
ന്യൂഡൽഹി: വോട്ടർപട്ടിക പുതുക്കലിലെ എസ്.ഐ.ആർ നടപടികൾക്കെതിരെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടും പ്രതിപക്ഷ 'ഇന്ത്യ' സഖ്യം സുപ്രീം കോടതി പരിസരത്ത് നടത്തിയ പ്രതിഷേധത്തിനിടെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. തന്നെ കയ്യേറ്റം ചെയ്തതായി ഗർഭിണിയായ വനിതാ മാധ്യമപ്രവർത്തകയുടെ ആരോപണം. 'വൺഇന്ത്യ' പോർട്ടലിലെ റിപ്പോർട്ടർ റിച്ച പരാശറാണ് രാഹുലിനെതിരെ ഗുരുതര പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തെ തുടർന്ന് പരിക്കേറ്റ റിച്ചയെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ അത്തരമൊരു സംഭവം നടന്നിട്ടില്ലെന്നും രാഷ്ട്രീയ ലാഭത്തിനായി ബി.ജെ.പി. പടച്ചുവിട്ട വ്യാജപ്രചാരണമാണിതെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.
സുപ്രീം കോടതി കവാടത്തിന് സമീപം രാഹുൽ ഗാന്ധിയുടെ പ്രതികരണം തേടാൻ ശ്രമിച്ചപ്പോൾ അദ്ദേഹം കൈയിൽ പിടിച്ചുവലിക്കുകയും അംഗരക്ഷകർ തള്ളിമാറ്റിയതോടെ പടികളിലേക്ക് വീഴുകയുമായിരുന്നുവെന്നും റിച്ച ആശുപത്രിയിൽ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു. തൻ്റെ പിന്നിലുണ്ടായിരുന്ന ക്യാമറാമാനും മറ്റ് ഏതാനും പേരും മുകളിലേക്ക് വീണുവെന്നും മൂന്ന് മാസം ഗർഭിണിയായ തനിക്ക് വീഴ്ചയിൽ ഗുരുതരമായ ആഘാതമുണ്ടായെന്നും അവർ ആരോപിച്ചു. ബി.ജെ.പി നേതാക്കൾ ആശുപത്രിയിലെത്തി റിച്ചയെ സന്ദർശിച്ചതിന് പിന്നാലെ, രാഹുൽ ഗാന്ധി തെരുവ് ഗുണ്ടയെപ്പോലെയാണ് പെരുമാറിയതെന്നും വനിതാ സുരക്ഷയെക്കുറിച്ചുള്ള കോൺഗ്രസിൻ്റെ മുദ്രാവാക്യങ്ങൾ പൊള്ളയാണെന്നും ബി.ജെ.പി. വക്താവ് പ്രദീപ് ഭണ്ഡാരി കുറ്റപ്പെടുത്തി.
അതേസമയം, പുറത്തുവന്ന ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതൃത്വം ആരോപണങ്ങളെ ശക്തമായി പ്രതിരോധിച്ചു. മാധ്യമപ്രവർത്തകർക്കിടയിൽ ഉണ്ടായ സ്വാഭാവികമായ തിക്കും തിരക്കും മാത്രമാണ് നടന്നതെന്നും രാഹുൽ ഗാന്ധി മനഃപൂർവം ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും നേതാക്കൾ വ്യക്തമാക്കി. ഉച്ചകഴിഞ്ഞ് നടന്ന സംഭവത്തിന് ശേഷം രാത്രിയോടെ മാത്രം ആശുപത്രിയിൽ പ്രവേശിച്ചതും ബി.ജെ.പി. നേതാക്കളുടെ ഓഫീസിലെ സന്ദർശനവും തിരക്കഥയുടെ ഭാഗമാണെന്ന് കോൺഗ്രസ് നേതാവ് അൽക്ക ലാംബ ആരോപിച്ചു. ഗർഭാവസ്ഥയിലുള്ള വ്യക്തിയെ വെച്ച് ബി.ജെ.പി. തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്നും സംഭവത്തിൽ യാതൊരു വാസ്തവവുമില്ലെന്നും കോൺഗ്രസ് കൂട്ടിച്ചേർത്തു.