
കോട്ടയം: പനച്ചിക്കാട് ദക്ഷിണ മൂകാംബിക സരസ്വതി ക്ഷേത്രത്തില് കുച്ചിപ്പുടി അവതരിപ്പിച്ച് ചലച്ചിത്രതാരം ആര്ഷാ ചാന്ദിനി ബൈജു. തിങ്കളാഴ്ച ക്ഷേത്രത്തില് നടന്ന ദേശീയ നൃത്ത സംഗീതോത്സവത്തിലാണ് ആര്ഷ കുച്ചിപ്പുടി അവതരിപ്പിച്ചത്.
പുഷ്പാഞ്ജലി, തരംഗം, സ്വാതി തിരുനാള് കൃതി ശങ്കരശ്രീഗിരി, നവരസ വര്ണം അംഗയര്ക്കണ്ണി തുടങ്ങിയ ഇനങ്ങളാണ് ആര്ഷ അവതരിപ്പിച്ചത്. ആര്.എല്.വി. പ്രദീപ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു നൃത്താവതരണം.
പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ആര്ഷ തുടരും, മുകുന്ദനുണ്ണി അസോസിയേറ്റ്സ്, മധുര മനോഹര മോഹം, ബോസ് ആന്ഡ് കോ, പ്ലൂട്ടോ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായി. ജയസൂര്യ നായകനാകുന്ന മായന് ആണ് ആര്ഷയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളിലൊന്ന്.
സിനിമയും ശാസ്ത്രീയ നൃത്തവും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകാനുള്ള ആര്ഷയുടെ ശ്രമങ്ങള് കലാരംഗത്ത് പുതിയ ശ്രദ്ധ നേടുകയാണ്. അഭിനയത്തോടൊപ്പം തന്റെ നൃത്തപാരമ്പര്യത്തെയും ചേര്ത്തുപിടിച്ചുകൊണ്ട് മുന്നോട്ടുപോകാനാണ് ആര്ഷയുടെ തീരുമാനം.