്റെ പുതിയ നൂറ്റാണ്ട്

പണ്ട് നാടക, ചലച്ചിത്രഗാനങ്ങളിൽമാത്രം ഒതുങ്ങിയിരുന്ന ജനപ്രിയ സംഗീതത്തിന്റെയും പാട്ടുകേൾവിയുടെയും ആസ്വാദനത്തിന്റെയും ലോകങ്ങൾ സാങ്കേതികപുരോഗതിക്കൊപ്പം സാർവദേശീയമായതോടെ ചലച്ചിത്രസംഗീതം സാമ്പ്രദായിക വിഭജനസീമകളെ പിന്നിട്ട് സംഗീതവിപണിയിലെയും ആസ്വാദനത്തിലെയും വൈവിദ്ധ്യമാർന്ന തുരുത്തുകളിൽ ഒന്നായിമാറി. കാലത്തിനും സാങ്കേതിക വികാസത്തിനുമൊപ്പം പാട്ടിൻറെ രൂപവും ദൈർഘ്യവും ഉള്ളടക്കവും വിപണനരീതികളും ആസ്വാദനശീലങ്ങളും പുതുക്കപ്പെട്ടു.

ശബ്ദവും നിശബ്ദതയും സംഗീതവും ചലച്ചിത്രാഖ്യാന ആസ്വാദനങ്ങളിൽ   നിർണായക ഘടകങ്ങളായിരുന്നു. വാണിജ്യോൽപന്നം എന്ന നിലയിൽ ചലച്ചിത്ര വ്യവസായം പാട്ടും പശ്ചാത്തലസംഗീതവും ശബ്ദങ്ങളും  മൗനങ്ങളുമെല്ലാം ഫലപ്രദമായി ഉപയോഗിച്ചു. സാമ്പത്തികവിജയം ഉറപ്പാക്കുന്നതിൽ പാട്ടുകൾക്കൊപ്പം തീം മ്യൂസിക്കുകളായി മാറിയ പശ്ചാത്തലസംഗീതവും പ്രമോഗാനങ്ങളും കവർവേർഷനുകളും ഉപകരണങ്ങളുമായി.

മലയാള സിനിമാസംഗീത ആസ്വാദനവഴികൾ കേൾവിക്കാരന്റെ ചൂണ്ടുവിരൽത്തുമ്പിലേക്ക് ചുരുങ്ങുമ്പോൾ വിപണന ചക്രവാളങ്ങൾ അതിരുകളില്ലാതെ ആഗോളതലത്തിലേക്ക് വ്യാപിക്കുകയായിരുന്നു. പ്രണയമെലഡികളിൽനിന്നും യുഗ്മഗാനങ്ങളിൽനിന്നും ഒടിടി കാലഘട്ടത്തിലെ സിംഗിൾ ട്രാക്ക് സംസ്കാരത്തിലേക്കും പശ്ചാത്തലസംഗീത പ്രാധാന്യത്തിലേക്കുമുള്ള മാറ്റം സിനിമയിലെ പാട്ടിന്റെ ധർമ്മത്തെത്തന്നെ പുതുക്കി. പരമ്പരാഗത റെക്കോർഡിങ് രീതികളിൽ നിന്നുള്ള മാറ്റങ്ങൾ, അന്താരാഷ്ട്ര നിലവാരമുള്ള സൗണ്ട് ഡിസൈനിങ്, ഒടിടി/ ഡിജിറ്റൽ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകൾ, ട്രെൻഡിങ് ആകുന്ന അതിവേഗ ബീറ്റുകൾ, ഇവയൊക്കെച്ചേർന്നു മലയാള ചലച്ചിത്ര സംഗീതത്തെയും  ലോകനിലവാരത്തിലും ദേശാന്തര ആസ്വാദനത്തിലും എത്തിച്ചു.

സാങ്കേതിക പുരോഗതി നിർമ്മാണച്ചെലവ് കുറയ്ക്കുകയും കേൾവിയുടെ ഗുണനിലവാരം രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുകയും ചെയ്തു. കേവലമൊരു ആസ്വാദന ഉപാധി എന്നതിനപ്പുറം കഥപറച്ചിലിനെ സഹായിക്കുന്ന ശക്തമായൊരു മാധ്യമമായും, കോടികളുടെ ബിസിനസ്സ് സാധ്യതയുള്ള വലിയ മാർക്കറ്റിംഗ് ടൂളായും ചലച്ചിത്രഗാനങ്ങൾ മാറി.

മാറ്റങ്ങൾക്കിടയിൽ ആസ്വാദനത്തിന്റെ ഭാവാനുഭവതലം പൂർണ്ണമായി ചോർന്നുപോവാതെ ചലച്ചിത്രത്തിന്റെ സമഗ്രാനുഭവത്തെ സമ്പന്നമാക്കുന്നുണ്ടോ എന്ന ആശങ്ക പല കോണുകളിൽനിന്നും ഉയരുന്നുണ്ട്. കേൾവിശീലങ്ങളിൽ പതിറ്റാണ്ടുകളോളം നിലനിന്നിരുന്ന പാട്ടുകൾ സോഷ്യൽ മീഡിയ റീൽസ് ട്രെൻഡുകൾ മാറുന്നതിനൊപ്പം പെട്ടെന്ന് വിസ്മൃതിയിലേക്ക് മറയുന്നുണ്ടോ എന്ന ചോദ്യവും പ്രസക്തമാണ്. റെക്കോർഡിങ്ങ് സാങ്കേതികവിദ്യയിലെ സമഗ്രമാറ്റങ്ങൾക്കിടയിൽ ലൈവ് ഇൻസ്ട്രുമെന്റ്സ് വായിക്കുന്ന പരമ്പരാഗത വാദ്യകലാകാരന്മാരുടെ സാന്നിധ്യംകൂടി ഉറപ്പുവരുത്തി പാട്ടുകൾക്ക് ജീവസ്സുറ്റ ജൈവികതയും ചലച്ചിത്ര നിർമ്മാണപ്രക്രിയക്ക്  സാമൂഹിക പ്രതിബദ്ധതയും നൽകാനാകുമോ എന്നതാണ് മറ്റൊരു ചോദ്യം. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള വരുമാന വികേന്ദ്രീകരണം നടക്കുമ്പോൾ അതിന്റെ യഥാർത്ഥ ഗുണഫലം ഗാനരചയിതാക്കൾക്കും സംഗീതജ്ഞർക്കുംകൂടി ഉറപ്പാക്കാനുള്ള നിയമ-വിതരണ സംവിധാനങ്ങൾ മറ്റൊരു വെല്ലുവിളിയാണ്.

തുടർ വായന

അജിത് കുമാർ, എ എസ് (2020), കേൾക്കാത്ത ശബ്ദങ്ങൾ: പാട്ട് ശരീരം ജാതി, അദർ ബുക്സ്, കോഴിക്കോട്.

അജു നാരായണൻ, ചെറി ജേക്കബ് കെ.(2016), നഗരവൃക്ഷത്തിലെ കുയിൽ: പരസ്യസിനിമയിലെ വംശീയസംഗീതങ്ങൾ, സിനിമ മുതൽ സിനിമ വരെ, ചലച്ചിത്ര സംസ്‌കാരപഠനങ്ങൾ, നാഷണൽ ബുക് സ്റ്റാൾ, കോട്ടയം.

കിരൺ രവീന്ദ്രൻ (2011), മലയാളസിനിമ പിന്നണിഗാനചരിത്രം, കേരള ഭാഷാ ഇൻസ്റ്റിറ്റൂട്ട്, തിരുവനന്തപുരം.

ദിവാകരൻ, ആർ വി എം (2016), സിനിമയും സംഗീതവും, (സിനിമ സാങ്കേതികതയും സംസ്കാരവും എഡി. ഷീബ എം കുര്യൻ കേരള സർവകലാശാല പ്രകാശന വിഭാഗം, തിരുവനന്തപുരം), പുറം193-207.

മീനാക്ഷി, സി എസ് (2024), പെൺപാട്ടുതാരകൾ; മലയാള സിനിമാപ്പാട്ടുകളിലെ പെണ്ണാവിഷ്കാരങ്ങൾ, മാതൃഭൂമി ബുക്സ്, കോഴിക്കോട്.

മുരളി വി ടി (2004), രാഗമലയാളം, ഒലിവ്, കോഴിക്കോട്.

മുരളി, വി ടി (2015), സംഗീതത്തിൻ്റെ കേരളീയ പാഠങ്ങൾ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.

രമേശ് ഗോപാലകൃഷ്ണൻ (2012), ജനപ്രിയ സംഗീതം, ഡിസി ബുക്സ്, കോട്ടയം.

രമേശ് ഗോപാലകൃഷ്ണൻ (2015), ജനകീയ സംഗീത വിചാരങ്ങൾ മാതൃഭൂമി ബുക്സ്, കോഴിക്കോട്.

രമേശ് ഗോപാലകൃഷ്ണൻ (2019), സിനിമാ സംഗീതം, പൂർണ്ണ പബ്ലിക്കേഷൻസ്, കോഴിക്കോട്.

വിനോദ് കുമാർ തളശ്ശേരി (2021), സിനിമാ പാട്ടെഴുത്തിലെ പെൺ വഴികൾ, ദേശാഭിമാനി വാരിക, ജനുവരി 10.

ശശി, കെ വി (2012), മലയാള ചലച്ചിത്രഗാനം: കാമന ശരീരം ദേശം, എൻ ബി എസ്, കോട്ടയം.

കുര്യൻ കെ തോമസ്
പബ്ലിക്കേഷൻ ഡയറക്ടർ (റിട്ട), എം ജി യൂണിവേഴ്സിറ്റി

(തുടരും-ഭാഗം മൂന്ന് കാണുക  )

Read Part_1: https://www.emalayalee.com/news/382904

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക