Image

നെടുമ്പാശേരി വാഹനാപകടം; പ്രതി സുഹൈലിന്റെ പേരോ 'മദ്യം' എന്ന വാക്കോ ഇല്ലാതെ FIR, ദുരൂഹതയെന്ന് വിമര്‍ശനം

Published on 13 October, 2026
നെടുമ്പാശേരി വാഹനാപകടം; പ്രതി സുഹൈലിന്റെ പേരോ 'മദ്യം' എന്ന വാക്കോ ഇല്ലാതെ FIR, ദുരൂഹതയെന്ന് വിമര്‍ശനം

കൊച്ചി: നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ ദുരൂഹത. ആരാണ് വാഹനം ഇടിപ്പിച്ചതെന്ന് വ്യക്തമാക്കുന്ന പേര് എഫ്ഐറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എഫ്ഐആറില്‍ എവിടെയും മദ്യം എന്നൊരു വാക്ക് പോലും ഇല്ല. പ്രതി സുഹൈലിന്റെ പേര് എഫ്ഐആറില്‍ ചേര്‍ത്തിട്ടില്ലെന്ന് മാത്രമല്ല ആളെ തിരിച്ചറിഞ്ഞിട്ടില്ല എന്ന് സൂചിപ്പിക്കുന്ന അണ്‍നോണ്‍ എന്ന വാക്കാണ് പ്രതിയുടെ കോളത്തില്‍ ചേര്‍ത്തിരിക്കുന്നത്.

കാറിന്റെ നമ്പര്‍ മാത്രമാണ് എഫ്ഐആറില്‍ ഉള്ളത്. 'പ്രതിയുടെ പ്രവര്‍ത്തി മൂലം' എന്ന് തുടങ്ങുന്ന എഫ്ഐആറില്‍ പ്രതി മദ്യപിച്ച് വാഹനം ഓടിച്ചതാണ് പ്രവര്‍ത്തി എന്ന് രേഖപ്പെടുത്തിയിട്ടില്ല. മദ്യപാനം സംശയിക്കുന്നതായി പോലും ഒരു വാക്കും എഫ്ഐആറില്‍ ഇല്ല. പ്രതി മൂന്ന് ബാറുകളില്‍ കയറി കുടിച്ചിരുന്നു എന്നായിരുന്നു കണ്ടെത്തല്‍. ഇയാളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയതിന് ശേഷം അഡള്‍ട്ട് ജയിലിലേക്ക് അയക്കാതെ ബോര്‍സ്റ്റല്‍ ഹോമിലേക്ക് അയച്ചതും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. 21 വയസുവരെ ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്ന പ്രതികള ബോര്‍സ്റ്റല്‍ ഹോമില്‍ അയക്കാമെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

വളരെ വൈകാരികമായായിരുന്നു ഗോപികയുടെ മാതാപിതാക്കളുടെ പ്രതികരണം. കരുതിക്കൂട്ടി കൊലപ്പെടുത്തണം എന്നതിന് സമാനമായി നടന്ന ഒരു പ്രവൃത്തിയില്‍ പൊലീസ് പ്രതിക്ക് സംരക്ഷണം ഒരുക്കുന്നു എന്നാണ് ഇവര്‍ ആരോപിക്കുന്നത്. ഗോപികയുടെ റീ പോസ്റ്റ്മോര്‍ട്ടം നടത്തി രക്ത സാമ്പിളുകള്‍ ശേഖരിച്ചതിലും കുടുംബം ദുരൂഹത സംശയിക്കുന്നുണ്ട്. മുകളില്‍ നിന്ന് സമ്മര്‍ദ്ദമുള്ളതുകൊണ്ടാണ് റീ പോസ്റ്റ്മോര്‍ട്ടം എന്നാണ് പൊലീസ് അറിയച്ചതെന്നും ഇവര്‍ പറയുന്നു. ആരാണ് സുഹൈലിനെ സംരക്ഷിക്കുന്നതെന്നാണ് ഗോപികയുടെ കുടുംബം ചോദിക്കുന്നത്. തങ്ങള്‍ നിയമ പോരാട്ടം തുടരുമെന്നും കുടുംബം പറഞ്ഞു. കൂടാതെ ആലപ്പുഴയിലെ മന്ത്രിമാര്‍ സുഹൈലിന് വേണ്ടി ഇടപെട്ടിട്ടുണ്ടോ എന്ന ഗുരുതര ആരോപണവും കുടുംബം ഉന്നയിക്കുന്നുണ്ട്. മകളുടെ വിയോഗത്തിന്റെ സങ്കടത്തില്‍ നില്‍ക്കുന്ന തങ്ങളെ ആധിക്ഷേപിക്കുന്ന നിലയിലാണ് ചില രാഷ്ട്രീയ നേതാക്കള്‍ പ്രതികരിക്കുന്നതെന്നും ഇവര്‍ പറയുന്നു.

മകൾ നഷ്ടപ്പെട്ടതിന്റെ ആഘാതത്തിനിടയിലും കുടുംബത്തെ സമൂഹമാധ്യമങ്ങളിലൂടെ ബോധപൂർവം താറടിക്കാൻ ചില രാഷ്ട്രീയ നേതാക്കളുടെ നേതൃത്വത്തിൽ വ്യാജപ്രചാരണങ്ങൾ നടക്കുകയാണെന്നും ഗോപികയുടെ അച്ഛൻ പറഞ്ഞു. കെ.എം.എം കോളജിലെ വൈസ് ചെയർപേഴ്സണും എൻ.എസ്.എസ് വളണ്ടിയറുമായി നാടിന് മാതൃകയായി ജീവിച്ച പെൺകുട്ടിയെയും സാധാരണക്കാരായ തങ്ങളുടെ കുടുംബത്തെയും അപമാനിക്കുന്നത് നീതി തടസ്സപ്പെടുത്താനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഓട്ടോറിക്ഷ ഓടിച്ചും റബർ കടയിൽ പണിയെടുത്തുമാണ് മകളെ പഠിപ്പിച്ചതെന്നും കോടീശ്വരന്മാരായ പ്രതികൾക്കെതിരെ പൊരുതി നീതി നേടാൻ കഴിയുമോ എന്ന ഭയമുണ്ടെന്നും ഗോപികയുടെ അമ്മ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.

അതേസമയം സംഭവം നടന്ന സമയം മരിച്ചവരുടെ സുഹൃത്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നുമാണ് പൊലീസ് പറയുന്നത്. ഇതില്‍ പറഞ്ഞ കാര്യങ്ങളാണ് എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. സുഹൈല്‍ ഓടിച്ച വാഹനമാണ് ഇടിച്ചതെന്ന് ഈ സുഹൃത്തിന് അറിയില്ലായിരുന്നു. അതിനാലാണ് എഫ്ഐആര്‍ അത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ടി വന്നതെന്നാണ് പൊലീസ് വാദം. പ്രതി മദ്യ ലഹരിയിലായിരുന്നെന്നും സുഹൃത്ത് പറഞ്ഞിരുന്നില്ല. പിന്നാലെ പ്രതിയുടെ രക്ത സാമ്പിള്‍ പരിശോധിച്ച് ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് റിമാന്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും പൊലീസ് പറയുന്നു. കൂടാതെ സുഹൈലിനെ ബോര്‍സ്റ്റല്‍ ഹോമിലേക്ക് മാറ്റാനുള്ള തീരുമാനം മജിസ്ട്രേറ്റിന്റേതാണെന്നും പൊലീസ് വ്യക്തമാക്കുന്നുണ്ട്.

ഇതിനിടെ നെടുമ്പാശ്ശേരി അപകടം ദാരുണമായ സംഭവമാണെന്ന് മന്ത്രി എം ലിജു നിയമസഭയില്‍ പറഞ്ഞു. 23 വയസ്സിന് താഴെയുള്ള ആള്‍ക്ക് മദ്യം നല്‍കിയതിന് മൂന്ന് ബാറുകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. വിട്ടുവീഴ്ച ഇല്ലാത്ത നടപടി സര്‍ക്കാരില്‍ നിന്നുണ്ടാകും. ലഹരി ഉപയോഗിക്കുന്ന ആളുകളാണ് നിരവധി അപകടങ്ങള്‍ ഉണ്ടാക്കുന്നത്. 23 വയസ്സില്‍ താഴെയുള്ളവര്‍ക്ക് മദ്യം നല്‍കിയാല്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

നെടുമ്പാശ്ശേരിയില്‍ അമിത വേഗതയിലെത്തിയ മിനി കൂപ്പര്‍ വാഹനമിടിച്ച് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ജീവന്‍ നഷ്ടമായ സംഭവത്തില്‍ പ്രതികരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രതിക്ക് കൊടുക്കാവുന്നതില്‍ ഏറ്റവും വലിയ ശിക്ഷ തന്നെ വാങ്ങിക്കൊടുക്കുമെന്ന് ചെന്നിത്തല പറഞ്ഞു. കേരളത്തെ ഞെട്ടിച്ച, വേദനാജനകമായ സംഭവമാണ് നെടുമ്പാശ്ശേരിയില്‍ ഉണ്ടായത്. ഓപ്പറേഷന്‍ തൂഫാന്റെ പ്രസക്തിയാണ് ഇവിടെ വ്യക്തമാകുന്നതെന്നും ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു.

'കുടംബത്തിന് സംശയമുണ്ടാകുന്നത് സ്വാഭാവികമാണ്. പ്രതിയെ രക്ഷിക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ല. നിയമം അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷ തന്നെ വാങ്ങിക്കൊടുക്കും. അതില്‍ ഒരു സംശയവും വേണ്ട. പ്രതിയെ ബോര്‍സ്റ്റല്‍ ഹോമിലേക്ക് അയച്ചത് പൊലീസല്ല, കോടതിയാണ്. നിയമം അനുസരിച്ചാണ് പ്രതിയെ ബോര്‍സ്റ്റല്‍ ഹോമിലേക്ക് അയച്ചത്. ഇതിന് അര്‍ത്ഥം പ്രതി രക്ഷപ്പെടുമെന്നല്ല. ശക്തമായ നടപടി തന്നെ പ്രതിക്കെതിരെ ഉണ്ടാകും', ചെന്നിത്തല വ്യക്തമാക്കി.

: നെടുമ്പാശ്ശേരിയിൽ മദ്യപിച്ച് അമിതവേഗത്തിൽ കാറോടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ കേസിലെ പ്രതി സുഹൈൽ സജീവിനെ കാക്കനാട്ടെ ബോർസ്റ്റൽ സ്കൂളിലേക്ക് മാറ്റിയത് സമൂഹമാധ്യമങ്ങളിൽ തെറ്റായ ചർച്ചകൾക്ക് വഴിവെച്ച പശ്ചാത്തലത്തിൽ വിശദീകരണവുമായി ജയിൽ വകുപ്പ്. സുഹൈലിനെ പാർപ്പിച്ചത് പ്രായപൂർത്തിയാകാത്ത കുട്ടികൾക്കായുള്ള ജുവനൈൽ ഹോമിലാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ വസ്തുതാവിരുദ്ധമാണ്. നിയമപരമായി 18-നും 21-നും ഇടയിൽ പ്രായമുള്ള പ്രതികളെ പാർപ്പിക്കുന്ന പ്രത്യേക തടവുകേന്ദ്രമാണ് ബോർസ്റ്റൽ സ്കൂൾ. ആറിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ളവരെ ദുർഗുണ പരിഹാര പാഠശാലയായ ജുവനൈൽ ജസ്റ്റിസ് ഹോമിലേക്കും, 18 മുതൽ 21 വയസ്സുവരെയുള്ള യുവ കുറ്റവാളികളെ ബോർസ്റ്റൽ സ്കൂളിലേക്കുമാണ് മാറ്റേണ്ടത്.

​സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ഹോസ്റ്റൽ മാതൃകയിലുള്ള സംരക്ഷണ കേന്ദ്രമാണ് ജുവനൈൽ ഹോമെങ്കിൽ, ബോർസ്റ്റൽ സ്കൂൾ ജയിൽ വകുപ്പിന്റെ പൂർണ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. ജയിൽ സൂപ്രണ്ടും ജയിൽ ഉദ്യോഗസ്ഥരുമാണ് ഇവിടത്തെ കാര്യങ്ങൾ നിയന്ത്രിക്കുന്നത് എന്നതിനാൽ ജയിൽ നിയമങ്ങളെല്ലാം ഇവിടെയും ബാധകമാണ്. 1995-ൽ കണ്ണൂരിൽ നിന്ന് കാക്കനാട് ജില്ലാ ജയിലിനോട് ചേർന്നുള്ള പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതാണ് സംസ്ഥാനത്തെ ഏക ബോർസ്റ്റൽ സ്കൂൾ. രാജ്യത്തെ പല സംസ്ഥാനങ്ങളും ഇത്തരം കേന്ദ്രങ്ങൾ അടച്ചുപൂട്ടിയപ്പോഴും, തടവുകാരെ ശിക്ഷിക്കുന്നതിനേക്കാൾ അവരെ നേർവഴിക്ക് നയിച്ച് സമൂഹത്തിലേക്ക് തിരിച്ചെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളത്തിൽ ഈ സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് സൂപ്രണ്ട് അജു ആർ. വി. വ്യക്തമാക്കി.

​കൊടുംകുറ്റവാളികളുടെ സാന്നിധ്യമോ ഭയാനകമായ തടവറ അന്തരീക്ഷമോ ഇല്ലാത്ത ഒരു റസിഡൻഷ്യൽ ക്യാംപസിന് സമാനമായ രീതിയിലാണ് ഇവിടം സജ്ജീകരിച്ചിരിക്കുന്നത്. വ്യായാമം, കൃഷി, കായിക വിനോദങ്ങൾ, ക്ലാസുകൾ എന്നിവയോടൊപ്പം സാംസ്കാരിക വകുപ്പിന്റെയും തൃക്കാക്കര നഗരസഭയുടെയും സഹകരണത്തോടെ നാടൻപാട്ട്, നാടകം തുടങ്ങിയ സർഗാത്മക പരിശീലനങ്ങളും അന്തേവാസികൾക്ക് നൽകിവരുന്നു. 66 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഇവിടെ നിലവിൽ എൺപതോളം പേരുണ്ട്. ഇതിൽ 30 മുതൽ 40 ശതമാനം വരെ പേർ പോക്സോ കേസുകളിലും 20 ശതമാനത്തോളം പേർ ലഹരിമരുന്ന് കേസുകളിലുൾപ്പെട്ട ഇതരസംസ്ഥാന തൊഴിലാളികളുമാണ്. നിലവിൽ രണ്ട് അധ്യാപകരും ഒരു നെയ്ത്ത് പരിശീലകനുമാണ് ഇവരുടെ തിരുത്തൽ പ്രക്രിയകൾക്ക് നേതൃത്വം നൽകുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക