Image

ബെന്നി നെച്ചൂരിന്റെ രചനകൾ ; മനുഷ്യ ജീവിതത്തോടുള്ള അഗാധമായ സ്നേഹ സമർപ്പണങ്ങൾ : നിർമ്മല

Published on 13 October, 2026
 ബെന്നി നെച്ചൂരിന്റെ രചനകൾ ; മനുഷ്യ ജീവിതത്തോടുള്ള അഗാധമായ സ്നേഹ സമർപ്പണങ്ങൾ : നിർമ്മല

ഉത്തരയമേരിക്കയിലെ മലയാളം എഴുത്തുകാരെ പുതിയത് എഴുതാൻ നിരന്തരം പ്രോത്സാഹിപ്പിക്കുന്നതിലും,  ഇവിടെയുള്ള ഓരോ എഴുത്തുകാരെയും കണ്ടുപിടിച്ച് അവരുടെ കൃതികൾ പ്രസിദ്ധീകരിക്കുന്നതിലും പ്രമോട്ട്  ചെയ്യുന്നതിലും ബെന്നി നെച്ചൂരിനോളം =Benny Nechoor = ഉത്സാഹം കാണിക്കുന്ന ഒരാളേയും ഞാൻ കണ്ടിട്ടില്ല!  2022-ൽ അമേരിക്കൻ ഭൂഖണ്ഡത്തിലെ 65 എഴുത്തുകാരുടെ ചെറുകഥകൾ തിരഞ്ഞെടുത്തു എഡിറ്റു ചെയ്തു, സ്വയം പണം മുടക്കി "അമേരിക്കൻ കഥക്കൂട്ടം"എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറ്റ്‌ എഴുത്തുകാരുടെ പുസ്തകം പണം മുടക്കി വാങ്ങാൻ മടിയില്ലാത്ത ബെന്നി വായനശാലകൾക്ക്  പുസ്തകങ്ങൾ സംഭാവനകൊടുക്കാറുണ്ട്. അതിൽ അമേരിക്കൻ എഴുത്തുകാരുടെ കൃതികൾ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കും.  അമേരിക്കയിൽ നിന്നുള്ള കൃതികൾക്ക് മലയാള സാഹിത്യത്തിൽ ഒരു സ്ഥാനം ഉണ്ടാക്കാൻ സദാ ശ്രമിച്ചുകൊണ്ടിരിക്കുന്ന ബെന്നി സ്വന്തം എഴുത്തിന് രണ്ടാം സ്ഥാനമാണ് നല്കുന്നതെന്ന ഉത്കണ്ഠ പലപ്പോഴും ഉണ്ടായിട്ടുണ്ട്.   അത് സൂചിപ്പിക്കുമ്പോഴെല്ലാം  ബെന്നി  തൻ്റെ സമയമില്ലായ്മയും,  ക്ഷമയില്ലായ്മയും കാരണം പറഞ്ഞൊഴിയും. അതുകൊണ്ടു തന്നെ ബെന്നി നെച്ചൂരിൻറെ  മൂന്ന് പുസ്തകങ്ങൾ ഒരു വർഷത്തിനുളളിൽ പുറത്തിറങ്ങിയതിൽ അതിയായ സന്തോഷമുണ്ട്!   
പുല്ലാന്തറയാറ്  ഞാൻ കേട്ടിട്ടില്ലാത്തൊരു ആറാണ്.  പുസ്തകത്തിൻറെ പേരുകേട്ടപ്പോൾ അതൊരു സങ്കല്പ നദിയോ, നാടോ ആണെന്ന് കരുതി.  ഈ പുസ്തകങ്ങൾ വായിച്ചപ്പോഴാണ് ഇടുക്കി ജില്ലയിലെ 'പുല്ലാന്തറ'യിൽ നിന്നാണ്  മുവാറ്റുപുഴയാറ്  ഉത്ഭവിക്കുന്നതെന്നും അതിൻ്റെ ശരിയായ പേര് പുല്ലാന്തറയാറ് എന്നാണെന്നും അറിഞ്ഞത്!  ഈ പുസ്തകങ്ങളുടെ ഉള്ളടക്കവും ഏതാണ്ട് അതുപോലെയാണ്.  നമുക്ക് സുപരിചിതമായ ഇടങ്ങളും, മനുഷ്യരുമാണ്  ബെന്നി നെച്ചൂരിൻറെ എഴുത്തുലോകത്തിലുള്ളത്.   അവിടെ മാജിക്കൽ റിയലിസമോ, അമാനുഷിക ശക്തികളോ,  പുറലോക ജീവികളോ ഇല്ല.   പക്ഷേ തികച്ചും പരിചിതമെന്ന് നാം കരുതുന്ന  ജീവിതങ്ങളിലെ ലോകമറിയാത്ത വിള്ളലുകളും, വിങ്ങലുകളും വായിച്ചു എൻ്റെ ലോകം എത്ര ചെറുത്, എൻ്റെ അറിവ് എത്ര കുറവെന്ന ബോധ്യം  നമ്മുടെ മുനയൊടിക്കും.  ഈ ആറ്റരികിലെ ജീവിതങ്ങളും,  കുടുംബ ബന്ധങ്ങളും മാത്രമല്ല വടക്കേ അമേരിക്കയിലെ ജീവിതത്തിൻറെയും  വർണങ്ങളും,  പിന്നോട്ടടികളും ഈ പുസ്തകളിലുണ്ട്.      
പ്രവാസി മലയാളി സംഘടനകളുടെ കൂട്ടായ്മയായ ഫൊക്കാനയുടെ (FOKANA) സാഹിത്യ വിഭാഗത്തിൽ വർഷങ്ങളായി സേവനംചെയ്ത ബെന്നി നെച്ചൂർ, ഇപ്പോൾ ഫൊക്കാനയുടെ സാഹിത്യ കമ്മറ്റി ചെയർമാനാണ്.
പുല്ലന്തറയാറ് പറഞ്ഞ കഥകൾ, അഞ്ചു കഥകളുടെ സമാഹാരമാണ്.  "മനുഷ്യ ജീവിതത്തോടുള്ള അഗാധമായ സ്നേഹ സമർപ്പണങ്ങൾ.  അരികുവൽക്കരിക്കപ്പെട്ടവരുടെ സങ്കടജീവിതങ്ങൾ.  സ്വന്തം പൈതൃകത്തോട് ആഴത്തിൽ വേരോടുന്ന കുടുംബബന്ധങ്ങളുടെ തിരിച്ചറിവുകൾ.   അമേരിക്കൻ ജീവിതത്തിൻറെ വ്യത്യസ്ത മാനങ്ങൾ.നാട്ടുമണവും വൈദേശികമണ്ണും ഇഴചേർന്ന കഥാപരിസരങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു സാമൂഹിക ചിന്തകൻറെ കൈയ്യൊപ്പുള്ള രചനകൾ"
പുല്ലന്തറയാറിലെ ചുഴികൾ: എട്ട് അനുഭവക്കുറിപ്പുകളാണ് ഇത്.  "ജീവിതത്തിൻറെ ഓർമ്മത്താളുകളിൽ നിറയുന്ന കനലെരിച്ചിലാണ് ഈ കൃതി.അമ്മയോർമ്മയുടെ നനുത്ത ചിത്രങ്ങൾ, പ്രണയത്തിൻറെ ഉള്ളുലയ്ക്കും യാതനകൾ, വേദനകൾ, നൊമ്പരങ്ങൾ.സൗഹൃദത്തിൻറെ ഊഷ്മളതകൾ. അനുഭവങ്ങളിൽ നിന്നും കടഞ്ഞെടുത്ത അക്ഷരസമൃദ്ധിയിലൂടെ അമേരിക്കൻ പ്രവാസ ജീവിതത്തിൻറെ അടരുകളോടൊപ്പം  സ്വന്തം നാടിൻറെ ഉൾപ്പുളകങ്ങളും ഉൾക്കൊണ്ട അനുഭവക്കുറിപ്പുകൾ.”     
പുല്ലാന്തറയാറിലെ രംഗ മഞ്ചങ്ങൾ:  മൂന്ന് നാടകങ്ങളുടെ സമാഹാരം."സാധാരണക്കാരായ മനുഷ്യരുടെ നിത്യസത്യങ്ങളിലേക്കുള്ള വാതായനഗർവ്വിൻറെ ങ്ങളാണീ നാടകങ്ങൾ.ജീവിതത്തിൻറെ യാഥാർത്ഥ്യങ്ങൾക്ക് നേരെ പിടിച്ച കണ്ണാടികൾ. ഗഹനമായ പ്രമേയങ്ങൾ നർമ്മരം കലർത്തി ആവിഷ്കരിച്ച ഈ നാടകങ്ങൾ വർത്തമാനകാലത്തിന്റെ  പ്രതിനിധാനങ്ങളായി മാറുന്നുണ്ട്. കരുണയിലും നന്മയിലും സർവ്വചരാചരസ്നേഹത്തിലും  അധിഷ്ഠിതമായ രചന."   
ഇതിലും  കൃത്യമായി ഈ കൃതികളെ രേഖപ്പെടുത്താൻ കഴിയില്ല. ബെന്നിക്ക് ഗാഢമായ അഭിനന്ദനങ്ങൾ, വിജയാശംസകളും!  ഇനിയും വരാനുണ്ട് ആ ഹൃദയതൂലികയിൽ നിന്നും പുതു കൃതികൾ - അത് കാത്തിരിക്കുന്നു.      
Publisher:  ഗ്രീൻ ബുക്സ്,  തൃശൂർ  Green Books

Join WhatsApp News
Manu Philip 2026-10-13 19:11:44
My hearty congratulations to Mr. Benny nechoor. I wanted to read those books. He really encouraged me to write a bunch of stories and I am about to travel to india to release the book. Thank you Mr. Benny nechoor. Manu Philip, Florida
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക