Image

ഫോമാ പ്രവർത്തനോദ്ഘാടനം ഒക്ടോബർ 17-ന് ചിക്കാഗോയിൽ, ഉദ്ഘാടനം മാർ ജോയ് ആലപ്പാട്ട് നിർവ്വഹിക്കും, സിനിമ താരം സരയൂ മോഹൻ മുഖ്യാതിഥി

ബിജു മുണ്ടക്കൽ Published on 14 October, 2026
ഫോമാ പ്രവർത്തനോദ്ഘാടനം ഒക്ടോബർ 17-ന് ചിക്കാഗോയിൽ, ഉദ്ഘാടനം മാർ ജോയ് ആലപ്പാട്ട് നിർവ്വഹിക്കും, സിനിമ താരം സരയൂ മോഹൻ മുഖ്യാതിഥി

ചിക്കാഗോ: ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (FOMAA) യുടെ 2026–2028 പ്രവർത്തനോദ്ഘാടനവും സ്ഥാനാരോഹണ ചടങ്ങും ഒക്ടോബർ 17 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ബെൽവുഡിലുള്ള സീറോ മലബാർ കത്തീഡ്രൽ പാരിഷ് ഹാളിൽ നടക്കും. ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതാധ്യക്ഷൻ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്യും.
മലയാള സിനിമാതാരം സരയൂ മോഹൻ മുഖ്യാതിഥിയായി പങ്കെടുക്കും. ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഡോ .എം ആനന്ദ് പ്രകാശ് ,സീറോ മലബാർ രൂപതയുടെ വികാരി ജനറാൾ വെരി റവ. ഫാ. തോമസ് കടുകപ്പിള്ളി എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. ഫോമയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ ഭാരവാഹികളും വിവിധ മേഖലകളിൽ നിന്നുള്ള സംഘടനാ പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.


2026–2028 കാലയളവിലേക്കുള്ള പുതിയ നേതൃത്വത്തിന്റെ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കം കുറിക്കുന്ന ചടങ്ങിനോടനുബന്ധിച്ച് വിപുലമായ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. നൃത്തം, സംഗീതം, ഹാസ്യപരിപാടികൾ, മലയാളം സ്കിറ്റുകൾ എന്നിവ ഉൾപ്പെടുന്ന ‘ചിക്കാഗോ മണവാളൻസ്’ അവതരിപ്പിക്കുന്ന പ്രത്യേക കലാവിരുന്ന് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. വൈകുന്നേരം 5 മണിക്ക് സോഷ്യൽ അവർ ആരംഭിക്കും. തുടർന്ന് വൈകുന്നേരം 6 മണിക്ക് സ്ഥാനാരോഹണ ചടങ്ങും വിനോദപരിപാടികളും നടക്കും.


ഫോമാ സെൻട്രൽ റീജിയന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി ഒക്ടോബർ 16 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ഭാരവാഹികളുടെയും സബ്‌കമ്മിറ്റി അംഗങ്ങളുടെയും സംഗമവും നടക്കും. ഒക്ടോബർ 17 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ജനറൽ ബോഡിയും ഉണ്ടായിരിക്കും.
പ്രവേശനം സൗജന്യമാണ്. ചിക്കാഗോയിലെയും പരിസരപ്രദേശങ്ങളിലെയും എല്ലാ മലയാളികളെയും കുടുംബസമേതം പരിപാടിയിൽ പങ്കുചേർന്ന് പുതിയ നേതൃത്വത്തിന് ആശംസകൾ നേരാനും കലാവിരുന്ന് ആസ്വദിക്കാനും സംഘാടകർ ക്ഷണിച്ചു.

വേദി: സീറോ മലബാർ കത്തീഡ്രൽ പാരിഷ് ഹാൾ, 5000 St. Charles Road, Bellwood, Illinois 60104.
തീയതി: 2026 ഒക്ടോബർ 17, ശനിയാഴ്ച
സമയം: വൈകുന്നേരം 5 മണി മുതൽ
പ്രവേശനം: സൗജന്യം

ഫോമാ പ്രവർത്തനോദ്ഘാടനം ഒക്ടോബർ 17-ന് ചിക്കാഗോയിൽ, ഉദ്ഘാടനം മാർ ജോയ് ആലപ്പാട്ട് നിർവ്വഹിക്കും, സിനിമ താരം സരയൂ മോഹൻ മുഖ്യാതിഥി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക