
ജനപ്രിയ നാടന് ദിലീപ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം 'നീക്കം' എന്ന സിനിമയുടെ ടീസറിന് വന് സ്വീകാര്യത. ഒക്ടോബര് ഒമ്പതിന് റിലീസ് ചെയ്ത ടീസര് രണ്ട് മില്യണ് കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്. ദിലീപിന്റെ കരിയറിലെ തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്ന സൂചന നല്കുന്നതാണ് പുറത്തിറങ്ങിയ ദൃശ്യങ്ങള്.
പൊലിസ് സ്റ്റേഷന്റെ പശ്ചാത്തലത്തില് ഒരുങ്ങുന്ന ചിത്രം ഇമോഷണല് ത്രില്ലര് ഡ്രാമ ജോണറിലാണ് അവതരിപ്പിച്ചിരിക്കുന്നത്. തുടക്കം മുതല് ഒടുക്കം വരെ ഉദ്വേഗത്തിന്റെ മുള്മുനയില് നിര്ത്തുന്ന നിമിഷങ്ങളായിരിക്കും ചിത്രത്തിലുള്ളതെന്നാണ് അണിയറപ്രവര്ത്തകര് നല്കുന്ന വിവരം. നടനെന്ന നിലയില് ഏറെ അഭിനയസാധ്യതകളുള്ള ഒരു കഥാപാത്രത്തെയാണ് ദിലീപ് ഇതില് അവതരിപ്പിക്കുന്നത്. ജഗന് ഷാജി കൈലാസാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ഉര്വശി തിയറ്റേഴ്സ്, പെന് സ്റ്റുഡിയോസ്, കാക്കാ സ്റ്റോറീസ് എന്നീ ബാനറുകളില് സന്ദീപ് സേനന്, ഡോ. ജയന്തിലാല് ഗഡ, അലക്സ് ഇ. കുര്യന് എന്നിവര് ചേര്ന്നാണ് ചിത്രം നിര്മിക്കുന്നത്. സംഗീത് സേനന്, നിമിത ഫ്രാന്സിസ്, രഘു സുഭാഷ് ചന്ദ്രന് എന്നിവരാണ് സഹനിര്മാതാക്കള്.
സിദ്ദിഖ്, കലാഭവന് ഷാജോണ്, ബിനു പപ്പു, ബിലാസ് ചന്ദ്രന്, സാദ്ദിഖ്, ഡ്രാക്കുള സുധീര്, കോട്ടയം രമേഷ്, ശാരി, ഷെല്ലി തുടങ്ങി വന് താരനിരയാണ് ചിത്രത്തില് അണിനിരക്കുന്നത്. തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായി 60 ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് പൂര്ത്തിയാക്കിയത്.