Image

യാനം സീതായനം (നോവൽ) സിനി പണിക്കർ (പുസ്തക പരിചയം - 43 തയ്യാറാക്കിയത് - ബാജി ഓടംവേലി, ഡാലസ്

Published on 13 October, 2026
യാനം സീതായനം (നോവൽ) സിനി പണിക്കർ (പുസ്തക പരിചയം - 43 തയ്യാറാക്കിയത് - ബാജി ഓടംവേലി, ഡാലസ്

അമേരിക്കൻ മലയാളി എഴുത്തുകാരി സിനി പണിക്കരുടെ 'യാനം സീതായനം' എന്ന ഈ നോവലിൽ സ്ത്രീത്വം തുളുമ്പി നിൽക്കുന്ന സീത എന്ന ആദർശനായികയാണുള്ളത്. രാമായണം, രാമന്റെ അയനമല്ല, മറിച്ച് സീതയുടെ അയനമായ സീതായനം തന്നെയാണെന്ന്, നല്ല ഒഴുക്കുള്ള ഭാഷയിലെഴുതിയ ഈ പുസ്തകത്തിൻ്റെ വായന നമ്മെ ബോധ്യപ്പെടുത്തും.

വാല്മീകി മഹർഷിക്കു പ്രണാമം അർപ്പിച്ച് തുടങ്ങിയ എഴുത്തിൻ്റെ ഓരോ ഘട്ടത്തിലും മനസ്സുകൊണ്ട് മഹർഷിയെ നമസ്കരിക്കുന്നുണ്ടായിരുന്നു. കാരണം വാല്മീകി നൽകിയ സ്നേഹമാണ് സീതയുടെ പ്രാണനും കരുത്തും.

ഭാരതീയരുടെ ഇതിഹാസങ്ങളാണ് മഹാഭാരതവും രാമായണവും. നേരിട്ട് വായിച്ചിട്ടില്ലെങ്കിലും എല്ലാ ഭാരതീയർക്കും ഇതിലെ കഥകളും കഥാപാത്രങ്ങളും സുപരിചിതമാണ്. ഇതിനെ അധികരിച്ച് അനേകം സാഹിത്യ സൃഷ്ടികൾ തുടർന്നും ഉണ്ടായിട്ടുണ്ട്. മലയാളത്തിലെ രണ്ട് പ്രമുഖ നോവലുകളായ എം. ടി. വാസുദേവൻനായരുടെ 'രണ്ടാമൂഴം', പി. കെ. ബാലകൃഷ്ണൻ്റെ 'ഇനി ഞാൻ ഉറങ്ങട്ടെ' എന്നീ കൃതികൾ മഹാഭാരതത്തെ ഉപജീവിച്ചുള്ള നോവലുകളാണ്. അതിൽ നിന്നും വിഭിന്നമായി സിനി പണിക്കർ രാമായണത്തെ അധികരിച്ചുകൊണ്ടാണ് ഈ ഇതിഹാസ നോവൽ രചിച്ചിരിക്കുന്നത്.

രാമായണം രാമൻ്റെ കഥയാണ്. മാതൃക എന്ന് ലോകത്തിന് ചൂണ്ടിക്കാണിക്കാൻ പറ്റുന്ന സർവ്വഗുണ സമ്പന്നനായ ഒരു നായകനെ അവതരിപ്പിക്കാനാണ് വാല്മീകി 'രാമായണകാവ്യം' രചിച്ചത്. എങ്കിലും മാനുഷികമായ പല ന്യൂനതകളുമായി വാല്മീകി അവതരിപ്പിച്ച രാമൻ, പിന്നീട് മര്യാദാപുരുഷനായും, തുടർന്ന് രാഷ്ട്രീയവല്ക്കരിക്കപ്പെട്ട് ഒരു പ്രത്യേക സമൂഹത്തിന്റെ മുദ്രാവാക്യമായും മാറിയ കാലത്താണ് രാമായണത്തിന്റെ ഒരു പുനർവായന സാദ്ധ്യമാക്കിക്കൊണ്ട് സിനി പണിക്കരുടെ 'യാനം സീതായനം' എന്ന പുസ്തകം വായനക്കാരുടെ കൈകളിലെത്തിയത്.  

ഈ നോവൽ 'എന്നിലെ ഞാൻ', 'ഓ... അയോദ്ധ്യാ!', 'അപഹരിക്കപ്പെട്ടവൾ', 'വാല്മീകത്തിൽ നിന്നും' എന്നീ നാലു കാണ്ഡങ്ങളിലായി മുപ്പത്തിയെട്ട് അദ്ധ്യായങ്ങളായി വ്യാപിച്ചു കിടക്കുന്നു. ഈ നോവലിൻ്റെ രൂപഘടന തികച്ചു ലീനിയർ അല്ല. ഒരു പ്രത്യേക സന്ദർഭത്തിൽ കഥ തുടങ്ങുകയും പിന്നെ എങ്ങനെ ആ സംഭവം എങ്ങനെ ഉണ്ടായി എന്ന് ചാക്രികമായ ഒരു സംവിധാനത്തിലൂടെ വിവരിക്കുന്ന രീതിയാണ് എഴുത്തുകാരി സ്വീകരിച്ചിരിക്കുന്നത്.

പ്രധാനമായും സീതയുടെ മനോവ്യാപാരങ്ങളാണ് നോവലിൻ്റെ പ്രമേയം. ഒരു സർഗ്ഗാത്മക സാഹിത്യം എന്നത് ആന്തരിക ജീവിതത്തിൻ്റെ ആവിഷ്കാരം തന്നെയാണ്. നോവൽ സംഭവങ്ങളുടെ വിവരണമാണെങ്കിലും ആ സംഭവങ്ങൾ മനുഷ്യ മനസ്സിൽ ഉണ്ടാക്കുന്ന പ്രതികരണങ്ങളാണ് പ്രധാനം. ഈ നോവൽ മുഖ്യമായും ആന്തരിക ജീവിതത്തിൻ്റെ ചിത്രീകരണമാണ്, ആ അർത്ഥത്തിൽ വിശിഷ്ടനോവൽ സാഹിത്യത്തോട് നീതി പുലർത്തിയിരിക്കുന്നതായി അവതാരികയിൽ പ്രൊഫ. എം. കെ. സാനു സാക്ഷ്യപ്പെടുത്തുന്നു.

സീതയെ കേന്ദ്ര കഥാപാത്രമാക്കി എഴുത്തുകാരിയുടെ ആദ്യ നോവൽ ഇംഗ്ളീഷിൽ 'Sita: Now You Know Me' എന്ന പേരിൽ ഡൽഹിയിൽ നിന്നും രൂപ പബ്ളിക്കേഷൻസ് 2021 ൽ പ്രസിദ്ധീകരിച്ചു. ഇത് യോഗ ഇഷ്ട്പ്പെടുന്ന ഇന്ത്യൻ ഭക്ഷണം ആസ്വദിക്കുന്ന അമേരിക്കൻ കൂട്ടുകാരികളെ മനസ്സിൽ കണ്ട് അവർക്ക് അമേരിക്കൻ ഗ്രീക്ക് മിത്തോളജിയുടെ കൂടെ ഭാരതീയം കൂടി പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തിൽ എഴുതിയതാണെങ്കിലും ആ പുസ്തകം ഇന്ത്യൻ വായനക്കാരും താത്പര്യപൂർവ്വം സ്വീകരിച്ചപ്പോഴാണ് സീതയെ മലയാളത്തിലേക്കും എഴുതുവാനുള്ള പ്രചോദനം ഉണ്ടായത്.

എന്തുകൊണ്ട് സീത എന്ന ചോദ്യത്തിന് ഒരു ഉത്തരം മാത്രമേ ഉള്ളൂ. സീത ഞങ്ങളിൽ ജീവിക്കുന്നു എന്ന് എഴുത്തുകാരി പറയുന്നു. "എന്നിലും എൻ്റെ കൂടെ ഇപ്പോൾ ഭൂമിയിലുള്ള 3.8 മില്യൺ സ്ത്രീകളിലും, എനിക്കു മുൻപേ വന്ന പെൺജന്മങ്ങളിലും ഇനിയും വരാനിരിക്കുന്നവരിലും സീതയുണ്ട്, സീതയുണ്ടാവും." ആ സീതയെ തിരഞ്ഞു പിടിക്കുകയും വെളിച്ചത്തിലേക്ക് മാറ്റി നിർത്തുകയും ചെയ്തിരിക്കുകയാണ് ഈ നോവലിലൂടെ. ഒരു നിഴലിന്, വെളിച്ചത്തിൽ ചിരിച്ചും കരഞ്ഞും നിൽക്കാൻ ഇത്തിരി നേരം നൽകിയിരിക്കുകയാണ്.

രാമായണങ്ങളിൽ, ലിൻഡ ഈസിനെയും കുമുദ റെഡിയും വിവർത്തനം ചെയ്ത വാല്മീകി രാമായണം മുതൽ ദാമോദര മേനോൻ്റെ സമ്പൂർണ്ണ രാമായണവും രാജഗോപാലാചാരിയുടെ രാമായണവും കമ്പരാമായണത്തിനെ അടിസ്ഥാനമാക്കിയുള്ള ആർ. കെ. നാരായണൻ്റെ രാമായണവും ഈ പുസ്തകത്തിൻ്റെ രചനയിൽ ബലമേകി. 1919 ൽ എഴുതപ്പെട്ട, പ്രിയകവി കുമാരനാശാൻ്റെ ഏറെ പ്രസിദ്ധമായ  'ചിന്താവിഷ്ടയായ സീത' യുടെ നൂറുവർഷം പിന്നിടുമ്പോഴും ആ മഹാകവിയേയും സീതയേയും അമേരിക്കൻ മണ്ണിലിരുന്ന് എഴുത്തുകാരി നന്ദിയോട് സ്മരിക്കുന്നു.

