Image

കഞ്ചാവ്, ബിയര്‍ കുപ്പി, ഗ്രനേഡ് ഷെല്‍, ഫൈബര്‍ ലാത്തി; ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ എത്തിയ രാഷ്ട്രീയ സമരായുധങ്ങള്‍ (എ.എസ് ശ്രീകുമാര്‍)

Published on 14 October, 2026
കഞ്ചാവ്, ബിയര്‍ കുപ്പി, ഗ്രനേഡ് ഷെല്‍, ഫൈബര്‍ ലാത്തി; ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ എത്തിയ രാഷ്ട്രീയ സമരായുധങ്ങള്‍ (എ.എസ് ശ്രീകുമാര്‍)

നിയമസഭയെന്നു കേള്‍ക്കുമ്പോള്‍ മനസ്സില്‍ തെളിയുന്നത് ജനാധിപത്യത്തിന്റെ മഹത്തായ ചിത്രമാണ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നു, നിയമങ്ങള്‍ നിര്‍മ്മിക്കുന്നു, പ്രതിപക്ഷം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ഘോരഘോരം ചോദ്യം ചെയ്യുന്നു, ഭരണഘടനയുടെ അന്തസ്സുയര്‍ത്തുന്നു. ചുരുക്കത്തില്‍, നാടിന്റെ ഭാവി രൂപപ്പെടുത്തുന്ന ഗൗരവമേറിയ വേദി. എന്നാല്‍ നിയമസഭയുടെ പഴയ ചരിത്രത്തിന്റെ ചില താളുകള്‍ മറിച്ചുനോക്കിയാല്‍ ഈ ഗൗരവത്തിനിടയില്‍ ചില കൗതുകക്കാഴ്ചകള്‍ കൂടി കാണാം. അവിടെ ബില്ലുകള്‍ മാത്രമല്ല, ബിയര്‍ കുപ്പികളും ഗ്രനേഡ് ഷെല്ലുകളും കഞ്ചാവു പൊതികളും തീപ്പെട്ടികളുമൊക്കെ അഭിനവ രാഷ്ട്രീയത്തിന്റെ അതിഥികളായി എത്തിയിട്ടുണ്ട്.

അടിയന്തിര പ്രമേയവും ബജറ്റും ബില്ലുമൊക്കെ ചര്‍ച്ച ചെയ്യേണ്ട സഭയില്‍ ബിയര്‍ കുപ്പിയും ഗ്രനേഡ് ഷെല്ലും തീപ്പെട്ടിയും വരെ എത്തിയത് കേള്‍ക്കുമ്പോള്‍, സഭാ നടപടിക്രമങ്ങള്‍ക്കൊപ്പം ഒരു പുതിയ നിയമാവലികൂടി തയ്യാറാക്കേണ്ടിവരുമെന്നു തോന്നുന്നു. അതിന്റെ പേര് 'സഭയ്ക്കുള്ളില്‍ കൊണ്ടുവരാവുന്നതും കൊണ്ടുവരാന്‍ പാടില്ലാത്തതുമായ വസ്തുക്കളുടെ സമഗ്ര പട്ടിക' എന്നായിരിക്കണം. അനുബന്ധമായി ഒരു ഉപചട്ടവും വേണം: പ്രതിഷേധം നടത്താം, പക്ഷേ പ്രതിഷേധത്തിനുള്ള സാധനങ്ങള്‍ കൊണ്ടുവരുമ്പോള്‍ സുരക്ഷാ വിഭാഗത്തെ മുന്‍കൂട്ടി അറിയിക്കണം.

നിയമസഭയിലെ പഴയ സംഭവങ്ങള്‍ ഓര്‍ത്തെടുത്ത സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വെളിപ്പെടുത്തലുകളിലാണ് ഈ കൗതുകകഥകളുടെ പല രസകരമായ അധ്യായങ്ങളും പുറത്തുവന്നത്. അതില്‍ ഏറ്റവും വെടിക്കെട്ടായത് ബിയര്‍ കുപ്പിയുടെ കഥയാണ്. 1999-ല്‍ ് ടി. ശിവദാസമേനോന്‍ ധനകാര്യ മന്ത്രിയായിരുന്ന സമയം. 'കലാപാനി' എന്ന ബിയര്‍ ബ്രാന്‍ഡിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ, അതിലെ ആല്‍ക്കഹോളിന്റെ അളവ് അനുവദനീയമായ പരിധിക്കുള്ളിലാണെന്നായിരുന്നു മന്ത്രിയുടെ വാദം. എന്നാല്‍ അതിന്റെ അളവ് അതിലും കൂടുതലാണെന്നായിരുന്നു തിരുവഞ്ചൂരിന്റെ നിലപാട്. അതി അനുഭവത്തിന്റെ വെളിച്ചത്തിലാണോ എന്ന് ഒളിയമ്പെയ്ത് പലരും ചോദിക്കുകയും ചെയ്തു. എന്നാല്‍ തന്റെ വാദത്തിന് തെളിവായി 15 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ ബിയര്‍ കുപ്പികള്‍ അദ്ദേഹം സഭയില്‍ പ്രദര്‍ശിപ്പിക്കുകയാണുണ്ടായത്.

സാധാരണക്കാരന്‍ ഒരു വസ്തുവിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ ലബോറട്ടറിയെ സമീപിക്കും. രാഷ്ട്രീയക്കാരാണെങ്കില്‍ നേരെ നിയമസഭയിലേക്ക് പോകും. അവിടെ മൈക്കുണ്ട്, വാദപ്രതിവാദങ്ങളുണ്ട്, ഭരണപക്ഷമുണ്ട്, പ്രതിപക്ഷമുണ്ട്. തെളിവായി ഒരു കുപ്പികൂടിയുണ്ടെങ്കില്‍ പിന്നെ അതേല്‍ പിടിച്ചു കയറാം. ബിയറിലെ ആല്‍ക്കഹോളിന്റെ അളവായിരുന്നല്ലോ അന്നത്തെ ചര്‍ച്ചാവിഷയം. പക്ഷേ രാഷ്ട്രീയത്തിലെ ആല്‍ക്കഹോളിന്റെ അളവ് എത്രയാണെന്ന് അളക്കാന്‍ ഇന്നുവരെ ഒരു ഉപകരണവും കണ്ടുപിടിച്ചിട്ടില്ല. ചില പ്രസംഗങ്ങളില്‍ അത് പരിധിവിടും. ചില ആരോപണങ്ങളില്‍ അതിരുകടക്കും. ചില പ്രതിഷേധങ്ങളില്‍ അതിന്റെ തീവ്രത പരിശോധിക്കാന്‍ കുപ്പിതന്നെ വേണ്ടിവരും.

ബിയര്‍ കുപ്പിയുടെ കഥ കേട്ട് ചിരിച്ചുതീരുന്നതിനു മുമ്പേ വരുന്നു ഗ്രനേഡ് ഷെല്ലിന്റെ അധ്യായം. പ്രതിപക്ഷത്തിരുന്ന കാലത്ത് യൂണിവേഴ്‌സിറ്റി കോളജിന് സമീപം കിടന്നിരുന്ന ഗ്രനേഡിന്റെ അവശിഷ്ടങ്ങള്‍ കണ്ടപ്പോള്‍ അത് നിയമസഭയിലേക്ക് കൊണ്ടുപോയ അനുഭവവും തിരുവഞ്ചൂര്‍ പങ്കുവച്ചു. ആ സംഭവം സഭയില്‍ റൂളിങ്ങിന് കാരണമായെന്നും അദ്ദേഹം ഓര്‍ത്തെടുത്തു. 2005-ല്‍ അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവ് ടി.എം. ജേക്കബും നിയമസഭയില്‍ ഗ്രനേഡ് ഷെല്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അത് അദ്ദേഹത്തിന് കൈമാറിയത് ഇന്നത്തെ മന്ത്രി ഷിബു ബേബി ജോണായിരുന്നുവെന്നതും ഈ പഴയ കഥകളിലെ മറ്റൊരു കൗതുകമാണ്. ഇപ്പോള്‍ പസി.പി.എം എം.എല്‍.എ വി. ജോയ് തകര്‍ന്ന ഫൈബര്‍ ലാത്തിയുമായി സഭയിലെത്തിയപ്പോള്‍ ഇത്തരം വസ്തുക്കള്‍ സഭയില്‍ കൊണ്ടുവരാന്‍ പാടില്ലെന്ന് പറഞ്ഞതും ഇതേ ഷിബു മന്ത്രി തന്നെയാണ്. അതാണ് പഴയ കാര്യങ്ങള്‍ സ്മരിക്കാന്‍ തിരുവഞ്ചൂരിനെ പ്രേരിപ്പിച്ചതും.

ഗ്രനേഡ് ഷെല്‍ എന്നത് സാധാരണ പ്രദര്‍ശനവസ്തുവല്ല. അതിന് സുരക്ഷാ മുന്നറിയിപ്പുകളുണ്ട്. നിയമസഭയിലേക്കു കൊണ്ടുവരുമ്പോള്‍ അതിന്റെ ഗൗരവം ഇരട്ടിയാകുന്നു. അതുകൊണ്ടുതന്നെയാണ് ഇത്തരം വസ്തുക്കള്‍ സഭയില്‍ കൊണ്ടുവരുന്നതിനെതിരെ 2005-ല്‍ റൂളിങ് ഉണ്ടായിരുന്നതായി സ്പീക്കര്‍ ഓര്‍മിപ്പിച്ചത്. എന്നാല്‍ രാഷ്ട്രീയത്തിലെ കൗതുകം മറ്റൊന്നാണ്. ഒരു വസ്തു സഭയ്ക്കുള്ളില്‍ എത്തുമ്പോള്‍ അതൊരു സുരക്ഷാ പ്രശ്‌നമാകുന്നു. അതേ വസ്തു രാഷ്ട്രീയ പ്രസംഗത്തില്‍ പരാമര്‍ശിക്കുമ്പോള്‍ അത് ഭരണകൂടത്തിനെതിരായ ആരോപണത്തിന്റെ തെളിവാകുന്നു. വസ്തുവിന്റെ സ്വഭാവം മാറുന്നില്ല; അതിന്റെ രാഷ്ട്രീയ ഉപയോഗമാണ് മാറുന്നത്. എന്തായാലും, ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ ഗ്രനേഡ് ഷെല്ലുകള്‍ക്ക് പ്രദര്‍ശനവസ്തുവിന്റെ പദവി ലഭിച്ച ചരിത്രമുണ്ടെങ്കില്‍, രാഷ്ട്രീയപ്രസംഗങ്ങളില്‍ പൊട്ടിത്തെറിക്കുന്ന വാക്കുകള്‍ക്ക് എന്ത് പദവി നല്‍കണം എന്നത് ഇനിയും തീരുമാനിക്കേണ്ടിയിരിക്കുന്നു.

നിയമസഭയിലേക്ക് കഞ്ചാവ് എത്തിയ കഥയുമുണ്ട്. 1987-ല്‍ ഇടുക്കിയില്‍നിന്നുള്ള ഒരു എം.എല്‍.എയാണ് കഞ്ചാവ് സഭയില്‍ എത്തിച്ചതെന്നാണ് നിയമസഭയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഓര്‍ത്തെടുത്തതായി പറയുന്നത്. ആരായിരുന്നു ആ എം.എല്‍.എ എന്ന കാര്യത്തില്‍ വ്യക്തതയില്ലെങ്കിലും, കഞ്ചാവ് കൈവശം വയ്ക്കുന്നത് കുറ്റകരമായതിനാല്‍ അത് പിടിച്ചെടുത്ത് എക്‌സൈസ് വകുപ്പിന് കൈമാറുകയായിരുന്നുവത്രേ. നിയമം നിര്‍മ്മിക്കുന്ന സഭയിലേക്ക് നിയമവിരുദ്ധമായ ഒരു വസ്തു എത്തുന്നു. പിന്നീട് അതിന്റെ നിയമപരമായ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പിനെ സമീപിക്കുന്നു. നിയമസഭയില്‍ ചര്‍ച്ച ചെയ്യേണ്ടത് നിയമത്തിന്റെ പ്രാധാന്യമാണ്; പക്ഷേ ചിലപ്പോള്‍ നിയമത്തിന്റെ പ്രാധാന്യം തെളിയിക്കാന്‍ നിയമവിരുദ്ധ വസ്തു തന്നെ തെളിവായി എത്തുന്നു.

നിയമസഭയിലെ മറ്റൊരു പഴയ സംഭവം ലോനപ്പന്‍ നമ്പാടനുമായി ബന്ധപ്പെട്ടതാണ്. ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച ഒരു ബില്ലിനെതിരെ പ്രതിഷേധിക്കാന്‍ അദ്ദേഹം സഭയില്‍ തീപ്പെട്ടി കൊളുത്താന്‍ ശ്രമിച്ചു. അന്ന് സ്പീക്കറായിരുന്ന വക്കം പുരുഷോത്തമന്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ബില്ലിന് തീയിടാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന്, തീ അണയ്ക്കാനും അദ്ദേഹത്തെ സഭയില്‍നിന്ന് പുറത്തേക്ക് കൊണ്ടുപോകാനും വാച്ച് ആന്‍ഡ് വാര്‍ഡിനോട് നിര്‍ദേശിക്കുകയായിരുന്നു. ബില്ലിന്റെ ഭാഷ മനസ്സിലാകുന്നില്ലെങ്കില്‍ വിവര്‍ത്തനം ആവശ്യപ്പെടാം. വിശദീകരണം തേടാം. ചര്‍ച്ചയില്‍ എതിര്‍പ്പ് രേഖപ്പെടുത്താം. ആവശ്യമെങ്കില്‍ സഭയില്‍ ശക്തമായി പ്രതിഷേധിക്കാം. പക്ഷേ ബില്ലിലെ ഇംഗ്ലീഷ് വാക്കുകള്‍ മലയാളത്തിലാക്കാന്‍ തീപ്പെട്ടി കൊളുത്തിയാല്‍ കാര്യം കൈവിട്ടുപോകും.

ഗുണപാഠം

ഇതില്‍നിന്ന് നമ്മുടെ ജനപ്രതിനിധികള്‍ പഠിക്കേണ്ട ഗുണപാഠം വളരെ ലളിതമാണ്: സഭയ്ക്കുള്ളില്‍ ബിയര്‍ കുപ്പി കൊണ്ടുവന്നാല്‍ ആല്‍ക്കഹോളിന്റെ അളവ് ചര്‍ച്ചയാകും; ഗ്രനേഡ് ഷെല്‍ കൊണ്ടുവന്നാല്‍ സുരക്ഷയുടെ കാര്യം പറയും; കഞ്ചാവുപൊതി കൊണ്ടുവന്നാല്‍ എക്‌സൈസ് വരും; തീപ്പെട്ടി കൊളുത്തിയാല്‍ വാച്ച് ആന്‍ഡ് വാര്‍ഡ് ഓടിയെത്തും. എന്നാല്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ സഭയിലെത്തിച്ചാല്‍ മാത്രം പരിഹാരമുണ്ടാകുമെന്ന് ഉറപ്പില്ല. അതുകൊണ്ട് ഇനി നിയമസഭയിലേക്ക് പോകുന്നവര്‍ ബാഗ് പരിശോധിക്കുമ്പോള്‍ ഒരു കാര്യം കൂടി ഉറപ്പാക്കണം: കൈയില്‍ നിരോധിത വസ്തുക്കളൊന്നുമില്ലെന്ന് മാത്രമല്ല, തലയില്‍ വിവേകവും നാവില്‍ യുക്തിയും മനസ്സില്‍ ജനസേവനവുമുണ്ടെന്ന്.

കാരണം, ബിയര്‍ കുപ്പിയിലെ ആല്‍ക്കഹോള്‍ അളക്കാന്‍ ഉപകരണമുണ്ട്, ഗ്രനേഡിന്റെ അപകടം തിരിച്ചറിയാന്‍ സംവിധാനമുണ്ട്, തീ അണയ്ക്കാന്‍ അഗ്‌നിശമന സേനയുണ്ട്. എന്നാല്‍ അധികാരത്തിന്റെ ലഹരിയും പ്രതിഷേധത്തിന്റെ തീയും അണയ്ക്കാന്‍ ജനാധിപത്യബോധമല്ലാതെ മറ്റൊരു ഉപകരണവും ഇന്നുവരെ കണ്ടുപിടിച്ചിട്ടില്ല. ഓര്‍ക്കുക, നിയമസഭയിലേക്ക് കുപ്പിയും ഷെല്ലും തീപ്പെട്ടിയും കൊണ്ടുപോകാം; പക്ഷേ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ബുദ്ധിയും ഉത്തരവാദിത്വവും വീട്ടില്‍വെച്ചിട്ടുപോയാല്‍ ജനാധിപത്യം തന്നെ വാച്ച് ആന്‍ഡ് വാര്‍ഡിനെ വിളിക്കേണ്ടിവരും.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക