
ഏതോനിയോഗമായഭയാര്‍ത്ഥിയായെത്തി,
അണുമാത്രമായ്, ഗര്‍ഭപാത്രത്തില്‍ ഞാന്‍;
അതിശയ,മെത്രയോ രൂപഭേദങ്ങളാല്‍,
ഉത്തമസൃഷ്ടിയാമിരുകാലിയായ്;
മനസ്സിന്‍ മനനമെന്‍ വരദാനമായി,
രസഭാവഭേദങ്ങള്‍ സമ്മാനമായ്;
ചിരിയും കരച്ചിലും മുഖമുദ്രയാക്കി,
സുഖദുഃഖവീഥിയില്‍ സഞ്ചാരിയായ്;
ജനിമൃതി നീളമളക്കുന്ന ദൂരത്ത്,
സര്‍വചരങ്ങള്‍ക്കുമധികാരിയായ്;
ഇക്കര്‍മ്മവീഥിയിലേകാന്തപഥികനായ്,
അജ്ഞാതമാംശക്തി വഴികാട്ടിയായ്;
മഴവില്ലുചാര്‍ത്തുന്ന നീലമേലാപ്പിന്,
താഴത്ത് മിഴിവുറ്റ ഹരിതാഭയില്‍,
കളമെഴുത്തായി നിരന്തരം ജീവിതം,
ചമയങ്ങള്‍, ചായങ്ങള്‍, മാറി മാറി;
നന്മയും തിന്മയും തഴുകുന്ന ജന്മങ്ങള്‍,
കല്ലുകള്‍, മുള്ളുകള്‍,ക്കിടയിലൂടെ,
ഇരുളിന്‍, വെളിച്ചത്തില്‍ മുന്നോട്ട്....മുന്നോട്ട്,
ജന്മാന്തരങ്ങള്‍ക്ക് വഴിയൊരുക്കാന്‍;
ഉയിരിന്‍ കുടീരമിളക്കിമറിക്കുന്ന,
പ്രതിസന്ധികള്‍ കൊടുങ്കാറ്റുകളായ്,
അഴലിന്‍ തരംഗങ്ങളേറിപ്പൊടുന്നനെ,
മിഴിനീരൊഴുക്കിലൊലിക്കുന്നവര്‍;
നിലയറ്റ ദുരിതക്കയങ്ങളില്‍ നീന്തി,
അഭയത്തിനായ് കരം നീട്ടുന്നവര്‍;
മുങ്ങിയും പൊങ്ങിയുമൊടുവിലാഴങ്ങളില്‍,
കരപറ്റാനാകാതെ താഴുന്നവര്‍;
സഹജന്റെ കണ്ണുനീരൊപ്പുന്നവര്‍ഹൃദി,
അറിവിന്‍ തിരികള്‍ കൊളുത്തുന്നവര്‍;
നിഴലുകള്‍ പോല്‍ചിരം മാഞ്ഞുപോകുന്നവര്‍,
നരജീവിതങ്ങള്‍, നിഗൂഢതകള്‍;
മന്നിന്‍ മടിത്തട്ടിനവകാശിയാക്കിയ,
മഹത്തര തേജസ്സിന്‍ സന്നിധിയില്‍,
അന്തരംഗത്തിരിയണയുന്ന മാത്രയില്‍,
അഭയാര്‍ത്ഥിയാകുന്നോ ദേഹി വീണ്ടും?