
ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനായിരുന്നു അന്ന്തിരുവനന്തപുരത്തേക്ക് പോയത്. വിവിധ മേഖലകളില്‍നിന്നെത്തിയ ആളുകള്‍, ചര്‍ച്ചകള്‍, പ്രസംഗങ്ങള്‍, കൈയടികള്‍...ഒരു ദിവസം മുഴുവന്‍ തിരക്കിന്റെയും ആവേശത്തിന്റെയുംനടുവിലായിരുന്നു ഞാന്‍.
പരിപാടി അവസാനിച്ചപ്പോള്‍ സുഹൃത്തുക്കളോട് യാത്രപറഞ്ഞ്‌രാത്രിയിലെ അവസാന കെ.എസ്.ആര്‍.ടി.സി. ബസില്‍ കയറി.ശരീരവും മനസ്സും ഒരുപോലെ ക്ഷീണിച്ചിരുന്നു.ജനല്‍സീറ്റില്‍ ഇരുന്ന് ഗ്ലാസ് അല്പം താഴ്ത്തി. ജൂലൈ രാത്രിയുടെതണുത്ത കാറ്റ് മുഖത്തും മുടിയിഴകളിലും മൃദുവായി തഴുകി.നഗരത്തിന്റെ മഞ്ഞവെളിച്ചങ്ങള്‍ പിന്നിലേക്ക് പതിയെഒഴുകിമറഞ്ഞു. എഞ്ചിന്റെ ഏകതാളവും കാറ്റിന്റെ താരാട്ടുംചേര്‍ന്നപ്പോള്‍ അറിയാതെ കണ്ണുകള്‍ അടഞ്ഞു.ഉറക്കത്തിനിടയില്‍ വിചിത്രമായ സ്വപ്നങ്ങള്‍.ജനക്കൂട്ടത്തിനിടയില്‍ എനിക്കു സമാനമായ ഒരാള്‍ നടക്കുന്നു. ഞാന്‍അയാളുടെ പിന്നാലെ പോകാന്‍ ശ്രമിക്കുമ്പോഴെല്ലാംആളുകള്‍ക്കിടയില്‍ അയാള്‍ അലിഞ്ഞുമറയുന്നു. ഞാന്‍തിരിഞ്ഞുനോക്കുമ്പോള്‍, ദൂരെയെവിടെയോ നിന്ന് ആരോ എന്റെപേര് വിളിക്കുന്നതുപോലെ...
'കണിച്ചുകുളങ്ങര... ഇറങ്ങാനുള്ളവര്‍ ഇറങ്ങിക്കോ...'കണ്ടക്ടറുടെ ശബ്ദമാണ് എന്നെ ഉറക്കത്തില്‍ നിന്ന് ഉണര്‍ത്തിയത്.ബാഗ് തോളിലേറ്റി ബസില്‍ നിന്ന് ഇറങ്ങി. പൊടിപറത്തി ബസ്ഇരുളിലേക്ക് മറഞ്ഞതോടെ ചുറ്റും അസ്വാഭാവികമായ ഒരുനിശ്ശബ്ദത പടര്‍ന്നു.
-സമയം പന്ത്രണ്ടര കഴിഞ്ഞിരുന്നു.ആകാശത്ത് നേര്‍ത്തൊരു നിലാവ്. എന്നാല്‍ വഴിയോരത്തെ സ്ട്രീറ്റ്‌ലൈറ്റുകള്‍ എല്ലാം അണഞ്ഞുകിടക്കുന്നു. പകല്‍ മുഴുവന്‍വാഹനങ്ങളുടെ ഇരമ്പലില്‍ ജീവിക്കുന്ന ഹൈവേ പോലും ആരാത്രി ഏതോ അഗാധമായ ഉറക്കത്തിലാണെന്ന് തോന്നി.വീട്ടിലെത്താന്‍ ഇനിയും രണ്ടുകിലോമീറ്ററോളം നടക്കാനുണ്ട്.വഴിയരികിലെ മരങ്ങളുടെ നിഴലുകള്‍ കാറ്റില്‍ ഇളകുമ്പോള്‍,ആരോ ഒളിഞ്ഞുനിന്ന് എന്നെ നോക്കുന്നതുപോലെ തോന്നി. അകലെനായ്ക്കളുടെ ഓരിയിടല്‍ കേട്ടു. ഭയം പതിയെ മനസ്സിലേക്ക്ഇഴഞ്ഞുകയറി.

വഴിയിൽ കിടന്ന ഒരു ഉണങ്ങിയ മരക്കൊമ്പ് എടുത്ത് കൈയിൽ
മുറുകെ പിടിച്ചു.
അൽപദൂരം നടന്നപ്പോൾ മുന്നിൽ ഒരാൾ നടക്കുന്നത് കണ്ടു.
ആ നടത്തത്തിന് എന്തോ ഒരു പരിചയം.
വിജനമായ വഴിയിൽ മറ്റൊരാളെ കണ്ട ആശ്വാസത്തിൽ ഞാൻ
നടപ്പിന്റെ വേഗം കൂട്ടി.
"ഈ നേരത്ത് എങ്ങോട്ടാ?"
അയാൾ പതിയെ തിരിഞ്ഞുനോക്കി.
മുഖം വ്യക്തമായില്ല.
"വീട്ടിലേക്ക്."
ശബ്ദം ശാന്തമായിരുന്നു.
"എവിടെ നിന്നാ വരുന്നത്?"
"തിരുവനന്തപുരം."
";ഞാനും."
അയാൾ ചെറുതായി ചിരിച്ചു.
"അറിയാം."
ആ മറുപടി കേട്ടപ്പോൾ ഉള്ളിലൊരിടത്ത് എന്തോ മുറുകി.
"എങ്ങനെ?"
"ഇന്ന് നടന്ന പരിപാടിയിൽ നമ്മൾ രണ്ടുപേരും ഉണ്ടായിരുന്നല്ലോ."
എന്റെ നെഞ്ചിലൂടെ ഒരു മിന്നൽ പാഞ്ഞുപോയി.
അയാൾ പരിപാടിയിലെ ഓരോ നിമിഷവും വിവരിക്കാൻ തുടങ്ങി.
വേദിയിലെ പ്രസംഗങ്ങൾ, അവസാനത്തെ നന്ദിപ്രസംഗം, ഞാൻ
ഹാളിന്റെ ഒരു കോണിൽ നിന്ന് കുടിച്ച ചായ... ആരോടും
പറഞ്ഞിട്ടില്ലാത്ത ചെറുചെറിയ കാര്യങ്ങൾ വരെ അയാൾക്ക്
അറിയാമായിരുന്നു.
"പേര്?"
ഞാൻ ചോദിച്ചു.
അയാൾ ചിരിച്ചു.
"വിനോദ്."
ആ നിമിഷം ശ്വാസം നിലച്ചതുപോലെ തോന്നി.
അയാളുടെ തോളിലെ ബാഗ് എന്റേതുപോലെ.
ഷർട്ടിന്റെ കൈകൾ ഞാൻ മടക്കിയതുപോലെ.
കൈയിലെ വാച്ച്... അതേ മോഡൽ.
അയാൾ എന്റെ കണ്ണുകളിലേക്ക് നോക്കി.
"ഭയമുണ്ടോ?"
മറുപടി പറയാൻ എനിക്ക് കഴിഞ്ഞില്ല.
വിറയുന്ന ശബ്ദത്തിൽ ഞാൻ ചോദിച്ചു.
"വീട് എവിടെയാണ്?"
അയാൾ ഒരു നിമിഷം മിണ്ടാതിരുന്നു.
പിന്നെ വളരെ പതുക്കെ പറഞ്ഞു.
"റെയിൽവേ ക്രോസിന് പടിഞ്ഞാറ്... വടക്കോട്ട് മാറി... മകൾ
പ്രതിഭ വരച്ച മുന്തിരിവള്ളികൾ ഭിത്തിയിൽ പടർന്നിരിക്കുന്ന ആ
വീട്."
കൈയിലെ മരക്കൊമ്പ് അറിയാതെ നിലത്തുവീണു.
ആ ഭിത്തിയിലെ ചിത്രം...
അത് എന്റെ മകൾ പ്രതിഭ വരച്ചതാണ്.
ഞാൻ അറിയാതെ പിന്നിലേക്ക് ചുവടുവെച്ചു.
അയാൾ അതേ വേഗത്തിൽ അടുത്തേക്ക് വന്നു.
"എന്തിനാ പേടിക്കുന്നത്?"
ഇപ്പോൾ അയാളുടെ ചിരിക്ക് എന്തോ അസ്വാഭാവികമായ ഒരു
തണുപ്പുണ്ടായിരുന്നു.
ഞാൻ തിരിഞ്ഞോടി.
കാറ്റ് ചെവിയരികിലൂടെ ഇരമ്പിപ്പാഞ്ഞു. പിന്നിൽ കാലൊച്ച
കേൾക്കുന്നുണ്ടോ എന്നറിയാൻ പോലും ധൈര്യമുണ്ടായില്ല.
വീട്ടുമുറ്റത്ത് കിതച്ചെത്തി.
വാതിലിൽ മുട്ടാൻ കൈ ഉയർത്തിയ നിമിഷം ഉമ്മറത്ത്
ചാരുകസേരയിൽ...
ഞാനിട്ട അതേ നിറത്തിലുള്ള ഷർട്ടും അതേ ബാഗും ധരിച്ചുകൊണ്ട്
ഒരാൾ ഇരിക്കുന്നു.
അയാൾ പതിയെ എഴുന്നേറ്റു.
അകത്തുനിന്ന് ആരോ വിളിച്ചതിന്
അയാൾ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.
"ദാ... വരുന്നു..."
ആ ശബ്ദം...
അതെ.
അത് എന്റേതായിരുന്നു.
അപ്പോൾ...
ഞാൻ ആരാണ്?
അകത്തുള്ളത് ആരാണ്?
ഉമ്മറത്ത് നിൽക്കുന്നത് ആരാണ്?
കണ്ണുകൾക്ക് മുന്നിൽ ഇരുട്ട് കനത്തു.
കാല് പടിയിൽ തട്ടി.
ഞാൻ താഴേക്ക് വീണു.
ഞെട്ടിയുണർന്ന് കണ്ണുതുറന്നു.
നെഞ്ചിടിപ്പ് ഇപ്പോഴും അടങ്ങിയിരുന്നില്ല.
ഞാൻ എന്റെ മുറിയിലായിരുന്നു.
കട്ടിലിൽ നിന്ന് താഴെ വീണുകിടക്കുകയാണ്.
ജനലിലൂടെ പുലരിയുടെ മങ്ങിയ വെളിച്ചം മുറിയിലേക്ക് പതുക്കെ
ഒഴുകിയെത്തുന്നു.
ഞാൻ പതിയെ എഴുന്നേറ്റ് ഇരുന്നു.
ഒരു ദീർഘനിശ്വാസം.
"സ്വപ്നം..."
ഞാൻ എന്നെത്തന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
പക്ഷേ...
അന്നുമുതൽ ഇന്നുവരെ, രാത്രി വൈകി ആ വഴിയിലൂടെ ഒറ്റയ്ക്ക്
നടക്കേണ്ടിവരുമ്പോഴെല്ലാം, അറിയാതെ ഞാൻ മുന്നിലേക്കും
പിന്നിലേക്കും നോക്കാറുണ്ട്.
കാരണം, ഇന്നും ഉത്തരം കിട്ടാത്ത ഒരു ചോദ്യം എന്നെ
പിന്തുടരുന്നു.
അന്ന് ഞാൻ കണ്ടത് ഒരു സ്വപ്നമായിരുന്നോ... അതോ
എന്നെപ്പോലെ മറ്റൊരാൾ ശരിക്കും ഉണ്ടോ?