
ന്യൂയോർക്ക്: സാമൂഹിക-സാംസ്കാരിക പ്രവർത്തകനായ പി. റ്റി. തോമസിന്റെ 75-ാം ജന്മദിനം സ്റ്റോണി പോയിന്റിലെ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ പ്രാർത്ഥനാനിർഭരവും ആഘോഷപൂർണവുമായി സംഘടിപ്പിച്ചു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും ഉൾപ്പെടെ 350-ഓളം പേർ പങ്കെടുത്ത ചടങ്ങ് സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കൂട്ടായ്മയായി മാറി.

ന്യൂയോർക്ക് സെന്റ് തോമസ് മാർത്തോമ്മാ ഇടവക വികാരി റവ. ജൂബിൻ വർഗീസിന്റെ പ്രാർത്ഥനയോടെയാണ് പരിപാടികൾ ആരംഭിച്ചത്. തുടർന്ന് പി. റ്റി. തോമസിന്റെ കൊച്ചുമക്കൾ ‘There Shall Be Showers of Blessing’ എന്ന ഗാനം ആലപിച്ചു. ദൈവകൃപയും പ്രാർത്ഥനയും കുടുംബത്തിന്റെ സ്നേഹവും സാമൂഹിക സേവനവും ജീവിതത്തിന് നൽകുന്ന കരുത്ത് വിളിച്ചോതുന്നതായിരുന്നു ആഘോഷം.

ചടങ്ങിൽ ടൗൺ ഓഫ് ക്ലാർക്‌സ്‌ടൗൺ സൂപ്പർവൈസർ പി. റ്റി. തോമസിനെ പ്രശംസാഫലകം നൽകി ആദരിച്ചു. യു.എസ്. കോൺഗ്രസ് അംഗം മൈക്ക് ലോലറുടെ പ്രതിനിധിയും അദ്ദേഹത്തിനുള്ള ആദരസൂചകമായി പ്രശംസാഫലകം സമ്മാനിച്ചു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രതിനിധി ജോസ് ജോർജും ചടങ്ങിൽ ആശംസകൾ നേർന്ന് സംസാരിക്കുകയും പ്രശംസാഫലകം സമ്മാനിക്കുകയും ചെയ്തു.
ഫോമാ മുൻ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, നിയുക്ത പ്രസിഡന്റ് ബിജു തോണിക്കടവിൽ, നിയുക്ത ട്രഷറർ പ്രദീപ് നായർ, സണ്ണി കല്ലൂപ്പാറ, റോയ് ചെങ്ങന്നൂർ, ഫോമാ ന്യു ഇംഗ്ലണ്ട് റീജിയൻ ആർ.വി.പി. അനിതാ നായർ, ജേക്കബ് ചൂരവടി, ഫാ. മാത്യു തോമസ്, എൽസി ജൂബി, ഗോപിനാഥ് കുറുപ്പ്, ജി. കെ. നായർ, ഷിനു ജോസഫ്, ഷോബി ഐസക്, ജോൺ ഐസക്, ജോഫ്രിൻ ജോസ്, ഡോ. ലിസ്റ്റി തോമസ്, ലിറ്റൻ തോമസ്, ഡോ. ബെറ്റ്സി തോമസ്, ലിൻസി ജേക്കബ്, ലെവൻ തോമസ്, ലൂക്ക് സൈമൺ, തോമസ് സൈമൺ, നിക്കോളാസ് തോമസ്, സേല സൈമൺ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

ഫോമാ, മലയാളി അസോസിയേഷൻ ഓഫ് റോക്‌ലാൻഡ് കൗണ്ടി, കേരളം എന്റർടെയ്ൻമെന്റ്സ്, ജേക്കബ് ചൂരവടി എന്നിവർ പി. റ്റി. തോമസിനെ പൊന്നാട അണിയിച്ച് ആദരിച്ചു. സാമൂഹിക-സാംസ്കാരിക രംഗത്ത് അദ്ദേഹം നൽകിയ സംഭാവനകളെയും മറ്റുള്ളവരുടെ പ്രയാസങ്ങളിൽ അവർക്കൊപ്പം നിൽക്കാനുള്ള മനസ്സിനെയും പ്രസംഗകർ അനുസ്മരിച്ചു.
സമൂഹനന്മയ്ക്കായി കൂടുതൽ പേർ സജീവമായി രംഗത്തുവരേണ്ടതിന്റെ പ്രാധാന്യവും ചടങ്ങിൽ ചർച്ചയായി. നല്ല പ്രവർത്തനങ്ങൾക്ക് പ്രചാരം നൽകുന്നത് വ്യക്തിപ്രശസ്തിക്കുവേണ്ടിയല്ലെന്നും കൂടുതൽ ആളുകളെ സാമൂഹിക സേവനത്തിലേക്ക് ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും നിയുക്ത ഫോമാ പ്രസിഡന്റ് ബിജു തോണിക്കടവിൽ അഭിപ്രായപ്പെട്ടു.

ഡോ. ബെറ്റ്സി തോമസ്, നിക്കോളാസ് തോമസ്, സാദക അലക്സാണ്ടർ, ന്യൂയോർക്ക് സെന്റ് തോമസ് മാർത്തോമ്മാ ഇടവക ഗായകസംഘം എന്നിവർ അവതരിപ്പിച്ച ഗാനങ്ങൾ ആഘോഷത്തിന് സംഗീതസാന്ദ്രമായ മിഴിവേകി. കേക്ക് മുറിക്കൽ, സംഗീതം, നൃത്തം, കലാപരിപാടികൾ എന്നിവയോടെ ചടങ്ങ് സന്തോഷകരമായ കുടുംബസംഗമമായി മാറി.
75 വർഷത്തെ ജീവിതയാത്ര പൂർത്തിയാക്കിയ പി. റ്റി. തോമസിന് ആരോഗ്യവും ദീർഘായുസ്സും ദൈവാനുഗ്രഹവും ആശംസിച്ചുകൊണ്ടാണ് ആഘോഷം സമാപിച്ചത്.