ഇന്നുവരെ വായിച്ച എത്രയോ പുസ്തകങ്ങൾ, കഥകൾ, കവിതകൾ, ലേഖനങ്ങൾ എല്ലാം തന്നെ ഈ നോവലിന് പ്രചോദനമായെന്ന് സാക്ഷ്യപ്പെടുത്തുന്നു. പ്രത്യേകാൽ ഗുരു നിത്യചൈതന്യയതിയുടെ 'സീത നൂറ്റാണ്ടുകളിലൂടെ' എന്ന പുസ്തകവും ദേവദത്ത് പട്നായിക്കിൻ്റെ 'സീത' യേയും പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്നു. എല്ലാവർക്കും അറിയാവുന്ന ഒരു ഇതിഹാസത്തിൽ നിന്നും ഒരു പുതിയ നോവൽ രചിക്കുമ്പോൾ വളരെ സൂക്ഷ്മത ആവശ്യമാണെന്നറിഞ്ഞ് ഈ പുസ്തക രചനയ്‌ക്കു പിന്നിലുള്ള നിരന്തരമായ പഠനത്തെ  അഭിനന്ദിക്കുന്നു. 
'മീ റ്റൂ' പ്രസ്ഥാനം ഉണ്ടാക്കിയ അനുരണനങ്ങളാണ് എഴുത്തുകാരിയെക്കൊണ്ട്  ഇത്തരമൊരു കൃതി നാടിന് സമ്മാനിക്കാൻ ഇടയാക്കിയത്. സ്ത്രീ അപവാദത്തിനോ പീഡനത്തിനോ ഇരയാകേണ്ട ഒരാളല്ല, അവൾക്കും പുരുഷനേപ്പോലെ തന്നെ വ്യക്തിത്വമുണ്ട് എന്നതാണ് 'മീ റ്റൂ' പ്രസ്ഥാനത്തിൻ്റെ ആദർശം. ദൈവികത്വമുള്ള ഒരു കഥാപാത്രത്തിന് ഒരിക്കലും ചേരാത്ത പ്രവർത്തികൾ മൂലം, സീതയെന്ന കഥാപാത്രം അനുഭവിക്കുന്ന കഷ്ടതകൾ, വളരെ വികാരപരമായിത്തന്നെ ഈ നോവൽ പ്രതിപാദിക്കുന്നുണ്ട്. എന്തായാലും, സീത പറയുന്ന രാമായണകഥ, അല്ല സീതായനകഥ  വായിക്കാൻ, 'യാനം സീതായനം' നിങ്ങളെ ക്ഷണിക്കുന്നു.

അവതാരിക എഴുതിയിരിക്കുന്നത് പ്രൊഫ. എം. കെ സാനുവാണ്. ഇത് സിനി പണിക്കരുടെ ആദ്യ മലയാള നോവലാണ്. പൂർണ - ഉറൂബ് നോവൽ അവാർഡ് പരിഗണനയിൽ രണ്ടാം സ്ഥാനത്തെത്തിയ ഈ നോവൽ കോഴിക്കോട് നിന്നുള്ള പൂർണ പബ്ളിക്കേഷൻസാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 432 പേജുകളുള്ള ഈ പുസ്തകത്തിൻ്റെ വില 475 രൂപയാണ്.  

സിനി പണിക്കർ

എറണാകുളം ജില്ലയിൽ തൃക്കാക്കരക്കടുത്ത് കങ്ങരപ്പടിയിൽ ജനനം. മഹാരാജാസ് കോളേജിൽ നിന്നും കെമസ്ട്രിയിൽ ബിരുദവും, കൊല്ലം എസ്. എൻ. കോളേജിൽ നിന്നും ബിരുദാനന്തര ബിരുദവും നേടി. വാഷിങ്ങ്ടണിലെ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഓർഗാനിക് കെമസ്ട്രിയിൽ വീണ്ടും മാസ്റ്റേഴ്സ് ബിരുദം നേടി. ഡോക്ടറേറ്റിനു വേണ്ടി നാലുവർഷത്തോളം ഗവേഷണം ചെയ്തെങ്കിലും മുഴുമിപ്പിക്കാതെ ജോലിയിൽ ചേർന്നു.

ഡ്രഗ് പ്രൊഫൈലിംഗ് മേഖലയിൽ രണ്ടു ദശകത്തിലധികം യു. എസ്. ഗവണ്മെൻ്റിനു വേണ്ടി സയൻ്റിസ്റ്റായും സബ്ജക്ട് മാറ്റർ എക്സ്പേർട്ടായും പ്രവർത്തിച്ചു. ഇപ്പോൾ വിശ്രമജിവിതം നയിക്കുന്നതോടൊപ്പം സാഹിത്യ രചനയിലും സജീവമാണ്. വിർജീനിയയിൽ ഷാൻ്റിലി എന്ന സ്ഥലത്ത് കുടുംബസമേതം താമസിക്കുന്നു. അമേരിക്കയിലെ നിരവധി സാമൂഹ്യ സാഹിത്യ സംഘടനകളിൽ സജീവമാണ്.
ഭർത്താവ് :- സുധൻ പണിക്കർ. മകൻ :- വിഷ്ണൂ പണിക്കർ 
email :- panickersini@gmail.com
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക