
വയനാട്: വീടിന്റെ വിളക്കാണ് നഷ്ടമായതെന്ന് നെടുമ്പാശ്ശേരിയിലെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ദേവികയുടെ കുടുംബം. പഠനത്തിലും കലാപരമായ കാര്യങ്ങളിലുമെല്ലാം ദേവിക മിടുക്കിയായിരുന്നുവെന്ന് ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. പ്രതി സുഹൈലിനെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്, പക്ഷേ കൊലക്കുറ്റത്തിനായിരുന്നു കേസെടുക്കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
വാപ്പച്ചി നോക്കിക്കോളും എന്ന് പറയുന്ന അവന്റെ ധിക്കാരം എല്ലാവരും കണ്ടതാണ്. കരുതിക്കൂട്ടി ചെയ്തതാണോ എന്ന സംശയവുമുണ്ട്. സര്‍ക്കാരിലും പൊലീസിലും വിശ്വാസമുണ്ടെന്നും ദേവികയുടെ ബന്ധു കൂട്ടിച്ചേര്‍ത്തു.
പ്രതി സുഹൈല്‍ സജീവിനെ (19) ജുവനൈല്‍ ഹോമിലേക്ക് റിമാന്‍ഡ് ചെയ്തതില്‍ പരാതി. ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നും പ്രായം 19 വയസ് ആണെന്നും കണക്കിലെടുത്താണ് കോടതി പ്രതിയെ കാക്കനാട് ബോസ്റ്റല്‍ സ്‌കൂളിലേക്ക് അയച്ചത്. ഇതിനെതിരെ ദേവികയുടെ കുടുംബം നെടുമ്പാശേരി പൊലിസില്‍ പരാതി നല്‍കി. സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും ദേവികയുടെ കുടുംബം ആവശ്യപ്പെട്ടു. അപകടം കരുതിക്കൂട്ടി ഉണ്ടാക്കിയതാണോ എന്ന് സംശയമുണ്ടെന്നും കുടുംബം ആരോപിച്ചു.
പ്രതി സുഹൈല്‍ സജീവിനൊപ്പം കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ക്കെതിരെ പ്രേരണക്കുറ്റം ചുമത്തി. നിനവ്, അമീര്‍, ജോയല്‍ എന്നിവര്‍ക്കെതിരെയാണ് പ്രേരണക്കുറ്റം ചുമത്തിയത്. ബോധമില്ലാത്ത അവസ്ഥയില്‍ വാഹനം ഓടിക്കാന്‍ പ്രേരിപ്പിച്ചെന്നും മദ്യപിച്ച് വാഹനമോടിക്കുന്നത് അറിഞ്ഞിട്ടും തടയാന്‍ ശ്രമിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
അപകടത്തിനുശേഷം ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ച വാഹനത്തെക്കുറിച്ചും പൊലിസ് അന്വേഷണം നടത്തുന്നുണ്ട്. അതേസമയം സുഹൈലിന്റെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ചു. അമിതവേഗത്തില്‍ വാഹനം ഓടിച്ചതിന്റെ ദൃശ്യങ്ങള്‍ പരിശോധിക്കും. അപകടവുമായി ബന്ധപ്പെട്ട പൊലിസ് റിപ്പോര്‍ട്ട് ലഭിച്ചശേഷം ലൈസന്‍സ് റദ്ദാക്കാനാണ് നീക്കം.
അപകടത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്തുന്നതിനായി കാറിലെ ഇവന്റ് ഡാറ്റാ റെക്കോര്‍ഡര്‍ (ഇഡിആര്‍) പൊലിസ് പരിശോധിക്കും. അപകടസമയത്തെ വാഹനത്തിന്റെ വേഗം, ബ്രേക്ക് ഉപയോഗിച്ചിരുന്നോ, എത്രനേരം ആക്‌സിലറേറ്റര്‍ അമര്‍ത്തിയിരുന്നു തുടങ്ങിയ വിവരങ്ങള്‍ ഇഡിആറില്‍നിന്ന് ലഭിക്കും. ബിഎംഡബ്ല്യുവില്‍നിന്നുള്ള മെക്കാനിക്കുകളെ എത്തിച്ച് ഇഡിആര്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് പൊലിസിന്റെ നീക്കം.
'മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് പ്രതിയ്‌ക്കെതിരെ കേസെടുത്തത്, പക്ഷേ കൊലക്കുറ്റത്തിനായിരുന്നു കേസെടുക്കേണ്ടിയിരുന്നത്. അത്രയും മോശം രീതിയിലാണ് വണ്ടി ഓടിച്ചത്. വാപ്പച്ചി നോക്കിക്കോളും എന്ന് പറയുന്ന അവന്റെ ധിക്കാരം എല്ലാവരും കണ്ടതാണ്. ഇതുപോലെ മറ്റാര്‍ക്കും ഉണ്ടാവരുത്. കരുതിക്കൂട്ടി ചെയ്തതാണോ എന്ന സംശയവുമുണ്ട്. വീടിന്റെ വിളക്കാണ് പോയത്. ദേവിക പഠിത്തത്തിലും എല്ലാം മിടുക്കിയായിരുന്നു. വലിയ പ്രതീക്ഷയുള്ള കുട്ടിയായിരുന്നു. 21വയസില്‍ ജീവന്‍ പോയത് വേദനാ ജനകമായ കാര്യമാണ്.
കേസില്‍ പ്രതി പുറത്തിറങ്ങാനുള്ള സാധ്യതയാണ് കാണുന്നത്. പക്ഷേ സര്‍ക്കാരും പൊലീസും നമ്മളെ സഹായിക്കുമെന്നാണ് കരുതുന്നത്.
വാഹനമാവുമ്പോള്‍ അപകടം പറ്റും സ്വാഭാവികമാണ്. പക്ഷേ സുഹൈലിന്റെ പെരുമാറ്റത്തില്‍ മനപൂര്‍വ്വം അപായപ്പെടുത്താന്‍ ശ്രമിച്ചതുപോലെയാണ് തോന്നുന്നത്. നമ്മള്‍ വയനാടുപോലത്തെ ചെറിയൊരു ജില്ലയിലാണ് കഴിയുന്നത്. ഞങ്ങള്‍ സാധാരണക്കാരില്‍ സാധാരണക്കാരാണ്. സര്‍ക്കാര്‍ ഭാഗത്തുനിന്നും സഹായമുണ്ടായാലേ കേസുമായി പോകാനാകൂ. സര്‍ക്കാരില്‍ വിശ്വാസമുണ്ട്', ദേവികയുടെ ബന്ധു പറഞ്ഞു.
ഞായറാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് മദ്യലഹരിയില്‍ സുഹൈല്‍ സജീവ് ഓടിച്ച മിനി കൂപ്പര്‍ കാര്‍ മൂന്നുപേര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചത്. വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കര്‍ണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവര്‍ അപകടത്തില്‍ തല്‍ക്ഷണം മരിച്ചിരുന്നു. തൃക്കാക്കര കരകൗശല വില്‍പനശാലയില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്നവരായിരുന്നു മരിച്ച മൂന്ന് വിദ്യാര്‍ത്ഥികളും. സ്ഥാപനത്തിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം രാത്രിയില്‍ ചായ കുടിച്ച് മടങ്ങിവരവെയാണ് അപകടമുണ്ടായത്.
നെടുമ്പാശ്ശേരിയിലേക്കുള്ള യാത്രയില്‍ യുവാവ് മൂന്ന് ബാറുകളില്‍ക്കയറി മദ്യപിച്ചിരുന്നു. ഇതിന്റെ വീഡിയോയും മൊബൈലില്‍ ചിത്രീകരിച്ചു. സുഹൃത്തിനെ വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുപോകാനാണ് പ്രതിയെത്തിയത്. വിമാനം എത്തുന്ന സമയം 2.40 ആയതിനാല്‍ വീണ്ടും ബാറുകളില്‍ പോയി മദ്യപിച്ചു. 19കാരനായ പ്രതിക്ക് നിയമവിരുദ്ധമായി മദ്യം നല്‍കിയതിന് മൂന്ന് ബാറുകള്‍ക്ക് എതിരെ എക്‌സൈസ് കേസെടുത്തിട്ടുണ്ട്. കോര്‍ട്ട് യാര്‍ഡ് ബൈ മാരിയറ്റ് ബാര്‍ ഹോട്ടലിനെതിരെയാണ് ആദ്യം കേസെടുത്തത്. പിന്നാലെ വൈറ്റിലയിലെ ദയ, പാലാരിവട്ടത്തെ മണ്‍സൂണ്‍ എംപ്രസ് എന്നീ ബാറുകള്‍ക്കെതിരെയും കേസെടുത്തു. മൂന്ന് ബാറുകളിലും പ്രതി എത്തുന്നതും മദ്യപിച്ചതും എക്സൈസ് സ്ഥിരീകരിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളില്‍ ഇക്കാര്യം വ്യക്തമാണെന്നും എക്സൈസ് പ്രതികരിച്ചു. ഇവരുടെ ലൈസന്‍സ് റദ്ദാക്കുന്നതും പരിഗണനയിലാണ്. കേരള അബ്കാരി നിയമപ്രകാരം 23 വയസാണ് മദ്യം വാങ്ങുന്നതിനുള്ള പ്രായപരിധി.
അപകടത്തിനിടയാക്കിയ കാര്‍ ഓടിച്ചത് 150കിലോമീറ്ററിലധികം വേഗതയിലാണെന്ന് പ്രതി സുഹൈല്‍ മൊഴി നല്‍കി. അപകട സമയത്തെ വേഗതയറിയാന്‍ മിനി കൂപ്പര്‍ സര്‍വീസ് സെന്ററിലെ വിദഗ്ധര്‍ പരിശോധന നടത്തും. പ്രതി ശനിയാഴ്ച ഉച്ചയ്ക്ക് മുതല്‍ മദ്യ ലഹരിയിലാണ് വാഹനം ഓടിച്ചിരുന്നത്. ഉച്ചയ്ക്ക് വൈറ്റിലയിലെ ദയാ ബാറില്‍ കയറി മദ്യപിച്ചു. വൈകിട്ട് പാലാരിവട്ടത്തെ മണ്‍സൂണ്‍ എംപ്രസ് ബാര്‍ ഹോട്ടലില്‍ വച്ചും മദ്യപിച്ചു. രാത്രി നെടുമ്പാശേരിയിലെ കോര്‍ട്ട് യാര്‍ഡ് ബൈ മാരിയറ്റ് ബാര്‍ ഹോട്ടലിലേക്കും എത്തി മദ്യപിച്ച ശേഷമാണ് അപകടമുണ്ടായത്.
വാഹനാപകടത്തില്‍ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തൃക്കാക്കര എംഎല്‍എ ഉമാ തോമസ്. വേര്‍പാട് സംഭവിച്ച കുടുംബങ്ങള്‍ക്ക് ആവശ്യമായ പിന്തുണ ലഭ്യമാക്കുകയും നീതി ഉറപ്പാക്കുന്നതിന് സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്നും എംഎല്‍എ പറഞ്ഞു.
'അമിതവേഗതയിലുള്ള വാഹനയാത്രയിലൂടെ മൂന്ന് വിലപ്പെട്ട ജീവനുകളാണ് കവര്‍ന്നെടുത്തത്. മൂന്ന് കുടുംബങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് ഈ ദുരന്തത്തിലൂടെ തകര്‍ന്നത്. പ്രിയപ്പെട്ടവരുടെ അപ്രതീക്ഷിത വേര്‍പാട് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപാഠികള്‍ക്കും സമ്മാനിച്ച വേദന വാക്കുകള്‍ക്കതീതമാണ്. ഈ ദാരുണമായ അപകടത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിച്ച് നീതി ഉറപ്പാക്കണം' ഉമാ തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.