
കൊച്ചി: മൂന്ന് പേരുടെ ജീവനെടുത്ത എറണാകുളം നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. സംഭവത്തിൽ സമഗ്രമായ അന്വേഷണത്തിനായി എറണാകുളം റൂറൽ എസ്.പിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘ രൂപീകരിച്ചു. ആലുവ ഡിവൈ.എസ്.പി ബൈജു കെ. പൗലോസിനാണ് അന്വേഷണ ചുമതല. അതിനിടെ, കേസിൽ ഒന്നാം പ്രതി സുഹൈൽ സജീവിനെ വിശദമായി ചോദ്യം ചെയ്യുന്നതിനായി രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ട് അങ്കമാലി മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.
കേസിൽ കസ്റ്റഡി അനിവാര്യമാണെന്നും അതിവേഗത്തിലും അശ്രദ്ധമായും വാഹനമോടിച്ചതാണ് ദുരന്തത്തിന് കാരണമായതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. മരിച്ച വിദ്യാർത്ഥികൾക്ക് ഏറെ സ്വപ്നങ്ങളുണ്ടായിരുന്നുവെന്നും പ്രായം കുറഞ്ഞവരെന്ന പരിഗണന പ്രതികൾക്ക് നൽകരുതെന്നും അടിയന്തരമായി ചൂണ്ടിക്കാട്ടി. അപകട ദിവസം ഉച്ചയ്ക്ക് ശേഷം തുടങ്ങിയ മദ്യപാനം രാത്രി വൈകി ഹോട്ടലിൽ വെച്ചും തുടർന്നുവെന്നും, മദ്യപിച്ച് വാഹനം ഓടിച്ചാൽ ജീവന് അപകടമുണ്ടാകുമെന്ന് ബോധ്യമുണ്ടായിട്ടും പ്രതികൾ അതിന് മുതിർന്നുവെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ, മാധ്യമങ്ങളെ തൃപ്തിപ്പെടുത്താനാണ് പൊലീസ് ശ്രമിക്കുന്നതെന്നും സ്കൂട്ടറിൽ സഞ്ചരിച്ചവർക്ക് ഹെൽമറ്റ് ഉണ്ടായിരുന്നില്ലെന്നും ആരോപിച്ച പ്രതിഭാഗം കേസിൽ സത്യസന്ധമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.
അതേസമയം, നെടുമ്പാശ്ശേരി അപകടത്തിൽ പ്രതിയായ സുഹൈൽ സജീവിന് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ വ്യക്തമാക്കി. അന്വേഷണത്തിലോ എഫ്.ഐ.ആറിലോ പൊലീസിന്റെ ഭാഗത്തുനിന്ന് മനപ്പൂർവ്വമായ വീഴ്ചകളുണ്ടായിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ എഫ്.ഐ.ആറിൽ പ്രതിയുടെ പേര് ചേർക്കാനും മദ്യപിച്ച വിവരം രേഖപ്പെടുത്താനും വൈകിയത് സംശയങ്ങൾക്കിടയാക്കിയെന്ന് പ്രതിപക്ഷ നേതാവ് സഭയിൽ ആരോപിച്ചു.
മരിച്ച പെൺകുട്ടികളെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയ്ക്കെതിരെ പൊലീസ് കേസെടുത്തു. സി.പി.ഐ ആലുവ മണ്ഡലം നേതാവ് ഷിഹാബ് പറേലിയാണ് നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി നൽകിയത്.
ദുരന്തത്തിൽ മരണപ്പെട്ട ഗോപികയുടെ കുടുംബത്തിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് ശശികല നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ശശികല ഫോണിൽ വിളിച്ച് സംസാരിച്ചതായി ഗോപികയുടെ കുടുംബവും വെളിപ്പെടുത്തി. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടയിൽ സംഭവിച്ച അപകടത്തെ വർഗീയവൽക്കരിക്കാനും മരണപ്പെട്ട പെൺകുട്ടികളുടെ സ്വഭാവഹത്യ നടത്താനുമാണ് ശശികല ശ്രമിക്കുന്നതെന്ന് ഗോപികയുടെ അച്ഛൻ പ്രദീപ് കുമാറും അമ്മ സജിതയും ബന്ധുക്കളും ആരോപിച്ചു.
അപകടത്തിൽ മരിച്ച പെൺകുട്ടികളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന നിലപാടുകൾക്കെതിരെ വലിയ പ്രതിഷേധമാണ് ജനങ്ങൾക്കിടയിലും നിയമസഭയിലുമടക്കം ഉയർന്നുവരുന്നത്.