Image

സംരംഭകത്വത്തിന്റെ പുതിയ ആകാശങ്ങളിലേക്ക് ഷിനു ജോസഫ്

മീട്ടു റഹ്മത്ത് കലാം Published on 14 October, 2026
സംരംഭകത്വത്തിന്റെ പുതിയ ആകാശങ്ങളിലേക്ക് ഷിനു ജോസഫ്

പതിനാറാം വയസ്സിൽ ഒരു ഡിസൈനിങ് സെന്ററിന് തുടക്കമിട്ട് സംരംഭകത്വത്തിന്റെ വഴിയിലേക്ക് കടന്ന ഷിനു ജോസഫ് ഇന്ന് റീട്ടെയിൽ വ്യാപാരം മുതൽ വ്യോമയാനം വരെ നീളുന്ന വൈവിധ്യമാർന്ന മേഖലകളിൽ സാന്നിധ്യമുറപ്പിച്ചിരിക്കുകയാണ്. സോഫ്റ്റ്‌വെയർ എൻജിനീയറായി അമേരിക്കയിലെത്തിയ അദ്ദേഹം, പുതിയ അവസരങ്ങൾ കണ്ടെത്തിയും വെല്ലുവിളികൾ ഏറ്റെടുത്തും വ്യത്യസ്ത മേഖലകളിൽ സംരംഭങ്ങൾ കെട്ടിപ്പടുത്തു. സംരംഭക മികവിനുള്ള അംഗീകാരമായി 2017-ൽ ഏഷ്യൻ അമേരിക്കൻ റിപ്പബ്ലിക്കൻ കമ്മിറ്റിയുടെ ‘എന്റർപ്രണർ ഓഫ് ദി ഇയർ’ പുരസ്കാരം നേടിയ ഷിനുവിനെ ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലിയും ആദരിച്ചു. ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ ഡോ. ടെറൻസ് മർഫിയിൽനിന്നും അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങി. സ്വകാര്യ വിമാന ചാർട്ടറിങ് മേഖലയിലേക്ക്  ചുവടുവയ്ക്കുമ്പോൾ തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഷിനുവിന്റെ സംരംഭകജീവിതം, പുതുമയോടുള്ള ആഭിമുഖ്യത്തിന്റെയും നവീന മേഖലകൾ കണ്ടെത്താനുള്ള ധൈര്യത്തിന്റെയും തെളിവാണ്…

കുമരകത്ത് ജനിച്ച് കോതമംഗലത്ത് വളർന്ന ബാല്യകാലത്തുനിന്ന് തുടങ്ങാം. ഒരു സംരംഭകനായി മാറാനുള്ള താൽപര്യം എങ്ങനെയാണ് രൂപപ്പെട്ടത്? കുടുംബാന്തരീക്ഷം അതിന് പ്രചോദനമായിരുന്നോ?

പ്രത്യേകിച്ച് അങ്ങനെ ഒരു പ്രചോദനമുണ്ടായിരുന്നുവെന്ന് പറയാനാവില്ല. സാധാരണ കുടുംബാന്തരീക്ഷമായിരുന്നു. എന്നാൽ എന്റെ മുത്തച്ഛൻ കുമരകത്ത് നിന്ന് കൊപ്ര ആലപ്പുഴയിൽ എത്തിച്ചിരുന്നതായി കേട്ടിട്ടുണ്ട്. മുത്തച്ഛന്റെ ബിസിനസ് സംസ്കാരത്തിന്റെ സ്വാധീനം എങ്ങനെയെങ്കിലും എന്നിലേക്ക് എത്തിയിട്ടുണ്ടാകാം. കുടുംബത്തിലെ മറ്റുള്ളവരൊക്കെ സ്ഥിരാവരുമാനമുള്ള ജോലിയാണ് തിരഞ്ഞെടുത്തത്. അച്ഛനും ബന്ധുക്കളുമൊക്കെ പഠിച്ച് നല്ല ജോലി നേടണമെന്ന് മാത്രമേ ഉപദേശിച്ചിട്ടുള്ളു. സംരംഭകത്വത്തെക്കുറിച്ച് വീട്ടിൽ വലിയ ചർച്ചകളുണ്ടായിരുന്നില്ല. പക്ഷേ ചെറുപ്പം മുതൽ സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന താൽപര്യം എനിക്കുണ്ടായിരുന്നു.

പതിനാറാം വയസ്സിൽ തന്നെ മൂവാറ്റുപുഴയിൽ ‘ബിൽബെർമാൻ’ എന്ന പേരിൽ ഡിസൈനിങ് ആൻഡ് സ്റ്റിച്ചിങ് സെന്റർ ആരംഭിച്ചു. ആ പ്രായത്തിൽ അങ്ങനെയൊരു സംരംഭത്തെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചതെന്താണ്?

പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് അത് തുടങ്ങിയത്. സാധാരണ തയ്യൽക്കട എന്നതിലുപരി ഒരു ഡിസൈനിങ് സെന്റർ എന്ന ആശയമാണ് ഞങ്ങൾ മുന്നോട്ടുവച്ചത്. അന്നത്തെ കാലത്ത് ഇന്നത്തെപ്പോലെയുള്ള ബുട്ടിക്കുകളും ഫാഷൻ ഡിസൈനിങ് സ്ഥാപനങ്ങളും വ്യാപകമായിരുന്നില്ല. എന്നാൽ ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ച് വ്യത്യസ്തമായ ഡിസൈനുകളും പാറ്റേണുകളും ഒരുക്കാൻ ഞങ്ങൾ ശ്രമിച്ചു.

സിനിമാതാരങ്ങൾ ധരിക്കുന്ന തരത്തിലുള്ള വ്യത്യസ്ത ഷർട്ടുകളും കോളറുകളും പോക്കറ്റുകളുമൊക്കെ രൂപകൽപ്പന ചെയ്തിരുന്നു. നാല് ജീവനക്കാരുണ്ടായിരുന്നു. അന്നത്തെ സാഹചര്യത്തിൽ വ്യത്യസ്തമായൊരു പരീക്ഷണമായിരുന്നു അത്.

എന്നാൽ പഠനത്തിനായി പിന്നീട് കോതമംഗലത്തേക്ക് മാറിയപ്പോൾ സ്ഥാപനം തുടർന്നുകൊണ്ടുപോകാൻ കഴിഞ്ഞില്ല. വീട്ടുകാർക്ക് ഞാൻ പഠിച്ച് നല്ല ജോലി നേടണമെന്നായിരുന്നു ആഗ്രഹം. അതുകൊണ്ട് ആ സംരംഭത്തിന് താൽക്കാലികമായി വിരാമമിട്ടു.

പിന്നീട് ‘നെപ്പോളിയൻ’ എന്ന പേരിൽ ഓട്ടോ ട്രാൻസ്പോർട്ടേഷൻ സംരംഭം ആരംഭിച്ചല്ലോ. ആ അനുഭവത്തെക്കുറിച്ച് പറയാമോ?

ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് ഒരു സുഹൃത്തിനൊപ്പം ഓട്ടോറിക്ഷകൾ വാങ്ങി സർവീസ് നടത്തുന്നതിനെക്കുറിച്ച് ആലോചിച്ചത്. ഒരു വാഹനം വാങ്ങി ഡ്രൈവറെ നിയമിച്ച് പ്രവർത്തിപ്പിച്ചാൽ ലാഭകരമാകുമോ എന്നായിരുന്നു ആദ്യത്തെ ചർച്ച.

അക്കാലത്ത് കേരളത്തിൽ പുതിയ ഓട്ടോറിക്ഷകൾ ലഭിക്കാൻ ഏറെ കാലതാമസമുണ്ടായിരുന്നു. ഒന്നര മുതൽ രണ്ടുവർഷം വരെ കാത്തിരിക്കേണ്ട സാഹചര്യം പോലുമുണ്ടായിരുന്നു. എന്നാൽ ബംഗളൂരുവിലും ആന്ധ്രയിലുമൊക്കെ വാഹനങ്ങൾ വേഗത്തിൽ ലഭിക്കുമായിരുന്നു. അവിടെനിന്ന് വാഹനങ്ങൾ വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്ന രീതിയിലേക്ക് ഞങ്ങൾ മാറി.

ആദ്യം ഒന്നോ രണ്ടോ വാഹനങ്ങളായിരുന്നു. പിന്നീട് വാഹനങ്ങളുടെ എണ്ണം വർധിച്ചു. കോതമംഗലം പോലൊരു ചെറിയ പട്ടണത്തിൽ ഞങ്ങളുടെ വാഹനങ്ങൾ ശ്രദ്ധേയമായ സാന്നിധ്യമായി. ഓഫീസ് ആരംഭിക്കുകയും മെക്കാനിക് ഷോപ്പ് സ്ഥാപിക്കുകയും ചെയ്തു. ഡ്രൈവർമാരുൾപ്പെടെ നിരവധി ആളുകൾക്ക് തൊഴിൽ നൽകാനും സാധിച്ചു.

ഡിഗ്രി പഠനം പൂർത്തിയാക്കിയശേഷം ഉപരിപഠനത്തിനായി കേരളത്തിന് പുറത്തേക്ക് പോകേണ്ടിവന്നതോടെയാണ് ഈ സംരംഭം അവസാനിപ്പിക്കേണ്ടിവന്നത്.

അതേ കാലയളവിൽ ഫിനാൻസ് മേഖലയിലും പ്രവർത്തിച്ചിരുന്നല്ലോ. അത്തരം സംരംഭത്തിലേക്ക് എത്തിയത് എങ്ങനെയാണ്?

ഓട്ടോറിക്ഷകൾ വാങ്ങുന്നതിനും മറ്റു ആവശ്യങ്ങൾക്കുമായി ധനസഹായം കണ്ടെത്തേണ്ടിവന്നിരുന്നു. അന്നത്തെ സാഹചര്യത്തിൽ ബാങ്കുകളിൽനിന്ന് വായ്പ ലഭിക്കുക ഇന്നത്തെപ്പോലെ എളുപ്പമായിരുന്നില്ല. അങ്ങനെയാണ് ഫിനാൻസ് മേഖലയിലെ സാധ്യതകൾ മനസ്സിലാക്കിയത്.

പിന്നീട് ഇരുപതോളം പേരെ ഉൾപ്പെടുത്തി ഒരു കൺസോർഷ്യം രൂപീകരിച്ച് ‘റിയൽ ടൈം ഫിനാൻസ്’ എന്ന സ്ഥാപനം ആരംഭിച്ചു. സ്വന്തം കെട്ടിടം വാങ്ങി ഓഫീസ് പ്രവർത്തിപ്പിക്കുകയും ഡയറക്ടറായി സേവനമനുഷ്ഠിക്കുകയും ചെയ്തു. ബിസിനസ് നടത്തുന്നതിനൊപ്പം വിവിധ മേഖലകളിലുള്ള ആളുകളുമായി ബന്ധങ്ങൾ സ്ഥാപിക്കാനും കഴിഞ്ഞു.

ഈ അനുഭവങ്ങളൊക്കെ പിന്നീട് അമേരിക്കയിൽ സംരംഭങ്ങൾ ആരംഭിക്കുമ്പോൾ വലിയ സഹായമായി. പുതിയ ആളുകളെ പരിചയപ്പെടാനും അവസരങ്ങൾ തിരിച്ചറിയാനും ബന്ധങ്ങൾ വളർത്താനും എനിക്ക് എപ്പോഴും താൽപര്യമുണ്ടായിരുന്നു.

പഠനകാലത്ത് കെ.എസ്.യു. പ്രവർത്തനങ്ങളിലും എൻ.എസ്.എസ്. വഴിയുള്ള സാമൂഹിക സേവനത്തിലും സജീവമായിരുന്നല്ലോ. ഈ അനുഭവങ്ങൾ വ്യക്തിത്വത്തെ എത്രത്തോളം സ്വാധീനിച്ചു?

കോളജ് കാലത്ത് സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. കോതമംഗലം എം.എ കോളജിൽ കെ.എസ്.യു. യൂണിറ്റ് ട്രഷററായി പ്രവർത്തിച്ചു. കോളജ് മാഗസിൻ എഡിറ്റർ, അസോസിയേഷൻ സെക്രട്ടറി തുടങ്ങിയ ചുമതലകളും വഹിച്ചു. എൻ.എസ്.എസ്. വഴി സാമൂഹിക സേവന പ്രവർത്തനങ്ങളിലും പങ്കെടുത്തു.

പഠനത്തിനൊപ്പം ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത് ആളുകളുമായി ഇടപെടാനും ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനും സഹായിച്ചു. വ്യത്യസ്ത അഭിപ്രായങ്ങളുള്ളവരുമായി സംസാരിക്കാനും കൂട്ടായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും പഠിച്ചു. പിന്നീട് ബിസിനസിലും സംഘടനാ നേതൃത്വത്തിലും ഈ അനുഭവങ്ങൾ പ്രയോജനപ്പെട്ടു.

കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദം നേടിയശേഷം അമേരിക്കയിലെത്തിയത് എങ്ങനെയാണ്? സോഫ്റ്റ്‌വെയർ എൻജിനീയറുടെ ജോലി മാത്രം ചെയ്യുന്നതിൽ ഒതുങ്ങാതിരുന്നതെന്തുകൊണ്ട്?

ബാംഗ്ലൂർ സെന്റ് ജോസഫ്സ് കോളേജിൽനിന്ന് കമ്പ്യൂട്ടർ ഡിപ്ലോമ പൂർത്തിയാക്കിയശേഷം മഹാരാഷ്ട്രയിലെ ശിവാജി സർവകലാശാലയിൽനിന്ന് മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ.) നേടി. തുടർന്ന് ബാംഗ്ലൂരിൽ സോഫ്റ്റ്‌വെയർ രംഗത്ത് പ്രവർത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് അമേരിക്കയിലേക്ക് പോകാനുള്ള അവസരം ലഭിച്ചത്. 2002-ലാണ് അമേരിക്കയിലെത്തിയത്.

സോഫ്റ്റ്‌വെയർ മേഖലയിൽ ജോലി ചെയ്യുന്നതിനൊപ്പം ബിസിനസിനുള്ള സാധ്യതകളും അന്വേഷിച്ചുകൊണ്ടിരുന്നു. അമേരിക്കയിലെ റീട്ടെയിൽ മേഖലയിലെ അവസരങ്ങൾ മനസ്സിലാക്കിയപ്പോൾ ആ രംഗത്തേക്കും കടക്കാമെന്ന് തീരുമാനിച്ചു.

