Image

ലിയോ പതിനാലാമൻ പാപ്പായ്ക്കായി പ്രാർത്ഥനകളോടെ ഏഷ്യയിലെ സഭ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ് Published on 14 October, 2026
ലിയോ പതിനാലാമൻ പാപ്പായ്ക്കായി പ്രാർത്ഥനകളോടെ ഏഷ്യയിലെ സഭ

 

ലിയോ പതിനാലാമൻ പാപ്പായ്ക്കായി പ്രാർത്ഥനകളോടെ ഏഷ്യയിലെ സഭ. അടുത്തിടെ നടന്ന പരിശോധനകളിൽ തന്റെ ശ്വാസകോശത്തിൽ ഒരു മുഴ കണ്ടെത്തിയെന്നും, അത് ഉടൻ നീക്കം ചെയ്യുമെന്നും ഒക്ടോബർ 11 ഞായറാഴ്ച വത്തിക്കാനിൽ ത്രികാലജപ പ്രാർത്ഥന നയിച്ച വേളയിൽ പാപ്പാ അറിയിച്ചതിനെത്തുടർന്നാണ്, ഇന്ത്യ, മ്യാൻമർ, ഫിലിപ്പീൻസ്, തായ്‌ലൻഡ്, ദക്ഷിണകൊറിയ, ജപ്പാൻ, മദ്ധ്യേഷ്യൻ രാജ്യങ്ങൾ തുടങ്ങി, ലോകത്തിന്റെ വിവിധ ഇടങ്ങളിൽ പാപ്പായ്ക്കായി പ്രാർത്ഥിക്കാൻ വിവിധ പ്രാദേശികസഭകൾ മുന്നോട്ടുവന്നതെന്ന് ഈ പ്രാദേശികസഭകളിലെ മെത്രാൻ സമിതികളുടേതുൾപ്പെടെയുള്ള അറിയിപ്പുകളെ അധികരിച്ച് ഫീദെസ് ഏജൻസി റിപ്പോർട്ട് ചെയ്‌തു.

ഇന്ത്യൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ അധ്യക്ഷനും ഗോവ-ദമൻ അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ കർദിനാൾ ഫിലിപ്പ് നേരി ഫെറാവോ (Card. Filipe Neri Ferrão), രാജ്യത്തെ എല്ലാ രൂപതകളോടും ഇടവകകളോടും സന്ന്യാസസമൂഹങ്ങളോടും പാപ്പായുടെ ആരോഗ്യത്തിനായി പ്രാർത്ഥിക്കാൻ അഭ്യർത്ഥിച്ചിരുന്നു. ജപമാല മാസമായ ഒക്ടോബറിൽ വ്യക്തിപരമായും കൂട്ടായും ഈ നിയോഗത്തോടെ പരിശുദ്ധ അമ്മയുടെ പ്രാർത്ഥനാസഹായം തേടാമെന്നും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.

മ്യാൻമറിലെ കത്തോലിക്കാ മെത്രാൻ സമിതിയുടെ പേരിൽ അദ്ധ്യക്ഷൻ കർദ്ദിനാൾ ചാൾസ് ബോ (Card. Charles Bo) ദേശീയതലത്തിൽ പ്രാർഥനയ്ക്ക് ആഹ്വാനം ചെയ്തു. യുദ്ധവും ദാരിദ്ര്യവും ഉൾപ്പെടെയുള്ള പ്രതിസന്ധികൾ നേരിടുന്ന മ്യാൻമറിലെ സഭ പരിശുദ്ധ പിതാവിനോടുള്ള ആത്മീയ ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു.

ഫിലിപ്പീൻസിലെ മെത്രാൻസമിതി അദ്ധ്യക്ഷൻ ആർച്ച്ബിഷപ് ഗിൽബർട്ട് ഗർസേറ (Gilbert Garcera), വിശുദ്ധ കുർബാനയ്ക്കിടെ പാപ്പായുടെ ശസ്ത്രക്രിയയുടെ വിജയത്തിനായി പ്രത്യേകം പ്രാർത്ഥിക്കാൻ രാജ്യത്തെ മെത്രാന്മാരോടും വൈദികരോടും അഭ്യർഥിച്ചിരുന്നു.

തായ്‌ലൻഡിലും ദക്ഷിണകൊറിയയിലും കസാഖിസ്ഥാനിലും ഉൾപ്പെടെ മറ്റു നിരവധി രാജ്യങ്ങളിലും പരിശുദ്ധ പിതാവിന്റെ ഓപ്പറേഷനും, സൗഖ്യപ്രാപ്തിക്കുമായി ജപമാല പ്രാർത്ഥനകളും മറ്റു പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകളും സംഘടിപ്പിച്ചിരുന്നു.

ജപ്പാനിലെ ടോക്കിയോ ആർച്ച് ബിഷപ്പും കർദ്ദിനാളുമായ താർസിസിയോ ഇസാവോ കികുച്ചി (Card. Tarcisio Isao Kikuchi) ഒക്ടോബർ 12-ന് വത്തിക്കാനിൽ പാപ്പായെ സന്ദർശിച്ച അവസരത്തിൽ പത്രോസിന്റെ പിൻഗാമിക്ക് രാജ്യത്തെ വിശ്വാസികളുടെ പ്രാർത്ഥനയും പിന്തുണയും അറിയിച്ചിരുന്നു.

ഒക്ടോബർ 13 ചൊവ്വാഴ്ച ഉച്ചയ്ക്ക്, റോമിലെ പൊളിക്ലിനിക് ജെമെല്ലി ആശുപത്രിയിൽ നടന്ന ഓപ്പറേഷൻ വിജയകരമായിരുന്നുവെന്നും, പാപ്പായുടെ ശ്വാസകോശത്തിലെ രോഗബാധിതഭാഗം പൂർണ്ണമായും നീക്കം ചെയ്‌തതായും പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് ആശുപത്രിവൃത്തങ്ങളെ അധികരിച്ച് അറിയിച്ചിരുന്നു

Join WhatsApp News
Sunil 2026-10-14 17:56:16
Jesus taught us what to pray. Our prayer should be , "Thy will be done". Who are we to ask God to change his will ? In fact, our fate is destined even before the creation of the universe.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക