
"എറണാകുളം വരെ പോകാൻ നിനക്ക് ബൈക്ക് വേണം അല്ലേ. ബസിലോ ട്രെയിനിലോ പോയാൽ പോരെ?"
അതൊരു ഗർജ്ജനമായിരുന്നു.വളരെ സന്തോഷത്തോടെ തനിക്കു ഒരു കാൾ സെന്റർ ജോബ് ശരിയായെന്ന് പറയാൻ വന്ന മോന്റെ മുഖം മങ്ങി. എങ്കിലും ആ മൗനം ഏറെ നീണ്ടു നിന്നില്ല. "എനിക്ക് ഒരു ചെറിയ ജോബ് ആയിട്ടുണ്ട്. അത് പറയാനാണ് ഓടി വന്നത്. " എന്ന് എന്നോട് മാത്രം പറഞ്ഞു തെല്ലു നിരാശയോടെ അവൻ മുകളിലെ മുറിയിലേക്കു പോയി.
ഏറെ നാൾ ആഗ്രഹം പറഞ്ഞു പറഞ്ഞാണ് VRS എടുത്ത കാലത്ത് മക്കൾക്ക് അദ്ദേഹം ഒരു സെക്കന്റ് ഹാൻഡ് യമഹ ബൈക്ക് വാങ്ങി കൊടുത്തത്.ഡിഗ്രി കഴിഞ്ഞ് ഫലം വരുവോളം എന്തെങ്കിലും ഒരു ജോബ് വേണം എന്ന ചിന്തയിൽ ആണ് മോൻ ജോലി തേടി പോയത്. അദ്ദേഹത്തിന് അങ്ങനെ ചില നിർബന്ധങ്ങൾ ഉണ്ടായിരുന്നു. മറ്റുള്ളവർക്ക് ജോബ് ആക്കി കൊടുക്കാൻ വളരെ ഉത്സാഹിച്ചിരുന്നു എങ്കിലും സ്വന്തം മക്കൾക്ക് ഒരു ജോലിക്ക് വേണ്ടി അദ്ദേഹം ഒരിക്കൽ പോലും റെക്കമെൻഡ് ചെയ്യുകയോ ആരെ യെങ്കിലും കാണുകയോ ഒന്നും ചെയ്തിട്ടില്ല. .അവർ ആഗ്രഹിച്ചത് പോലെ രണ്ട് പേരെയും ഡിഗ്രി കഴിഞ്ഞു MBA ക്ക് വിട്ടു പഠിപ്പിക്കാൻ സമ്മതമായിരുന്നു. അത് സാധിക്കുകയും ചെയ്തു. പഠനം കഴിഞ്ഞാൽ പിന്നെ അവർ സ്വയം ജോലി കണ്ടെത്തണം എന്ന നിലപാടായിരുന്നു . അതിൽ കുറ്റപ്പെടുത്തേണ്ട കാര്യവും ഇല്ല. കുട്ടികൾ സ്വന്തം കാലിൽ നിൽക്കാൻ പഠിക്കുമല്ലോ.പിന്നീട് പലപ്പോഴും ഉച്ചക്ക് ശേഷം ജോലിക്ക് പോയി രാത്രി ഒന്നരയാകുമ്പോൾ മകൻ എറണാകുളത്തു നിന്ന് ട്രെയിനിൽ വെള്ളൂർ വന്നിറങ്ങി ബൈക്ക് എടുത്തു വരുന്ന ശീലമായി. ഞാൻ അലാറം വെച്ചുണർന്ന് അവനെ കാത്തിരിക്കുന്ന പതിവ് തുടർന്നു.
അങ്ങനെ ആദ്യത്തെ ശമ്പളം കിട്ടിയ ചെറിയ തുക എനിക്ക് നൽകി അവൻ പറഞ്ഞു "രാവിലെ അച്ഛൻ ഉണരുമ്പോൾ കൊടുത്തേക്കു. എന്റെ ആദ്യസാലറി ആണ്.. ഞാൻ രാവിലെ വൈകിയല്ലേ ഉണരൂ. അപ്പോൾ അച്ഛൻ പോകുമല്ലോ ". പിറ്റേന്ന് ഞാൻ അത് പോലെ തന്നെ ചെയ്തു. അത് അവന്റെ കയ്യിൽ തന്നെ വെച്ചോട്ടെ എന്ന് പറഞ്ഞു കൊണ്ട് അദ്ദേഹം കാശു തിരികെത്തന്നു. മോൻ എന്നോട് കൈയിൽ വെച്ചോളാൻ പറഞ്ഞെങ്കിലും ഞാൻ അവനത് തിരികെ കൊടുക്കാൻ ആഗ്രഹിച്ചു. കുറച്ച് നാളുകൾ കഴിഞ്ഞ് അവൻ ചെന്നൈയിലേക്ക് പോയി.
ഇത്രയും പറഞ്ഞു വന്നത് കുട്ടികൾക്ക് അവർക്കാവശ്യമായ സ്നേഹം മിതമായി മാത്രം നൽകി വളർത്തിയാലെ അവർ ജീവിതത്തിൽ വിജയിക്കുകയുള്ളൂ എന്ന് സൂചിപ്പിക്കാനാണ്..... താൻ എന്ത് തെറ്റ് ചെയ്താലും കൂടെ അച്ഛൻ ഉണ്ട് ഒന്നും വരാനില്ല എന്ന വിശ്വാസത്തിൽ കോടികൾ വില മതിക്കുന്ന കാർ ലഹരി മൂത്തു അമിതവേഗതയിൽ ഓടിച്ചു മൂന്നു ജീവിതങ്ങൾ ഇല്ലാതാക്കിയ ആ യുവാവിന്റെ അഹങ്കാരം കണ്ടിട്ടാണ്. മക്കളെ സ്നേഹിക്കണം.. ആ സ്നേഹം അവരെ ഭയപ്പെടുത്തണം. ഞാൻ ഒരു തെറ്റ് ചെയ്താൽ എങ്ങനെ അച്ഛനെ അഭിമുഖീകരിക്കും എന്ന ചിന്ത ഒരു മകനോ മകൾക്കോ ഉണ്ടെങ്കിൽ അവർ ഒരിക്കലും ഒരു ലഹരിക്കും അടിമയാകില്ല. അവരിൽ മാനുഷിക മൂല്യങ്ങൾക്ക് മുൻഗണനയുള്ള ഒരു മനസ്സുണ്ടാകും. മൂന്നു വീടിന്റെ വിളക്കുകൾ ഒരുമിച്ച് ഊതിക്കെടുത്തി യിട്ടും ഒരൂ മകൻ തന്നെ അച്ഛൻ രക്ഷിക്കും എന്ന് ധിക്കാരത്തോടെ പറഞ്ഞത് അവന്റെ മനസ്സിൽ മനുഷ്യത്വം എന്ന ഒന്ന് ഇല്ലാതെയായിട്ടാണ്. ആരെയും ഭയക്കാതെ അവൻ തന്നിഷ്ടത്തോടെ ലഹരി ഉപയോഗിച്ചു തോന്നിയത് പോലെ വാഹനം ഓടിച്ചു ഒരു ദുരന്തമുണ്ടാക്കി. മക്കൾ സ്വന്തം കാലിൽ നിൽക്കാറാകുമ്പോൾ സ്വന്തം കാശു കൊടുത്തു പെട്രോൾ വാങ്ങിച്ചൊഴിച്ചു സ്വന്തം കാറിൽ യാത്ര ചെയ്യണം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. എങ്കിലേ അവരുടെ ഉൾക്കണ്ണിൽ വെളിച്ചമുണ്ടാകു. ഇവിടെ കോടികൾ വിലയുള്ള ഒരു വാഹനമോടിച്ചവന്റെ ആർഭാട ജീവിതം ഇല്ലാതാക്കിയത് രാപ്പകൽ പഠിച്ചും അധ്വാനിച്ചും ചെറിയ ജോലിയുടെ വരുമാനം പഠിക്കാൻ ഉപയോഗിച്ച് ഒരു ജീവിതം സ്വപ്നം കണ്ടും കഴിഞ്ഞു കൂടിയ മൂന്ന് സാധാരണക്കാരായ കുട്ടികളെ യാണല്ലോ എന്നോർക്കുമ്പോൾ മനസ്സ് വല്ലാതെ നോവുന്നു. മൂന്നു പേർ ആ നേരത്ത് എന്തിന് യാത്ര ചെയ്തു എന്നൊക്കെ ചിലർ ചോദിക്കുന്നുണ്ട്. ഭക്ഷണം കഴിക്കാൻ രണ്ട് പെൺകുട്ടികൾ ഓട്ടോ വിളിച്ചു പോകുന്നത് ഒഴിവാക്കാം എന്നോർത്താകും ആ നേരത്തു അവർ സ്കൂട്ടറിൽ കയറിയത്. എന്തായാലും കവർന്നെടുക്കപ്പെട്ടത് മൂന്നു വീടുകളുടെ സ്വപ്നങ്ങളാണ്. അതിന് പകരം നൽകാൻ ഈ ഭൂമിയിൽ മറ്റൊന്നുമില്ല. ബോസ്റ്റൽ സ്കൂളിൽ ആണോ ആ യുവാവിന് ഇടം നൽകേണ്ടത്.? ഏകാന്തമായ ഒരു തടവറ തന്നെ കൊടുത്തിരുന്നു എങ്കിൽ താൻ ചെയ്ത തെറ്റിനെക്കുറിച്ച് അവിടിരുന്നു ചിന്തിക്കാൻ അപ്പോഴെങ്കിലും അവനു തോന്നുമായിരുന്നില്ലേ ? ആരും ശിക്ഷിച്ചില്ല എങ്കിൽ കർമ്മ ഫലം എന്ന ഒന്നുണ്ട്. ആർക്കും ഒരിക്കലും അതിൽ നിന്ന് രക്ഷപെടാൻ ആകില്ല. അത് മുകളിലെ അദൃശ്യമായ കോടതിയുടെ വിധിയായിരിക്കും. പണത്തിനോ കൈക്കൂലിക്കോ സ്വാധീനിക്കാനാകാത്ത വിധിയുമായിരിക്കും അത്..
(മക്കൾ ഉള്ളവർ മറ്റുള്ളവരുടെ മക്കളെ കുറ്റം പറയരുത് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. എങ്കിലും നിന്നോടു ക്ഷമിക്കാൻ ഒരിക്കലും ഒരമ്മയ്ക്കും കഴിയില്ല.)