ന്യൂയോർക്കിലെ ന്യൂ റോഷെലിൽ ഒരു കൺവീനിയൻസ് സ്റ്റോറിലൂടെയായിരുന്നു തുടക്കം. പിന്നീട് വിവിധ നഗരങ്ങളിലായി കൺവീനിയൻസ് സ്റ്റോറുകൾ, ലിക്വർ സ്റ്റോർ, ഫർണിച്ചർ സ്റ്റോർ തുടങ്ങി വ്യത്യസ്ത സംരംഭങ്ങളിലേക്ക് വളർന്നു. ഒരു ഘട്ടത്തിൽ പത്തോളം സ്ഥാപനങ്ങൾ സ്വന്തമായി നടത്താൻ കഴിഞ്ഞു.

അമേരിക്കയിൽ ബിസിനസ് ആരംഭിച്ചപ്പോൾ മലയാളി സമൂഹത്തിന്റെ പിന്തുണ എത്രത്തോളം ലഭിച്ചു?

അമേരിക്കയിൽ പുതുതായി എത്തുന്നവർക്ക് പല സാമ്പത്തിക പരിമിതികളുമുണ്ടാകും. വീട് വാങ്ങുമ്പോൾ ഡൗൺ പേയ്മെന്റ് നൽകണം, പിന്നീട് അറ്റകുറ്റപ്പണികൾക്കായി പണം കണ്ടെത്തണം. അതിനുശേഷം ഫർണിച്ചർ വാങ്ങാനുള്ള സാമ്പത്തിക സൗകര്യം പലർക്കും ഉണ്ടാകണമെന്നില്ല. ബാങ്കുകളിൽനിന്ന് വായ്പ ലഭിക്കുന്നതിലും ചിലർക്ക് ബുദ്ധിമുട്ടുണ്ടാകും.

ഇത്തരം സാഹചര്യങ്ങളിൽ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ആളുകളെ സഹായിക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്. പരിചയമുള്ള ചിലർക്ക് വ്യക്തിപരമായ വായ്പകൾ നൽകുകയും ചെയ്തിട്ടുണ്ട്. അവർ കൃത്യമായി തിരിച്ചടച്ച അനുഭവമാണുള്ളത്.

മലയാളികൾക്ക് മലയാളികളുമായി ആശയവിനിമയം നടത്താൻ എളുപ്പമാണ്. സ്വന്തം ഭാഷയിൽ സംസാരിക്കാനും വിശ്വാസത്തോടെ ഇടപാടുകൾ നടത്താനും കഴിയുന്നത് വലിയ കാര്യമാണ്. വീട് വാങ്ങുമ്പോൾ മലയാളി റിയൽ എസ്റ്റേറ്റ് ഏജന്റിനെ സമീപിക്കുന്നതും വായ്പയ്ക്കായി മലയാളി ബ്രോക്കറെ തേടുന്നതും ഇവിടെ സാധാരണമാണ്. അതുപോലെ മലയാളി സംരംഭങ്ങളെയും നമ്മുടെ സമൂഹം പിന്തുണയ്ക്കുന്നുണ്ട്.

പുതുതായി എത്തുന്നവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി അവരോട് വിശ്വാസത്തോടെ ഇടപെടാൻ കഴിയുന്നത് ഞങ്ങളുടെ ബിസിനസുകൾ വളരാൻ സഹായിച്ചു.

2017-ൽ ഏഷ്യൻ അമേരിക്കൻ റിപ്പബ്ലിക്കൻ കമ്മിറ്റിയുടെ ‘എൻട്രപ്രണർ ഓഫ് ദി ഇയർ’ പുരസ്കാരം ലഭിച്ചു. ആ അംഗീകാരത്തെ എങ്ങനെ കാണുന്നു?

ആ പുരസ്കാരത്തിന് എന്നെ തിരഞ്ഞെടുത്തത് അവർ നേരിട്ട് വിളിച്ച് അറിയിക്കുകയായിരുന്നു. അമേരിക്കയിലെത്തിയശേഷം കുറഞ്ഞ കാലയളവിൽ വിവിധ ബിസിനസുകൾ വളർത്തിയതും നേടിയ പുരോഗതിയും അവർ വിലയിരുത്തിയിട്ടുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ ഡോ. ടെറൻസ് മർഫിയിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങി. അതേ ചടങ്ങിൽ ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലിയുടെ പ്രശസ്തിപത്രവും ലഭിച്ചു. അംഗീകാരം സന്തോഷം നൽകിയെങ്കിലും, അതിലുപരി സമൂഹത്തിനുവേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യാനുള്ള ഉത്തരവാദിത്വമായാണ് ഞാൻ അതിനെ കാണുന്നത്.

അമേരിക്കൻ മലയാളി യുവാക്കൾക്ക് സംരംഭകരാകാനുള്ള സാധ്യതകൾ എങ്ങനെയാണ് കാണുന്നത്?
 

 അവർ കൂടുതലും സ്ഥിര വരുമാനമുള്ള ജോലികൾക്ക് മുൻഗണന നൽകുന്നുവെന്ന വിമർശനമുണ്ട്.

അമേരിക്കയിലെ മലയാളി സമൂഹം പൊതുവെ തൊഴിൽസുരക്ഷയ്ക്ക് വലിയ പ്രാധാന്യം നൽകുന്നവരാണ്. ഡോക്ടർ, എൻജിനീയർ, അഭിഭാഷകൻ, നഴ്സ്, ഫാർമസിസ്റ്റ് തുടങ്ങിയ ജോലികളിലേക്ക് മക്കളെ നയിക്കാനാണ് പല മാതാപിതാക്കളും ആഗ്രഹിക്കുന്നത്. അതിൽ തെറ്റില്ല. എന്നാൽ സംരംഭകരാകാനുള്ള സാധ്യതകൾ കുട്ടികൾക്ക് പരിചയപ്പെടുത്താത്തതാണ് പ്രശ്നം.

ഞാൻ പലപ്പോഴും പറയാറുള്ളത്, കുട്ടികളെ ജോലിക്കാരാകാൻ മാത്രം വളർത്തരുത്, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നവരാകാനുള്ള ചിന്തയും അവരിൽ വളർത്തണം എന്നാണ്. അവർക്ക് താൽപര്യമുള്ള മേഖലകൾ കണ്ടെത്താനും പുതിയ ആശയങ്ങൾ പരീക്ഷിക്കാനും സ്വാതന്ത്ര്യം നൽകണം.

നമ്മുടെ സമൂഹത്തിൽ ആമസോണിലോ ആപ്പിളിലോ ജോലി ചെയ്യുന്ന വ്യക്തിക്ക് ലഭിക്കുന്ന അംഗീകാരവും ഒരു ബിസിനസ് നടത്തുന്ന വ്യക്തിക്ക് ലഭിക്കുന്ന അംഗീകാരവും പലപ്പോഴും വ്യത്യസ്തമാണ്. ഐടി  കമ്പനിയിൽ ചെറിയ ശമ്പളത്തിൽ ജോലി ചെയ്യുന്ന മകനെക്കുറിച്ച് അഭിമാനത്തോടെ പറയുന്ന മാതാപിതാക്കൾ, സ്വന്തമായി ബേക്കറിയോ കടയോ നടത്തുന്ന മകനെക്കുറിച്ച് അതേ അഭിമാനം പ്രകടിപ്പിക്കണമെന്നില്ല. വിവാഹാലോചനകളിലും സാമൂഹിക ബന്ധങ്ങളിലും ഇത്തരം കാഴ്ചപ്പാടുകൾ സ്വാധീനം ചെലുത്താറുണ്ട്.

ഈ മനോഭാവം മാറണം. ഒരു വ്യക്തി ജോലി ചെയ്യുന്നതാണോ ജോലി നൽകുന്നതാണോ നല്ലതെന്ന് മനസ്സിലാക്കിയതാണ് അമേരിക്കയിലെ ഗുജറാത്തികളും പഞ്ചാബികളും സംരംഭക മേഖലയിൽ കൂടുതൽ തിളങ്ങാൻ കാരണം.

അമേരിക്കയിലെ മലയാളി സംഘടനകളിലും സജീവമാണല്ലോ. ഫോമായുടെ ദേശീയ ട്രഷറർ എന്ന നിലയിലുള്ള പ്രവർത്തനത്തെക്കുറിച്ച് പറയാമോ?

യോങ്കേഴ്സ് മലയാളി അസോസിയേഷനിൽ സജീവമായി പ്രവർത്തിക്കുകയും രണ്ടുവർഷം പ്രസിഡന്റായി സേവനമനുഷ്ഠിക്കുകയും ചെയ്തു. പിന്നീട് അമേരിക്കയിലെ മലയാളി സംഘടനകളുടെ ദേശീയ കൂട്ടായ്മയായ ഫോമായിലും സജീവമായി പ്രവർത്തിച്ചു. 2018–2020 കാലയളവിൽ ദേശീയ ട്രഷററായിരുന്നു.

ഫോമായുടെ പ്രവർത്തനങ്ങളിൽ സാമൂഹിക സേവനത്തിന് വലിയ പ്രാധാന്യമുണ്ട്. 2018-ലെ കേരള പ്രളയത്തിനുശേഷം ഭവനരഹിതരായ കുടുംബങ്ങൾക്ക് വീടുകൾ നിർമിച്ചുനൽകുന്നതിനായി ആരംഭിച്ച ഫോമാ വില്ലേജ് പദ്ധതിയിൽ സാമ്പത്തികവും സംഘടനാപരവുമായ ഏകോപനത്തിന് പങ്കുവഹിക്കാൻ കഴിഞ്ഞു.

ഏകദേശം മൂന്നു ലക്ഷം ഡോളർ ചെലവിൽ തിരുവല്ലയിൽ നാൽപ്പതിലധികം വീടുകൾ ഉൾപ്പെടുന്ന പദ്ധതി നടപ്പാക്കുന്നതിൽ സംഘടനയുടെ ഭാഗമായുള്ള പ്രവർത്തനം ഏറെ സംതൃപ്തി നൽകിയ അനുഭവമാണ്. ബിസിനസിലൂടെ വളരുന്നതുപോലെ തന്നെ സമൂഹത്തിന് തിരികെ നൽകുന്നതും പ്രധാനമാണ്.

വ്യോമയാന മേഖലയിലേക്കുള്ള ചുവടുവെപ്പ് താങ്കളുടെ സംരംഭകജീവിതത്തിലെ ശ്രദ്ധേയമായൊരു മാറ്റമാണ്. സ്കൈ ഫ്ലൈറ്റ് ഏവിയേഷൻ എന്ന ആശയത്തിലേക്ക് എത്തിയത് എങ്ങനെയാണ്?

2018-ൽ സ്വന്തമായി ഒരു വിമാനം വാങ്ങിയതോടെയാണ് വ്യോമയാന മേഖലയോടുള്ള താൽപര്യം കൂടുതൽ ശക്തമായത്. വിമാനവുമായി ബന്ധപ്പെട്ട പരിചയങ്ങളും ഈ മേഖലയിലെ ആളുകളുമായുള്ള ബന്ധങ്ങളും പുതിയ സാധ്യതകൾ തുറന്നു.

കോവിഡ് കാലത്ത് സ്വകാര്യ വിമാനയാത്രാ മേഖലയിലുണ്ടായ വളർച്ചയും ഞാൻ ശ്രദ്ധിച്ചു. വാണിജ്യ വിമാനങ്ങളിൽ യാത്ര ചെയ്യുന്നതിനു പകരം സ്വകാര്യ ചാർട്ടർ വിമാനങ്ങൾ തിരഞ്ഞെടുക്കുന്നവരുടെ എണ്ണം വർധിച്ചു. സമയം ലാഭിക്കാനും കൂടുതൽ സ്വകാര്യതയോടെ യാത്ര ചെയ്യാനും കഴിയുന്നതാണ് ഇതിന്റെ പ്രധാന ആകർഷണങ്ങൾ.

ഈ മേഖലയെക്കുറിച്ച് പഠിച്ചപ്പോൾ ദീർഘകാല വളർച്ചയ്ക്കുള്ള സാധ്യതകൾ കണ്ടു. അതിന്റെ അടിസ്ഥാനത്തിലാണ് ഫ്ലോറിഡ ആസ്ഥാനമായി സ്കൈ ഫ്ലൈറ്റ് ഏവിയേഷൻ ആരംഭിക്കാനുള്ള തീരുമാനമെടുത്തത്. ആവശ്യമായ പൈലറ്റുമാരെയും വ്യോമയാന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിദഗ്ധരെയും ഉൾപ്പെടുത്തി പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോയി. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ (എഫ്.എ.എ.) അംഗീകാരത്തിനായുള്ള നടപടികൾ പൂർത്തിയാക്കാൻ സമയമെടുത്തു. ആവശ്യമായ അംഗീകാരങ്ങൾ ലഭിച്ചതോടെ കമ്പനിയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ്.

സ്വകാര്യ ചാർട്ടർ വിമാനയാത്രയുടെ പ്രധാന നേട്ടങ്ങൾ എന്തൊക്കെയാണ്? സാധാരണ വിമാനയാത്രയിൽനിന്ന് ഇത് എങ്ങനെ വ്യത്യസ്തമാണ്?

സമയലാഭമാണ് പ്രധാന നേട്ടം. സാധാരണ വിമാനയാത്രയിൽ ചെക്ക്-ഇൻ, സുരക്ഷാ പരിശോധന, ബോർഡിങ് തുടങ്ങിയ നടപടികൾക്കായി സമയം ചെലവഴിക്കണം. സ്വകാര്യ ചാർട്ടർ യാത്രയിൽ യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് യാത്ര ക്രമീകരിക്കാനാകും. അനുയോജ്യമായ വിമാനത്താവളത്തിൽനിന്ന് യാത്ര ആരംഭിക്കാനും ലക്ഷ്യസ്ഥാനത്തോട് അടുത്തുള്ള വിമാനത്താവളം തിരഞ്ഞെടുക്കാനും ചില സാഹചര്യങ്ങളിൽ സാധിക്കും.

വ്യക്തിഗത സ്വകാര്യതയും യാത്രാസൗകര്യവും പ്രധാനമാണ്. ബിസിനസ് ആവശ്യങ്ങൾക്കായി വേഗത്തിൽ വിവിധ നഗരങ്ങളിലേക്ക് പോകേണ്ടവർക്കും കുടുംബത്തോടൊപ്പം സൗകര്യപ്രദമായി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഇത്തരം സേവനങ്ങൾ പ്രയോജനപ്പെടും.

ഫ്ലോറിഡയെ ആസ്ഥാനമാക്കിയത് ആലോചിച്ചെടുത്ത തീരുമാനമാണ്. അവിടെ വ്യോമയാന മേഖലയിലെ ബന്ധങ്ങളും ആവശ്യമായ സാങ്കേതിക പിന്തുണയും ലഭ്യമായിരുന്നു. വർഷം മുഴുവൻ യാത്രാ ആവശ്യങ്ങൾ നിലനിൽക്കുന്നതും കരീബിയൻ ദ്വീപുകളിലേക്കുള്ള യാത്രകൾക്ക് അനുയോജ്യമായ ഭൂമിശാസ്ത്രപരമായ സ്ഥാനവുമുണ്ട്. ഈ ഘടകങ്ങളെല്ലാം ബിസിനസിന്റെ സാധ്യതകൾ വിലയിരുത്തുമ്പോൾ പരിഗണിച്ചു.

കൊളറാഡോ കേന്ദ്രീകരിച്ച് ‘മൗണ്ടൻ എയർ ഷട്ടിൽ’ എന്ന പുതിയ സംരംഭത്തിനും തുടക്കമിടുകയാണ്. ഇതിന്റെ ലക്ഷ്യം എന്താണ്?

കൊളറാഡോയിൽ ശീതകാലത്ത് മഞ്ഞുവീഴ്ചയും ഗതാഗതക്കുരുക്കും കാരണം റോഡ് യാത്രകൾ ദീർഘിക്കുന്ന സാഹചര്യങ്ങളുണ്ട്. ഡെൻവർ വിമാനത്താവളത്തിൽനിന്ന് പ്രാദേശിക വിമാനത്താവളങ്ങളിലേക്കും സ്കീയിങ് കേന്ദ്രങ്ങളിലേക്കും വിനോദസഞ്ചാര മേഖലകളിലേക്കും വേഗത്തിൽ എത്താൻ കഴിയുന്ന യാത്രാസൗകര്യം ഒരുക്കുകയാണ് മൗണ്ടൻ എയർ ഷട്ടിലിന്റെ ലക്ഷ്യം.

ചെറിയ വിമാനങ്ങൾ ഉപയോഗിച്ച് താരതമ്യേന വേഗത്തിലും യാത്രക്കാരുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിലും സർവീസുകൾ നടത്താനാണ് ഉദ്ദേശിക്കുന്നത്. പ്രാദേശിക വിമാനത്താവളങ്ങളുമായും വ്യോമയാന മേഖലയിലെ സ്ഥാപനങ്ങളുമായും സഹകരിച്ച് പ്രവർത്തനം വികസിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ബ്യൂണ വിസ്റ്റ വിമാനത്താവളത്തിൽ ഓഫീസും ആരംഭിച്ചിട്ടുണ്ട്.

ആദ്യഘട്ടത്തിൽ പ്രാദേശിക യാത്രക്കാരുടെയും വിനോദസഞ്ചാരികളുടെയും ആവശ്യങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്. പദ്ധതി വിജയകരമായി മുന്നോട്ടുപോയാൽ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ.

സോഫ്റ്റ്‌വെയർ എൻജിനീയറിങ്, റീട്ടെയിൽ വ്യാപാരം, ഫിനാൻസ്, വ്യോമയാനം തുടങ്ങി പല മേഖലകളിൽ പ്രവർത്തിച്ചശേഷം വീണ്ടും ഐ.ടി. മേഖലയിലേക്ക് മടങ്ങാനുള്ള ആഗ്രഹവും പങ്കുവച്ചിരുന്നല്ലോ. ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട പദ്ധതികൾ എന്തൊക്കെയാണ്?

ഐ.ടി. മേഖലയോടുള്ള താൽപര്യം ഒരിക്കലും കുറഞ്ഞിട്ടില്ല. ആപ്പുകളുടെ വളർച്ചയുടെ കാലത്ത് ആ രംഗത്ത് വലിയ അവസരങ്ങളുണ്ടായിരുന്നു. എന്നാൽ ആ മാറ്റങ്ങളുടെ ഭാഗമാകാൻ എനിക്ക് കഴിഞ്ഞില്ലെന്ന തോന്നൽ ഇപ്പോഴുമുണ്ട്.

ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകത്തിന്റെ വിവിധ മേഖലകളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയാണ്. ഈ പുതിയ സാങ്കേതിക വിപ്ലവത്തിന്റെ ഭാഗമാകണമെന്നാണ് ആഗ്രഹം. ഇന്ത്യയിലും അമേരിക്കയിലും പ്രവർത്തനസാധ്യതകളുള്ള ഒരു എ.ഐ. അധിഷ്ഠിത ഐ.ടി. കമ്പനി ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. 2027-ഓടെ ഈ രംഗത്ത് ശ്രദ്ധേയമായ സാന്നിധ്യം സൃഷ്ടിക്കുകയാണ് ലക്ഷ്യം.

മുൻകാല സാങ്കേതിക പരിചയവും വിവിധ ബിസിനസ് മേഖലകളിൽനിന്ന് ലഭിച്ച അനുഭവങ്ങളും ഈ പുതിയ സംരംഭത്തിന് പ്രയോജനപ്പെടുത്താനാകും.

സംരംഭകത്വവും സംഘടനാ പ്രവർത്തനങ്ങളും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുമ്പോൾ കുടുംബത്തിനായി സമയം കണ്ടെത്താൻ കഴിയുന്നുണ്ടോ?

ബിസിനസ് തിരക്കുകൾക്കിടയിലും കുടുംബത്തിന് വലിയ പ്രാധാന്യമുണ്ട്. ന്യൂയോർക്കിലെ വെസ്റ്റ്ചെസ്റ്റർ കൗണ്ടിയിലുള്ള കോർലാൻഡ് മാനറിലാണ് ഞങ്ങൾ താമസിക്കുന്നത്. ഭാര്യ ഡോണയും മക്കളായ ഷെൽഡൻ, റൈഹാൻ, ആഷ്ടൺ എന്നിവരുമാണ് എന്റെ ലോകം.

കുടുംബത്തോടൊപ്പമുള്ള യാത്രകൾക്കും വിനോദങ്ങൾക്കും സമയം കണ്ടെത്താൻ ശ്രമിക്കാറുണ്ട്. പുതിയ സംരംഭങ്ങൾ തുടങ്ങുമ്പോൾ പല വെല്ലുവിളികളും നേരിടേണ്ടിവരും. അത്തരം ഘട്ടങ്ങളിൽ കുടുംബത്തിന്റെ പിന്തുണ വലിയ കരുത്താണ്.

വാഹനങ്ങളോടും ബോട്ടുകളോടും യാത്രകളോടും എനിക്ക് പ്രത്യേക താൽപര്യമുണ്ട്. ജോലിയുടെ തിരക്കുകളിൽനിന്ന് മാറി കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നത് പുതിയ ഊർജം നൽകുന്നു.

സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ, സംരംഭകരാകാൻ ആഗ്രഹിക്കുന്ന യുവാക്കളോട് എന്താണ് പറയാനുള്ളത്?

ഒരു ആശയം തോന്നുമ്പോൾ അതിന്റെ സാധ്യതകൾ പഠിക്കണം. വിപണിയെ മനസ്സിലാക്കണം. സാമ്പത്തിക വശങ്ങൾ വിലയിരുത്തണം. ആവശ്യമായ ബന്ധങ്ങൾ സ്ഥാപിക്കണം. അതിനുശേഷം കൃത്യമായ ആസൂത്രണത്തോടെ മുന്നോട്ടുപോകണം.

എല്ലാ സംരംഭങ്ങളും വിജയിക്കണമെന്നില്ല. സാഹചര്യങ്ങൾ മാറുമ്പോൾ ചില സംരംഭങ്ങൾ അവസാനിപ്പിക്കേണ്ടിവരും. അതുകൊണ്ട് ഒരു ശ്രമം അവസാനിക്കുന്നത് ജീവിതം അവസാനിക്കുന്നതല്ല. അതിൽനിന്ന് പഠിച്ച് പുതിയ അവസരങ്ങൾ കണ്ടെത്തുകയാണ് പ്രധാനം.

ജോലി നേടുക എന്നത് ഒരു നല്ല ലക്ഷ്യമാണ്. എന്നാൽ സ്വന്തം ആശയങ്ങളിലൂടെ മറ്റുള്ളവർക്ക് തൊഴിൽ നൽകാൻ കഴിയുന്നതും വലിയൊരു സാധ്യതയാണ്. കുട്ടികൾക്ക് സുരക്ഷിതമായൊരു ജീവിതം മാത്രം സ്വപ്നം കാണിച്ചാൽ പോരാ; അവർക്ക് പുതിയ വഴികൾ കണ്ടെത്താനും സ്വന്തം കഴിവുകൾ തിരിച്ചറിയാനും അവസരം നൽകണം.

സംരംഭകത്വം പണം സമ്പാദിക്കാനുള്ള മാർഗം മാത്രമല്ല. പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സമൂഹത്തിൽ മാറ്റങ്ങളുണ്ടാക്കാനും കഴിയുന്ന ഒരു ജീവിതവീക്ഷണം കൂടിയാണ്.

ഡിസൈനിങ് ഷോപ്പിൽ നിന്ന് വ്യോമയാന മേഖലയിലേക്കും അവിടെനിന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പുതിയ ലോകത്തിലേക്കും നീളുന്ന തന്റെ യാത്രയിലൂടെ ഷിനു ജോസഫ് മുന്നോട്ടുവയ്ക്കുന്നതും ഈ സന്ദേശമാണ്: അവസരങ്ങൾ കാത്തിരിക്കാതെ കണ്ടെത്തുക; പഠിച്ചുകൊണ്ടിരിക്കുക; പുതിയ മേഖലകളിലേക്ക് കടക്കാനുള്ള ധൈര്യം കൈവിടാതിരിക്കുക.
 

Join WhatsApp News
Sunil 2026-10-14 22:28:29
Great going, Shinu Joseph. Feel proud of you.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക