
ന്യൂഡല്‍ഹി: ഡോ. ജോൺ ബ്രിട്ടാസ് എംപിക്കെതിരായ പൊലീസ് അതിക്രമത്തെ അപലപിച്ച് ശശി തരൂർ എംപി. ജോൺ ബ്രിട്ടാസ് എംപിയ്ക്കെതിരായ പൊലീസ് നരനായാട്ട് ഞെട്ടിക്കുന്നതായും ദില്ലി പൊലീസ് അന്വേഷണം നടത്തണമെന്നും ശരി തരൂർ എംപി ആവശ്യപ്പെട്ടു.
ആദരണീയനായ ഒരു പാർലമെന്റേറിയനും വിദേശകാര്യ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ സജീവ അംഗവുമാണ് ഡോ ജോൺ ബ്രിട്ടാസ് എംപി. ആ നിലയിൽ, വിശിഷ്ടനായ ഒരു അംഗത്തോടുള്ള ഈ മോശം പെരുമാറ്റത്തെ ഞാൻ അപലപിക്കുകയും, ഈ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ ദില്ലി പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്യുന്നതായി ശശി തരൂർ എക്സ് പോസ്റ്റിൽ കുറിച്ചു. ജനാധിപത്യത്തിൽ നിർബന്ധമായും ഉയർത്തിപ്പിടിക്കേണ്ട ചില പൊലീസ് പ്രവർത്തന മാനദണ്ഡങ്ങളുണ്ടെന്നും ശശി തരൂർ എംപി ചൂണ്ടിക്കാട്ടി.
ദില്ലിയിൽ പ്രതിഷേധത്തിനിടെ ദില്ലി പൊലീസും കേന്ദ്രസേനയും ഡോ. ജോൺ ബ്രിട്ടാസ് എംപിയെ ബലംപ്രയോഗിച്ച് നീക്കം ചെയ്യുകയായിരുന്നു. മാധ്യമങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കെയാണ് എംപിയെ പൊലീസ് പിടിച്ചുമാറ്റിയത്. ദില്ലി പൊലീസിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു ബ്രിട്ടാസ് മാധ്യമങ്ങളോട് സംസാരിച്ചത്. സുപ്രീംകോടതിയുടെ നിർദേശങ്ങൾ പോലും ദില്ലി പൊലീസ് ഗൗരവമായി കാണുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.