
ന്യൂയോർക്ക്: ന്യൂയോർക്കിലെ മലയാളി സമൂഹത്തിന്റെ സാംസ്കാരിക കൂട്ടായ്മയായ കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (കെസിഎഎൻഎ) സുവർണ്ണ ജൂബിലി ആഘോഷിക്കുന്നു. 1976ൽ രൂപീകരിച്ച സംഘടനയുടെ 50 വർഷത്തെ പാരമ്പര്യവും സാംസ്കാരിക സംഭാവനകളും അടയാളപ്പെടുത്തുന്ന ആഘോഷം നവംബർ 14 ശനിയാഴ്ച വൈകിട്ട് നാലിന് എൽമോണ്ടിലെ സെന്റ് വിൻസെന്റ് ഡി പോൾ ഓഡിറ്റോറിയത്തിൽ നടക്കും.

അരനൂറ്റാണ്ടായി അമേരിക്കൻ മലയാളികളുടെ ഐക്യവും സാംസ്കാരിക പൈതൃകവും ഉയർത്തിപ്പിടിക്കുന്ന സംഘടനയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ് സുവർണ്ണ ജൂബിലിയെന്ന് ഭാരവാഹികൾ അറിയിച്ചു.
വിവിധ കലാപരിപാടികളും സ്നേഹവിരുന്നും ഉൾപ്പെടുന്ന ആഘോഷത്തിൽ ന്യൂയോർക്കിലെയും സമീപ പ്രദേശങ്ങളിലെയും മലയാളികൾ പങ്കെടുക്കണമെന്ന് കെസിഎൻഎ പ്രസിഡന്റ് റെജി കുര്യൻ അഭ്യർഥിച്ചു.

അമ്പത് വർഷത്തെ സംഘടനാ പ്രവർത്തനങ്ങളും സാംസ്കാരിക നേട്ടങ്ങളും ആഘോഷിക്കുന്ന ഈ വേളയിൽ മലയാളി സുഹൃത്തുക്കളുടെ സാന്നിധ്യം പരിപാടിയുടെ വിജയത്തിന് കരുത്താകുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരെയും സ്നേഹപൂർവം സ്വാഗതം ചെയ്യുന്നതായും റെജി കുര്യൻ അറിയിച്ചു.