Image

ലഹരിയില്‍ പൊലിഞ്ഞ മൂന്ന് ജീവനുകള്‍: പണത്തിന്റെ ഹുങ്കില്‍ നിയമത്തെ വെല്ലുന്ന കൗമാരത്തിന്റെ കുറ്റമനസ്സ് (എ.എസ് ശ്രീകുമാര്‍)

Published on 13 October, 2026
ലഹരിയില്‍ പൊലിഞ്ഞ മൂന്ന് ജീവനുകള്‍: പണത്തിന്റെ ഹുങ്കില്‍ നിയമത്തെ വെല്ലുന്ന കൗമാരത്തിന്റെ കുറ്റമനസ്സ് (എ.എസ് ശ്രീകുമാര്‍)

മനസ്സാക്ഷിയെ നടുക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം സാധാരണയായി കേരളത്തിലെ റോഡില്‍ സംഭവാക്കാറുള്ള ഒരു വാഹനാപകടം മാത്രമല്ല. ലഹരിയും അമിതവേഗതയും പണത്തിന്റെ അഹങ്കാരവും ചേര്‍ന്ന് മനുഷ്യജീവനുകളെ എത്ര നിസ്സാരമായി കാണുന്നു എന്നതിന്റെ ഭയാനകമായ നേര്‍കാഴ്ചയാണ്. കല്‍പറ്റ സ്വദേശിനി ദേവിക, മണ്ണാര്‍ക്കാട് സ്വദേശിനി എം.പി ഗോപിക, സുള്ള്യ സ്വദേശി ഇയാസ് എന്നീ മൂന്ന് യുവജീവനുകളാണ് ഒരു ക്രിമിനല്‍ മനസിന്റെ ഭ്രാന്തമായ ലഹരിക്ക് ഇരകളായത്. അവരുടെ കുടുംബങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ഒരുമിച്ച് തകര്‍ന്നുവീണു.

ഈ വാഹനാപകട കേസിലെ ഒന്നാം പ്രതി സുഹൈല്‍ സജീവ് (19) മദ്യപിച്ചിരുന്നുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. പത്തൊന്‍പത് വയസ്സ് എന്നത് ജീവിതം പടുത്തുയര്‍ത്തേണ്ട പ്രായമാണ്. സ്വന്തം ഭാവിയെക്കുറിച്ച് സ്വപ്നം കാണേണ്ട കാലം. എന്നാല്‍, ആ പ്രായത്തില്‍ തന്നെ മറ്റുള്ളവരുടെ ജീവനുകള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കാത്ത മനോഭാവത്തിലേക്ക് ഒരാള്‍ എങ്ങനെ എത്തിച്ചേരുന്നു..? മദ്യത്തിന്റെയോ ലഹരിവസ്തുക്കളുടെയോ സ്വാധീനത്തില്‍ വാഹനമോടിക്കുമ്പോള്‍ സ്വന്തം ജീവന്‍ മാത്രമല്ല, നിരപരാധികളായ മറ്റുള്ളവരുടെ ജീവനും അപകടത്തിലാകുമെന്ന് തിരിച്ചറിയാന്‍ കഴിയാത്തത്ര അന്ധമായിത്തീരുന്ന മനസ്സിന്റെ ഉടമയാണിയാള്‍.

അത്താണി വാളേപ്പുറം ഭാഗത്ത് നടന്ന അപകടത്തിന്റെ ഭീകരത അതിന്റെ ആഘാതത്തില്‍ത്തന്നെ വ്യക്തമാണ്. പിന്നില്‍നിന്ന് ഇടിച്ചുകയറിയ മിനി കൂപ്പര്‍ സ്‌കൂട്ടറിനെ നൂറിലധികം മീറ്ററോളം വലിച്ചിഴച്ചു. ജോലിയും ജീവിതവും മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിച്ചിരുന്ന മൂന്ന് യുവതീയുവാക്കള്‍ക്ക് പിന്നില്‍നിന്ന് പാഞ്ഞെത്തിയ ആഡംബരവാഹനത്തിന്റെ ഡ്രൈവര്‍ മരദൂതനായി മാറി. അവര്‍ക്ക് സ്വയം പ്രതിരോധിക്കാനോ അപകടം തിരിച്ചറിയാനോ പോലും അവസരം ലഭിച്ചില്ല.

എന്നാല്‍, മൂന്ന് ജീവനുകള്‍ നഷ്ടപ്പെട്ടതിനു പിന്നാലെ പുറത്തുവന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രതിയുടെ പെരുമാറ്റവും പരാമര്‍ശങ്ങളും ജനങ്ങളുടെ രോഷം വര്‍ധിപ്പിച്ചു. വാഹനം തടഞ്ഞ നാട്ടുകാരോട് കാറിന്റെ സെന്‍സര്‍ തകരാറിലാകുമെന്നു പറഞ്ഞതായും, പിതാവിന്റെ പണവും സ്വാധീനവും ചൂണ്ടിക്കാട്ടി തനിക്ക് ഒന്നും സംഭവിക്കില്ലെന്ന മട്ടില്‍ പ്രതികരിച്ചതായും ആരോപണമുണ്ട്. ഈ വാക്കുകള്‍ ഒരു വ്യക്തിയുടെ അഹങ്കാരം മാത്രമല്ല; പണത്തിന്റെ ബലത്തില്‍ നിയമത്തെപ്പോലും വെല്ലുവിളിക്കാമെന്ന അപകടകരമായ ധാരണയുടെ സാമൂഹിക വിരുദ്ധമായ പ്രകടനം കൂടിയാണ്.

പ്രതിയുടെ പ്രായം മാത്രം ചൂണ്ടിക്കാട്ടി കുറ്റത്തിന്റെ ഗൗരവം കുറച്ചുകാണാനാവില്ല. പത്തൊന്‍പത് വയസ്സുകാരന്‍ എന്നത് ഉത്തരവാദിത്വങ്ങളില്‍നിന്നുള്ള സമ്പൂര്‍ണ മോചനമല്ല. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് തന്റെ പ്രവൃത്തികളുടെ പ്രത്യാഘാതങ്ങള്‍ തിരിച്ചറിയാനും മറ്റുള്ളവരുടെ സുരക്ഷയെ മാനിക്കാനും ബാധ്യതയുണ്ട്. പ്രത്യേകിച്ച്, മദ്യപിച്ചോ ലഹരിവസ്തുക്കള്‍ ഉപയോഗിച്ചോ വാഹനം ഓടിക്കുന്നത് നിരപരാധികളുടെ ജീവന്‍ അപകടത്തിലാക്കുന്ന പ്രവൃത്തിയാണെന്ന തിരിച്ചറിവ് ഇവന്റെ ലഹരിയും പണക്കൊഴുപ്പും ഇല്ലാതാക്കി.

ആഡംബര കാറും വിലകൂടിയ ജീവിതശൈലിയും ഒരാളെ സമൂഹത്തില്‍ ഉന്നതനാക്കുന്നില്ല. മറിച്ച്, സ്വന്തം സ്വാതന്ത്ര്യത്തിനൊപ്പം മറ്റുള്ളവരുടെ ജീവിക്കാനുള്ള അവകാശത്തെയും മാനിക്കുമ്പോഴാണ് ഒരാള്‍ യഥാര്‍ഥത്തില്‍ സംസ്‌കാരസമ്പന്നനാകുന്നത്. പണം ചെലവഴിച്ച് വാഹനം വാങ്ങാം; എന്നാല്‍ നഷ്ടപ്പെട്ട ഒരു മനുഷ്യജീവനെ തിരിച്ചുവാങ്ങാനാവില്ല. സ്വാധീനം ഉപയോഗിച്ച് പല പ്രതിസന്ധികളില്‍നിന്നും രക്ഷപ്പെടാമെന്ന ധാരണയുണ്ടാകാം; പക്ഷേ അതുകൊണ്ട് ഒരു കുടുംബത്തിന്റെ കണ്ണീര്‍ തുടച്ചുമാറ്റാനാവില്ല.

ഈ സംഭവത്തില്‍ സമൂഹത്തെ കൂടുതല്‍ അസ്വസ്ഥമാക്കുന്നത് പ്രതിയെ സംരക്ഷിക്കാനും അന്വേഷണം അട്ടിമറിക്കാനും ശ്രമങ്ങള്‍ നടക്കുന്നുവെന്ന മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ആരോപണങ്ങളാണ്. പ്രതിയെ കാക്കനാട്ടെ ബോര്‍സ്റ്റല്‍ സ്‌കൂളിലേക്ക് മാറ്റിയതിനെച്ചൊല്ലിയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, ഇത്തരം നടപടികളുടെ നിയമപരമായ അടിസ്ഥാനം എന്താണെന്നും അവയുടെ ആവശ്യകത എന്താണെന്നും പരിശോധിക്കേണ്ടത് ബന്ധപ്പെട്ട അധികാരികളാണ്. ബോര്‍സ്റ്റല്‍ സ്‌കൂളില്‍ പാര്‍പ്പിക്കുന്നത് സ്വതവേ ശിക്ഷയില്‍നിന്നുള്ള ഇളവാണെന്നു പറയാനാവില്ല. അതുപോലെ, ഗുരുതരമായ കുറ്റാരോപണം നേരിടുന്ന ഒരാളുടെ കാര്യത്തില്‍ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വവും ഭരണകൂടത്തിനുണ്ട്.

പ്രതിയുടെ പ്രായമോ കുടുംബത്തിന്റെ സാമ്പത്തികശേഷിയോ സാമൂഹിക സ്വാധീനമോ അന്വേഷണത്തിന്റെ സത്യസന്ധതയെ ബാധിക്കുന്നതിനെ നീതീകരിക്കാനാവില്ല. മദ്യപിച്ചിരുന്നോ, ലഹരിവസ്തുക്കള്‍ ഉപയോഗിച്ചിരുന്നോ, എത്ര വേഗത്തിലാണ് വാഹനം ഓടിച്ചിരുന്നത്, അപകടത്തിന് മുമ്പും ശേഷവും എന്താണ് സംഭവിച്ചത്, കാറിലുണ്ടായിരുന്ന മറ്റുള്ളവരുടെ പങ്കെന്താണ് ഇതെല്ലാം ശാസ്ത്രീയമായ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ കണ്ടെത്തണം. അന്വേഷണത്തിലെ വീഴ്ചകളെക്കുറിച്ച് കുടുംബങ്ങള്‍ ഉന്നയിക്കുന്ന പരാതികള്‍ക്കും വ്യക്തമായ മറുപടി ലഭിച്ചേ തീരൂ. കാരണം, നീതി നടപ്പാക്കപ്പെടുന്നതു മാത്രം പോരാ; അത് പക്ഷപാതമില്ലാതെ നടപ്പാക്കപ്പെടുന്നു എന്ന വിശ്വാസവും ജനങ്ങള്‍ക്കുണ്ടാകണം. പണവും ആഡംബരവും അധികാരസ്വാധീനവും നിയമത്തിന് അതീതരാണെന്ന ധാരണ സമൂഹത്തില്‍ വേരൂന്നാന്‍ അനുവദിച്ചുകൂടാ. സമ്പന്നന്റെ മകനും സാധാരണക്കാരന്റെ മകനും നിയമത്തിനു മുന്നില്‍ തുല്യരാണ് എന്നത് ഭരണഘടനാപരമായ തത്ത്വം മാത്രമല്ല, നീതിയുള്ള ഒരു സമൂഹത്തിന്റെ അടിസ്ഥാനവുമാണ്.

ഈ സംഭവത്തിന്റെ വെളിച്ചത്തില്‍ കൗമാരക്കാരിലും യുവാക്കളിലും വളരുന്ന ലഹരി ഉപയോഗം, അപകടകരമായ ഡ്രൈവിങ്, സാമൂഹിക ഉത്തരവാദിത്വമില്ലായ്മ, മാതാപിതാക്കളുടെ സ്വാധീനത്തെക്കുറിച്ചുള്ള അമിതമായ ധാരണ എന്നിവയെക്കുറിച്ച് ഗൗരവമായ സാമൂഹിക ചര്‍ച്ച ആവശ്യമാണ്. മക്കള്‍ക്ക് പണവും സൗകര്യങ്ങളും നല്‍കുന്നതോടൊപ്പം ഉത്തരവാദിത്വബോധവും വളര്‍ത്തേണ്ടത് കുടുംബങ്ങളുടെ കടമയാണ്. വിലകൂടിയ വാഹനം വാങ്ങിക്കൊടുക്കാന്‍ കഴിയുന്നതിനെക്കാള്‍ പ്രധാനമാണ്, ആ വാഹനം എങ്ങനെ ഉപയോഗിക്കണമെന്ന് മക്കളെ പഠിപ്പിക്കുന്നത്. നിയമം ലംഘിച്ചാല്‍ സ്വാധീനം ഉപയോഗിച്ച് രക്ഷിക്കാമെന്ന സന്ദേശം വീട്ടില്‍നിന്നു ലഭിക്കുന്നുവെങ്കില്‍, അത് ഒരുവന്റെ ഭാവിയെ മാത്രമല്ല, സമൂഹത്തിന്റെ സുരക്ഷയെയും അപകടത്തിലാക്കും.

ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ ഉറപ്പാക്കണം. അപകടകരമായ ഡ്രൈവിങ് തടയാന്‍ പരിശോധനകള്‍ ശക്തമാക്കണം. ലഹരിയുടെയും വേഗതയുടെയും പേരില്‍ നിരപരാധികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യം ആവര്‍ത്തിക്കാതിരിക്കാന്‍ പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കുടുംബങ്ങള്‍, പൊതുസമൂഹം എന്നിവര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം.

ഇതിനൊപ്പം, അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവരുടെ പങ്കിനെക്കുറിച്ചും അന്വേഷണം നടക്കണം. കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് തെളിയുന്നവര്‍ ആരായാലും നിയമത്തിനു മുന്നിലെത്തണം. പ്രതിയുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളും നിയമപ്രകാരം പൂര്‍ത്തിയാക്കണം. കേസ് അട്ടിമറിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ അന്വേഷണത്തിന്റെ ഓരോ ഘട്ടവും സുതാര്യവും ഉത്തരവാദിത്വപൂര്‍ണവുമായിരിക്കണം. റോഡുകള്‍ ആരുടെയും സ്വകാര്യ സാമ്രാജ്യമല്ല. ആഡംബര കാറിന്റെ സ്റ്റിയറിങ്ങിനു പിന്നിലിരിക്കുന്നവന് അവിടെ സഞ്ചരിക്കുന്ന മറ്റുള്ളവരുടെ ജീവന്‍ പണയപ്പെടുത്താനുള്ള അവകാശവുമില്ല. പണത്തിന്റെ ഹുങ്കില്‍ നിയമത്തെ വെല്ലുവിളിക്കുന്നവര്‍ക്ക് ഈ നാട് നല്‍കേണ്ട മറുപടി വ്യക്തമാണ്: ജീവന്റെ വില പണത്തേക്കാള്‍ വലുതാണ്; നിയമത്തിന്റെ ശക്തി അധികാരത്തേക്കാള്‍ വലുതാണ്; നീതിക്കു മുന്നില്‍ ആരും വലിയവരല്ല.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക