Image

മലയാള ചലച്ചിത്രഗാനങ്ങൾ പുതിയ നൂറ്റാണ്ടിൽ (ഭാഗം- 1:: കുര്യൻ കെ തോമസ്)

Published on 14 October, 2026
മലയാള ചലച്ചിത്രഗാനങ്ങൾ പുതിയ നൂറ്റാണ്ടിൽ (ഭാഗം- 1:: കുര്യൻ കെ തോമസ്)

ഗാനരചയിതാക്കൾ, സംഗീത സംവിധായകർ, ഗായകർ അടങ്ങുന്ന ചലച്ചിത്രഗാന ശരീരത്തിലെ ജൈവസാന്നിധ്യങ്ങളിൽ സംഭവിക്കുന്ന തലമുറമാറ്റം… മലയാള ചലച്ചിത്ര സംഗീതലോകത്ത് പുതിയ നൂറ്റാണ്ടിൽ (2001-2025) ദൃശ്യമാകുന്ന രൂപ-ഭാവ പരിണാമങ്ങൾ…

മലയാള സിനിമയുടെ ചരിത്രവഴിയിൽ പാട്ടുകൾക്ക് എക്കാലത്തും സവിശേഷമായ സ്ഥാനമുണ്ട്. മലയാളി സമൂഹത്തിന്റെ സാംസ്‌കാരിക ജീവിതത്തോട് ഏറ്റവും ചേർന്നുനിൽക്കുന്ന ഒന്നാണ് ചലച്ചിത്രഗാനങ്ങൾ. നാടകവേദികളിലെ സംഗീത പാരമ്പര്യത്തിന്റെ തുടർച്ചയായി സിനിമയിലേക്ക് എത്തിയ പാട്ടുകൾ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യകാൽനൂറ്റാണ്ട് പിന്നീടുമ്പോൾ മുൻപെങ്ങുമില്ലാത്തവിധം വലിയ രൂപ-ഭാവ പരിണാമങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.

നാടകവേദികളിലെ സംഗീതപാരമ്പര്യത്തിന്റെ തുടർച്ചയായി ബാലൻ എന്ന ആദ്യ ശബ്ദചലച്ചിത്രത്തിലൂടെയാണ് 1938 ൽ മലയാള സിനിമാഗാന ചരിത്രം ആരംഭിക്കുന്നത്. ആദ്യകാലത്ത് സിനിമയുടെ പകുതിയിലധികം സമയവും പാട്ടുകൾക്കായിരുന്നുവെങ്കിൽ 1948 ൽ പുറത്തുവന്ന നിർമ്മല എന്ന ചിത്രത്തിലൂടെയാണ് പിന്നണി ഗാനശാഖ മലയാളത്തിൽ സജീവമായത്. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ സിനിമയിലെ പാട്ടുകൾ കേവലമൊരു വിനോദോപാധി എന്നതിനപ്പുറം മലയാളി സമൂഹത്തിന്റെ സാംസ്‌കാരിക ജീവിതത്തോട് ഏറ്റവും ചേർന്നുനിൽക്കുന്ന പ്രധാന ഘടകമായി മാറി.

ഗാനരചനാരംഗത്ത് പി ഭാസ്‌കരൻ, വയലാർ രാമവർമ്മ, യൂസഫലി കേച്ചേരി, ഒ എൻ വി കുറുപ്പ് തുടങ്ങിയ പ്രതിഭകളുടെ വരവോടെയാണ് മലയാള ചലച്ചിത്രഗാന സുവർണ്ണകാലം ആരംഭിക്കുന്നതും പ്രണയവും വിരഹവും ഭക്തിയും വിപ്ലവവും വിഷാദവും ഹാസ്യവും അടക്കം വ്യത്യസ്തങ്ങളായ ഭാവങ്ങളിലൂടെ കേരളീയ ജീവിതാനുഭവങ്ങൾ ആവിഷ്കരിക്കപ്പെടുന്നതും. പിന്നീട് വിവിധ കാലഘട്ടങ്ങളിൽ കടന്നുവന്ന ശ്രീകുമാരൻ തമ്പി, ബിച്ചു തിരുമല, കൈതപ്രം നമ്പൂതിരി, ഗിരീഷ് പുത്തഞ്ചേരി അടക്കം ഒട്ടനവധി ഗാനരചയിതാക്കളിലൂടെയാണ് കഴിഞ്ഞ നൂറ്റാണ്ടിൽ കാവ്യഭാവങ്ങളുടെ വികാസപരിണാമങ്ങൾ അടയാളപ്പെടുത്തുന്നത്.

1960 കൾ മുതൽ മലയാള ചലച്ചിത്ര സംഗീതത്തിന്റെ പൊതുഭൂമികയെ വിവിധ സംഗീതപാരമ്പര്യങ്ങൾ നിർണ്ണയിക്കാൻ തുടങ്ങി. ബാബുരാജ്, ജി ദേവരാജൻ, ദക്ഷിണാമൂർത്തി, രാഘവൻ മാസ്റ്റർ, സലിൽ ചൗധരി തുടങ്ങിയവരുടെ നേതൃത്വത്തിൽ ക്ലാസിക്കൽ ധാരകളും നാടോടി ജനകീയ പാരമ്പര്യങ്ങളും ഹിന്ദുസ്ഥാനി ശൈലികളും ചലച്ചിത്ര ആസ്വാദന വിഭവങ്ങളായി മാറി. എൺപതുകളിൽ ജോൺസൺ, ഔസേപ്പച്ചൻ, രവീന്ദ്രൻ തുടങ്ങിയ പ്രതിഭകളുടെ വരവോടെ മലയാള സിനിമ പടിപടിയായി അതിന്റെ തനതു വഴിയിൽ വികസിച്ചു.

ആദ്യകാലത്ത് മദ്രാസ് കേന്ദ്രീകരിച്ച് ചലച്ചിത്ര നിർമ്മാണം നടന്നിരുന്നതിനാൽ പി ബി ശ്രീനിവാസ്, പി ലീല, പി സുശീല, എസ് ജാനകി തുടങ്ങി ഒരുനിര പ്രശസ്ത തെന്നിന്ത്യൻ ഗായകരാണ് മലയാളത്തിലും പാടിയിരുന്നത്. പിന്നീട് മാനക മലയാള ശബ്ദമാതൃകയായി മാറിയ കെ ജെ യേശുദാസിനെപ്പോലെ പി ജയചന്ദ്രൻ, ഉണ്ണിമേനോൻ, എം ജി ശ്രീകുമാർ, വാണി ജയറാം, സുജാത, കെ എസ് ചിത്ര അടക്കം അസംഖ്യം തദ്ദേശീയരായ പ്രതിഭാശാലികളും കടന്നുവന്നു.

ചലച്ചിത്രഗാനങ്ങളുടെ ആശയനുഭൂതി ലോകങ്ങളിലൂടെ ആസ്വാദന, അനുയാത്രാ പഠനങ്ങൾ മാത്രമല്ല അവയുടെ സൗന്ദര്യശാസ്ത്ര നിർവ്വചനങ്ങളെ ആസ്വാദന, പാരമ്പര്യനിഷ്ഠമായി പുനർവിചിന്തനം ചെയ്യുന്ന നിരവധി പഠനങ്ങളുണ്ട്. ഒപ്പം രചനകളിൽ ഉയർത്തുന്ന പ്രശ്നമണ്ഡലങ്ങളെയും അവ സൃഷ്ടിക്കുന്ന വ്യക്തിത്വങ്ങളെയും അപഗ്രഥിച്ചുകൊണ്ട്, അവ സൗന്ദര്യാനുഭൂതികളായി മാറിയ ചരിത്രനിമിഷങ്ങളിലെ സൂക്ഷ്മ അധികാരബന്ധങ്ങളെ വെളിപ്പെടുത്തുന്ന നിരവധി അക്കാദമിക് പഠനങ്ങളും. പിന്നണിഗാനങ്ങളുടെ ആവിഷ്കാരരംഗങ്ങളിൽ സ്ത്രീകളുടെ സംഭാവനകളും ആസ്വാദനത്തിനായി തീർക്കപ്പെട്ട പെൺവാർപ്പു മാതൃകകളും സി എസ് മീനാക്ഷി വിശദമായി പരിശോധിക്കുന്നുണ്ട് (തുടർവായന).

ഈ ചരിത്രഭൂമികയിൽ നിന്നുവേണം സുവർണ്ണകാല മെലഡികളിൽനിന്നും ക്ലാസിക്കൽ സംഗീതധാരകളിൽനിന്നും ആധുനിക ഡിജിറ്റൽയുഗത്തിൽ എത്തിനിൽക്കുന്ന മലയാള ചലച്ചിത്ര സംഗീതത്തിന്റെ കാൽനൂറ്റാണ്ട് കാലത്തെ പരിവർത്തനങ്ങളെ വിശകലനം ചെയ്യേണ്ടത്.

പൊതു പ്രവണതകൾ

ആദ്യ ശബ്ദചിത്രമായ ബാലൻ (1938) മുതൽ 2025 വരെ മലയാള സിനിമയിൽ 25000 ലേറെ ഗാനങ്ങൾ. 2001-2025 കാലയളവിൽ മലയാളത്തിൽ 5,350 സിനിമകളും അവയിൽ 15,336 ഗാനങ്ങളുമുണ്ടെന്നാണ് മലയാളസംഗീതം (malayalasamgeetham.info) എന്ന സംഗീത, സിനിമാ വിജ്ഞാനകോശം രേഖപ്പെടുത്തിയിട്ടുള്ളത്. 2001-2010 കാലയളവിൽ സിനിമയിൽ ശരാശരി 4 മുതൽ 5 വരെ ഗാനങ്ങൾ ഉണ്ടായിരുന്നതു 'ന്യൂ ജനറേഷൻ' സിനിമകളുടെ വരവോടെ 2011-2020 കാലത്ത് ശരാശരി 3 പാട്ടുകളായും, 2021-2025 കാലഘട്ടത്തിൽ കോവിഡിന് ശേഷമുള്ള ഒ.ടി.ടി കുതിച്ചുചാട്ടത്തോടെ അത് രണ്ടായും ചുരുങ്ങി.

വിസ്മൃതിയിലാകുമായിരുന്ന നാടൻ ഈണങ്ങളെയും പാരമ്പര്യ സംഗീതത്തെയും ഡിജിറ്റൽ യുഗത്തിലെ പുതിയ തലമുറയ്ക്ക് കൈമാറുന്ന ചരിത്ര, സാംസ്കാരിക ദൗത്യമായിരുന്നു ടെലിവിഷൻ ചാനലുകളിലെ സംഗീത റിയാലിറ്റി ഷോകൾ നൂറ്റാണ്ടിന്റെ തുടക്കം മുതൽ (അമൃത ടിവി 'സൂപ്പർ സ്റ്റാർ' 2005 ഏപ്രിൽ 14, ഏഷ്യാനെറ്റ് 'ഐഡിയ സ്റ്റാർ സിംഗർ, 2006) നിർവ്വഹിക്കുന്നത്. ചലച്ചിത്രാഖ്യാനത്തിൽ പശ്ചാത്തല സംഗീതത്തിനു പ്രാധാന്യമേറുകയും പുതുതലമുറയുടെ സംഗീതാഭിരുചികളിൽ റാപ്പും ഇലക്ട്രോണിക് സംഗീതവും സോളോ ട്രാക്കുകളും തരംഗമായെത്തുകയും ചെയ്തു.


 ആദ്യ വരികളിലൂടെ അറിയപ്പെട്ടിരുന്ന പാട്ടുകൾ പുതിയകാലത്ത്  മൂഡ് /കൺസെപ്റ്റ് സൂചിപ്പിക്കുന്ന പേരുകളോടുകൂടിയ ട്രാക്കുകളായി. പ്രണയ പരാജയം യുവാക്കളിൽ തീർക്കുന്ന വൈകാരികതക്ക് 'സീൻ കോൺട്രാ' എന്ന് പേരിട്ട ‘ചിന്നമ്മ അടിപൊളി ലുക്കമ്മ…’ (പ്രേമം) എന്ന പാട്ടിലാണ് ഈ  ശൈലിയുടെ  തുടക്കം. തുടർന്ന് സിനിമയിലെ  പാരാ പാരാ/‘ചങ്ങാതിമാരെ ഒന്നുകൂടി…’ (കമ്മട്ടിപ്പാടം), ഇല്ലുമിനാറ്റി/ ‘ജാഡയല്ലിത്…’ (ആവേശം), മണവാളൻ തഗ്ഗ്/‘എല്ലാരും ചൊല്ല്ണതാണിവൻ…’ (തല്ലുമാല) പോലെയുള്ള പാട്ടുകളിലൂടെ ട്രെൻഡ് കൂടുതൽ വ്യാപകമായി. കഥാപാത്രത്തിന്റെ സ്വഭാവത്തെയോ സോഷ്യൽ മീഡിയ ട്രെൻഡുകളെയോ അടയാളപ്പെടുത്തുന്ന ഇത്തരം പേരുകൾ ഡിജിറ്റൽ സെർച്ചുകൾക്കും വിപണനത്തിനുമുള്ള ശക്തമായ മാർഗ്ഗമായി മാറി.

കാലത്തിനൊപ്പം ഓർമ്മയായി മാറിയവർ

കഴിഞ്ഞ കാൽനൂറ്റാണ്ടിനിടെ അന്തരിച്ച മലയാള ചലച്ചിത്ര ഗാനരംഗത്തെ പ്രതിഭാശാലികൾ നിരവധിയാണ്. ഗാനരചയിതാക്കളായ പി. ഭാസ്കരൻ (2007), ഗിരീഷ് പുത്തഞ്ചേരി (2010), യൂസഫലി കേച്ചേരി (2015) ഒ. എൻ. വി. കുറുപ്പ് (2016), ചുനക്കര രാമൻകുട്ടി (2020), പൂവച്ചൽ ഖാദർ (2021), ബിച്ചു തിരുമല (2021)... സംഗീതസംവിധായകരായ രവീന്ദ്രൻ (2005), ദേവരാജൻ മാസ്റ്റർ (2006), എം. ജി. രാധാകൃഷ്ണൻ (2010), ജോൺസൺ (2011), കെ. രാഘവൻ (2013), രാജാമണി (2016), എം. കെ. അർജുനൻ (2020), കൈതപ്രം വിശ്വനാഥൻ (2021).... ഗായകരായ പി. ലീല (2005), കെ. പി. ഉദയഭാനു (2014), എസ്. പി. ബാലസുബ്രഹ്മണ്യം (2020), ഇടവ ബഷീർ (2022), വാണി ജയറാം (2023), പി ജയചന്ദ്രൻ (2025)... പട്ടിക ഇങ്ങനെ നീളുന്നു.

കാവ്യഭംഗിയിൽനിന്ന് ആധുനിക ബീറ്റുകളിലേക്ക്

മലയാള ചലച്ചിത്ര ഗാനശാഖയിൽ നിലനിന്നിരുന്ന കാവ്യ ഭാഷയിലൂടെയും/സംസ്കാരത്തിന്റെയും പ്രകൃതിബിംബ സമൃദ്ധിയുടെയും പിൻതുടർച്ച നൂറ്റാണ്ടിന്റെ ആദ്യദശകത്തിലെ  ‘കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ...’, 'അമ്മ മഴക്കാറിന്...', ‘എന്റെ ഖൽബിലെ വെണ്ണിലാവു നീ…’പോലെ മെലഡികളിൽ കാണാം. 'വ്യത്യസ്തനാമൊരു ബാർബറാം ബാലനെ' പോലെയുള്ള ലളിതവും ആഖ്യാനപരവുമായ ഗാനങ്ങളും ഈ കാലഘട്ടത്തിലുണ്ട്.

നൂറ്റാണ്ടിന്റെ ആദ്യദശകത്തിനൊടുവിൽ മലയാള സിനിമയിൽ ദൃശ്യമായ 'ന്യൂ ജനറേഷൻ' തരംഗത്തിനൊപ്പം പാട്ടുകളിലെ വരികളും ഭാവവും മാറിതുടങ്ങി. റഫീഖ് അഹമ്മദ്, സന്തോഷ് വർമ്മ,  ബി കെ ഹരിനാരായണൻ, അൻവർ അലി, വിനായക ശശികുമാർ തുടങ്ങി പുതിയ തലമുറയിലെ രചയിതാക്കളുടെ വരവോടെ കാൽപ്പനികത കൈവിടാതെതന്നെ വരികൾ കൂടുതൽ ലളിതവും റിയലിസ്റ്റിക്കായതുമായി (മഴകൊണ്ടുമാത്രം മുളയ്ക്കുന്ന, ജീവാംശമായി താനേ, ഉയിരിൽ തൊടും, ആകാശമായവളേ). 'മാണിക്യ മലരായ പൂവി' പോലെ പഴയ മാപ്പിളപ്പാട്ടുകളുടെയും നാടൻ ഈണങ്ങളുടെയും പുനരാവിഷ്കാരങ്ങളും ഈ കാലത്തുണ്ടായി.

അവസാന അഞ്ച് വർഷങ്ങളിൽ ഗാനരചന രണ്ട് സമാന്തര പാതകളിലൂടെ സഞ്ചരിക്കുന്നു. ആകാശമായവളേ...', 'അകലെയൊരു കാടിന്റെ...', 'പൂമുത്തോളെ...' പോലെ മനസ്സിന്റെ വൈകാരിക തലങ്ങൾക്കായി കുറിക്കപ്പെട്ട ലളിതമായ വരികളാൽ ഹൃദയം കവർന്ന ഗാനങ്ങൾക്കൊപ്പം കഥാപാത്രങ്ങളുടെ സംഭാഷണങ്ങളും തെരുവ് ഭാഷയും പാട്ടുകളിലെ വരികളായി കടന്നുവന്നു ('മണവാളൻ തഗ്ഗ്', 'ഇലുമിനാറ്റി, 'കുതന്ത്രം', 'സ്തുതി').

പുതു സംഗീതശൈലികൾ

രവീന്ദ്രൻ, എം.ജി. രാധാകൃഷ്ണൻ, ഇളയരാജ തുടങ്ങിയ മുതിർന്ന സംഗീതജ്ഞർക്കൊപ്പം എം. ജയചന്ദ്രൻ, വിദ്യാസാഗർ, മോഹൻ സിതാര എന്നിവർ തുടക്കത്തിൽ മെലഡികളിലൂടെ തിളങ്ങിനിന്ന നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങൾ. ജാസി ഗിഫ്റ്റ്, ദീപക് ദേവ്, ഷാൻ റഹ്മാൻ, ഗോപി സുന്ദർ, ബിജിബാൽ, വിഷ്ണു വിജയ്, സുഷിൻ ശ്യാം, ജേക്സ് ബിജോയ് തുടങ്ങിയ യുവനിര സംഗീതസംവിധാന രംഗത്തേക്ക് കടന്നുവന്നു.

ഗൃഹാതുര സ്മരണകളിലെ പദങ്ങളെ റാപ്പുസംഗീതവുമായി സമന്വയിപ്പിച്ച 2004-ൽ ജാസ്സി ഗിഫ്റ്റിന്റെ 'ലജ്ജാവതിയേ…' എന്ന ഗാനം (4 ദി പീപ്പിൾ) സംഗീതത്തിലും ആലാപനത്തിലും ചിത്രീകരണത്തിലുമെല്ലാം പുതിയ രീതികളുടെ പരിചയപ്പെടുത്തികൊണ്ടു സിനിമാപാട്ടിനെ കേൾവിയുടെ ഭാവതലത്തിലെ ആസ്വാദനത്തിൽനിന്നും ഇളകിയാട്ടങ്ങളുടെ ദൃശ്യതലത്തിലെ അനുഭൂതിയിലേക്കുള്ള ഭാവുകത്വ പരിണാമത്തിലേക്ക് നയിച്ചു. കർണാടക സംഗീതത്തിന്റെയും കേരളീയ നാട്ടുഈണങ്ങളുടെയും അകമ്പടിയോടെയുള്ള മെലഡികൾക്കൊപ്പം സ്റ്റുഡിയോകളിൽ കമ്പ്യൂട്ടർ അധിഷ്ഠിത പ്രോഗ്രാമിങ്ങും പാശ്ചാത്യ സിന്തസൈസറുകളും സജീവമായതോടെ പുതിയ നൂറ്റാണ്ടിൽ ചലച്ചിത്ര സംഗീതത്തിന്റെ ശൈലിയും വേഗതയും മാറി.  

സുശിൻ ശ്യാം, (മാലിക്ക്, 2021; ആവേശം, 2024), ഗോപി സുന്ദർ (അൻ‌വർ, 2010); എ ആര്‍ റഹ്‌മാന്‍ (ആടുജീവിതം, 2024), ഷാൻ റഹ്മാൻ (തട്ടത്തിന്‍ മറയത്ത്, 2012; ജേക്കബിന്റെ സ്വർഗ്ഗരാജ്യം, 2016; മിന്നൽ മുരളി, 2021), ജേക്സ് ബിജോയ് (കടുവ, 2022), ഹെഷാം അബ്ദുൾ വഹാബ് (ഹൃദയം, 2022)പോലെ നിരവധി സംഗീത സംവിധായകർ അന്താരാഷ്ട്ര നിലവാരമുള്ള ഇലക്ട്രോണിക് സംഗീതത്തിന്റെയും പശ്ചാത്തല സംഗീതത്തിന്റെയും വൻ ഹൈപ്പ് ഉണ്ടാക്കുന്ന സിംഗിൾ ട്രാക്ക് സംസ്കാരത്തിന്റെയുമൊക്കെ പുതിയകാല മാതൃകകൾ തീർത്തു. 'ജിമിക്കി കമ്മൽ...' (വെളിപാടിന്റെ പുസ്തകം), ‘കലക്കാത്ത സന്ദനമേര…’ (അയ്യപ്പനും കോശിയും), ‘പാലാപ്പള്ളി തിരുപ്പള്ളി…’ (കടുവ), 'ദർശന…’ (ഹൃദയം), ‘ഇല്ലുമിനാറ്റി’ (ആവേശം) 'മണവാളൻ തഗ്ഗ്' (തല്ലുമാല),'സ്തുതി' (ബൊഗെയ്ൻവില്ല) തുടങ്ങി ഒട്ടേറെ ഗാനങ്ങളും ഇലക്ട്രോണിക് ഡാൻസ് മ്യൂസിക് ട്രാക്കുകളും ദൃശ്യങ്ങളും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ ആഗോളശ്രദ്ധ നേടി.

ആലാപനത്തിലെ ശബ്ദവൈവിധ്യവും തലമുറമാറ്റവും

ആലാപനരംഗത്ത് ശബ്ദവൈവിധ്യവും പുത്തൻ ശൈലികളുംകൊണ്ട് വലിയ തലമുറമാറ്റമാണ് ഈ കാലയളവിൽ സംഭവിച്ചത്. പുതിയ നൂറ്റാണ്ടിന്റെ ഈ ആദ്യ കാൽനൂറ്റാണ്ടിൽ പുരുഷഗായകരിൽ എം ജി ശ്രീകുമാർ (596 ഗാനങ്ങൾ), വനിതകളിൽ കെ എസ് ചിത്രയും (645) കൂടുതൽ പാട്ടുകൾ പാടി. ഗായകരിൽ വിജയ് യേശുദാസും (514), യേശുദാസും (510),മധു ബാലകൃഷ്ണൻ (366), വിനീത് ശ്രീനിവാസൻ (312), വിധു പ്രതാപ് (221), അഫ്സൽ (272), എന്നിവരും വനിതകളിൽ സുജാത മോഹൻ (412), ശ്വേത മോഹൻ (346), സിതാര കൃഷ്ണകുമാർ (263), റിമി ടോമി (218) എന്നിവരും പാട്ടെണ്ണപട്ടികയിൽ തൊട്ടുപിന്നിലും.

ആകാശദീപങ്ങൾ സാക്ഷി… (രാവണപ്രഭു), സഹ്യസാനു ശ്രുതിചേർത്ത (കരുമാടിക്കുട്ടൻ); ‘ആറ്റിൻകരയിൽ…’ (രസതന്ത്രം), ‘അമ്മ മഴക്കാറിന്… മാടമ്പി), ഈ ചില്ലയിൽ…’ (സ്പിരിറ്റ്) അടക്കം യേശുദാസ് ഗാനങ്ങൾ. പി. ജയചന്ദ്രൻ പാടിയ 'നീ ഒരു പുഴയായി…' (തിളക്കം, 2003), 'ആരു പറഞ്ഞു (പുലിവാൽ കല്യാണം), ‘കല്ലായിക്കടവത്ത്…’  (പെരുമഴക്കാലം), 'കണ്ണുനട്ടു കാത്തിരുന്നിട്ടും...', /വിദ്യാധരൻ, (കഥാവശേഷൻ), ‘പ്രേമിക്കുമ്പോൾ...' (സാൾട്ട് ആൻഡ് പെപ്പർ) എം. ജി. ശ്രീകുമാർ സുജാത  മോഹനോടോപ്പം  ആലപിച്ച 'തുമ്പികല്യാണത്തിന്… (കല്യാണരാമൻ, കൈ നിറയേ വെണ്ണതരാം… (ബാബ കല്യാണി),കുഴലൂതും പൂന്തെന്നലേ... (2009), പോലെ ഒട്ടനവധി പാട്ടുകൾ. കാലാതീതമായി നിലനിൽക്കുന്ന ക്ലാസിക് ആലാപനത്തിന് മികച്ച ഉദാഹരണമായി ഉണ്ണി മേനോൻ പാടിയ മരണമെത്തുന്ന നേരത്ത് (സ്പിരിറ്റ്) എന്ന ഗാനം. ഒരു ചെമ്പനീർ പൂവി… (സ്ഥിതി),  മഴനീർതുള്ളികൾ…’ (ബ്യൂട്ടിഫുൾ), ‘തിരുവാവണിരാവ്…’ (ജേക്കബിന്റെ സ്വർഗ്ഗരാജ്യം) പോലെ ഉണ്ണി മേനോൻ പാടിയ മറ്റുചില ശ്രദ്ധേയ ഗാനങ്ങൾ.

വിജയ് യേശുദാസ് ‘പ്രിയനുമാത്രം…’ (റോബിൻഹുഡ്), 'ഈ പുഴയും സന്ധ്യകളും...' (ഇന്ത്യൻ റുപ്പി), ‘മലരേ നിന്നെ കാണാതിരുന്നാൽ…’, (പ്രേമം,), ‘പൂമുത്തോളെ…’ (ജോസഫ്), വിനീത് ശ്രീനിവാസൻ 'എന്റെ ഖൽബിലെ... (ക്ലാസ്‌മേറ്റ്സ്), 'മാണിക്യമലരായ പൂവി...', (ഒരു അഡാർ ലൗ), ഷഹബാസ് അമൻ ‘ചാന്ദുകുടഞ്ഞൊരു സൂര്യൻ…’, (ചാന്തുപൊട്ട്), മിഴിയിൽ നിൻ മിഴിയിൽ…’ (മായാനദി), ‘ആകാശമായവളേ…’ (വെള്ളം), കെ. എസ്. ഹരിശങ്കർ ‘പവിഴമഴയേ…’(അതിരൻ), സൂരജ് സന്തോഷ് (ആരാധികേ...' അമ്പിളി,2019)/മിഥുൻ ജയരാജ് (ഉയീരെ ഒരു ജന്മം കൂടെ…/ നാരായണി ഹരിപ്രസാദ്, മിന്നൽ മുരളി), കപിൽ കപിലൻ ‘നീല നിലാവേ… (ആർ. ഡി. എക്സ്) പുതിയ തലമുറയുടെ പ്രണയശബ്ദങ്ങളായി മാറി. ഇല്ലുമിനാറ്റി/നാടിൻ നന്മകനേ പൊന്മകനേ… (ആവേശം), എന്ന ഗാനത്തിലൂടെ ഡാബ്സിയും കുതന്ത്രം/വിയർപ്പു തുന്നിയിട്ട കുപ്പായം… (മഞ്ഞുമ്മൽ ബോയ്സ്) എന്ന പാട്ടിലൂടെ വേടനും ഇൻഡി റാപ്പ് ആലാപനശൈലി ജനപ്രിയമാക്കി

കെ. എസ്. ചിത്ര (കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ…,(നന്ദനം), സുജാത മോഹൻ (കരിമിഴി കുരുവിയെ...'മീശമാധവൻ); ശ്രേയ ഘോഷാൽ അനുരാഗ വിലോചനനായി…’ (നീലത്താമര), കിഴക്കു പൂക്കും (അൻവർ), ‘കാത്തു കാത്തിരുന്ന്..., (എന്ന് നിന്റെ മൊയ്തീൻ); സിതാര കൃഷ്ണകുമാർ, (‘തുടക്കം മാംഗല്യം...', (ബാംഗ്ലൂർ ഡേയ്സ്), ചെരാതുകൾ...'(കുമ്പളങ്ങി നൈറ്റ്സ്) പോലെ പുതിയ നൂറ്റാണ്ടിലെ ശ്രദ്ധേയരായ വനിതാ ഗായികമാർ.

യുഗ്മ ഗാനങ്ങൾ

ഈ കാലഘട്ടത്തിൽ ഗായകരുടെ തലമുറ മാറ്റത്തിനും സാങ്കേതിക വിദ്യയിലെ വലിയ കുതിച്ചുചാട്ടത്തിനുമൊപ്പം യുഗ്മഗാന ഘടനയിലും ആലാപനശൈലിയിലും സമാന്തരമായ പുതുക്കങ്ങൾ നടന്നു. യേശുദാസ്, ജയചന്ദ്രൻ, എം ജി ശ്രീകുമാർ, ഉണ്ണിമേനോൻ, ജി. വേണുഗോപാൽ, കെ എസ് ചിത്ര, സുജാത മോഹൻ ഇവർ തീർക്കുന്ന വിവിധ കോമ്പോകൾക്കൊപ്പം വിജയ് യേശുദാസ്, വിനീത് ശ്രീനിവാസൻ, കാർത്തിക്, ഹരിചരൺ, നജീം അർഷാദ്, ഹരിശങ്കർ, ശ്വേത മോഹൻ, സിതാര, ശ്രേയാ ഘോഷാൽ, മൃദുല വാര്യർ തുടങ്ങി പുതിയനിര യുഗ്മഗാന രംഗത്ത് ശ്രദ്ധേയനായി.

യേശുദാസ് - സുജാത മോഹൻ (ഇനിയെന്തു നൽകണം, ഡ്രീംസ്), ജയചന്ദ്രൻ - സുജാത മോഹൻ (കാറ്റേ നീ വീശരുതിപ്പോൾ, കസ്തൂരിമാൻ, സ്വയംവര ചന്ദ്രികേ, ക്രോണിക് ബാച്ചിലർ), എം.ജി. ശ്രീകുമാർ - സുജാത (കണ്ടു കണ്ടു കൊതിപൂണ്ടു, ഇഷ്ടം), ജി. വേണുഗോപാൽ - സിതാര കൃഷ്ണകുമാർ (കുഴലൂതും പൂംതെന്നലേ, ഭ്രമരം), കെ എസ്. ചിത്ര - ബിജു നാരായണൻ (കളഭം തരാം..., വടക്കുംനാഥൻ),  വിജയ് യേശുദാസ് -ശ്വേത മോഹൻ (കോലക്കുഴൽ വിളി കേട്ടോ..., നിവേദ്യം), പോലെ മെലഡിയുടെ ഭംഗിക്കൊപ്പം പുതുമയും ഊർജ്ജവുമുള്ള നിരവധി സൂപ്പർഹിറ്റ് യുഗ്മഗാന കോമ്പോകൾ. ഒപ്പം വിനീത് ശ്രീനിവാസൻ - റിമി ടോമി (കരളേ കരളിന്റെ കരളേ, ഉദയനാണ് താരം), ഹരിചരൻ-മൃദുല വാര്യർ, മഴയേ, പട്ടം പോലെ, കെ.എസ്. ഹരിശങ്കർ - ശ്രേയ ഘോഷാൽ (ജീവാംശമായി താനേ...തീവണ്ടി),സൂരജ് സന്തോഷ്, മധുവന്തി നാരായണൻ, (ആരാധികേ, അമ്പിളി), സൂരജ് സന്തോഷ് - ആൻ ആമി (ഉയരിൽ തൊടും... കുമ്പളങ്ങി നൈറ്റ്സ്), ഹിഷാം അബ്ദുൽ വഹാബ് - ദർശനാ രാജേന്ദ്രൻ (ദർശനാ...ഹൃദയം) പോലെ യുഗ്മഗാനങ്ങളിൽ പ്രണയഭാവങ്ങളെ അടയാളപ്പെടുത്തിയ പുതുതലമുറ കോംബോകൾ.

(തുടരും -ഭാഗം രണ്ടു കാണുക) 

കുര്യൻ കെ തോമസ്
പബ്ലിക്കേഷൻ ഡയറക്ടർ (റിട്ട), എം ജി യൂണിവേഴ്സിറ്റി

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക