
ഗാത്താ രഹേ മേരാ ദിൽ ... ഹൃദയം പാടുന്നു, പാടിക്കൊണ്ടിരിക്കുന്നു.. ശാശ്വതമായ പ്രണയത്തിന്റെ, ദൈനദിന ജീവിതത്തിന്റെ, കാലത്തിന്റെ പ്രയാണത്തെ എല്ലാറ്റിനെയും അതിജീവിച്ചുകൊണ്ട് ഹൃദയം പാടിക്കൊണ്ടിരിക്കുന്നു. അഭൗമമായ ആനന്ദത്തിന്റെ ഒഴുക്കാണത്.
മുംബൈയിൽ നിന്നുള്ള കവയിത്രി ഡോക്ടർ ശശികല പണിക്കരുടെ എഴുപത് കവിതകൾ അടങ്ങിയ കാവ്യസമാഹാരത്തിന്റെ പേരാണ് "ഗാഥാ രഹെ മേരാ ദിൽ". ഈ പുസ്തകം ഒക്ടോബർ പത്തിന് മുംബൈയിലെ ഡോംബിവിലിയിൽ വച്ച് കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ പ്രകാശനം ചെയ്യുകയുണ്ടായി.
എല്ലാ പാട്ടുകളും ആനന്ദത്തിന്റെയല്ലെന്നു മനസ്സിലാക്കുമ്പോൾ നമ്മൾ ഓർക്കേണ്ടത് സന്തോഷത്തിലും സന്താപത്തിലും ഹൃദയം പാടുമെന്നാണ്.

ആദ്യത്തെ രണ്ടു കവിതകളിൽ മാതാപിതാക്കളുടെ വിയോഗത്തിന്റെ നൊമ്പരങ്ങൾ മൂളുന്നവയാണ്. സ്വർണ്ണച്ചാമരം വീശിയെത്തിയ സ്വപ്‌നങ്ങൾ എന്ന കവിതയിൽ ഒരു പ്രണയനൈരാശ്യത്തിന്റെ വേദന പുരളുന്നുണ്ട്. മനസ്സിന്റെ വിഭ്രാന്തിയിൽ സാഗരത്തിരകൾ എന്തോ മന്ത്രിക്കുന്നതായി തോന്നുന്നു. കാതോർത്തിട്ടും കേൾക്കാൻ വയ്യ. എന്താണത് വ്യക്തമാകാത്തത്. എന്താണ് അത് അടുത്ത് വരാത്തത്.? കവിയുടെ അനുമാനങ്ങൾ നീളുന്നു. കവിതയിൽ ഒരു മയിൽപ്പീലിയുടെ ബിംബം കൊണ്ടുവരുന്നുണ്ട്. മഴക്കാറ് കാണുമ്പോഴാണ് മയിൽ പീലി വിടർത്തുന്നത്. മനസ്സിൽ ദുഃഖം മഴക്കാർ പരത്തുമ്പോഴും ഓർമ്മകളുടെ പീലിക്കെട്ടുകൾ അഴിഞ്ഞുവീഴുന്നു. ഒരു നഷ്ടപ്രണയത്തിന്റെ വന്ധ്യ മേഘങ്ങൾ അപ്പോൾ പെയ്യാതെ നീങ്ങിപ്പോകുന്നു.
ചെമ്പകപ്പൂക്കളുടെ സുഗന്ധത്തിനൊപ്പം അകന്നുപോയ പ്രിയമുള്ള ഒരാൾ, മഴത്തുള്ളിയിട്ടപ്പോൾ കാണാതായ ആൺകിളി, കുഞ്ഞിക്കിളിയെയും കൊണ്ട് വനാന്തരത്തിലേക്ക്പറന്നകലുന്ന അമ്മക്കിളി, കൂട്ട് വിടുന്ന വേദനയുടെ രാഗങ്ങൾ വരികളുടെ ഈണങ്ങളായി വരുന്നുണ്ട്. സൗന്ദര്യാരാധകയായ കവയിത്രിയുടെ സങ്കല്പ്പങ്ങൾക്കൊപ്പം സ്വപ്‌നങ്ങൾ എത്തുന്നില്ല. നക്ഷത്രപെണ്ണുങ്ങൾ മേഘപടിയിൽ ഇരുന്നു കാലാട്ടുന്ന നിശ്ശബ്ധത, നിശാഗന്ധി വിരിയുന്ന നിശ്ശബ്ദത അപ്പോൾ മന്ദമാരുതനിൽ ഒഴുകിവരുന്ന അനുരാഗസുരഭില ഈണങ്ങൾക്ക് കാതോർക്കാൻ വെമ്പുന്ന ഹൃദയം.എന്നാൽ എല്ലാറ്റിലും വിരഹത്തിന്റെ വേദനയുണ്ട്. എന്നാലും സ്നേഹം പിടിച്ചുവാങ്ങൽ ആകരുതെന്ന വിശ്വാസം. ബന്ധങ്ങളെ തിരമാലകളോട് ഉപമിക്കുന്നു. ശരിയാണ് ആലിംഗനങ്ങളിൽ മുഴുകി വേർപെട്ട് എവിടെയോ പോയി വീണ്ടും ആലിംഗനങ്ങളിൽ ഏർപ്പെടുന്ന വികൃതിയായ ബന്ധങ്ങൾ.

കവിമനസ്സ് എപ്പോഴും ഏതോ മായികസ്വപനങ്ങളിൽ മയങ്ങാൻ കൊതിക്കുന്ന പോലെയാണ്. സ്നേഹവും സന്തോഷവും എഴുന്നുളളുമ്പോൾ വേദന വഴിമാറണം എന്ന സിദ്ധാന്തം. ഒരു ശിശുവിനെപോലെ ആ മനോഹര നിമിഷം കൈപ്പിടിയിൽ ഒതുക്കാൻ അവർ ശ്രമിക്കുന്നു. കവിളത്തെ കണ്ണുനീരിന്റെ ഉപ്പുരസം മധുരിക്കുന്ന ഓർമ്മകളുടെ മഞ്ഞുത്തുള്ളികൾ മാച്ചുകളയുമോ എന്ന് ചിന്തിക്കുന്നുണ്ട്. അപ്പോൾ അവർ പാലിക്കുന്ന മൗനം മനസ്സിലാക്കേണ്ടവർക്ക് മനസിലാക്കാമെന്നു അവർ വിശ്വസിക്കുന്നു. കാരണം അവരുടെ മൗനത്തിന്റെ ഭാഷ വശമുള്ള ഒരാളേയുള്ളു. ഈ കവിതകളിലെല്ലാം പ്രണയാഭിലാഷങ്ങളുടെ നിറച്ചാർത്തുകൾ അവർ നിർലോഭം ചൊരിയുന്നുണ്ട്. പിന്നെ ഗൃഹാതുരത്വത്തിന്റെ നോവുകൾ പടരുന്ന വരികൾ. സ്വന്തം നാടായ ചവറയിലേക്ക് ഓടാൻ കൊതിക്കുന്ന സുപ്രതീക്ഷകൾ. അവിടെ ചെല്ലുമ്പോൾ എന്തൊക്കെ ചെയ്യണമെന്ന ആലോചനയിൽ മനസ്സ് കവിയുന്നു.അമ്പലത്തിലെ ആൽത്തറയിൽ കിളികൾക്ക് തീറ്റ കൊടുക്കാം ദേവിയെ തൊഴാം, സർപ്പക്കാവിൽ തൊഴാം മുത്തശ്ശിയുടെ അസ്ഥിത്തറയിൽ ചെന്ന് എണ്ണയുടെയും കുഴമ്പിന്റെയും മണം ശ്വസിക്കാം.
ചക്രവാളത്തിൽ നിന്നും ഓടിക്കിതച്ചെന്ന തിരകളോട് എപ്പോഴും കിന്നാരം പറയുന്നത് കവയിത്രിക്ക് ഒരു സുഹൃത്‌സംഭാഷണം പോലെയാണ്. എന്തിനു കരയിലേക്ക് ഓടി വന്നു കരഞ്ഞുകൊണ്ട് തിരിച്ചുപോകുന്നത് എന്ന് അവർ ചോദിക്കുന്നു. പ്രക്രുതിയുടെ ഓരോ ചലനങ്ങളിലും ജീവിതം കണ്ടെത്തുന്ന കവയിത്രി. “പ്രണയത്തിന്റെ രാജകുമാരി” മാധവിക്കുട്ടിയെ കണ്ട കാര്യം എത്ര ഹൃദയസ്പര്ശിയായിട്ടാണ് എഴുതിയിരിക്കുന്നത്.ചുരുൾമുടി തുമ്പത്ത് കവിതകൾ കെട്ടിയിട്ടുണ്ടോ എന്ന മാധവിക്കുട്ടിയുടെ ചോദ്യം അന്വർത്ഥമായി. ഓരോ കവിതകൾ മുടിച്ചുരുളിൽ നിന്നും തുള്ളിയായി വീഴുന്നു.
മോഹങ്ങളുടെയും മോഹഭംഗങ്ങളുടെയും വരികളും ഉണ്ട്. നിറവേറില്ലെന്നു അറിയുന്ന മോഹങ്ങളെയും അവർ മോഹിക്കുന്നു. പ്രിയമുള്ളവൻ ചതിച്ചൊഴിയുമ്പോഴും നിശ്ശബദത കെട്ടുന്ന കൂട്ടിൽ കരയാതെ പിടിച്ചുനിൽക്കാനുള്ള മനഃസംയമനം നേടുന്ന കരുത്ത്. അത് വരികളിലും പ്രകടിപ്പിക്കുന്നു. മുക്‌തചന്ദസ്സുകളിൽ തീർത്ത മനോഹരമായ ഗദ്യകവിതകൾ ഓരോന്നും വായിച്ച് ആസ്വദിക്കേണ്ടത് തന്നെ. കാവ്യസമാഹാരത്തിന്റെ അവസാനഭാഗത്ത് എത്തുമ്പോൾ തീർത്തും ഗദ്യത്തിൽ എഴുതിയ വരികൾ ഉണ്ട്. ഭാവനസമ്പന്നമായ വരികൾ. കവിതപോലെ മനസ്സിനെ ഭ്രമിപ്പിക്കുന്നത്. ഉണങ്ങാത്ത ഒരു മുറിവിനെപ്പറ്റി പറയുന്നത് വളരെ ചിന്തിപ്പിക്കുന്നതാണ്. മുറിവ് എവിടെയാണെന്നറിയില്ല. പക്ഷെ അത് അനങ്ങുമ്പോഴൊക്കെ ചോര കിനിയുന്നു. പൊൻവെയിൽ പോലെ സുഖം പകർന്നു അഗ്നിപോലെ പൊള്ളിക്കുന്ന നഗ്നമായ ജീവിതാനുഭവങ്ങളുടെ കാവ്യാവിഷ്കാരങ്ങളാണ് ഓരോ കവിതകളും.
ഡോക്ടർ ശശികല പണിക്കർക്ക് ഭാവുകങ്ങൾ നേരുന്നു. പുസ്തകത്തിന്റെ കോപ്പികൾക്കായി ബന്ധപെടുക- സ്ഥിതി പുബ്ലികേഷൻസ്,കൊല്ലം. അല്ലെങ്കിൽ കവിയിത്രിയുമായി ബന്ധപ്പെടുക.
ശുഭം

കൊല്ലം ചവറ DSP ദിവാകര പണിക്കരുടെയും ദേവയി അമ്മയുടെയും മകൾ കൊല്ലം SN College ൽ നിന്നും chemistry യിൽ MSCMumbai IIT യിൽ നിന്നും polymer chemistry യിൽ Doctorate.
Henkal എന്ന ജർമ്മൻ CO യിൻ R&D യുടെ Head ആയി ജോലി ചെയ്യുന്ന കലത്ത് ഒരു സ്വന്തം സ്ഥാപനം തുടങ്ങി ഇന്ന് സ്വന്തം സ്ഥാപനം Sachin Speciality Che micals [ P] Ltd എന്ന പേരിൽ ഒരു കമ്പനി നടത്തുന്നു
എഴുത്തിലും വായനയിലും സമയം ചിലവഴിക്കാൻ ഇഷ്ടം.
8 നോവലുകൾ എഴുതിയിട്ടുണ്ട് അംഗീകാരവും ആദരവും നേടി.. സാമൂഹ്യ സേവനം, ജീവകാരുണ്യപ്രവർത്തനങ്ങൾ ആണ് മുഖ്യം കുടബസമേതം ബദലാപ്പൂർതാമസം മകൻ സച്ചിൻ എന്നോടൊപ്പംകമ്പനി നോക്കി നടത്തുന്നു