Image

ശരത്കാല അപരാഹ്നങ്ങൾ ( നമുക്ക് ചുറ്റും - 18: സുധീർ പണിക്കവീട്ടിൽ)

Published on 14 October, 2026
ശരത്കാല അപരാഹ്നങ്ങൾ  ( നമുക്ക് ചുറ്റും - 18: സുധീർ പണിക്കവീട്ടിൽ)

ഭൂമിയിൽ വിരിച്ചിട്ട പൂമ്പട്ടുകൾ ചുരുട്ടിവച്ച്  വസന്തം യാത്രയായി. പുറകെ ഗ്രീഷ്മവും പോയിമറഞ്ഞു. ശരത്കാലം വന്നു. മുറ തെറ്റാതെ പ്രകൃതിയിൽ വരുന്ന ഋതുക്കൾ!! സനാതന ധർമ്മത്തിൽ  പ്രകൃതിയും ഈശ്വരനും ഒന്നാണെന്നാണ് സങ്കല്പം.    അതിനാൽത്തന്നെ പ്രകൃതിയിൽ വരുന്ന ഓരോ മാറ്റവും ആത്മീയമായി ആഘോഷിക്കപ്പെടുന്നു. ഭാരതത്തിൽ ഈ കാലത്താണ് നവരാത്രിയും  ദീപാവലിയും വരുന്നത്.   സനാതന ധർമ്മത്തിൽ പ്രകൃതിയെ 'മാതാവായി' (പ്രകൃതി ദേവി) ആരാധിക്കുന്നു.

 നദികളിലെ വെള്ളം തെളിഞ്ഞ് നിർമ്മലമാകുന്ന ശരത്കാലത്ത് പുണ്യനദികളിലെ സ്നാനത്തിന് വലിയ ആത്മീയ പ്രാധാന്യമുണ്ട്. ശരത്കാലത്തിനു പാർവതി ദേവിയുമായുള്ള ബന്ധം ‘അപർണ്ണ’ പാർവതിയുടെ പര്യായമാണെന്നാണ്. ഇലപോലും ഭക്ഷിക്കാതെ ശിവനെ തപസ്സ് ചെയ്തവൾ എന്നർത്ഥത്തിലാണ്   ഇതുപയോഗിക്കുന്നത്. അതേസമയം ശരത്കാലത്ത്     മരങ്ങൾ ഇലപൊഴിച്ച് (അപർണ്ണ) നിൽക്കുന്നു.
ശരദ്പൂർണിമ: ശരത്കാലത്തിലെ വെളുത്തവാവ് (പൗർണമി) അതീവ പ്രാധാന്യമുള്ളതാണ്. ഈ ദിവസം ചന്ദ്രൻ തന്റെ പതിനാറു കലകളോടും കൂടി പ്രകാശിക്കുന്നു. ചന്ദ്രന്റെ വെളിച്ചം കൂടുന്നതിനും കുറയുന്നതിനും അനുസരിച്ച് മാറുന്ന 16 അവസ്ഥകളെയാണ് ചന്ദ്രകലകൾ (ഷോഡശ കലകൾ) എന്ന് വിളിക്കുന്നത്. ഒരു കറുത്ത വാവ് (അമാവാസി) മുതൽ വെളുത്ത വാവ് (പൗർണ്ണമി) വരെയുള്ള വളർച്ചാ ഘട്ടത്തിലും, പിന്നീട് കറുത്ത വാവ് വരെയുള്ള തേയ്മാന ഘട്ടത്തിലും ഈ കലകൾ ദൃശ്യമാകുന്നു. ശ്രീകൃഷ്ണൻ ഗോപികമാരുമായി 'രാസലീല' ആടിയത് ഈ രാത്രിയിലാണെന്നാണ് സനാതന ധർമ്മ വിശ്വാസം. ശരത്കാലവും സനാതന ധർമ്മവും തമ്മിൽ അതീവ സവിശേഷവും ആത്മീയവുമായ ഒരു ബന്ധമാണുള്ളത്.

ഇവിടെ അമേരിക്കയിൽ സെപ്റ്റംബർ 21 മുതൽ ഡിസംബർ 21 വരെ ശരത്കാലമാണ്. ഇക്കാലത്ത് ഇലകൾ പൊഴിയുന്നതുകൊണ്ട് അമേരിക്കക്കാർ ഫാൾ സീസൺ (fall season) (ഇതിന്റെ ഉത്ഭവം ഇംഗ്ലണ്ടിലാണെങ്കിലും) എന്ന് പറയുന്നു, ഇല പൊഴിയുന്നതിന് തൊട്ടുമുമ്പ്, പച്ചനിറം നൽകുന്ന ക്ലോറോഫിൽ ഇല്ലാതാകുകയും ഇലകൾ മഞ്ഞ, ചുവപ്പ്, ഓറഞ്ച് നിറങ്ങളിലേക്ക് മാറുകയും ചെയ്യുന്നത് കാണാൻ ഏറെ ഭംഗിയുള്ള കാഴ്ചയാണ്. 

ശരത്കാലത്ത് പൂവുകൾ വിരിയുന്നില്ല, വിരിഞ്ഞവ കൊഴിയാൻ  തുടങ്ങുന്നു. നമുക്ക് ചുറ്റും നോക്കുമ്പോൾ പൂക്കൾ വാടി വീഴാൻ പോകുന്ന അവസ്ഥയിലാണ് കാണുന്നതു . കുമാരൻ ആശാന്റെ കവിത ഓർമ്മയിൽ വരുന്നു

"കണ്ണേ, മടങ്ങുക, കരിഞ്ഞുമലിഞ്ഞുമാശു
മണ്ണാകുമീ മലരു, വിസ്മൃതമാകുമിപ്പോൾ;
എണ്ണീടുകാർക്കുമിതുതാൻ ഗതി! സാദ്ധ്യമെന്തു
കണ്ണീരിനാൽ? അവനി വാഴ്വു കിനാവു, കഷ്ടം"

ഈ കൊഴിഞ്ഞുവീഴുന്ന പൂക്കളെപോലെയാണ് മനുഷ്യരുടെ ഗതിയെന്നു കവി പറയുന്നു. ഈ ഭൂമിയിലെ മനുഷ്യജീവിതം വെറുമൊരു സ്വപ്നം മാത്രമാണ് (അവനി വാഴ്വു കിനാവു, കഷ്ടം.).
ഇവിടത്തെ പൂക്കൾ  വാടിപോയാലും ഇലകളുടെ പച്ച നിറം മാറി  മഞ്ഞ, ഓറഞ്ച്, ചുവപ്പ്, കടും ചുവപ്പ്, പർപ്പിൾ, സ്വർണ്ണ-വെങ്കലം,  തവിട്ട് തുടങ്ങിയ നിറങ്ങളിൽ മുങ്ങുന്നതുകൊണ്ട്   അത് വർണ്ണാഭമായ ഒരു വിസ്മയക്കാഴ്ചയായി മാറുന്നു.  അങ്ങനെ ശരത്കാലം  പ്രകൃതിയുടെ ഏറ്റവും ആഘോഷിക്കപ്പെടുന്ന ഒരു മാസമായി മാറുന്നു.  മനോഹരമായ ഈ  ദൃശ്യമാറ്റം,  വർണ്ണവൈവിധ്യങ്ങളുടെ കമനീയ കാഴ്ച്ച കണ്ണുകൾക്ക് നൽകുന്നു.

അപരാഹ്നങ്ങളിൽ വീടിന്റെ പുറകിൽ വെറുതെ കുറച്ച് സമയം ചെലവഴിക്കുമ്പോൾ കാണുന്നു മേലെ കൊതിപ്പിക്കുന്ന ആകാശനീലിമ. ശരത്കാല ആകാശത്തിനു തെളിഞ്ഞ നീലനിറം കിട്ടുന്നത് ശുദ്ധമായ വായുവും അന്തരീക്ഷത്തിലെ ഈർപ്പക്കുറവും മൂലമത്രെ.   ചുറ്റിലും ശാന്തവും മനോഹരവുമായ ഭാവത്തിൽ പ്രകൃതി. പ്രണയാലസ്യത്തിൽ  മയങ്ങുന്ന ഒരു കന്യകയെപ്പോലെ. പഴുത്തു വീണ ഇലകളെ തഴുകി എന്തോ മന്ത്രിച്ചുകൊണ്ട് ചുറ്റിയടിക്കുന്ന തണുത്ത കാറ്റ്. മുരടിച്ചുപോയ വേനൽകൃഷികൾ. അപരാഹ്നവും സായാഹ്നവും സന്ധ്യക്ക് എളുപ്പം വഴിമാറുന്ന  നിശ്ശബ്ദ നിമിഷങ്ങൾ.ശരത്കാലത്തിലെ നിശ്ശബ്ദത,  ഗൃഹാതുരത്വത്തിന്റെ   മധുരവും വേദനയും കലർന്ന ഒരനുഭൂതി ഉണർത്തുന്നു. 
ഏതോ ഒരു വട്ടപൊട്ടുക്കാരിയുടെ മുഖം തെളിഞ്ഞുവരുന്നു ഒപ്പം ഒരു ഗാനശകലവും" ഇന്നലെ മയങ്ങുമ്പോൾ ഒരു മണി കിനാവിന്റെ പൊന്നിൻ  ചിലമ്പൊലി കേട്ടുണർന്നു..." അപ്പോഴാണ് ഓർത്തത് ഋതുക്കൾക്ക് ഓരോ രാഗങ്ങൾ ഉണ്ടെന്നു. ആ രാഗങ്ങൾ അനുസരിച്ചാണ് സംഗീത സംവിധായകർ പാട്ടുകൾ ചിട്ടപ്പെടുത്തുന്നത്.

വാസ്തവത്തിൽ സന്ധ്യ വരുമ്പോൾ ഒരു വീർപ്പുമുട്ടൽ അനുഭവപ്പെടുന്നവരുണ്ട്. പകൽവെളിച്ചം പോയി നമുക്ക് ചുറ്റും ഇരുട്ട് നിറയുമ്പോൾ വിഷാദമോ ഉത്കണ്ഠയോ മനസ്സിനെ അലട്ടുന്നു.  മനഃശാസ്ത്രത്തിൽ ഇതിനെ sun downing അല്ലെങ്കിൽ വൈകുന്നേരങ്ങളിലെ മൂഡ് വ്യതിയാനം എന്ന് പറയാം.  എന്റെ  മനസ്സിലും ആ ഭാവം നിറയാറുണ്ട്. അപ്പോൾ രാഗം പഹാഡിയിൽ ചിട്ടപ്പെടുത്തിയ ഒരു ഹിന്ദിഗാനം സാന്ത്വനവുമായെത്തുന്നു. “കഹി ദുർ ജബ് ദിൻ “..മലയാളം പരിഭാഷ : (ആദ്യത്തെ അഞ്ചു വരികൾ) ദൂരെ  എവിടെയോ, പകൽ മറയാൻ തുടങ്ങുമ്പോൾ, ലജ്ജാവതിയായ വധുവിനെപോലെ  മുഖം മറച്ചുകൊണ്ട് ആരോ നിശ്ശബ്ദമായി കടന്നുവരുന്നു.എന്റെ  ചിന്തകളുടെ മുറ്റത്തേക്ക്, സ്വപ്നങ്ങളുടെ വിളക്കുകൾ  തെളിക്കാനായി. സംഗീതത്തിന് മനുഷ്യ മനസ്സുകളെ സ്വാധീനിക്കാൻ കഴിയുന്നു. സമയമുള്ള വായനക്കാർ കേട്ടുനോക്കുക. നിങ്ങളുടെ മനസ്സിൽ സ്വപ്നങ്ങളുടെ വിളക്ക് കൊളുത്തുവാൻ ദൂരെ നിന്നും വരുന്ന സന്ധ്യ സുന്ദരിയെ കാണാം. ജീവിതം ആഘോഷമാക്കുക.

സംഗീതവും പ്രകൃതിയും തമ്മിലുള്ള ബന്ധം ഋതുക്കളിലേക്കും വ്യാപിച്ചുകിടക്കുന്നു. ദിവസത്തിന് പലതരം ഭാവങ്ങളുണ്ട്. പ്രഭാതം സുഖകരവും ഉന്മേഷം നിറഞ്ഞതുമായി അനുഭവപ്പെടുന്നു; ഉച്ചനേരം പ്രസന്നവും  ഊർജ്ജസ്വലവുമായി തോന്നാം; എന്നാൽ സായാഹ്നങ്ങൾ കൂടുതൽ ശാന്തവും ചിന്താശീലമുണർത്തുന്നതുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു. മാറിക്കൊണ്ടിരിക്കുന്ന ഈ ഭാവങ്ങളുമായി ഇന്ത്യൻ സംഗീത പാരമ്പര്യം ചില രാഗങ്ങളെ ബന്ധിപ്പിക്കുന്നു.

ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിൽ, ശരത്കാലം അങ്ങേയറ്റം ശാന്തവും ആത്മീയമായ ഐശ്വര്യം നൽകുന്നതുമായ ഒരു കാലഘട്ടമായാണ് കണക്കാക്കപ്പെടുന്നത്. ആകാശം തെളിയുന്ന, നിലാവുള്ള ശാന്തമായ ഈ കാലയളവിന് അനുയോജ്യമായ രാഗങ്ങൾ ഉണ്ട്. വർഷത്തിലെ ആറ് പ്രധാന ഋതുക്കൾക്കായി പ്രത്യേക രാഗങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ശരത്കാലവുമായി ബന്ധപ്പെട്ട പ്രധാന രാഗങ്ങളും അവയിൽ അന്തർലീനമായ ഭാവങ്ങളും താഴെ പറയുന്നവയാണ്: 1. രാഗ മൽഹാർ (വിശേഷിച്ച് ശരത് മൽഹാർ):പ്രത്യേകത: മഴക്കാലം കഴിഞ്ഞ് വരുന്ന ശരത്കാലത്തിന്റെ തെളിഞ്ഞ ആകാശവും തണുപ്പും ഈ രാഗം സമ്മാനിക്കുന്നു.ഭാവം: പ്രകൃതിയുടെ ശാന്തതയും ആനന്ദവും. 2. രാഗ ചന്ദ്രകൗൺസ് പ്രത്യേകത: ശരത്കാലത്തിലെ സുന്ദരമായ നിലാവിനെ (Moonlight) ഓർമ്മിപ്പിക്കുന്ന രാഗമാണിത്. രാത്രിയുടെ രണ്ടാം യാമങ്ങളിൽ ഇത് ആലപിക്കുന്നു. ഭാവം: ഭക്തി, ശാന്തത, പ്രണയം. 3. രാഗ ബാഗേശ്രീ:     പ്രത്യേകത: കാമുകനായി കാത്തിരിക്കുന്ന കാമുകിയുടെ വിരഹവും പ്രണയവും നിറഞ്ഞ ശരത്കാല രാത്രികളെ ഈ രാഗം പ്രതിനിധീകരിക്കുന്നു.    ഭാവം: കരുണം, പ്രണയം, വിരഹം. 4. രാഗ -യമൻ / കല്യാണി :പ്രത്യേകത: ശരത്കാല സന്ധ്യകളിൽ കേൾക്കാൻ ഏറ്റവും മനോഹരമായ ഒരു രാഗമാണിത്. മനസ്സിന് ഏറെ പോസിറ്റീവ് ഊർജ്ജം നൽകുന്നു. ഭാവം: ശാന്തത, സമർപ്പണം.  (സമ്പാദനം : ലേഖകൻ)

ഈ രാഗങ്ങളെക്കുറിച്ച് മനസ്സിലാക്കിയപ്പോൾ "ഇന്നലെ മയങ്ങുമ്പോൾ” "എന്ന ഗാനം യമൻ/കല്യാൺ  എന്ന രാഗത്തിൽ ചിട്ടപ്പെടുത്തിയതാണെന്നു അറിയാൻ കഴിഞ്ഞു. ശരത്കാല സന്ധ്യകളിൽ കേൾക്കാൻ സുഖമുള്ള ഗാനം. മലയാളം ഗാനങ്ങളെക്കാൾ വികാരതീവ്രത ഹിന്ദി ഗാനങ്ങൾക്കാണെന്നു അനുഭവപ്പെടാം.  ഹിന്ദി സിനിമയിൽ ഈ രാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു ഗാനമാണ് " ഇഹ്‌സാൻ തേര ഹോഗാ മുജ്‌പേർ". അതിന്റെ ഏകദേശ പരിഭാഷ  : “ഞാനെന്നും നിങ്ങളോട് കടപ്പെട്ടിരിക്കും എന്റെ ഹൃദയത്തിൽ ഉള്ളത് പറയാൻ എന്നെ അനുവദിച്ചാൽ, കാരണം ഞാൻ നിങ്ങളെ പ്രണയിച്ചുപോയിരിക്കുന്നു,  നിങ്ങളുടെ കൺപീലികളുടെ തണലിൽ, സുരക്ഷയിൽ കഴിയാൻ എന്നെ അനുവദിക്കൂ. വിസ്തരഭയത്താൽ എല്ലാ രാഗങ്ങളെക്കുറിച്ച് ഇവിടെ വിവരിക്കുന്നില്ല. പ്രണയസുരഭിലമായ ഗാനങ്ങളുടെ രാഗമാധുരിയിൽ ലയിച്ചിരിക്കുക. ചന്ദ്രകൗൺസ് എന്ന രാഗത്തെപ്പറ്റി അതിൽ ചിട്ടപ്പെടുത്തിയ ഗാനത്തിലെ ചിലവരികൾ പരിഭാഷ ചെയ്തുകൊണ്ട് ഈ ലേഖനം വീണ്ടും എപ്പോഴെങ്കിലും തുടരാൻ  വേണ്ടി അവസാനിപ്പിക്കുന്നു. ഗാനത്തിന്റെ ആദ്യ വരികൾ " chhoo lene do naazuk hothon ko" നിന്റെ മൃദുലമായ അധരങ്ങളോട് ഈ പാനപാത്രം അടുപ്പിക്കു, വീഞ്ഞിന്റെ മാധുര്യം നുകരു, ഇത് ഈശ്വരന്റെ  വിശിഷ്ടമായ വരദാനമാണ്, നിന്റെ ചുണ്ടുകളോട് ഇതിനെ ചേർക്കുക. പരിഭാഷയിൽ പലപ്പോഴും കവിഭാവനയുടെ ഭംഗി കുറഞ്ഞുപോകുക സാധാരണയാണ്.  അതുകൊണ്ട് യഥാർത്ഥ ഗാനം കേൾക്കാൻ ശ്രമിക്കുക.

അമേരിക്കയിൽ ഡിസംബർ 21 വരെ ശരത്കാലമാണ്. അതുവരെ നിങ്ങളുടെ ദിവസങ്ങൾ സംഗീതസാന്ദ്രമാക്കുക. ദ്രാക്ഷാമാധുരി പോലെ രാഗമാധുരി പാനം ചെയ്ത് ജീവിതം ആഘോഷമാക്കുക.

ശുഭം
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക