
പി.വി.ആല്‍ബി
'ജീവിതം മന്ത്രിക്കുന്നു നിങ്ങളില്‍ച്ചിലരെന്റെ
പൂവനത്തണല്‍തോറും സ്വപ്‌നംകണ്ടിരിക്കുമ്പോള്‍
ചിലരെന്‍ മണല്‍ക്കാട്ടിന്‍ മദ്ധ്യത്തിലൊരുതുള്ളി
ജലമെങ്കിലും കിട്ടാതാര്‍ത്തരായ്‌പ്പൊരിയുന്നു.'
(ചങ്ങമ്പുഴ കൃഷ്ണപിള്ള)
കുട്ടിക്കാലത്ത് സ്‌കൂളില്‍ പഠിച്ചപാട്ട് ഇപ്പോഴും എന്റെ മനസ്സില്‍ തെളിഞ്ഞുവരുന്നു. കുട്ടിക്കാലത്ത് സ്‌കൂളില്‍ പാട്ടുകാണാപ്പാഠം പഠിച്ചെങ്കിലും അതെഴുതിയ മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ള സ്പന്ദിക്കുന്ന 'അസ്ഥിമാടം' എന്ന കൃതി എഴുതിയ സാഹചര്യത്തെപ്പറ്റി ഞാന്‍ ഓര്‍ത്തുപോകുന്നു. ഞാന്‍ ജനിക്കുന്നതിന് മുന്‍പ് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞിരുന്നു. അദ്ദേഹത്തോടു താരതമ്യപ്പെടുത്തുമ്പോള്‍ നാമൊക്കെ ആരാണെന്ന് ചിന്തിച്ചുപോകുന്നു.
പെരുമയും പദവിയുമൊന്നും ശാശ്വതമല്ലെന്നും, അവയെ മാത്രം ലക്ഷ്യമാക്കിയുള്ള ജീവിതം വ്യര്‍ത്ഥമാണെന്നും, നിഷ്‌കളങ്കമായ ഹൃദയമുള്ളവര്‍ക്കുമാത്രമേ ജീവിതത്തില്‍ സുഖവും ആനന്ദവും അനുഭവിക്കാന്‍ കഴിയുകയുള്ളൂ എന്ന തിരിച്ചറിവ് എനിക്കുണ്ടായതുകൊണ്ടുമാത്രമാണ് കഴിഞ്ഞ കാലത്തിലേയ്ക്ക് തിരിഞ്ഞുനോക്കാനും എന്റെ ആത്മകഥ എഴുതാനും ഞാന്‍ പ്രേരിതനായത് എന്നു പറഞ്ഞുകൊള്ളട്ടെ.
എന്റെ ചെറുപ്പക്കാലം ഇന്നത്തെ പല ചെറുപ്പക്കാരുടേതില്‍നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. ഇന്നുള്ള കുട്ടികള്‍ അധികവും അവരുടെ വിദ്യാഭ്യാസം ലേബര്‍ ഇന്‍ഡ്യ ഗുരുകുലം പബ്ലിക് സ്‌കൂളിനെപ്പോലുള്ള ബോര്‍ഡിങ്ങ് സ്‌കൂളുകളില്‍ ആയിരിക്കുമെന്നു പറയേണ്ടതില്ലല്ലോ. എന്നാല്‍ എന്റെ ചെറുപ്പകാലം, ഞാന്‍ കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതുവരെ കടപ്ലാമറ്റത്തും, പാലക്കാട്ടുമലയിലും ആയിരുന്നു. ആ കാരണത്താല്‍ അക്കാലത്ത് നാട്ടിലുണ്ടായിരുന്ന മിക്കവീട്ടുകാരും എന്നെ അറിയുമായിരുന്നു, അതുപോലെ അവരെ ഞാനും.

V. J. Chacko Kulangara receiving Award for his Community Service.
ഞാന്‍ ഈ അദ്ധ്യായം എഴുതാന്‍ തുടങ്ങിയപ്പോള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് യൂറോപ്പ് തീര്‍ത്ഥാടനയാത്രയില്‍ ആകസ്മികമായി പരിചയപ്പെടാനിടയായ, ഇറ്റലിയില്‍ ഒരു മിഷനറി വൈദികനായി ജോലി ചെയ്തുകൊണ്ടിരുന്ന റവ.ഫാ. സണ്ണി ജോസഫ് എന്നെ ഫോണില്‍ വിളിച്ച് തോമസുചേട്ടന്റെ ആത്മകഥ ഞാന്‍ വായിച്ചു എന്നും പാലക്കാട്ടുമലക്കാരനായ റവ.ഡോ. ജോസ് കൈമളേട്ടിനെപ്പറ്റി ഒരല്പമെങ്കിലും എഴുതാതെ പോകരുതെന്നും, ലോക പ്രശസ്തനായ ഒരു വൈദികനാണ് അദ്ദേഹമെന്നും എന്നെ ഓര്‍മ്മിപ്പിച്ചു. പാലക്കാട്ടുമല എന്ന പ്രദേശത്തിന്റെ കീര്‍ത്തി ലോകമെമ്പാടും അറിയിച്ച ഒരു വൈദികനായിരുന്നു റവ.ഡോ. ജോസ് കൈമളേട്ട്. കുളങ്ങര തറവാട്ടില്‍ നിന്നും അധികം ദൂരെ അല്ലായിരുന്നു കൈമളേട്ടെ അറിയപ്പെടുന്ന വീട്. അവരുടെ വീടിന്റെ മുമ്പിലൂടെ ആയിരുന്നു ഞാന്‍ കുളങ്ങര തറവാട്ടില്‍ നിന്നും പരിവാരസമേതം കന്നുകാലികളെ മേയ്ക്കുന്നതിനും ഇഞ്ചികൃഷി നടുന്നതിനുമായി നടന്നുപോയിക്കൊണ്ടിരുന്നത്.
പാലക്കാട്ടുമല പ്രദേശത്ത് അക്കാലത്തുണ്ടായിരുന്ന വീടുകളില്‍ വച്ച് വലിയൊരു വീടായിരുന്നു കൈമളേട്ട് കുഞ്ഞാച്ചന്‍ ചേട്ടന്റെ വീട്. അദ്ദേഹം എന്റെ വല്ല്യപ്പന്‍ കുളങ്ങര ഔസേപ്പ് ഔസേപ്പിന്റെ തരപ്പടിക്കാരന്‍ ആയിരുന്നു. ഒരു പൊതുക്കാര്യപ്രസക്തനും എന്റെ പിതാവിന്റെ ചിറ്റപ്പന്‍ (വല്ല്യപ്പന്റെ അനുജന്‍) റവ.ഫാ. ജോസഫ് കൂവള്ളൂര്‍ മരങ്ങാട്ടുപിള്ളി പള്ളിയിലെ വികാരി ആയിരുന്ന കാലത്ത് കൈമളേട്ടു കുഞ്ഞാച്ചന്‍ ചേട്ടനും കുടുംബവും മരങ്ങാട്ടുപിള്ളി ഇടവകക്കാര്‍ ആയിരുന്നു. എന്നുതന്നെയല്ല കൂവള്ളൂര്‍ കുടുംബവും കുളങ്ങര കുടുംബവുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് കുഞ്ഞാച്ചന്‍ ചേട്ടന്‍. അക്കാരണത്താല്‍ത്തന്നെ ഞാന്‍ അവരുടെ വീടിന്റെ മുമ്പിലുള്ള പാലക്കാട്ടുമല റോഡിലൂടെ നടന്നു പോകുന്നത് കാണുമ്പോള്‍ എന്റെ അമ്മയുടെയും വീട്ടുകാരുടെയും വിവരങ്ങള്‍ തിരക്കുമായിരുന്നു.
കൈമളേട്ട് കുഞ്ഞാച്ചന്‍ (കുര്യാക്കോസ്) ചേട്ടന്റെ ഭാര്യ അന്നമ്മ കുടക്കചിറ അന്തീനാട്ട് എന്ന വീട്ടിലേതാണ്. അവരുമായി എന്റെ പിതാവിന് അടുത്ത കുടുംബബന്ധം ഉണ്ടായിരുന്നു. കൈമളേട്ട് കുഞ്ഞാച്ചന്‍ ചേട്ടന്റെ 10 മക്കളില്‍ നാലാമത്തെ മകന്‍ ആയിരുന്നു റവ.ഡോ. ജോസ് കൈമളേട്ട് എന്ന സ്മര്യപുരുഷന്‍. 1941 ല്‍ ആയിരുന്നു റവ.ഡോ. ജോസ് കൈമളേട്ടിന്റെ ജനനം. വൈദികപഠനകാലത്ത് റോമില്‍ നിന്നും എം.എ.എം.എഡ് ബിരുദം നേടിയതോടൊപ്പം കാനോന്‍ നിയമത്തില്‍ ഡോക്ടറേറ്റും നേടിയ അദ്ദേഹം 1984 ല്‍ ഹെറാള്‍ഡ് ഓഫ് ഗുഡ് ന്യൂസ് എന്ന സഭാസമൂഹം സ്ഥാപിച്ചു. 1999 ല്‍ സഭ പൊന്തിഫിക്കല്‍ പദവി നേടി. അമേരിക്ക, ആഫ്രിക്ക, ഇറ്റലി, ഇന്‍ഡ്യ തുടങ്ങി നിരവധി രാജ്യങ്ങളില്‍ ആതുരാലയങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവ സ്ഥാപിച്ചതിനു പുറമെ സിസ്റ്റേഴ്‌സ് ഓഫ് ഗുഡ് ന്യൂസ്, മിഷനറീസ് ഓഫ് കംപാഷന്‍ എന്ന വൈദീകര്‍ക്കുവേണ്ടിയുള്ള ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് പ്രീസ്റ്റ്‌സ് എന്ന ചാരിറ്റബിള്‍ ആന്‍ഡ് സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ആഗോള തലത്തില്‍ സ്ഥാപിച്ചു.
ഇവയ്‌ക്കെല്ലാം പുറമെ റവ.ഡോ. ജോസ് കൈമളേട്ട് സ്ഥാപിച്ചതാണ് ഗുഡ് സമരിറ്റന്‍ ക്യാന്‍സര്‍ ആന്‍ഡ് ജനറല്‍ ഹോസ്പിറ്റല്‍ ആന്ധ്ര (അിറൃമ) പ്രദേശിലെ ഏലൂര് എന്ന പ്രദേശത്ത് 150 ഓളം രോഗികള്‍ക്ക് കിടന്നു ചികിത്സിക്കാവുന്ന ഒരു ഹോസ്പിറ്റലാണിത്. സമൂഹത്തിലെ നിര്‍ദ്ധനരായ രോഗികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു ആതുരാലയമാണിത്. ഇവയ്‌ക്കെല്ലാം പുറമെ സെന്റ് ജോസഫ്‌സ് ഓര്‍ഫനേജ് എന്ന ഒരു അനാഥാലയവും റവ.ഡോ. ജോസ് കൈമളേട്ട് എന്ന പാലക്കാട്ടുമലക്കാരന്‍ സ്ഥാപിച്ചവയില്‍ ചിലതാണ്.
അങ്ങിനെ, പാലക്കാട്ടുമലയുടെ പ്രശസ്തി ലോകമെമ്പാടും പ്രചരിപ്പിച്ച ഒരു മഹത്‌വ്യക്തിയെ നേരിട്ടു കാണുന്നതിനും, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും അടുത്തറിയുന്നതിനും എനിക്കു കഴിഞ്ഞത് ഒരു നിമിത്തമായി ഞാന്‍ കരുതുന്നു.

My Childhood playmate and lifelong friend Chackochen Kulangara with family.
കൈമളേട്ടുകാരുടെ തറവാട് ആയിരുന്നു എന്റെ വല്ല്യപ്പന്‍ കുളങ്ങര കൊച്ചേട്ടന്‍ എന്ന ഔസേപ്പ് ഔസേപ്പ് കുളങ്ങര വാങ്ങിയ താഴത്തുരുത്തി എന്ന പുരയിടം. ആ വിശാലമായ പുരയിടത്തില്‍ ഒരിയ്ക്കല്‍ കന്നുകാലി തീറ്റാന്‍ കൂട്ടുകാരോടൊത്തു പോയ ഞാന്‍ ഒരു മരത്തിന്റെ പൊത്തില്‍ മരം കൊത്തിയുടെ കുഞ്ഞുങ്ങള്‍ ഉണ്ടെന്ന ചിന്തയോടെ കൈയിട്ടു. പക്ഷേ, ആ മരപ്പൊത്തില്‍ മാരകവിഷമുള്ള 'ഇറുക്കുലി' എന്ന പേരില്‍ അറിയപ്പെടുന്ന ആറുകാലുകളുള്ള ജീവി എനിക്കായി കാത്തിരിപ്പുണ്ടായിരുന്നുവെന്ന് ഞാന്‍ അറിഞ്ഞില്ല. കൈ പൊത്തിലിട്ടതേ ആ ഭീകരജീവി എന്നെ കടിച്ചു. കടിയേറ്റ ഞാന്‍ എങ്ങിനെയോ മരത്തില്‍നിന്നും ഊര്‍ന്ന് താഴെവന്നു. ബോധംമറിഞ്ഞു. പിന്നെ ഒന്നും അറിഞ്ഞില്ല. എന്റെ കുളങ്ങര തറവാട്ടിലെ അമ്മാവനും, അമ്മായിയും, പറമ്പില്‍ പണിക്കുണ്ടായിരുന്ന പണിക്കാരും, എന്റെ അമ്മയുടെ ജ്യേഷ്ഠത്തിയുടെ മക്കളും എല്ലാവരുംകൂടി എന്നെ എടുത്തുകൊണ്ട് ഒരുമൈലില്‍ അധികം ദൂരമുള്ള പുല്‍പ്പേല്‍ വൈദ്യന്‍ എന്ന വിഷകാരിയുടെ അടുക്കല്‍ക്കൊണ്ടുപോയതായും അവിടെ രക്ഷയില്ലെന്നു പറഞ്ഞതിനാല്‍ ചേര്‍പ്പുങ്കല്‍ അടുത്തുള്ള പാളയത്തില്‍ താമസിച്ചിരുന്ന പ്ലാച്ചേരില്‍ വൈദ്യന്‍ എന്ന പേരുകേട്ട വിഷകാരിയുടെ അടുക്കല്‍ കൊണ്ടുപോയതായും ആ വൈദ്യന്‍ എന്തോ മരുന്നു പുരട്ടിയപ്പോള്‍ ഞാന്‍ കണ്ണുതുറന്നതായും പിന്നീട് എന്റെ അമ്മാവന്മാര്‍ പറഞ്ഞപ്പോഴാണ് ഞാന്‍ അറിയുന്നത്. അങ്ങിനെ ഒരിക്കല്‍ കൂടി മരണത്തില്‍നിന്നും ഞാന്‍ രക്ഷപ്പെട്ടു.
വൈദ്യന്റെ അടുക്കല്‍ നിന്നും കുളങ്ങര തറവാട്ടില്‍ എത്തിച്ച എന്നെ കട്ടിലില്‍കിടത്തി എന്റെ കൈപ്പത്തിയുടെ പുറത്ത് ഒരു പഴുത്ത പ്ലാവില വിഷം വലിച്ചെടുക്കുന്ന ഏതോ എണ്ണ ചൂടാക്കി അതില്‍മുക്കി ചൂടോടെ എന്റെ കൈയില്‍ വയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ ഭദ്രകാളിയെപ്പോലെ കലിതുള്ളി ആരെയും എന്റെ കൈയില്‍ തൊടാന്‍ അനുവദിച്ചില്ലെന്നും ഒടുവില്‍ എന്റെ പിതാവിനെ കടപ്ലാമറ്റത്ത് ആളയച്ചുവരുത്തിയാണ് പിന്നീട് ഞാന്‍ ശാന്തമായത് എന്നും എന്റെ സ്വന്തക്കാരെല്ലാം പറഞ്ഞ് ഞാന്‍ അറിഞ്ഞു.
പാലക്കാട്ടുമല പ്രദേശത്തുള്ളവരെല്ലാം അന്ന് കുളങ്ങര തറവാട്ടില്‍ തടിച്ചുകൂടി എന്നു പറഞ്ഞാല്‍ ഊഹിക്കാമല്ലോ. അന്നത്തെ എന്റെ ബഹളം കേട്ട ചില അയല്‍പക്കംകാര്‍ എന്നെ കാണുമ്പോള്‍ വിളിച്ചിരുന്നത് 'പതിനെട്ടന്‍' എന്നായിരുന്നു. അതിന്റെ അര്‍ത്ഥം അറിയാവുന്ന മലയാളികള്‍ ഇന്നും മലയാളക്കരയില്‍ ഉണ്ടാവുമെന്നു ഞാന്‍ കരുതുന്നു. പില്‍ക്കാലത്ത് അമേരിക്കയിലെത്തിയ ഞാന്‍ ജോണ്‍ ഫെലിക്‌സ് എന്ന ഒരു പാലാക്കാരനുമായി പരിചയപ്പെടുകയും അദ്ദേഹം ഏൃീൗു ീള 10 (ഗ്രൂപ്പ് ഓഫ് 10) എന്ന പേരില്‍ തന്റേടവും കഴിവുമുള്ള മലയാളികളെ കൂട്ടിയോജിപ്പിച്ച് ഒരു പ്രസ്ഥാനം ഉണ്ടാക്കാന്‍ എനിക്കു പ്രചോദനം നല്‍കിയതും ഇന്ന് ടെക്‌സാസില്‍ സ്ഥിരമായി താമസിക്കുന്ന ഏ.സി ജോര്‍ജ് ആടുകുഴിയില്‍, ജേക്കബ് കല്ലുപുരയ്ക്കല്‍, (ഇപ്പോള്‍ അദ്ദേഹം നിമയത്തില്‍ ഡോക്ടറേറ്റ് എടുത്തു ബോസ്റ്റണില്‍ താമസിക്കുന്നു). ഡോക്ടര്‍ ഏ.കെ.ബി. പിള്ള, എന്നിവരെ കൂട്ടി എല്ലാവിധ മേഖലകളിലും അറിവുള്ള 10 പേരെ സംഘടിപ്പിച്ചുവെങ്കിലും അത് പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ കഴിയാതെ പോയി.
ഒരുപക്ഷേ, ചെറുപ്പകാലത്ത് ഞാന്‍ വളര്‍ന്നുവന്ന സമൂഹവുമായുള്ള കൂട്ടായ്മ ആയിരുന്നു പിന്നീട് പല പ്രസ്ഥാനങ്ങള്‍ ഉണ്ടാക്കാന്‍ എനിക്ക് പ്രചോദനമായിത്തീര്‍ന്നത്. കേരളത്തില്‍ ആയിരുന്നപ്പോഴും ഇന്‍ഡ്യയുടെ പല ഭാഗങ്ങളിലും ജീവിച്ചപ്പോഴും എനിക്ക് സമൂഹവുമായി നല്ല ബന്ധങ്ങള്‍ അരക്കിട്ടുറപ്പിക്കാന്‍ കഴിഞ്ഞിരുന്നു. അമേരിക്കയില്‍ വന്നശേഷവും സമൂഹവുമായി ഒത്തുചേര്‍ന്നുപോകാനും പലപ്പോഴും എന്റെ കഴിവുകള്‍ പ്രകടിപ്പിക്കാനും എനിക്കുകഴിഞ്ഞു എന്നുള്ളത് എനിക്കുതന്നെ നന്നായറിയാം. പക്ഷേ, അമേരിക്കയില്‍ വന്നശേഷമാണ് 'പാരകള്‍' എന്ന ഒരു പദപ്രയോഗം ഞാന്‍ കേള്‍ക്കുന്നതുതന്നെ. പിന്നീട് പാരകളെ മനസ്സിലാക്കുന്നതിനും, പാരവയ്ക്കുന്നവരുടെ പാര ഒടിച്ച് രണ്ടാക്കി തിരിച്ച് അവര്‍ക്ക് കൊടുക്കാനും ശത്രുസംഹാരവിദ്യ തന്നെ ഞാന്‍ പഠിച്ചു എന്നു പറഞ്ഞാല്‍ മതിയല്ലോ. ഞാന്‍ എഴുതുന്ന ഈ ഭാഷ പല മലയാളികള്‍ക്കും മനസ്സിലായെന്നു വരുകയില്ല.

Late Very Rev. Dr. Jose Kaimlett , Founder of Heralds of Good News, Missionaries of Compassion, and Sisters of Good News.
ചുരുക്കം ഇതാണ്, നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സല്‍പ്രവര്‍ത്തികള്‍ കണ്ട് സഹികെടുന്ന ചില മലയാളികള്‍ നമ്മുടെ ഇടയിലുണ്ട്. ഇത്തരക്കാരാണ് പല വേഷങ്ങളില്‍ സത്യസന്ധതയും ആത്മാര്‍ത്ഥതയുമുള്ള ആള്‍ക്കാരോട് അടുത്തുകൂടി അവരെ പിന്നില്‍നിന്നും കുത്തി വീഴ്ത്താന്‍ ശ്രമിക്കുന്നത്. അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന മിക്ക അസോസിയേഷനുകളിലും നടക്കുന്നത് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ്. ഫൊക്കാനാ ഫോമ ആയിമാറിയതും, എല്ലാം ഇതിനുദാഹരണങ്ങളാണ്. ഇപ്പോള്‍ അമേരിക്കയില്‍ ഇരുന്നുകൊണ്ട് ഇതെഴുതുന്ന എനിക്ക് എല്ലാം വ്യക്തമായി കാണാന്‍ കഴിയും. കേരളത്തിലെ രാഷ്ട്രീയ കുതികാല്‍ വെട്ടലുകളുമെല്ലാം ഇതിന് ഉദാഹരണങ്ങളാണല്ലോ. ആത്മാര്‍ത്ഥതയുള്ളവരെ എങ്ങിനെയും മറിച്ചിടാനുള്ള മലയാളികളുടെ വഞ്ചനാപരമായ തരംതാഴ്ന്ന വ്യക്തിത്വത്തില്‍നിന്നും ഉണ്ടാകുന്ന ഒരു പ്രതിഭാസം. യേശുക്രിസ്തുവിനെ യൂദാസ് ഒറ്റിക്കൊടുത്തതും, തച്ചോളി ഒതേനനെയും, കുഞ്ഞിച്ചന്തുവിനെയുമെല്ലാം വീഴ്ത്തിയവരും ഈ ഗണത്തില്‍പ്പെടുന്നു. ഇത്തരക്കാര്‍ ഇന്നും നമ്മുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരക്കാര്‍ക്കെതിരെ ജാഗരൂകരായിരിക്കുക എന്നാണ് അനുഭവജ്ഞാനമുള്ള എനിക്ക് വായനക്കാരോട് പറയാനുള്ളത്.
ഇന്ന് ഒക്ടോബര്‍ 9, 2026 അമേരിക്കയില്‍ ഏകനായിരുന്ന് ഇതെഴുതുന്ന സമയം കഴിഞ്ഞ 12 വര്‍ഷത്തിലേറെ ഇന്‍ഡ്യയുടെ ചരിത്രത്തില്‍ ആദ്യമായി ഇന്‍ഡ്യയുടെ പേര് ലോകരാഷ്ട്രങ്ങള്‍ക്കു മുമ്പില്‍ കൊണ്ടുവരാന്‍ കഴിഞ്ഞ ഇന്‍ഡ്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ മാറ്റിയിട്ടേ അടങ്ങൂ എന്നു പറഞ്ഞ് ഇറ്റലിക്കാരിയായ സോണിയാഗാന്ധിയും അവരുടെ രണ്ടുമക്കളും കാണിക്കുന്ന വൃത്തികേടുകള്‍ കണ്ടപ്പോള്‍ വാസ്തവത്തില്‍ ഇന്‍ഡ്യയില്‍ ജനിച്ച് ഏറെക്കുറെ നാലുദശവത്സരങ്ങള്‍ അവിടെ ചിലവഴിച്ച എനിക്ക് എന്റെ രക്തം തിളച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ. അതിനുകാരണമുണ്ട്. 1988 ഫെബ്രുവരി മാസം ഏഴാം തീയതി ഇന്‍ഡ്യയില്‍നിന്നും അമേരിക്കയിലെത്തിയ ഞാനും എന്റെ ഭാര്യ സിസിലിയും ഇന്‍ഡ്യയില്‍ ജനിച്ച്, ഇന്‍ഡ്യയില്‍ വളര്‍ന്നു ഇന്‍ഡ്യയില്‍ ജോലി ചെയ്ത് അമേരിക്കയിലെത്തിയവരാണ്. 2010 വരെ ഞങ്ങള്‍ക്ക് ഇന്‍ഡ്യന്‍ പാസ്‌പോര്‍ട്ടുപയോഗിച്ച് ഇന്‍ഡ്യയില്‍ വരുന്നതിനോ, താമസിക്കുന്നതിനോ യാതൊരു തടസ്സങ്ങളുമില്ലായിരുന്നു. 2010 ല്‍ ഇന്‍ഡ്യയിലെ വിദേശകാര്യവകുപ്പിന്റെ ചുമതല ഉണ്ടായിരുന്ന വയലാര്‍ രവിയുടെ കാലത്ത് വിദേശകാര്യമന്ത്രാലയം പെട്ടെന്ന് ഒരു തീരുമാനം പാര്‍ലമെന്റില്‍പോലും അവതരിപ്പിക്കാതെ നടപ്പാക്കി. വിദേശത്തു ജോലി എടുക്കുന്നവര്‍ ഏതെങ്കിലും രാജ്യത്തെ സിറ്റിസണ്‍ ഷിപ്പ് എടുത്തിട്ടുണ്ടെങ്കില്‍ ഇന്‍ഡ്യന്‍ സിറ്റിസണ്‍ഷിപ്പ് സറണ്ടര്‍ ചെയ്യണം എന്നതായിരുന്നു നിയമം. 2010 ല്‍ ഇന്‍ഡ്യ ഭരിച്ചിരുന്നത് കോണ്‍ഗ്രസ് ഗവണ്‍മെന്റായിരുന്നു എന്നോര്‍ക്കണം. അവര്‍ എന്തു തീരുമാനം എടുത്താലും അതിനെ ആരും ചോദ്യം ചെയ്യാത്തകാലം. അതേസമയം 2014 ല്‍ ബി.ജെ.പി അധികാരത്തില്‍ വന്നശേഷം വളരെ നിസ്സാരമായ കാര്യങ്ങള്‍പോലും രാജ്യസഭയിലും ലോകസഭയിലും വന്‍ഭൂരിപക്ഷത്തോടെ പാസ്സാക്കിയെങ്കില്‍മാത്രമേ നിയമം നടപ്പാക്കാന്‍ അനുമതി ലഭിക്കുകയുള്ളൂ. അതിന്റെ പ്രത്യാഘാതങ്ങളാണല്ലോ ന്യൂഡല്‍ഹിയില്‍ കുറെ പാറ്റാക്കുഞ്ഞുങ്ങളും, വിദേശ വനിതയില്‍ ഉണ്ടായ രണ്ട് ഇറ്റാലിയന്‍ വംശജരും കാണിച്ചുകൊണ്ടിരിക്കുന്ന കോപ്രായങ്ങള്‍.
വാസ്തവത്തില്‍ ഇന്ന് ഇന്‍ഡ്യയില്‍ നടന്നുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളുടെ കോപ്രായങ്ങള്‍ കണ്ടപ്പോള്‍ എന്റെ മനസ്സിലുള്ളത് ഇവിടെ രേഖപ്പെടുത്തണമെന്ന് എനിക്കുതോന്നി. 2010 ല്‍ ന്യൂയോര്‍ക്കിലെ ഒരു ഇന്‍ഡ്യാക്കാരന്‍ മരിച്ചപ്പോള്‍ അയാളുടെ മൃതശരീരം കേരളത്തിലേയ്ക്കു കൊണ്ടുപോകുന്നതിന് ന്യൂയോര്‍ക്കിലെ ഇന്‍ഡ്യന്‍ കോണ്‍സുലേറ്ററുമായി ബന്ധപ്പെട്ടപ്പോള്‍ മരിച്ചയാള്‍ അമേരിക്കന്‍ സിറ്റിസണ്‍ഷിപ്പ് എടുത്തു എന്നും, ഇന്‍ഡ്യന്‍ സിറ്റിസണ്‍ഷിപ്പ് സറണ്ടര്‍ ചെയ്തില്ലെന്നുമുള്ള കാരണത്താല്‍ മരിച്ചയാളുടെ വീട്ടുകാരില്‍ നിന്നും വന്‍തുക, എന്റെ അറിവുശരിയാണെങ്കില്‍ രണ്ടായിരം ഡോളറിലേറെ അന്നത്തെ കോണ്‍ഗ്രസ് ഗവണ്‍മെന്റിന്റെ വിദേശകാര്യവകുപ്പ് കൈകാര്യം ചെയ്യുന്നവര്‍ ഈടാക്കി. മരിച്ച വ്യക്തിയുടെ വീട്ടുകാര്‍ നീതിക്കുവേണ്ടി പോരാടുന്ന ഒരാള്‍ എന്ന നിലയില്‍ എന്നെ വിവരം അറിയിച്ചു. അന്നത്തെ കാലത്ത് ഞാനുമായി പരിചയമുള്ള ആക്ടിവിസ്റ്റുകളായ തോമസ് റ്റി. ഉമ്മന്‍, ന്യൂയോര്‍ക്കിലെ റോക്ക് ലാന്റിലുള്ള റോമാ എന്ന സംഘടനയുടെ നേതാക്കള്‍, ന്യൂജേഴ്‌സിയില്‍ അറിയപ്പെട്ടിരുന്ന തോമസ് എം. തോമസ്, ജോസ് പിന്റോ സ്റ്റീഫന്‍, ഡോ. പോള്‍സണ്‍, അങ്ങിനെ ഏതാണ്ട് മുപ്പതോളം പേര്‍ ഇന്‍ഡ്യന്‍ കോണ്‍സുലേറ്റിന്റെ മുമ്പില്‍ പോയി പ്രതിഷേധം നടത്തിയതിന്റെ വെളിച്ചത്തില്‍ വന്‍തുക പിഴ അടയ്‌ക്കേണ്ടതിനു പകരം 25 ഡോളര്‍ എന്ന് ഒരു നിയമം വയലാര്‍ രവിയുടെ വ്യക്തിപരമായ ഉറപ്പില്‍ തീര്‍പ്പുകല്പിച്ചു.
ഈ സംഭവത്തിനുശേഷം ഇന്‍ഡ്യന്‍ സിറ്റിസണ്‍ഷിപ്പ് ആക്ട് 1955നെപ്പറ്റിയും, 2009 ലെ ഇന്‍ഡ്യന്‍ സിറ്റിസണ്‍ഷിപ്പ് ആക്ടിനെപ്പറ്റിയും ഞാന്‍ കൂടുതലായി റിസേര്‍ച്ച് നടത്തി. അപ്പോഴാണ് മനസ്സിലായത് ''The Indian citizenship surrender Act'' that was enforced in 2010 was only an executive policy regulation (Administrative rules and consular guidelines) issued by the ministry of External Affairs (MEA), not a new Act of parliament. എന്ന പരമമായ സത്യം.
2011- ല്‍ മുന്‍ പ്രധാനമന്ത്രി ആയിരുന്ന അടല്‍ ബിഹാരി വാജ്‌പേയിയുമായി ചിലര്‍ ബന്ധപ്പെട്ടപ്പോള്‍ ഇന്ത്യയ്ക്ക് ഇരട്ടപൗരത്വം വാഗ്ദാനം ചെയ്തതുമാണ്. നരേന്ദ്രമോദി ഗുജറാത്തില്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ഇരട്ടപൗരത്വം വേണമെന്ന ആശയം അതിശക്തമായ ഭാഷയില്‍ പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതുമാണ്. പക്ഷേ, സോണിയയുടെ കീഴിലുള്ള കോണ്‍ഗ്രസ് ഗവണ്‍മെന്റ് ആ ഇരട്ടപൗരത്വം എന്ന ആശയം തച്ചുടച്ചുകളഞ്ഞു എന്നതാണ് സത്യം.
ഇവിടെ ഒരുകാര്യം എഴുതാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അമേരിക്കയില്‍ പൗരത്വമുള്ള ബംഗ്ലാദേശികള്‍ക്കും, പാക്കിസ്ഥാനികള്‍ക്കും ഇസ്രായേലികള്‍ക്കും, ഫ്രഞ്ചുകാര്‍ക്കും ഇറ്റലിക്കാര്‍ക്കും ജര്‍മ്മന്‍കാര്‍ക്കും മുസ്ലീം രാജ്യങ്ങളിലുള്ളവര്‍ക്കും ഇരട്ടപൗരത്വം ഇന്നും ഉള്ളപ്പോള്‍ എന്തുകൊണ്ട് ഇന്‍ഡ്യക്കാര്‍ക്കുമാത്രം ഇല്ല. ഇന്‍ഡ്യയില്‍ ജനിച്ചവന്റെ പൗരത്വം ഉപേക്ഷിക്കാന്‍ ഇടയാക്കിയ ആ ഇറ്റലിക്കാരി അന്റോണിയാ അല്‍ബിനാ മെയ്‌നോയും അവരുടെ തലതെറിച്ച രണ്ടുമക്കളും ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍ ഉള്ളിടത്തോളം കാലം ഇന്‍ഡ്യക്കാരുടെ ഇരട്ടപൗരത്വം എന്ന ആശയം നടപ്പാവുകയില്ല. അവരുടെ ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലുള്ള ആധിപത്യം എത്രയും വേഗം അവസാനിക്കട്ടെ എന്ന് ഞാന്‍ മനസ്സുകൊണ്ട് ഉള്ളുരുകി പ്രാര്‍ത്ഥിക്കുന്നു. കാരണം 76 ശതമാനം ഹിന്ദുക്കളുള്ള ഇന്‍ഡ്യയുടെ അധികാരം ഇന്നും അവരുടെ കൈയില്‍ ആണെന്നുള്ള മിഥ്യാബോധം അവരെ അന്ധമായി ബാധിച്ചിരിക്കുന്നു. അവര്‍ക്കു വേണ്ടി ബലിയാടുകളാകാന്‍ കുറേ മലയാളികളും. ഞാന്‍ പാടേ മറന്നുകളഞ്ഞ ഒരു വിഷയമാണെങ്കില്‍ കൂടി കഴിഞ്ഞയാഴ്ച ഇന്‍ഡ്യയുടെ തലസ്ഥാനത്ത് നടമാടിയ നാടകീയ രംഗങ്ങള്‍ കാണാനിടയായ എനിക്ക് എന്റെ വികാരം പ്രകടിപ്പിക്കേണ്ടതായി വന്നു. കാരണം, 2011 ല്‍ എന്റെ വിസ സംബന്ധിച്ച് ന്യൂയോര്‍ക്കിലെ ഇന്‍ഡ്യന്‍ കോണ്‍സുലേറ്റില്‍ ചെന്ന എന്നോട്, ഒരു ഇന്‍ഡ്യാകാരന്‍പോലും അല്ലാത്ത ഒരു സ്പാനിഷ്‌കാരന്‍ കൂലി എന്റെ ഇന്‍ഡ്യന്‍സിറ്റിസണ്‍ഷിപ്പ് ഉപേക്ഷിച്ചു എന്ന് എഴുതി അത് ഒരു നോട്ടറിയുടെ മുമ്പില്‍ പോയി sign ചെയ്തു നോട്ടറി സീലും വച്ചു കൊണ്ടുവന്നെങ്കില്‍ മാത്രമേ എനിക്ക് വിസ തരുകയുള്ളൂ എന്നു പറഞ്ഞപ്പോള്‍ ഞാന്‍ അന്നത്തെ കോണ്‍ഗ്രസ് നേതൃത്വത്തെ മനസ്സുകൊണ്ടു ശപിച്ചതാണ്. അക്കാരണത്താല്‍ 2014 ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രി ആയി നില്‍ക്കാന്‍ തയ്യാറായപ്പോള്‍ അദ്ദേഹത്തെ പൂര്‍ണ്ണമനസ്സോടും പൂര്‍ണ്ണ ആത്മാവോടും കൂടി സ്വാഗതം ചെയ്ത ആളാണ് ഞാന്‍ എന്ന കാര്യത്തില്‍ സ്വയം അഭിമാനം കൊള്ളുന്നു. ഇന്നും ഞങ്ങള്‍ തമ്മിലുള്ള ബന്ധം തുടരുന്നു. എന്റെ ജന്മദിനത്തില്‍ എല്ലാവര്‍ഷവും അദ്ദേഹം എനിക്ക് ജന്മദിനാശംസകള്‍ ഇ - മെയിലിലൂടെ അയക്കാറുമുണ്ട്. അദ്ദേഹത്തെ മാനിച്ച് മൂന്നാം തവണയും അദ്ദേഹം ഇന്‍ഡ്യയുടെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്തപ്പോള്‍ അദ്ദേഹത്തിനുവേണ്ടി ഒരു പ്രശസ്തനായ ചിത്രകാരനെ കണ്ടുപിടിച്ച് എന്റെ ഭാവനയിലൂടെ 12 ചിത്രങ്ങള്‍ വരപ്പിച്ച് ഒരു കലണ്ടര്‍ ഉണ്ടാക്കി അദ്ദേഹത്തിന് നേരിട്ടുകൊടുപ്പിക്കുന്നതിനു കഴിഞ്ഞതില്‍ ഞാന്‍ ഇന്നും അഭിമാനം കൊള്ളുന്നു. ഒരു സാധാരണക്കാരനായ മലയാളിയായ എനിക്ക് ഇതില്‍ കൂടുതല്‍ എന്താണ് ഞാന്‍ സ്‌നേഹിക്കുന്ന ഇന്‍ഡ്യയുടെ പ്രധാനമന്ത്രിക്കു വേണ്ടി ചെയ്യാനുള്ളത്.
ഡിസംബര്‍ 25ന് മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ ജന്മദിനത്തില്‍ എന്റെ ആത്മകഥ എഴുതി തുടക്കമിട്ട പി.വി. ആല്‍ബി സാര്‍ ഞാന്‍ വരപ്പിച്ച നരേന്ദ്രമോദിയുടെ കലണ്ടര്‍ ശകവര്‍ഷകലണ്ടര്‍ ആക്കി മാറ്റി എത്തേണ്ടിടത്ത് എത്തിച്ചതില്‍ അദ്ദേഹത്തെ ഞാന്‍ സ്തുതിക്കുന്നു. പി.വി. ആല്‍ബി സാര്‍ ഇന്‍ഡ്യയുടെ മുന്‍ പ്രസിഡന്റായിരുന്ന ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിനോടൊപ്പം ജീവിച്ച ഒരു വ്യക്തിയായതിനാല്‍ അദ്ദേഹത്തിന് ന്യൂഡല്‍ഹിയിലും ബന്ധങ്ങള്‍ ഉണ്ടെന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു. ഏതായാലും ഒരു സാധാരണക്കാരനായ എനിക്ക് ഇതിനെല്ലാം കഴിയുന്നത് ഈശ്വരനിശ്ചയമല്ലാതെ മറ്റെന്താണ്.
ഞാനിത്രയും എഴുതിക്കഴിഞ്ഞപ്പോള്‍ എന്റെ അമ്മയുടെ സഹോദരപുത്രനായ കുളങ്ങര ജോസ് എനിക്കു മെസ്സേജ് അയച്ചു. പാലക്കാട്ടുമല എന്റെ അമ്മ വീടിനടുത്തുള്ള കൈമളേട്ട് കുഞ്ഞാച്ചന്‍ ചേട്ടന്‍ വിവാഹം കഴിച്ചത് ആന്തിനാട്ടുനിന്നാണെന്ന് എന്റെ പിതാവിന്റെ പിതൃസഹോദരിയുടെ മകളെ കല്ല്യാണം കഴിച്ചയച്ചതും അന്തീനാട്ട് ആണെന്ന്. കേരളത്തിലെ ആദിമക്രൈസ്തവര്‍ ബന്ധങ്ങള്‍ സ്ഥാപിച്ചിരുന്നത് നസ്രാണി കുടുംബങ്ങളില്‍ നിന്നുമായിരുന്നു എന്നതിന് ഒരിക്കല്‍കൂടി തെളിവാണിത്.
എന്റെ ബാല്യകാല തോഴന്‍ ആയിരുന്ന കുളങ്ങര ചാക്കോച്ചന്‍ ഇന്ന് മരങ്ങാട്ടുപിള്ളി പ്രദേശത്ത് അറിയപ്പെടുന്ന ഒരു സാമൂഹ്യ നേതാവുകൂടിയാണ്. മരങ്ങാട്ടുപിള്ളി പഞ്ചായത്തില്‍ ദീര്‍ഘകാലം മെമ്പര്‍ ആയിരുന്ന ചാക്കോച്ചന്‍ (വി.ജെ. ചാക്കോ കുളങ്ങര) നാടിനുവേണ്ടി, പ്രത്യേകിച്ച് പാലക്കാട്ടുമല പ്രദേശത്തുള്ള കൃഷിക്കാര്‍ക്കു വേണ്ടി റബ്ബര്‍ ഉല്പാദക സംഘം രൂപീകരിച്ച് ഗാന്ധിഗ്രാം എന്ന പേരില്‍ ഒരു സഹകരണസംഘം ഉണ്ടാക്കി നാട്ടുകാരെ ഒരുമിപ്പിച്ച് സംഘത്തിനുവേണ്ടി സ്ഥലം വാങ്ങി എയര്‍കണ്ടീഷന്‍ ഉള്ള ഒരു ഓഡിറ്റോറിയവും പണിത് അതോടൊപ്പം റബ്ബര്‍ പാല്‍ ശേഖരിക്കുന്നതിനും, റബ്ബര്‍ഷീറ്റ്, ഒട്ടുപാല്‍ എന്നിവ ശേഖരിച്ച് വില്‍പന നടത്താനുമുള്ള ഏര്‍പ്പാടുമുണ്ടാക്കി. ഇത് പ്രദേശവാസികളായ റബ്ബര്‍ കൃഷിക്കാര്‍ക്ക് വളരെ പ്രയോജനം ചെയ്യുന്നതായി നാട്ടുകാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഈ പ്രസ്ഥാനത്തിന്റെ പ്രസിഡണ്ടുകൂടിയാണ് എന്റെ ആത്മസുഹൃത്തും സഹോദരനുമായ ചാക്കോച്ചന്‍ എന്നറിയുന്നതില്‍ മറ്റാരെയുംകാള്‍ സന്തോഷം എനിക്കാണെന്നു പറയേണ്ടതില്ലല്ലോ. ചാക്കോച്ചന്‍ വിവാഹം കഴിച്ചിരിക്കുന്നത് വെമ്പള്ളിലുള്ള പാലമറ്റത്തിലെ ചിന്നമ്മ എന്ന ആളെയാണ്. ചാക്കോച്ചന്റെ എല്ലാ ഉയര്‍ച്ചകള്‍ക്കും കാരണം ചിന്നമ്മ ആണെന്നു നിസ്സംശയം പറയാന്‍ എനിക്കു കഴിയും. അവര്‍ക്ക് ബിനു, ബിജു എന്നു പേരുള്ള രണ്ട് ഇരട്ടകളും ബീന എന്നു പേരുള്ള ഒരു മകളും ഉണ്ട്. എല്ലാവരും വിവാഹിതര്‍. ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയിലൂടെ ഇവരെല്ലാം എന്റെ ഓരോ കാര്യങ്ങളും നിരീക്ഷിക്കാറുണ്ടെന്നുള്ളതാണ് വാസ്തവം.
വി.ജെ. ചാക്കോയുടെ ശ്രമഫലമായി ആണ്ടൂര്‍ ചിറ്റായിക്കുളം - ചുടലപ്പാറ റോഡ് വെട്ടി യാത്രാസൗകര്യമുള്ള റോഡാക്കി മാറ്റി എന്നുള്ളത് ചാക്കോച്ചനെ സംബന്ധിച്ചിടത്തോളം എടുത്തുപറയാവുന്ന ഒരു നേട്ടമാണ്. ഇവയ്‌ക്കെല്ലാം പുറമെ മരങ്ങാട്ടുപിള്ളി സഹകരണ ബാങ്കിന്റെ ബോര്‍ഡ് മെമ്പറും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം കൂടി അലങ്കരിച്ചിട്ടുള്ള ആളാണ് ചാക്കോച്ചന്‍. ചാക്കോച്ചന്റെ ഒരു മകന്‍ ബിനു ജര്‍മ്മനിയില്‍ ദീര്‍ഘകാലമായി ഐറ്റി മേഖലയില്‍ ജോലി ചെയ്യുന്നു. ബിജു എം.ആര്‍.എഫിലും ബീന സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ പ്രസ്ഥാനത്തില്‍ ചുമതല വഹിക്കുന്നയാള്‍ കൂടി ആണെന്നറിയുന്നതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്.
പാലക്കാട്ടുമലയിലത്തെ എന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ബന്ധം എനിക്ക് ചാക്കോച്ചനുമായിട്ടായിരുന്നു. ഞങ്ങള്‍ ചെറുപ്പകാലത്ത് ചെയ്തിട്ടുള്ള കാര്യങ്ങള്‍ ഇവിടെ എഴുതിയാല്‍ അത് വലിയൊരു സംഭവമാണ്. ചുടലപ്പാറയിലും പാറടി, കുടകുത്തി, നൂറാനിക്കില്‍, തറപ്പേല്‍, കടമല, പെരുഞ്ചൂര്, നിരപ്പില്‍, താഴക്കാട്ടില്‍, ഈ പ്രദേശങ്ങളെല്ലാം ഞങ്ങളുടെ വിഹാരരംഗങ്ങളായിരുന്നു.
തുടരും...
Read More: https://www.emalayalee.com/writer/114