Image

ഒരു ഓസ്‌ട്രേലിയന്‍ യാത്രയയുടെ ഓര്‍മ്മയ്ക്ക്... (യാത്രാവിവരണം: ബിസി തോപ്പിൽ)

Published on 12 October, 2026
ഒരു ഓസ്‌ട്രേലിയന്‍ യാത്രയയുടെ ഓര്‍മ്മയ്ക്ക്... (യാത്രാവിവരണം: ബിസി തോപ്പിൽ)

2006 ഡിസംബർ 31.

എണ്ണമില്ലാത്ത ആശകളും ആശങ്കകളും അടുക്കിക്കെട്ടി പിറ്റേന്നത്തെ ആദ്യ ഓസ്ട്രേലിയൻ യാത്രയ്ക്ക് മണിക്കൂറുകൾ അവശേഷിeക്ക ടിവിയിൽ ഓസ്ട്രേലിയയിലെ ന്യൂ ഇയർ ആഘോഷങ്ങൾ മിന്നിമറഞ്ഞു. അക്ഷരാർത്ഥത്തിൽ വെളിച്ചത്തിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന സിഡ്നി ഹാർബർ ബ്രിഡ്ജും  ഒപ്പേറ ഹൗസും. കണ്ണഞ്ചിപ്പിക്കുന്ന പ്രഭാപൂരങ്ങളോടെ കരിമരുന്നിന്റെ വർണ്ണജാലങ്ങൾ മനസ്സിനെ മോഹിപ്പിച്ചു "എന്നെങ്കിലും ഈ സ്ഥലങ്ങളൊക്കെ നേരിൽ കാണാൻ  ഭാഗ്യമുണ്ടാകുമോ?"

20 വർഷങ്ങൾക്കിപ്പുറം 2026 സെപ്റ്റംബറിൽ ജോലിസംബന്ധമായ ഒരു കോൺഫറൻസിനാണ് സിഡ്നിയിലേക്ക് പോയതെങ്കിലും രണ്ടു പതിറ്റാണ്ടിന്റെ മോഹങ്ങൾ സാക്ഷാത്കരിക്കാനുള്ള സമയം കൂടിയായിരുന്നു അത്. പരിചയമില്ലാത്ത  ഒരു മെട്രോപൊളിറ്റൻ സിറ്റിയിൽ ഒറ്റയ്ക്ക് ചുറ്റിനടക്കാൻ ചെറിയൊരു ഭയം ഉള്ളിൽ ഉണ്ടായിരുന്നെങ്കിലും പോകണം എന്ന് തന്നെ തീരുമാനിച്ചിരുന്നു. സിഡ്‌നിയിലുള്ള സുഹൃത്തുക്കളോടും ബന്ധുക്കളോടും പറഞ്ഞതോടെ അവരെല്ലാവരും അതൊരു കൂടിക്കാഴ്ചക്കുള്ള വേദി കൂടിയാക്കി. 
നടക്കാവുന്നിടത്തൊക്കെ നടന്നും  സിറ്റിയിലെ തിരക്കിനിടയിൽ നല്ല ഡ്രൈവിംഗ് പ്രഗൽഭ്യം വേണ്ട  സ്ഥലങ്ങളിൽ കാറിലും ഒക്കെ കൊണ്ടുപോയി ഓരോ സ്ഥലങ്ങളും കാണിച്ചു തന്ന അവരുടെ സമയത്തേയും മനസ്സിനേയും നന്ദിയോടെയേ ഓർക്കാൻ കഴിയൂ.  

ആദ്യദിവസത്തെ പ്രധാന കാഴ്ചകളിലൊന്ന് സിഡ്‌നിയുടെ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ടിലെ (CBD)  ചരിത്രപ്രസിദ്ധമായ ക്വീൻ വിക്ടോറിയ ബിൽഡിംഗ് ആണ്. ജോർജ് മക്‌റേ രൂപകൽപ്പന ചെയ്ത റോമനെസ്ക് വാസ്തുശൈലിയുടെ മനോഹരമായ ഉദാഹരണമാണത്. 19-ാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് നിർമ്മിച്ച ഈ കെട്ടിടത്തിൽ  പ്രശസ്ത രാജ്യാന്തരബ്രാൻഡുകൾ ഉൾപ്പെടെ 175-ലധികം ആധുനിക കടകളുണ്ട്. വിശാലമായ കമാനങ്ങൾ, ഭംഗിയാർന്ന തൂണുകൾ, വർണച്ചില്ലു ജനലുകൾ എന്നിവ പഴയകാലത്തെ കരകൗശല വിദഗ്ധരുടെ അസാധാരണമായ മികവ്  പ്രകടമാക്കുന്നു.

സിഡ്നിയുടെ വിഖ്യാതമായ ഹാർബർ ബ്രിഡ്ജും ഗംഭീരമായ ഒപ്പറ ഹൗസും ഉൾപ്പെടെയുള്ള നഗരത്തിന്റെ അതുല്യമായ കാഴ്ചകൾ കണ്ണിനും മനസ്സിനും വിരുന്നൊരുക്കുന്നു. ഈ ഓസ്ട്രേലിയൻ മുഖമുദ്രകളുടെ മണ്ണിൽ പാദങ്ങൾ ഊന്നി നടക്കുമ്പോൾ സ്വപ്നങ്ങൾ സായൂജ്യമണിയുന്നതിന്റെ കുളിർകാറ്റിൽ ഞാനുലഞ്ഞു. 
സിഡ്‌നിയിലെത്തുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട പ്രധാന ആകർഷണങ്ങളിലൊന്നാണ് സിഡ്‌നി ടവർ ഐ. ഇവിടെ 4-ഡി സിനിമാ അനുഭവവും നഗരത്തിന്റെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാനുള്ള ഒബ്സർവേഷൻ ഡെക്കും, തുറസ്സായ വേദിയിൽ നിന്നുള്ള കാഴ്ചാസൗകര്യവും ഒരുക്കിയിട്ടുണ്ട്. നഗരത്തിന്റെ 360 ഡിഗ്രിയിലുള്ള അതിമനോഹരമായ കാഴ്ചകൾ ഇവിടെ നിന്ന് ആസ്വദിക്കാം.

സെന്റ് മേരീസ് കത്തീഡ്രൽ : മധ്യകാല യൂറോപ്യൻ കത്തീഡ്രലുകളുടെ വാസ്തുശൈലിയെ അനുസ്മരിപ്പിക്കുന്ന ജ്യാമിതീയ അലങ്കാര ഗോതിക് (Geometric Decorated Gothic) ശൈലിയിൽ നിർമ്മിച്ചിരിക്കുന്ന റോമൻ കത്തോലിക്ക ദേവാലയം ആണിത്.  
സിഡ്‌നിയിൽ ലഭിക്കുന്ന സ്വർണനിറം കലർന്ന തവിട്ടുനിറത്തിലുള്ള പ്രാദേശിക മണൽക്കല്ലാണ് നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.
107 മീറ്റർ നീളവും 22.5 മീറ്റർ ഉയരത്തിലുള്ള മേൽക്കൂരയും  ഈ ഭീമൻ പള്ളിയെ വാസ്തുശില്പ ചാരുത കൊണ്ടും വലുപ്പം കൊണ്ടും ഒരു ദൃശ്യവിരുന്നാക്കുന്നു.

പിറ്റേന്ന് വൈകിട്ട് ആറുമണിക്ക് തീരേണ്ടിയിരുന്ന കോൺഫറൻസിൻ്റെ അവസാന ഒന്നരമണിക്കൂറിലെ ചായ സൽക്കാരം വേണ്ടെന്നുവെച്ച് യൂബർ പിടിച്ച് പ്രസിദ്ധ/ കുപ്രസിദ്ധ ബോണ്ടെ ബീച്ചിലേക്ക് തിരിച്ചു. അത്രടം ചെന്നിട്ട് അതുകൂടി കാണാതെ പോരുന്നതങ്ങനെ? അതും അസ്തമയത്തിന് ഒരു മണിക്കൂർ മുന്നേ!  കടൽക്കാഴ്ച കാണാൻ ഏറ്റവും മനോഹരമായ സമയം, പകലു മുഴുവൻ കത്തിജ്വലിച്ചു നിന്ന സൂര്യൻ ദിവസാന്ത്യം കടലിൽ മുങ്ങിക്കുളിക്കുന്നത് കാണാൻ കുത്തനെ ചെരിവുള്ള റോഡിലൂടെ താഴെ കടൽത്തീരത്തേക്ക് നടന്നു. 


പടവുകളിറങ്ങി നീണ്ടു വിശാലമായി അർദ്ധചന്ദ്രാകൃതിയിൽ കിടക്കുന്ന മണൽ പരപ്പിലേക്കോ, കൈവരി കെട്ടിയ നീണ്ട പാലത്തിൽ നിന്ന് താഴെക്കാഴ്ചകൾ കാണാൻ പറ്റുന്ന വിശാലമായ പ്ലാറ്റ്ഫോമിലേക്കോ എന്ന ഒരു ചോദ്യം മനസ്സിലുയർന്നു. മണലിൽ ഇരുന്നും കിടന്നും ഒറ്റയ്ക്കും ഇരട്ടക്കും കൂട്ടമായും ഉല്ലാസത്തോടെ തിമിർക്കുന്ന മനുഷ്യർ. 
കൈകൾ കോർത്തുപിടിച്ചും തോളിൽ കയ്യിട്ടും ദേഹങ്ങൾ തമ്മിൽ ഉരസിയും പ്രണയം കൊണ്ട് കണ്ണുകെട്ടി നടക്കുന്ന കമിതാക്കൾക്ക് അവിടെയും ലോഭം ഉണ്ടായില്ല. 
നാട്ടിലായിരുന്നെങ്കിൽ കപ്പലണ്ടി കുമ്പിളുകളും ഐസ്ക്രീമും ഇഞ്ചിച്ചായയും കൂടി ഉണ്ടായേനെ എന്ന് വെറുതെ ഓർത്തു.  പസഫിക് സമുദ്രത്തിലെ  കൂറ്റൻ നീലത്തിരമാലകൾ, സർഫർമാർ, കടൽത്തീരത്തെ തിരക്കേറിയ അന്തരീക്ഷം ഇവയെല്ലാം  ചേർന്നതാണ് Bondi യുടെ ഭംഗി. ആർട്ട് ഗാലറികൾ, തിയേറ്റർ, കഫേകൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു കമ്മ്യൂണിറ്റി സാംസ്കാരിക കേന്ദ്രം കൂടിയാണിത്.

അധികസമയം ചെലവഴിക്കാൻ ഇല്ലാഞ്ഞതിനാൽ നടപ്പാലത്തിലെ ആൾക്കൂട്ടത്തിനിടയിലൂടെ അസ്തമയത്തിന്റെ നല്ല കാഴ്ച കിട്ടുന്നിടത്തേക്ക് നടന്നു. കുറച്ചുനേരത്തേ കാത്തുനിൽപ്പിനു ശേഷമാണ് മനസ്സിലായത് കിഴക്കോട്ട് അഭിമുഖമായതിനാൽ രാവിലെ സൂര്യോദയം കാണാനാണ് ആ സ്പോട്ടിൽ വരേണ്ടിയിരുന്നത്. എങ്കിലും അവിടെ അടുക്കടുക്കായി വച്ചിരിക്കുന്ന ബഹുനില കെട്ടിടങ്ങളുടെ നിരയിൽ അസ്തമയ സൂര്യൻ പൊന്നുരുക്കി ഒഴിക്കുന്ന വർണ്ണ വിസ്മയം വാക്കുകളിൽ വിവരിക്കാവുന്നതിനേക്കാളും ക്യാമറയിൽ പകർത്താവുന്നതിനേക്കാളും അപ്പുറമായിരുന്നു. കടലിൻറ നീലിമയും ആകാശത്തിന്റെ ഓറഞ്ച് പിങ്ക് വയലറ്റ് വർണ്ണരാജികളും എല്ലാം കൂടിച്ചേർന്ന് ക്യാൻവാസിൽ വരച്ച ഒരു മനോഹര ചിത്രം പോലെ!


2025 ഡിസംബർ 14 ന് ജൂത മതവിഭാഗത്തിന്റെ ഹനുക്ക ആഘോഷം നടന്നുകൊണ്ടിരുന്ന സമയത്ത് ഇന്ത്യൻ വംശജനായ പിതാവും മകനും ചേർന്ന് നടത്തിയ ആക്രമണത്തിൽ  15 ആളുകൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തത് ഞാൻ നിന്നിരുന്ന അതേ പ്ലാറ്റ്ഫോമിലാണ്. ഈ നാടിൻ്റെ അന്നം തിന്നുന്ന ഏതൊരു ഭാരതീയൻ്റെയും തലകുനിപ്പിക്കുന്ന ഓർമ്മ! ഓസ്ട്രേലിയയുടെ സാംസ്കാരിക വൈവിധ്യത്തിന്മേൽ തെറിച്ച ചോരപ്പാടുകളാൽ ചരിത്രത്തിൽ കുറിക്കപ്പെട്ട അതേ പാലത്തിൽ നിന്ന് സെൽഫി എടുക്കാൻ തുടങ്ങുമ്പോൾ മുന്നിൽ നടന്നുപോയ ഒരു പെൺകുട്ടി ഫോട്ടോയെടുത്ത് തരാം എന്ന് പറഞ്ഞ് മുന്നോട്ടു വന്നു. പസഫിക് സമുദ്രത്തിന്റെ ഓരത്തെ തിളങ്ങുന്ന നീളൻ കെട്ടിടങ്ങളുടെ അടുക്കുകളുടെ പശ്ചാത്തലത്തിൽ സ്വന്തം ചിത്രവും പകർത്തി ഇരുൾ വീണു തുടങ്ങുമ്പോൾ തിരിച്ച് റോഡിൽ എത്തി.

രാത്രി ഒരുപാട് വൈകും മുൻപ് ലിവർപൂളിന് അടുത്തുള്ള കൂട്ടുകാരിയുടെ വീട്ടിലേക്ക്  ട്രെയിൻ പിടിക്കേണ്ടിയിരുന്നു, അടുത്ത രണ്ടു ദിവസങ്ങൾ അവിടെയാണ്. അതിന് സെൻട്രൽ സ്റ്റേഷനിലേക്ക് യൂബർ ബുക്ക് ചെയ്തു കാത്തുനിന്നു. ഒറ്റയ്ക്കുള്ള യാത്രയിൽ യൂബർ എത്രത്തോളം സുരക്ഷിതവും ആശ്വാസകരമാണെന്ന് ഓർമ്മിപ്പിച്ച ഒരു യാത്ര കൂടിയായിരുന്നു അത്. 
അധികം വൈകാതെ ഞാൻ നിന്നിരുന്നതിനു മുൻപിലായി വണ്ടി നിർത്തി ഡ്രൈവർ ഇറങ്ങിവന്ന്  എൻ്റെ വലിയ ലഗേജ് ബാഗ്, വണ്ടിയുടെ ബൂട്ടിലേക്ക് കയറ്റിവെച്ചു. എല്ലാ ഡ്രൈവർമാരും ചെയ്തു തരാറില്ലാത്ത കാര്യം. കാഴ്ചയിൽ 60 വയസെങ്കിലും തോന്നിക്കുന്ന, തണ്ടും തടിയും ഉള്ള സിനിമാനടൻ ക്യാപ്റ്റൻ രാജുവിന്റെ നല്ല മുഖച്ഛായയുള്ള ഒരാൾ! പേര്  
"ഗബ്രിയേൽ " എന്ന് സ്വയം പരിചയപ്പെടുത്തിയതോടെ എൻ്റെ മനസ്സിൽ അയാൾക്ക് മാലാഖച്ചിറകുകൾ വിരിഞ്ഞു. മുൻ നിരയിലെ പാസഞ്ചർ സീറ്റിൽ ഇരുന്ന് ബെൽറ്റ് ഇടുമ്പോഴേക്കും ഗബ്രിയേൽ ഒരു മിന്റ് മിട്ടായി വച്ചു നീട്ടി സൗഹൃദം സ്ഥാപിച്ചു. അടിച്ചു പരത്തിയ ബ്രസീലിയൻ ആക്സൻറിൽ ആൾ വാചാലനായി. 
എന്നെക്കുറിച്ചും ജോലിയെക്കുറിച്ചും യാത്രയുടെ ഉദ്ദേശത്തെക്കുറിച്ചുമെല്ലാം ചോദിച്ചറിഞ്ഞശേഷം സ്വന്തം കഥകൾ പറഞ്ഞു തുടങ്ങി. ബ്രസ്റ്റ് ക്യാൻസർ വന്നു സ്തനങ്ങൾ നീക്കം ചെയ്ത  ഭാര്യയെക്കുറിച്ചും രക്താർബുദം വന്നു മരിച്ചുപോയ അനിയനെക്കുറിച്ചും എല്ലാം. നേഴ്സുമാരുടെ ശ്രദ്ധ പിടിക്കാൻ ആശുപത്രി കഥകളോളം എളുപ്പവഴി വേറെ എന്തുണ്ട്? 
22 ആം വയസ്സിൽ സിഡ്നിയിൽ വന്നിട്ട് 45 വർഷത്തോളം പലപല ജോലികൾ ചെയ്തു. ഇപ്പോൾ  അഞ്ചുവർഷമായി യൂബർ ഓടിക്കുന്നു എന്നും പറഞ്ഞപ്പോൾ അയാളുടെ പ്രായം കണക്കുകൂട്ടുകയായിരുന്നു ഞാൻ. കാഴ്ചയിൽ നിന്ന് ഊഹിച്ചതിനെക്കാൾ 12 വയസ്സ് കൂടുതൽ! 72 -ാം വയസ്സിൽ ചെറുചുറുക്കോടെ യൂബർ ഓടിക്കുന്ന അയാളോട് അപ്പോഴേക്കും ആദ്യ കാഴ്ചയിൽ തോന്നിയ അമ്പരപ്പ് മാറി ബഹുമാനമായി.

ഞാൻ ഇന്ത്യനാണെന്ന് അറിഞ്ഞതോടെ കാറിൽ പതിഞ്ഞ താളത്തിൽ ഉണ്ടായിരുന്ന പാട്ടിൻ്റെ ട്രാക്ക് മാറി. വാക്കുകളും അർത്ഥങ്ങളും അറിയാത്ത  മനോഹരമായ ഹിന്ദി മെലഡികൾ !
" നീ ഹിന്ദി സംസാരിക്കുമോ?" എന്ന് ചോദിച്ചപ്പോൾ നിർഭാഗ്യവശാൽ ദേശീയ ഭാഷ എനിക്ക് വഴങ്ങില്ലെന്നും ഇന്ത്യയിലെ ഭാഷാ വൈവിധ്യത്തെക്കുറിച്ചും ഗബ്രിയേലിനോട് പറഞ്ഞു. വാക്കുകൾ അറിയില്ലെങ്കിലും ഈ സംഗീതം എനിക്കിഷ്ടമാണ് എന്ന് ഞാൻ പറഞ്ഞപ്പോൾ എനിക്കും എന്നു പറഞ്ഞ് അയാൾ ചിരിച്ചു.


പ്രാദേശികരും സഞ്ചാരികളും ഒരുപോലെ ഒത്തുചേരുന്ന, നോർത്ത് സിഡ്നിയിലെ എപ്പോഴും തിരക്കുള്ള, തെരുവ് വിളക്കുകളുടെ വെള്ളിവെളിച്ചം കവിഞ്ഞൊഴുകുന്ന  വഴികളിലൂടെ കാർ സംഗീതത്തിന്റെയും കാഴ്ചകളുടെയും ലോകത്തിലൂടെ മെല്ലെയൊഴുകി.  രുചികരമായ തെരുവുഭക്ഷണവും വൈവിധ്യമാർന്ന  ഫാഷൻ വസ്ത്രങ്ങളും മറ്റ് കൗതുകസാധനങ്ങളും വിൽക്കുന്ന മാർക്കറ്റ് റോഡിലെ കൂടാരങ്ങൾ ഗബ്രിയേൽ കാണിച്ചുതന്നു. സിഡ്‌നിയിലെ ഏറ്റവും പഴക്കമേറിയ ചില പബ്ബുകളും തുറമുഖത്തിന്റെ മനോഹരമായ കാഴ്ച ആസ്വദിക്കാവുന്ന ആഡംബര റെസ്റ്റോറന്റുകളും അവിടെയുണ്ട്.
മ്യൂസിയം ഓഫ് കണ്ടംപററി ആർട്ട് പ്രാദേശികവും അന്തർദേശീയവുമായ കലാകാരന്മാരുടെ വൈവിധ്യമാർന്ന പ്രദർശനങ്ങൾ ഒരുക്കുമ്പോൾ കടൽത്തീരത്തെ നടപ്പാത തെരുവ് കലാകാരന്മാരുടെ സംഗീതവും വിവിധ പ്രകടനങ്ങളും കൊണ്ട് ശബ്ദമുഖരിതമാണ്.


വഴിയിലുടനീളം 
സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട്, ഹാർബർ ബ്രിഡ്ജ്, പോർട്ട്, ഫിഷ് മാർക്കറ്റ് അങ്ങനെ  
ഓരോന്നും ആസ്വദിച്ച് മനോഹരമായ ഹിന്ദി മെലഡിയുടെ പശ്ചാത്തലത്തിൽ ഗബ്രിയേലിന്റെ ബ്രസീലിയൻ ഇംഗ്ലീഷിൽ ഇരുളറിയാത്ത രാത്രിയിൽ യാത്ര തന്നെ ഒരു മനോഹരമായ അനുഭവമായി മാറി.
ഒടുവിൽ സെൻട്രൽ സ്റ്റേഷനു മുന്നിൽ  വണ്ടി നിർത്തുമ്പോൾ, അവസാനിക്കേണ്ടായിരുന്നു എന്ന് ആഗ്രഹിച്ചു പോയ ഒരു യാത്ര കൂടിയായി അത്.


മൂന്നാം ദിവസത്തെ യാത്ര പടിഞ്ഞാറൻ സിഡ്നിയിലെ പ്രശസ്തമായ ബ്ലൂമൗണ്ടൻസിലേക്ക് ആയിരുന്നു. യൂക്കലിപ്റ്റസ് മരങ്ങളിൽ നിന്നുള്ള വളരെ ചെറിയ എണ്ണത്തുള്ളികൾ വായുവിലെ ജലവാഷ്പവും സൂര്യപ്രകാശവും ചേർന്ന്  നീല നിറത്തിലുള്ള മൂടൽമഞ്ഞുപോലുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതാണ് “Blue Mountains” എന്ന പേരിന് പിന്നിലെ പ്രധാന കാരണം . യൂക്കലി വനങ്ങൾ, ആഴമുള്ള താഴ്വരകൾ, മണൽക്കല്ല്, പാറക്കെട്ടുകൾ,  മഴക്കാടുകൾ , വെള്ളച്ചാട്ടങ്ങൾ, മനോഹരമായ viewpoints എന്നിവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ.

സമപ്രായക്കാരായ സഹോദരങ്ങളെപ്പോലെ ഒരേ ഉയരത്തിൽ നിരന്നിരിക്കുന്ന മൂന്ന് sandstone പാറത്തൂണുകൾ 'ത്രീ സിസ്റ്റേഴ്സ് 'എന്ന പേരിൽ കേബിൾ കാറിലെ യാത്രയിൽ  പ്രധാന ആകർഷണമാണ്. ഉയരമുള്ള കൂറ്റൻ പാറക്കെട്ടുകൾക്കിടയിൽ നിന്നും ഒറ്റയ്ക്ക് മാറിനിൽക്കുന്ന 'ഓർഫൻ റോക്കും' കാണികളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നു.

Scenic Railway ലോകത്തിലെ ഏറ്റവും കുത്തനെയുള്ള passenger railways-ലൊന്നാണ്. അതിൻ്റെ സുരക്ഷിതത്വവും വാതിലുകൾ അടഞ്ഞുതുറയുന്ന ടെക്നോളജിയും എന്നെ അത്ഭുതപ്പെടുത്തി. ട്രാൻസ്പരന്റ് ആയ Scenic Skyway  യുടെ തറയിലൂടെ നോക്കുമ്പോൾ മരങ്ങൾക്കുമീതെ ഒഴുകുന്നത് പോലുള്ള സാഹസികനുഭവവും സമ്മാനിച്ചു. ഞാണിന്മേൽ ഘടിപ്പിച്ച Cableway ലൂടെ യുള്ള യാത്ര താഴ്വരയുടേയും വെളുമ്പൻ പാറക്കെട്ടുകളുടേയും rainforest ൻ്റേയും കാഴ്ചകളുടെ സൗന്ദര്യം നുകരാനാകുന്ന ഹൃദ്യമായൊരു അവസരം കൂടിയാണ്.
മൂന്നുദിവസം കണ്ടിട്ടും സിഡ്നിയുടെ മൂന്നിലൊന്നു പോലും  ആയില്ല. ഇനിയും ഒരിക്കൽ വരാമെന്ന് പറയുന്നില്ല; അടുത്തത് മറ്റൊരു ലക്ഷ്യമാകട്ടെ. 
***********************

ബിസി തോപ്പിൽ

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക