
ചിക്കാഗോ: ചിക്കാഗോയിലെ വിവിധ മലയാളി സംഘടനാ പ്രതിനിധികൾ ഇന്ത്യയുടെ പുതിയ കോൺസൽ ജനറൽ ഡോ. എം. ആനന്ദ് പ്രകാശുമായി കൂടിക്കാഴ്ച നടത്തി. ചിക്കാഗോയിലെ മലയാളി സമൂഹത്തിലേക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്ത സംഘടനാ നേതാക്കൾ, മലയാളി സംഘടനകളുടെ പ്രവർത്തനങ്ങളും കോൺസുലേറ്റ് നൽകിവരുന്ന സേവനങ്ങളും സംബന്ധിച്ച് ചർച്ച നടത്തി.
2026 സെപ്റ്റംബർ 3-ന് ചിക്കാഗോയിലെ ഇന്ത്യൻ കോൺസൽ ജനറലായി ചുമതലയേറ്റ ഡോ. എം. ആനന്ദ് പ്രകാശുമായി നടത്തിയ കൂടിക്കാഴ്ചയിൽ ചിക്കാഗോയിലെയും സമീപ പ്രദേശങ്ങളിലെയും മലയാളി സംഘടനകളുടെ പ്രവർത്തനങ്ങൾ പ്രതിനിധികൾ വിശദീകരിച്ചു. ഇന്ത്യൻ കോൺസുലേറ്റ് നൽകിവരുന്ന സേവനങ്ങൾ മികച്ച രീതിയിൽ മുന്നോട്ടുപോകുന്നതായി നേതാക്കൾ വിലയിരുത്തി. ഈ സേവനങ്ങളുടെ നിലവാരം തുടർന്നും നിലനിർത്തണമെന്നും അവർ അഭ്യർത്ഥിച്ചു.
ചിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോസ് മണക്കാടിന്റെ നേതൃത്വത്തിലാണ് സംഘടനാ പ്രതിനിധികൾ കോൺസൽ ജനറലിനെ സന്ദർശിച്ചത്. ഫോമാ ജോയിന്റ് ട്രഷറർ ജോൺസൺ കണ്ണൂക്കാടൻ, ഫോമാ റീജണൽ വൈസ് പ്രസിഡന്റ് രഞ്ജൻ എബ്രഹാം, ഇല്ലിനോയി മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോയ് ഇല്ലിക്കുഴി, ഗ്രേറ്റർ ചിക്കാഗോ മലയാളി അസോസിയേഷൻ (GCMA) പ്രസിഡന്റ് ജിതേഷ് ചുങ്കത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ഫോമായുടെ വരാനിരിക്കുന്ന പാസിംഗ് ഓവർ സെറിമണിയിലേക്ക് ജോൺസൺ കണ്ണൂക്കാടൻ ഡോ. ആനന്ദ് പ്രകാശിനെ മുഖ്യാതിഥിയായി ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച അദ്ദേഹം ചടങ്ങിൽ പങ്കെടുക്കാമെന്ന് ഉറപ്പുനൽകി. ഫോമായുടെ നിയുക്ത സെൻട്രൽ റീജണൽ വൈസ് പ്രസിഡന്റ് രഞ്ജൻ എബ്രഹാം കോൺസുലേറ്റ് ഹെഡ് ലീമ മാത്യുവിനെയും സ്വാഗതം ചെയ്തു.
മലയാളി സമൂഹവും ഇന്ത്യൻ കോൺസുലേറ്റും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കേണ്ടതിന്റെ പ്രാധാന്യം കൂടിക്കാഴ്ചയിൽ ചർച്ചയായി. കേരളീയ സമൂഹത്തിന്റെ ആവശ്യങ്ങൾക്കായി കോൺസുലേറ്റുമായി തുടർന്നും നല്ല ബന്ധം നിലനിർത്തണമെന്ന് ഡോ. ആനന്ദ് പ്രകാശ് സംഘടനാ നേതാക്കളോട് അഭ്യർത്ഥിച്ചു. ആവശ്യമായ സഹായങ്ങൾക്കും പരിഹാരങ്ങൾക്കുമായി ഏത് സമയത്തും കോൺസുലേറ്റിനെ സമീപിക്കാമെന്നും അദ്ദേഹം ഉറപ്പുനൽകി.ചിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റും മലയാളി സംഘടനകളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കാൻ പുതിയ കോൺസൽ ജനറലുമായുള്ള കൂടിക്കാഴ്ച സഹായകരമാകുമെന്നാണ് സംഘടനാ പ്രതിനിധികളുടെ പ്രതീക്ഷ.
2005-ൽ ഇന്ത്യൻ വിദേശകാര്യ സർവീസിൽ (IFS) പ്രവേശിച്ച ഡോ. എം. ആനന്ദ് പ്രകാശ് രണ്ടു പതിറ്റാണ്ടിലേറെയായി നയതന്ത്ര രംഗത്ത് പ്രവർത്തിച്ചുവരുന്നു. ബെയ്ജിങ്, മോസ്കോ, കീവ്, ജക്കാർത്ത എന്നിവിടങ്ങളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ചിക്കാഗോയിലെ നിയമനത്തിന് മുമ്പ് ന്യൂഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിൽ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാൻ (PAI) ഡിവിഷന്റെ ചുമതല വഹിച്ചിരുന്നു. യുറേഷ്യ, ഇസ്രായേൽ, പലസ്തീൻ, ഈജിപ്ത്, സിറിയ എന്നീ മേഖലകളുമായി ബന്ധപ്പെട്ട ഡിവിഷനുകളിലും ഷാങ്ഹായ് സഹകരണ സംഘടനയുമായി (SCO) ബന്ധപ്പെട്ട വിഭാഗത്തിലും പ്രവർത്തിച്ച അനുഭവമുണ്ട്.
ഇംഗ്ലീഷ്, തമിഴ്, ഹിന്ദി ഭാഷകളിൽ പ്രാവീണ്യമുള്ള അദ്ദേഹം റഷ്യൻ ഭാഷയിലും പ്രവർത്തനപരമായ പരിജ്ഞാനം നേടിയിട്ടുണ്ട്. യാത്രയും സംഗീതവും ഇഷ്ടപ്പെടുന്ന ഡോ. ആനന്ദ് പ്രകാശിന്റെ ഭാര്യ ഡോ. ശ്രീവർധിനിയാണ്. ഇവർക്ക് രണ്ടു മക്കളുണ്ട്.