Image

ഷൈന്‍ ടോം ചാക്കോയുടെ 'അടിനാശം വെള്ളപ്പൊക്കം' ഒടിടിയിലേക്ക്; ട്രെയിലര്‍ പുറത്ത്

Published on 14 October, 2026
 ഷൈന്‍ ടോം ചാക്കോയുടെ 'അടിനാശം വെള്ളപ്പൊക്കം' ഒടിടിയിലേക്ക്; ട്രെയിലര്‍ പുറത്ത്

 

ഷൈന്‍ ടോം ചാക്കോയെ കേന്ദ്രകഥാപാത്രമാക്കി എ.ജെ. വര്‍ഗീസ് സംവിധാനം ചെയ്ത കോമഡി എന്റര്‍ടെയ്‌നര്‍ ചിത്രം 'അടിനാശം വെള്ളപ്പൊക്കം' ഒടിടി റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ ഒടിടി ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സിനിമയിലെ പ്രധാന മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയാണ് ട്രെയിലര്‍ തയാറാക്കിയിരിക്കുന്നത്. സൈന പ്ലേയിലൂടെ ഒക്ടോബര്‍ 16-നാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്.

'അടി കപ്യാരേ കൂട്ടമണി', 'ഉറിയടി' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എ.ജെ. വര്‍ഗീസ് സംവിധാനം ചെയ്ത ഈ ചിത്രം ഒരു ഫുള്‍ ഫണ്‍ ത്രില്ലര്‍ ജോണറിലാണ് ഒരുക്കിയിരിക്കുന്നത്. 2025 ഡിസംബര്‍ അഞ്ചിനായിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്.

സൂര്യഭാരതി ക്രിയേഷന്‍സിന്റെ ബാനറില്‍ മനോജ് കുമാര്‍ കെ.പിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ആര്‍. ജയചന്ദ്രന്‍, എസ്.ബി. മധു, താര അതിയാടത്ത് എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. സംവിധായകന്‍ എ.ജെ. വര്‍ഗീസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. വലിയൊരു ഇടവേളയ്ക്ക് ശേഷം സംഗീതസംവിധായകന്‍ സുരേഷ് പീറ്റേഴ്‌സ് മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ടിറ്റോ പി. തങ്കച്ചന്റേതാണ് വരികള്‍.

ഷൈന്‍ ടോം ചാക്കോയോടൊപ്പം ബൈജു സന്തോഷ്, ബാബു ആന്റണി, അശോകന്‍, മഞ്ജു പിള്ള, തമിഴ് നടന്‍ ജോണ്‍ വിജയ്, യൂട്യൂബര്‍ ജോണ്‍ വെട്ടിയാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കൂടാതെ വിനീത് മോഹന്‍, സജിത് അമ്പാട്ട്, അരുണ്‍ പ്രിന്‍സ്, എലിസബത്ത് ടോമി, രാജ് കിരണ്‍ തോമസ്, എം.ബി. വിജയകൃഷ്ണന്‍ തുടങ്ങിയ പുതുമുഖങ്ങളും അണിനിരക്കുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക