Image

പ്രസന്നരാജന്‍: അരനൂറ്റാണ്ടിന്റെ സര്‍ഗ്ഗാര്‍ച്ചന (സാഹിത്യം /എഴുത്തും വ്യക്തിയും ) എഡിറ്റര്‍: ജയന്‍ മഠത്തില്‍

Published on 11 October, 2026
പ്രസന്നരാജന്‍: അരനൂറ്റാണ്ടിന്റെ സര്‍ഗ്ഗാര്‍ച്ചന  (സാഹിത്യം /എഴുത്തും വ്യക്തിയും ) എഡിറ്റര്‍: ജയന്‍ മഠത്തില്‍

മലയാള സാഹിത്യവിമർശനത്തിലെ സർഗാത്മക മുഖമാണ് പ്രസന്നരാജൻ. ആധുനിക, ഉത്തരാധുനിക സാഹിത്യവിമർശനത്തെ ചലനാത്മകമാക്കിയതിൽ പ്രസന്നരാജനുള്ള പങ്ക് അനിഷേധ്യമാണ്. സാഹിത്യവിമർശനത്തിൽ അരനൂറ്റാണ്ട് പൂർത്തിയാക്കുന്ന പ്രസന്നരാജനുള്ള അക്ഷരാർച്ചനയാണ് മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ജയൻ മഠത്തിൽ എഡിറ്റ് ചെയ്ത 'സൂക്ഷ്‌മ ജാഗ്രതയുടെ ലാവണ്യരൂപങ്ങൾ.'പ്രസന്നരാജൻ്റെ സാഹിത്യവിമർശനത്തെ പ്രമുഖ എഴുത്തുകാർ സൂക്ഷ്‌മമായി വിലയിരുത്തുന്ന പ്രൗഢ പഠനങ്ങൾ അടങ്ങിയ പുസ്തകം മലയാള സാഹിത്യവിമർശനത്തിൻ്റെ ചരിത്രരേഖ കൂടിയാണ്.  പുസ്തകത്തിൽ അജീഷ് ജി ദത്തൻ എഴുതിയ വിമർശന കടയിലെ കലിയും ചിരിയും എന്ന ലേഖനം ഇവിടെ ചേർക്കുന്നു.


സ്വന്തം നിലപാടുകൾ വിട്ടുവീഴ്ചയില്ലാതെ തുറന്നു പറഞ്ഞ വിമർശകന്‍


ഒരു സാഹിത്യനിരൂപകന്റെ മൌലികത സൃഷ്ടിക്കുന്നത് അയാളുടെ നിലപാടുകൾ കൂടിയാണെന്ന് പറയാം. അയാളെ കാലം അടയാളപ്പെടുത്തുന്നതിൽ ഈ നിലപാടുകൾക്ക് വലിയ പങ്കുണ്ട്. താൻ എഴുതുന്ന കാലത്തിന്റെ സ്പന്ദനങ്ങളെയും ഭാവുകത്വപരിണാമങ്ങളെയും തിരിച്ചറിയുന്നതിൽ ഇത് വലിയ പങ്കു വഹിക്കുന്നു. ആ പുതിയ ഭാവുകത്വത്തോട് വിട്ടുവീഴ്ചയില്ലാതെ ചേർന്നുനിൽക്കാൻ ഈ നിലപാടുകൾ നിരൂപകനെ സഹായിക്കുന്നു. അങ്ങനെ സ്വന്തം നിലപാടുകൾ വിട്ടുവീഴ്ചയില്ലാതെ തുറന്നു പറഞ്ഞ വിമർശകനാണ് കെ. പ്രസന്നരാജൻ. അദ്ദേഹത്തിന്റെ ആശയങ്ങളോട് വിയോജിക്കുന്നവരും ഈ കാര്യം കണ്ണുമടച്ച് സമ്മതിക്കും. നിലപാടുകളിലെ ഈ ദൃഡത പ്രസന്നരാജനെ ആധുനികതയ്ക്കു ശേഷം വന്ന തലമുറയിലെ പ്രധാന നിരൂപകനായി മാറാൻ സഹായിച്ചു. ഈ നിരൂപകൻ തന്റെ വായനയുടെ തുടക്കത്തിൽ നേരിട്ടത് മലയാളത്തിലെ ആധുനിക എഴുത്തുകാരെയാണ്. നവോത്ഥനകാല സാഹിത്യത്തിന്റെ അലയൊലികൾ അവസാനിച്ചിട്ടില്ലാത്ത കാലമായിരുന്നു അത്. തകഴിയും ദേവും പൊറ്റെക്കാടും ഒക്കെ തന്നെ വലിയ എഴുത്തുകാരായി നിൽക്കുന്നു. മുണ്ടശ്ശേരിയും ഗുപ്തൻനായരും കെ. ഭാസ്കരൻനായരും  സുകുമാർ അഴീക്കോടും വലിയ സ്വാധീനമുള്ള നിരൂപകരായി വിരാജിക്കുന്ന കാലം. ഈ കാലത്ത് തന്റെ വായനയിൽ സജീവമാകുന്ന ഒരാളാണ് പ്രസന്നരാജൻ. എന്നാൽ പ്രസന്നരാജന്റെ കോളേജ് ജീവിതമാകുമ്പോഴേക്കും മലയാളത്തിൽ ആധുനികതയുടെ തീ കത്തിപ്പടരാൻ തുടങ്ങിയിരുന്നു. നോവലിൽ ആധുനികതയുടെ കൊടി പറപ്പിച്ച പ്രമുഖ കൃതികൾ എല്ലാം വന്നു തുടങ്ങുന്നു. കവിതയിൽ, ചെറുകഥയിൽ, നാടകത്തിൽ, സിനിമയിൽ അങ്ങനെ കലയുടെ സകല മണ്ഡലങ്ങളിലും പുതിയ ഭാവുകത്വത്തിന്റെ കൊടുങ്കാറ്റ് വീശിയടിച്ച കാലത്താണ് ഈ നിരൂപകന്റെ യൌവ്വനം തീക്ഷ്ണമായത്. സ്വാഭാവികമായും അതിനോട് പുറം തിരിഞ്ഞുനിൽക്കാൻ അന്നത്തെ ചെറുപ്പക്കാർക്ക് ആകുമായിരുന്നില്ല. മലയാളം പഠിച്ചുകൊണ്ടിരുന്ന, സാഹിത്യത്തിൽ ആണ്ടു മുഴുകിയ പ്രസന്നരാജനും അതിനോട് ആവേശത്തോടെ ചേർന്നുനിന്നു. ആധുനികത ഒരിക്കലും ഏകപക്ഷീയമായി മലയാളത്തിൽ സ്വീകരിക്കപ്പെട്ടില്ല. മറ്റേതൊരു സാഹിത്യപ്രസ്ഥാനത്തെക്കാളും  ആധുനികത മലയാളത്തിൽ ആക്രമിക്കപ്പെട്ടു എന്നതാണ് ചരിത്രം. ഇപ്പോഴും അത് സജീവമായി വിമർശിക്കപ്പെടുകയും പുനർവായിക്കപ്പെടുകയും ചെയ്യുന്നു. 

ആധുനികതയുടെ ഏറ്റവും പ്രധാനപ്പെട്ട വിമർശകർ അന്നത്തെ യാഥാസ്ഥിതിക നിരൂപകരും ഇടതുപക്ഷ വീക്ഷണമുള്ള ദേശാഭിമാനി സ്റ്റഡി സർക്കിൾ പ്രവർത്തകരുമായിരുന്നു. വലിയ വായനക്കാരൻ എന്നവകാശപ്പെടുന്ന എം. കൃഷ്ണൻനായരും മാർക്സിസ്റ്റ് ചിന്തകനായിരുന്ന പി. ഗോവിന്ദപ്പിള്ളയും സുകുമാർ അഴീക്കോടും അടങ്ങുന്ന ആളുകൾ രൂക്ഷമായ വിമർശനമാണ് ആധുനിക കൃതികൾക്ക് നേരെ അഴിച്ചുവിട്ടത്. ഈ പ്രതികൂല വിമർശനങ്ങളെ ശക്തമായി പ്രതിരോധിച്ചുകൊണ്ടാണ് നവീനവിമർശനം നിലവിൽ വന്നത്. കെ.പി. അപ്പനും നരേന്ദ്രപ്രസാദും വി. രാജകൃഷ്ണനും ആഷാമേനോനും അടക്കമുള്ളവർ നവീന വിമർശനത്തിന്റെ വക്താക്കളായി. കൊല്ലത്തെ പ്രമുഖ കലാലയമായ ശ്രീനാരായണ കോളേജിലേക്ക് അദ്ധ്യാപകനായി എത്തിയ കെ.പി. അപ്പൻ അവിടുത്തെ തന്റെ വിദ്യാർഥികൾക്ക് മുന്നിൽ ആധുനികതയുടെ സൌന്ദര്യശാസ്ത്രം സംസാരിച്ചു തുടങ്ങി. അപ്പന്റെ വിദ്യാർഥിയായിരുന്ന പ്രസന്നരാജനും പതിയെ, ഈ പുതിയ ഭാവുകത്വത്തെ പൂർണ്ണമായും മനസ്സിലായില്ലെങ്കിലും സ്വീകരിച്ചു തുടങ്ങി. 1971-ൽ  ഒരു വൈകുന്നേരം കോളേജ് വിട്ട സമയത്ത് കെ. പി. അപ്പനെ സന്ദർശിക്കാൻ അദ്ദേഹത്തിന്റെ മുറിയിലേക്ക് പോയതിനെപ്പറ്റി പ്രസന്നരാജൻ എഴുതിയിട്ടുണ്ട്. തന്റെ ജീവിതത്തെ മാറ്റിമറിച്ച കൂടിക്കാഴ്ചയെന്നാണ് പ്രസന്നരാജൻ ആ ലേഖനത്തിന് നല്കിയ ശീർഷകം. അതിന്റെ ഒടുക്കത്തിൽ അങ്ങോട്ടുപോയ ഞങ്ങളായിരുന്നില്ല അദ്ദേഹത്തിന്റെ മുറിയിൽ നിന്നിറങ്ങിയത് എന്നദ്ദേഹം പറയുന്നുണ്ട്. ഇതെല്ലാം സവിശേഷമായി ശ്രദ്ധിക്കുമ്പോഴേ പ്രസന്നരാജൻ എന്ന നിരൂപകനെ രൂപപ്പെടുത്തിയ പശ്ചാത്തലം തെളിഞ്ഞുകിട്ടുകയുള്ളൂ. എങ്കിലും അപ്പന്റെ എല്ലാ ആശയങ്ങളോടും യോജിച്ച ഒരാളാണ് ഈ നിരൂപകൻ എന്നു കരുതരുത്. ഈ  കൂടിക്കാഴ്ചയിൽ തന്നെ, ആധുനിക മനസ്സുള്ള എഴുത്തുകാരനല്ല പത്മരാജൻ എന്ന അഭിപ്രായത്തോടും എം. സുകുമാരന്റെ കഥകളോട് മുഖം തിരിച്ച അപ്പന്റെ നിലപാടിനോടും യോജിക്കാൻ കഴിയാത്ത കാര്യം പ്രസന്നരാജൻ രേഖപ്പെടുത്തിയിട്ടുണ്ട്. അന്ന് അധ്യാപകനായ അദ്ദേഹത്തോട് നേരിട്ട് എതിർപ്പ് പറഞ്ഞില്ലെങ്കിലും പിൽക്കാലത്ത് ഇവരെ സൂക്ഷമമായി പഠിച്ചു എഴുതി തന്റെ നിലപാട് പ്രഖ്യാപിച്ചിട്ടുണ്ട് പ്രസന്നരാജൻ. 

ഇത്തരം നിരവധി സന്ദർഭങ്ങൾ പ്രസന്നരാജന്റെ വിമർശനജീവിതത്തിൽ കാണാൻ സാധിക്കുന്നുണ്ട്. അതുകൊണ്ടാണ് തുടക്കത്തിൽ തന്നെ അദ്ദേഹം സ്വീകരിച്ച നിലപാടുകളുടെ  കാര്യം എടുത്തുപറഞ്ഞത്. ഇനി ഈ കാര്യത്തിലേക്ക് കുറേക്കൂടി അടുത്തുനിന്നു നോക്കാം. എന്താണ് പ്രസന്നരാജന്റെ നിരൂപണത്തിന്റെ പ്രസക്തി എന്നും എന്തുകൊണ്ട് അദ്ദേഹം നവീനവിമർശകർക്ക് ശേഷം വന്ന പ്രധാന നിരൂപകനായി മാറുന്നു എന്നും പറയേണ്ടതുണ്ട്. നേരത്തെ സൂചിപ്പിച്ചപോലെ ആധുനിക സാഹിത്യപ്രവണതകൾ മലയാളത്തിൽ ഒരിക്കലും ഏകപക്ഷീയമായി സ്വീകരിക്കപ്പെട്ടില്ല. മാത്രമല്ല, അതോടൊപ്പം  തന്നെ മറ്റു ധാരകളും അതിനു സമാന്തരമായി മലയാളത്തിൽ ആഘോഷിക്കപ്പെടുന്നുണ്ടായിരുന്നു. ആധുനിക കവിതകൾ വരുമ്പോൾ തന്നെയാണ് ആ വഴി സ്വീകരിക്കാത്ത ഒ.എൻ.വിയുടെയും സുഗതകുമാരിയുടെയും ഒക്കെ കവിതകളും ശ്രദ്ധേയമായി വന്നുകൊണ്ടിരുന്നത്. എന്തായാലും ആധുനികകൃതികൾ പ്രസിദ്ധീകരിച്ച കാലങ്ങളിൽ തന്നെ അത് വായിച്ച് തന്റെ നിലപാടുകൾ രൂപപ്പെടുത്തിയ ഈ നിരൂപകൻ തന്റെ എഴുത്തുജീവിതത്തിൽ അതിന്റെ നല്ല വശങ്ങളെ സ്വീകരിച്ചു. എന്നാൽ ആധുനികതയുടെ ഭാവുകത്വത്തിൽ മാത്രം ഒതുങ്ങിയതുമില്ല. അതാണ് പ്രസന്നരാജൻ കൃതികളുടെ ആദ്യത്തെ സവിശേഷതയായി എടുത്തുപറയേണ്ടത്. സ്വയം നവീകരിക്കാനും പുതിയകാലത്തോട് മുഖം തിരിക്കാതിരിക്കാനും ഈ നിരൂപകൻ കാണിച്ച ബൌദ്ധിക സത്യസന്ധത തികച്ചും ശ്ലാഘനീയമാണ്. ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കിയാൽ പുതിയ പ്രവണതകളോട് മുഖം തിരിച്ച വലിയ നിരൂപകരെ നമുക്ക് ധാരാളം കാണാം. അവിടെയാണ് കെ. പി. അപ്പന്റെ യഥാർഥ ശിഷ്യനായി പ്രസന്നരാജൻ മാറുന്നത്. അപ്പൻ ആധുനികോത്തര പ്രവണതകളോട് മുഖം തിരിച്ചില്ല. അദ്ദേഹത്തിന്റെ ആധുനികോത്തര സമീപനങ്ങളോട് വിയോജിക്കുന്നവർക്കും ഈ സത്യം കണ്ടില്ലെന്നു നടിക്കാനാവില്ല. പ്രസന്നരാജൻ തന്റെ എഴുത്തിന്റെ ഒരു പകുതിക്ക് ശേഷം ഉത്തരാധുനിക പ്രവണതകളെ വിശകലനം ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ 2023-ൽ പുറത്തുവന്ന 'മലയാളനോവൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ' എന്ന കൃതി ഇതിന്റെ പ്രായോഗിക ഉദ്ദാഹരണമായി ചൂണ്ടിക്കാട്ടാം. അതിനു മുന്നേ തന്നെ പുറത്തുവന്ന  'ഉത്തരാധുനിക ചർച്ചകൾ' പോലുള്ള കൃതികൾ വേറെയുമുണ്ട്. ഇതിൽ നിന്നെല്ലാം ആധുനികതയിൽ തന്റെ ഗൌരവമായ വായന തുടങ്ങുന്ന ഈ നിരൂപകൻ അവിടെ നിന്നും അടുത്ത ഘട്ടത്തിലേക്ക് സജീവമായി മുന്നേറി എന്ന കാര്യം നിസ്സംശയം തെളിയുന്നു.

പ്രസന്നരാജൻ തന്റെ എഴുത്തിൽ ഉടനീളം സ്വീകരിച്ച നിലപാടുകളിലെ മൌലികതയെപ്പറ്റിയാണല്ലോ പറഞ്ഞുതുടങ്ങിയത്. അതിനെ ഒന്നുകൂടി സൂക്ഷ്മമായി എടുത്തുകാട്ടാം. ‘ലീലാ കാവ്യം വീണ്ടും പരിശോധിക്കുമ്പോൾ' എന്ന മികച്ച കാവ്യവിമർശന കൃതിയുമായി രംഗത്തുവന്ന പ്രസന്നരാജൻ പിന്നീട് തന്റെ കവിതാനിരൂപണം ആധുനികകൃതികളിലേക്ക് തിരിക്കുന്നു. അദ്ദേഹത്തിന്റെ വിമർശനജീവിതത്തിലെ ഏറ്റവും മികച്ചത് എന്നു ഈ ലേഖകൻ കരുതുന്നത് 'കേരളകവിതയിലെ കലിയും ചിരിയും' എന്ന കൃതി തന്നെയാണ്. ആധുനികകവികളുടെ കവിതകളെ വിമർശനാത്മകമായി സമീപിക്കുന്ന ഈ കൃതിയിലെ ആദ്യത്തെയും അവസാനത്തെയും ലേഖനങ്ങൾ ശ്രദ്ധേയമാണ്. ഏതെങ്കിലും ആധുനിക കവിയുടെ കൃതികളെ ഉപജീവിച്ച് തുടങ്ങാമായിരുന്നിട്ടും പ്രസന്നരാജൻ അങ്ങനെയല്ല ചെയ്തത്. മറിച്ച്, ‘കാല്പനികതയുടെ യഥാർഥ അപചയം' എന്നു പേരിട്ട ലേഖനത്തിലൂടെ ഒ.എൻ.വിയുടെ ജീർണ്ണിച്ച ശൈലിയെ ക്രൂരമായി ഖണ്ഡനവിമർശനം നടത്തുകയായിരുന്നു പ്രസന്നരാജൻ. എഴുത്തിലേക്ക് വരുന്ന ഒരു യുവനിരൂപകൻ പെട്ടെന്ന് ചെയ്യാൻ മടിക്കുന്ന ഖണ്ഡനവിമർശനത്തിന്റെ ഖഡ്ഗം പ്രയോഗിക്കാൻ അദ്ദേഹം യാതൊരു മടിയും പേടിയും കാട്ടിയില്ല. എക്കാലത്തും ഒ. എൻ. വി മലയാളസാഹിത്യത്തിൽ ഏറ്റവും പ്രബലനായി നിന്ന ഒരാളാണ് എന്നു നമുക്കറിയാം. ആ കാര്യം ചിന്തിക്കുമ്പോൾ തുടക്കത്തിൽ പറഞ്ഞപോലെ, ഈ  നിരൂപകന്റെ നിലപാടിലെ ദാർഢ്യം നമുക്ക് വ്യക്തമാകും. ഈ ഒരൊറ്റ നിരൂപണം മതിയാകും പ്രസന്നരാജന്റെ മൌലികത ഉറപ്പിക്കാൻ.

പ്രസന്നരാജന്റെ ഒ.എൻ.വി വിമർശനങ്ങൾ

പ്രസന്നരാജന്റെ ചില ഒ.എൻ.വി വിമർശനങ്ങൾ ഇവിടെ എടുത്തേഴുതേണ്ടതുണ്ട്.
1. “തന്റെ ഒന്നാന്തരം പ്രശസ്തി കൊണ്ട് തന്റെ നാലാംതരം കവിത അദ്ദേഹം മൂടിവെയ്ക്കുകയാണ് ചെയ്തത്".
2. “ഒ.എൻ.വി കുറുപ്പ്  നമ്മുടെ കവിതാചരിത്രത്തിൽ തലയുയർത്തി നിൽക്കുന്ന മൌലികപ്രതിഭയുള്ള കവിയല്ല. ചങ്ങമ്പുഴയുടെ കനകച്ചിലങ്കയുടെ കിലുക്കം കവിതകളിൽ നിന്നും ഉയർന്നുകേൾക്കുന്നു. സരളമായി പറഞ്ഞാൽ ചങ്ങമ്പുഴക്കവിതകളിലെ 'മധുരകോമളകാന്തപദാവലി'കളുടെ ഒരു തടവുകാരൻ മാത്രമാണ് അദ്ദേഹം.”
3. "ആർദ്രവും മധുരവുമായ പ്രണയവിഷാദത്തിന്റെ പാട്ടുകൾ രചിച്ച് പ്രസിദ്ധനായ ഒ.എൻ.വി കുറുപ്പ് കൊച്ചു കൊച്ചു ദുഖങ്ങളുടെ പച്ചത്തുരുത്തുകൾ കാല്പനികതയുടെ വർണ്ണരേണുക്കൾ നിറഞ്ഞ ശൈലിയിലൂടെ ചിത്രീകരിക്കുന്ന ഒരു കൊച്ചുകവി മാത്രമാണ്.”
വിസ്ഭതാര ഭയം  കൊണ്ട് ഇവിടെ നിർത്തുന്നു. ഈ ലേഖനത്തിലൂടെ കടന്നുപോയിട്ടുള്ളവർക്ക് അറിയാം ഖണ്ഡനവിമർശനത്തിന്റെ പൊള്ളിക്കുന്ന ഭാഷ എപ്രകാരം പ്രസന്നരാജന് സ്വായത്തമാണെന്നും അത് ഗംഭീരമായി എങ്ങനെ പ്രയോഗിച്ചിട്ടുണ്ടെന്നും. ഇത് എഴുതിയ കാലത്തുണ്ടായ കോളിളക്കം ഊഹിക്കാവുന്നതേയുള്ളൂ. തനിക്ക് നഷ്ടപ്പെടുന്നതിനെപ്പറ്റി എന്തെങ്കിലും വേവലാതികൾ ഉണ്ടായിരുന്നുവെങ്കിൽ പ്രസന്നരാജൻ ഈ വഴി ഒരിക്കലും സ്വീകരിക്കില്ല. തന്റെ ഭാഗം ആരെയും പേടിക്കാതെ പറയാനുള്ള ചങ്കൂറ്റം ഈ നിരൂപകന് ഉണ്ടായിരുന്നു എന്നു എടുത്തുകാട്ടാൻ ഈ ഭാഗം തന്നെ ധാരാളം. ഈ പുസ്തകത്തിലെ മറ്റു ലേഖനങ്ങൾ എല്ലാം ആധുനിക കവികളെ, അവരുടെ കവിതകളെ  മുൻനിർത്തിയാണ് രചിക്കപ്പെട്ടിരിക്കുന്നത്. അപ്പോഴും അതിനെ യാതൊരു വിമർശനവും കൂടാതെ ഈ നിരൂപകൻ ആണ്ടുപുൽകി എന്നാരും കരുതേണ്ടതില്ല. ഉദ്ദാഹരണമായി അയ്യപ്പപ്പണിക്കരുടെ പരീക്ഷണകൌതുകങ്ങളോട് ചേർന്നു നിൽക്കുമ്പോഴും; കുരുക്ഷേത്രത്തെ പ്രസന്നരാജൻ കടന്നാക്രമിക്കുന്നത് നോക്കുക: “കുരുക്ഷേത്രത്തിൽ വലിയ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും കവിത എന്ന നിലയിൽ, കുരുക്ഷേത്രത്തിലെ വിവിധ ഭാഗങ്ങളിലെ ഭാവതലങ്ങൾ ലയിച്ചുചേർന്ന് സമഗ്രമായ കാവ്യാനുഭൂതിയുടെ മണ്ഡലം സൃഷ്ടിക്കുന്നുണ്ടോ എന്നതാണ് പ്രധാനപ്പെട്ട കാര്യം. കാവ്യത്തിന്റെ ശില്പത്തിന് ശൈഥില്യം സംഭവിച്ചതായിട്ടാണ് എനിക്കു തോന്നിയത്. പല ഭാഗങ്ങളിലും പ്രത്യക്ഷപ്പെടുന്ന നക്ഷത്രം എല്ലാഭാഗത്തെയും സമന്വയിപ്പിക്കുന്ന കണ്ണിയാണെന്ന അഭിപ്രായവും സ്വീകരിക്കുവാൻ കഴിയില്ല. നക്ഷത്രം വീണ്ടും വീണ്ടും കടന്നുവരുന്ന പ്രതീകമാണ്. ലൈറ്റ് മോട്ടീഫ് (leit motif) എന്ന നിലയിൽ അതു കലാപരമായി വിജയിക്കുന്നില്ല. കവിയുടെ മനസ്സിൽ കത്തിനിൽക്കുന്ന ശുഭപ്രതീക്ഷയുടെ നക്ഷത്രം കാവ്യഘടനയിൽ ലയിച്ചുചേരാതെ മുഴച്ചുനിൽക്കുകയാണ്. കവിതയിലെ പുരാണധ്വനികൾ ശിഥിലബിംബങ്ങളുമായും സ്വകാര്യപ്രതീകങ്ങളുമായും കറുത്ത പരിഹാസവുമായും ലയിച്ചുചേർന്നതായി തോന്നിയില്ല. എലിയട്ടിന്റെ പുത്തൻരീതികൾ മലയാളത്തിന്റെ കാവ്യപാരമ്പര്യത്തിൽ ലയിപ്പിച്ചുചേർത്തു പുതിയൊരു സൗന്ദര്യദർശനം രൂപപ്പെടുത്തിയെടുക്കുന്നതിൽ കവി വിജയിച്ചില്ല. 'കുരുക്ഷേത്ര'ത്തോടൊപ്പമെഴുതിയ വളരെയൊന്നും പ്രസിദ്ധമല്ലാത്ത 'ശീതസമരം' എന്ന കവിതയുടെ ശില്പപരമായ ഏകാഗ്രതയും ഒതുക്കവും 'കുരുക്ഷേത്ര'ത്തിനു ലഭിച്ചിട്ടില്ല. എലിയട്ടിനെ അടിമുടി പിന്തുടരുവാനുള്ള കവിയുടെ ബോധപൂർവ്വമായ വ്യഗ്രതയാണോ ഈ ശില്‌പശൈഥില്യത്തിനു കാരണം?”
                  
ഇനി 'കിരാതന്റെ ക്രോധഗാനം' എന്ന കടമ്മനിട്ട കവിതയെ പഠിക്കുന്ന നിരൂപണത്തിൽ നിന്നും  ഒരുദാഹരണം നോക്കാം. “ആദിമസ്മരണകളുണർത്തുന്ന പദാവലിയിലൂടെയും ബിംബകല്പനകളിലൂടെയും നാടൻപാട്ടിന്റെ സംഗീതധാരയിലൂടെയും ഇടശ്ശേരി സൃഷ്ടിച്ച ശക്തിദേവതയുടെ മുമ്പിൽവച്ച് കടമ്മനിട്ടയുടെ രൗദ്രദേവീസങ്കല്പം പരിശോധിക്കുമ്പോഴാണ് കടമ്മനിട്ട മലയാളകവിതയിൽ സൃഷ്ടിച്ചതായി പറയപ്പെടുന്ന കലാപത്തിന്റെ പരിമിതികൾ നാം മനസ്സിലാക്കുന്നത്. 'പൂതപ്പാട്ടും', 'കാവിലെ പാട്ടും' പ്രകടിപ്പിക്കുന്ന പ്രിമിറ്റിവിസവും ദ്രാവിഡഭാവവും നേടിയെടുക്കുവാനാണ് കടമ്മനിട്ട തന്റെ രചനകളിലൂടെ ശ്രമിക്കുന്നത്. ചോരയുടെയും ചുവപ്പിന്റെയും ബിംബങ്ങളിലൂടെ കുരുതിയുടെ ഭീതി ജനിപ്പിച്ച് ആരംഭിക്കുന്ന 'കാവിലെ പാട്ടിലെ' ക്രൂരയും കുപിതയും ക്രോധമൂർത്തിയുമായ കാളിയും കടമ്മനിട്ടയുടെ കവിതകളിൽ സൂര്യപ്രഭ ചൊരിയുന്ന ഭൈരവിയും ഒന്നിച്ചെടുത്തു ശ്രദ്ധാപൂർവ്വം വായിക്കുമ്പോൾ കടമ്മനിട്ടയ്ക്ക് നാം കൊടുക്കുന്ന പ്രശംസയുടെ പൂക്കൾ അധികമല്ലേ എന്നുപോലും തോന്നിപ്പോകും. പുള്ളുവൻപ്പാട്ടിന്റെ നാടൻശീലുകൾ നിറഞ്ഞുനിൽക്കുന്ന ഈ വരികളിലുള്ള ദ്രാവിഡഭാവത്തെയും വർഗ്ഗസ്‌മരണയെയും വെല്ലുന്ന ഒറ്റ വരിയും കടമ്മനിട്ട എഴുതിയിട്ടില്ലെന്ന് ഞാൻ കരുതുന്നു. വാക്കുകൾ, ബിംബങ്ങൾ, താളം, ടോൺ എന്നിവയിലെല്ലാം ഇടശ്ശേരിക്കവിതയോട് കടപ്പാടു പ്രകടിപ്പിക്കുന്ന കടമ്മനിട്ട, ഇടശ്ശേരിയുടെ ആത്മീയകോമരമല്ലേ എന്നു സംശയിച്ചുപോകുകയാണ്. അർത്ഥവത്തായ ഈ പരിമിതികൾ അംഗീകരിച്ചുകൊണ്ടുവേണം ആധുനികഭാവുകത്വത്തെ മുന്നോട്ടുനയിക്കുന്ന മലയാളകവിതയിലെ ഈ നായകന്റെ സർഗ്ഗജീവിതത്തെ മൂല്യനിർണ്ണയത്തിനു വിധേയമാക്കുവാൻ.” ദീർഘമായി ചില ഉദ്ദാഹരണങ്ങൾ ഇവിടെ എടുത്തുകാണിച്ചത് ഈ നിരൂപകന്റെ ഖണ്ഡനവിമർശനത്തിനും നിലപാടുകൾക്കും സാധൂകരണം നല്കാനാണ്. മലയാള കവിതയിലെ അന്നത്തെ പുത്തൻനാമ്പുകളെ കൂടി ശരിയായി എടുത്തുകാണിച്ചു കൊണ്ടാണ് അദ്ദേഹം തന്റെ 'കേരളകവിതയിലെ കലിയും ചിരിയും' അവസാനിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ആധുനികതയുടെ ഭാവുകത്വത്തിൽ നിന്നും മുന്നോട്ടുനീങ്ങാൻ ശ്രമിക്കുന്ന പുതുകവികളെ ശുഭപ്രതീക്ഷയോടെയാണ് ഈ നിരൂപകൻ അടയാളപ്പെടുത്തുന്നത്. ഇങ്ങനെ കവിതയെ വിലയിരുത്തുമ്പോൾ പ്രസന്നരാജനിലെ നിരൂപകൻ തന്റെ വിശ്വരൂപം കാണിക്കുന്നുണ്ട്. ആശാന്റെ രാഷ്ട്രീയദർശനത്തെപ്പറ്റി, സീതയുടെ അധികാരവിമർശനത്തെപ്പറ്റി, ശങ്കരക്കുറുപ്പിന്റെ ശിവതാണ്ഡവത്തെപ്പറ്റി, മലയാളകവിതയിലെ രാഷ്ട്രീയഭാവനയെപ്പറ്റി ഒക്കെ എഴുതിയപ്പോൾ ഈ നിരൂപകന്റെ മികവ് നാം വീണ്ടും വീണ്ടും അറിഞ്ഞു. ആധുനികത മാത്രമല്ല; അതിനു മുൻപുള്ള പ്രധാനകവികളെയും പുതിയ കാലത്തിന്റെ ആശയങ്ങളും ഉപകരണങ്ങളും എക്കാലത്തെയും അതിന്റെ നിലനിൽപ്പും മുൻനിർത്തി വിശകലനം ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചത് നിസ്സാരകാര്യമല്ല. ബാലാമണിയമ്മയിൽ ഒരു രാഷ്ട്രീയകവിയുണ്ടെന്ന് സ്ഥാപിക്കുന്ന ലേഖനം മാതൃത്വത്തിന്റെ കവിയെന്ന് അവരെ ചാപ്പ കുത്തിയ പഴയ വിമർശനത്തോടുള്ള വിയോജിപ്പ് കൂടിയാണ് കാണിക്കുന്നത്. കഥയിലേക്കും നോവലിലേക്കും വരുമ്പോഴും പ്രസന്നരാജന്റെ ഈ സമീപനത്തിന് മാറ്റമില്ല. വലിയ എഴുത്തുകാരിൽ നാം ഒറ്റ കണ്ണിലൂടെ കാണുന്നതിനപ്പുറം പലതും ഒളിച്ചിരിപ്പുണ്ടെന്ന വിശ്വാസമാണ് ഇത്തരം അന്വേഷണങ്ങളുടെയെല്ലാം കാതൽ. അത്തരത്തിൽ ആധുനിക എഴുത്തുകാരെയും അതിനു മുൻപുള്ളവരെയും വായിക്കാൻ ഈ നിരൂപകൻ സവിശേഷ ശ്രദ്ധ പുലർത്തുന്നു എന്നത് പ്രശംസനീയം തന്നെ. വിട്ടുപോകുന്ന, പറയാതെ പോകുന്ന, കാണാതെ പോകുന്ന ഇത്തരം കാഴ്ചകളെ നമ്മുടെ ദൃഷ്ടിപഥത്തിലേക്ക് കൊണ്ടുവരികയും അവയെ പൂരിപ്പിക്കുകയും ചെയ്യുന്നുണ്ട് പ്രസന്നരാജൻ. അതുവഴി നമ്മുടെ സാഹിത്യചരിത്രത്തിന്റെ ദുർബലമായ സ്വരൂപങ്ങളെ പുതുക്കിപ്പണിയുന്ന ഒന്നായി സാഹിത്യനിരൂപണം മാറുകയും ചെയ്യുന്നു. പ്രസന്നരാജന്റെ എടുത്തുപറയേണ്ട സംഭാവനകളാണ് ഈ പുനർവായനകൾ. ആധുനികത, അതിൽ തന്നെ ആഘോഷിക്കപ്പെട്ട കൃതികളെയും കലാകാരന്മാരേയും വേണ്ട വിധത്തിലല്ല വായിച്ചതെന്നുള്ള പരാതി അദ്ദേഹത്തിന് ഉടനീളമുണ്ട്; അതിൽ ശരിയുമുണ്ട്. അങ്ങനെ നിരൂപണത്തിന്റെ മുന്നോട്ടുപോക്കിൽ അദ്ദേഹം തന്റെ സജീവ പങ്കാളിത്തം ഉറപ്പിച്ചെടുക്കുന്നു. ആധുനികതയുടെ പൊതുവായ ചില ധാരണകളെ അതിലംഘിച്ച് മുന്നേറുകയാണ് ഈ നിരൂപകൻ. ‘ആധുനികത - ഒരു പൊളിച്ചെഴുത്ത്' എന്ന ലേഖനത്തിൽ നിരൂപകൻ ഇത് വിശദമായി തന്നെ എഴുതിയിട്ടുണ്ട്. എഴുത്തുകാരന്റെ ധർമ്മം മനുഷ്യൻ നേരിടുന്ന നിത്യമായ പ്രശ്നങ്ങൾ സ്വതന്ത്രമായി അന്വേഷിക്കുകയാണെന്ന ആധുനികതയുടെ ദർശനത്തോടൊപ്പം ജീവിതത്തിന്റെ എല്ലാ വശങ്ങളെക്കുറിച്ചും ജാഗരൂകനാകുക കൂടിയാണെന്നു പ്രസന്നരാജൻ കൂട്ടിച്ചേർക്കുന്നു. ദാർശനികദുഖങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല ജീവിതമെന്നും അതിനു മറ്റനേകം വശങ്ങളുണ്ടെന്നും ഈ നിരൂപകന് അറിയാം. ആധുനിക എഴുത്തുകാർ ഈ സത്യം മനസ്സിലാക്കിയിരുന്നു എന്നദ്ദേഹം പറയുന്നു. ആധുനികതയിലെ പ്രധാന എഴുത്തുകാർ എല്ലാം തന്നെ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ആത്മീയ ദുരന്തങ്ങളെപ്പറ്റി എഴുതിയത് അതുകൊണ്ടാണെന്ന് അദ്ദേഹം എഴുതുന്നു. ആധുനികതയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വർഷമായ 1969- ലാണ് കാക്കനാടന്റെ ഉഷ്ണമേഖല എന്ന നോവൽ പുറത്തുവരുന്നത്. അന്നുതന്നെ എഴുത്തുകാർ ഇത് മനസ്സിലാക്കിയെങ്കിലും നിരൂപണം അവർക്ക് നേരെ കണ്ണടയ്ക്കുകയായിരുന്നു എന്ന വിമർശനം അദ്ദേഹം ഉന്നയിക്കുന്നു. അതോടൊപ്പം തന്നെ ഈ എഴുത്തുകാർ നടത്തിയ അധികാരവിമർശനം അദ്ദേഹം ശരിയായ നിലയിൽ കണ്ടെടുക്കുന്നു. എം.സുകുമാരന്റെയും പട്ടത്തുവിള കരുണാകരന്റെയും രചനകളിലെ ദാർശനികസൂചനകളിൽ തെളിയുന്ന രാഷ്ട്രീയ ദുരന്തങ്ങളുടെ ആഴം അദ്ദേഹം കാണിച്ചുതരുന്നുണ്ട് ഈ ലേഖനത്തിൽ. ഒപ്പം തന്നെ ഇത്തരം പുനർവായനകളുടെ ആവശ്യകതയെക്കുറിച്ചും ഈ ലേഖനം സൂചിപ്പിക്കുന്നു. എം. മുകുന്ദന്റെ ദൽഹിയും ആനന്ദിന്റെ ആൾക്കൂട്ടവും ആധുനികനിരൂപണം വായിച്ചപോലെ ഇന്ന് വായിക്കാൻ സാധിക്കില്ല എന്നദ്ദേഹം പറയുന്നു. മാത്രമല്ല, പുനർവായനയിൽ പുതിയ അർഥോൽപാദനം ഈ കൃതികൾ നടത്തുകയും ചെയ്യുന്നു.

ഖണ്ഡനവിമർശന ശൈലി പാടെ ഉപേക്ഷിക്കുന്നു

ആധുനികതയെ രാഷ്ട്രീയമായി, ജീവിതത്തോട് ചേർത്തുവെച്ച് പുനർവായിച്ചുകൊണ്ടാണ് പ്രസന്നരാജൻ തന്റെ നിരൂപണ സപര്യയുടെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുന്നത്. അദ്ദേഹം കവിതാവിമർശനത്തിൽ തന്റെ മികച്ച കൃതികൾ സൃഷ്ടിച്ചെങ്കിലും പിന്നീട് ഫിക്ഷനിലേക്കാണ് അദ്ദേഹം ശ്രദ്ധ കൊടുക്കുന്നത്. ഉത്തരാധുനിക കവിതകളിലേക്കല്ല അദ്ദേഹത്തിന്റെ ശ്രദ്ധ കൂടുതലായി പതിഞ്ഞത്. മലയാളകവിതയുടെ ഭാവിയിൽ ശുഭപ്രതീക്ഷ വെച്ചു പുലർത്തി തന്റെ ഏറ്റവും മികച്ച കൃതി അവസാനിപ്പിച്ച ഈ നിരൂപകൻ, മലയാളത്തിലെ പോസ്റ്റ് മോഡേൺ കവിതകളെപ്പറ്റി ഏറെയൊന്നും വിമർശിച്ചെഴുതിയില്ല. അതിന്റെ കാരണം എന്തു തന്നെയായാലും ഇതൊരു യാഥാർഥ്യമാണ്. സമകാല കവിതയെപ്പറ്റി ഉയർന്നുവരുന്ന പല വിമർശനങ്ങളുടെ ഭാഗമായി പ്രസന്നരാജന്റെ മാത്രമല്ല; മലയാളത്തിലെ മറ്റു പ്രധാന വിമർശകരുടെ മൌനം കൂടി കണക്കിലെടുക്കുമ്പോൾ പ്രശ്നം കൂടുതൽ സങ്കീർണ്ണമാകുന്നു. എന്തായാലും അതല്ല ഇവിടെ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നത്. മറിച്ച്, തന്റെ നിരൂപണത്തിന്റെ അടുത്തൊരു ഘട്ടത്തിൽ പ്രസന്നരാജൻ എന്ന നിരൂപകന് എന്തു മാറ്റം സംഭവിച്ചു എന്നതാണ്. കവിതയിൽ നിന്നും അദ്ദേഹം നോവലുകളിലേക്ക് തന്റെ ദൃഷ്ടി പതിപ്പിച്ചപ്പോൾ ഉണ്ടായി വന്ന കൃതിയാണ് 'മലയാളനോവൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ’(2023). ആധുനികോത്തര സ്വഭാവങ്ങളുള്ള, ഈ  നൂറ്റാണ്ടിൽ പുറത്തുവന്ന ചില നോവലുകളെക്കുറിച്ചുള്ള പഠനമാണ് ഈ ഗ്രന്ഥം. ഒപ്പം തന്നെ അതിന്റെ സൌന്ദര്യശാസ്ത്രത്തെ അഭിസംബോധന ചെയ്യുന്ന മൂന്നു ലേഖനങ്ങളും ഇതിലുണ്ട്. ആധുനികതയുടെ സൌന്ദര്യശാസ്ത്രത്തിൽ നിന്നും ഉത്തരാധുനികതയുടെ സൌന്ദര്യശാസ്ത്രം എങ്ങനെയൊക്കെ മാറി എന്നതിന്റെ ഉദാഹരണമായി ഒറ്റയൊറ്റ നോവലുകളെ അദ്ദേഹം പഠിക്കുന്നു. കേരള കവിതയിലെ കലിയും ചിരിയും എന്ന മികച്ച വിമർശനകൃതിയിൽ നിന്നും ഇവിടേക്ക് സഞ്ചരിച്ചെത്തിയ നിരൂപകൻ പഴയ ഖണ്ഡനവിമർശന ശൈലി പാടെ ഉപേക്ഷിക്കുന്നു എന്നത് എന്നെ സംബന്ധിച്ചിടത്തോളം നിരാശയാണ് സമ്മാനിച്ചത്. അദ്ദേഹത്തിന്റെ ഖണ്ഡനവിമർശനത്തിന്റെ ശൈലി എവിടെയോ നഷ്ടപ്പെട്ട പോലെയാണ് ഈ കൃതിയുടെ വായന നല്കിയ അനുഭവം എന്നു പറയാതെ വയ്യ. ഒരു നിരൂപകൻ എപ്പോഴും എല്ലാത്തിനെയും വിമർശിച്ചു തന്നെ എഴുതണോ എന്ന ചോദ്യം ഇത് വായിക്കുമ്പോൾ പലർക്കും തോന്നാം. പ്രസന്നരാജന്റെ കൃതികളുടെ സൌന്ദര്യശാസ്ത്രം അറിയുന്ന വായനക്കാരെ സംബന്ധിച്ചിടത്തോളം ഈ മാറ്റം പ്രത്യക്ഷത്തിൽ തന്നെ അമ്പരിപ്പിക്കും. അദ്ദേഹത്തിന് ഈ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ഉണ്ടായേക്കാം. അതിനെ മാനിച്ചുകൊണ്ട് തന്നെയാണ് ഈ വിമർശനം ഇവിടെ ഉന്നയിക്കുന്നത്. അദ്ദേഹം ഈ നോവൽ പഠനത്തിൽ രണ്ടു തരത്തിൽ മാറിയിട്ടുണ്ട് എന്നാണ് ഞാൻ കരുതുന്നത്.  ഖണ്ഡനവിമർശനത്തിന്റെ ശൈലിയിൽ നിന്നുള്ള പിൻമടക്കം സൂചിപ്പിച്ചു. മറ്റൊന്ന്, തന്റെ എഴുത്തിൽ ഒരു അക്കാദമിക്കിന്റെ സമീപനമാണ് ഈ കൃതിയിൽ ഉടനീളം സൂക്ഷിക്കുന്നത്; ഭാഷ അങ്ങനെ അക്കാഡമിക് പ്രകടനം അല്ലെങ്കിൽ പോലും. പ്രസന്നരാജനെപ്പോലെ ഖണ്ഡനവിമർശനത്തിന്റെ മൂർച്ച കയ്യിലുള്ള ഒരു നിരൂപകനിൽ നിന്നും ഇതല്ലല്ലോ വായനക്കാർ പ്രതീക്ഷിക്കുക. സമകാല മലയാളനോവലിന്റെ വളർച്ചയും പരിമിതികളും ചൂണ്ടിക്കാട്ടാൻ നിരവധി സാദ്ധ്യതകൾ ഉണ്ടായിട്ടും ഈ വഴി അദ്ദേഹം സ്വീകരിക്കാത്തത് ഏറെ വിചിത്രമായിത്തോന്നി; പ്രത്യേകിച്ച് ആരെയും കൂസാത്ത, ഏഴത്തുകാരന്റെ  സ്വാതന്ത്ര്യത്തെ ഉയർത്തിപ്പിടിച്ച നിരൂപകനാണല്ലോ അദ്ദേഹം. ഈ കൃതിയിലെ എല്ലാ നിരീക്ഷണങ്ങളോടും എതിർപ്പുള്ള ആളല്ല ഈ ലേഖകൻ. എങ്കിലും ഇതിലെ ചില നിരീക്ഷണങ്ങളോട് എങ്കിലും വിയോജിക്കാൻ തോന്നുന്നു. മലയാളനോവലിനെ ആധുനികർ അസ്തിത്വവാദ ആധുനികതയോട് ചേർത്തുവെച്ചു മാത്രം വായിച്ചു എന്ന വിമർശനം ഉന്നയിക്കുന്ന നിരൂപകൻ മലയാളനോവലിന്റെ ആധുനികാനന്തരതയെ എന്തിനാണ് ലാറ്റിനമേരിക്കൻ ബൂം നോവലുകളോട് ചേർത്തുവെക്കുന്നത്? പൂർണ്ണമായും അങ്ങനെയല്ല എന്നൊരു ജാമ്യം നിരൂപകൻ എടുക്കുന്നെങ്കിലും അതിൽ വൈരുദ്ധ്യമുണ്ട്. മാത്രമല്ല, അത് എങ്ങനെയാണ് ഇവിടെ നോവലിസ്റ്റുകൾ സ്വീകരിച്ചത് എന്ന കാര്യം ഉദ്ദാഹരണസഹിതം കുറച്ചുകൂടി വിശദീകരിക്കാമായിരുന്നു. അധികാരത്തോടുള്ള വിമർശന സമീപനങ്ങളാണെങ്കിൽ അത് മലയാള നോവലിൽ മുൻപും ഉണ്ടായിരുന്നതല്ലേ? അതിന്റെ രീതികൾ മാറുന്നു എന്നതൊഴിച്ചാൽ.  ഇതിനേക്കാളുപരി എന്നെ അമ്പരിപ്പിക്കുന്നത് ശില്പപരമായി പരാജയപ്പെട്ട പല നോവലുകളെയും അദ്ദേഹം മികച്ചതായി ഉയർത്തിക്കാട്ടുന്നു എന്നുള്ളതാണ്. അവിടെയെല്ലാം നിരൂപകന്റെ ദൃഷ്ടി എന്നതിലുപരി അദ്ദേഹം അക്കാദമിക് സമീപനമാണ് സ്വീകരിക്കുന്നത്. അതുകൊണ്ട് തന്നെ നോവലിന്റെ സൌന്ദര്യശാസ്ത്രത്തെപ്പറ്റി തികഞ്ഞ മൌനം പുലർത്തിക്കൊണ്ട് അതിലെ രാഷ്ട്രീയവിവക്ഷകളെ മാത്രം കണ്ടെടുക്കാനാണ് അദ്ദേഹം ഉടനീളം ശ്രമിക്കുന്നത്. ഈ സമീപനം പ്രസന്നരാജന്റെ മുൻകാല സമീപനരീതികളിൽ നിന്നും വ്യത്യസ്തമാണെന്ന് അദ്ദേഹത്തിന്റെ കൃതികളെ സൂക്ഷ്മം പിന്തുടർന്നവർക്ക് എളുപ്പത്തിൽ മനസ്സിലാകും. എം. മുകുന്ദന്റെ നോവൽ കലയ്ക്ക് സംഭവിച്ച അപചയത്തെപ്പറ്റി കെ.പി. അപ്പന്റെ വിമർശനം പ്രസന്നരാജനും തീർച്ചയായും വായിച്ചിട്ടുണ്ടാകും. അദ്ദേഹം അതിനോട് യോജിക്കുമോ എന്നറിയില്ല. എങ്കിലും മുകുന്ദന്റെ പരാജയപ്പെട്ട ദൽഹിഗാഥകളെപ്പറ്റി പ്രശംസ കോരിച്ചൊരിയുന്നത് കാണുമ്പോൾ നിരാശയാണ് തോന്നിയത്. മനുഷ്യന്റെ നിലനിൽപ്പിനെപ്പറ്റിയല്ല, സ്വന്തം നിലനിൽപ്പിനെപ്പറ്റി മാത്രം ചിന്തിക്കുന്ന മുകുന്ദനെയാണ് കുറെക്കാലമായി കാണുന്നത്. ഓരോ ട്രെൻഡുകൾക്ക് പിറകെ പോകുകയും അതിലെല്ലാം യുവതലമുറയോടൊപ്പമാണ് തന്റെ എഴുത്ത് എന്നു കാണിക്കാനും മുകുന്ദൻ കാണിക്കുന്ന തന്ത്രം എന്നേ നല്ല വായനക്കാർ തിരിച്ചറിഞ്ഞു. അവരാരും നിരൂപകർ അല്ലാത്തതുകൊണ്ട് അത് എഴുതുന്നില്ല എന്നേയുള്ളൂ. ദൽഹിയും ഹരിദ്വാറിൽ മണിമുഴങ്ങുന്നുവും മയ്യഴിപ്പുഴയുടെ തീരങ്ങളിലും എഴുതിയ മുകുന്ദനല്ല; പുലയപ്പാട്ടും പ്രവാസവും ദൽഹിഗാഥകളും എഴുതിയത് എന്നു പ്രസന്നരാജൻ ഈ പുസ്തകത്തിൽ പറയുന്നുണ്ട്; അത് ശരിയാണ്. ട്രെൻഡുകൾക്ക് പിറകെ ദുർബലമായി ഓടി താൻ സമകാലികനാണെന്ന് കാണിക്കാൻ മുകുന്ദൻ നടത്തുന്ന സത്യനാന്തരകാല അടവാണ് ഇതൊക്കെ. മുകുന്ദൻ ഒരിക്കലും എഴുതാൻ പാടില്ലാത്ത കഥയായിരുന്നു 'ദിനോസറുകളുടെ കാലം' എന്നു പറഞ്ഞത് മലയാളത്തിലെ ഏതെങ്കിലും നിരൂപകരല്ല, മറിച്ച് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സുഹൃത്തായിരുന്ന സാക്ഷാൽ കാക്കനാടൻ ആയിരുന്നു എന്നോർക്കുക. അപ്പോൾ ഈ വിമർശനം ശരിയാണെന്ന് മനസ്സിലാകും. അതുപോലെ നോവലിന്റെ കലയിൽ പൂർണ്ണമായും പരാജയപ്പെട്ട എൻ.എസ്. മാധവന്റെ 'ലന്തൻബത്തേരിയിലെ ലുത്തിനിയകൾ'ക്ക് അനാവശ്യമായ പരിചരണമാണ് പ്രസന്നരാജൻ ഈ കൃതിയിൽ നല്കിയിരിക്കുന്നത്. നോവലിനെ വിമർശിച്ചുകൊണ്ട് നോവൽ എഴുത്തിന്റെ കലയിൽ മാധവൻ പരാജയപ്പെട്ടു എന്നദ്ദേഹം സ്ഥാപിച്ചിരുന്നുവെങ്കിൽ അതിനോട് യോജിക്കാമായിരുന്നു. എന്നാൽ അതല്ല ഇവിടെ സംഭവിച്ചത്. ശില്പഭദ്രതയുടെ കാര്യത്തിൽ പൂർണ്ണമായും പരാജയപ്പെട്ട കെ. ആർ. മീരയുടെ 'ആരാച്ചാർ'ക്ക് നല്കുന്ന അമിതപ്രശംസയാണ് മറ്റൊന്ന്. ഈ നോവൽ എത്രപേർക്ക് വായിച്ചു തീർക്കാൻ പറ്റിയെന്ന കാര്യം പോലും സംശയാസ്പദമാണ്. പലരും അത് തുറന്നുപറയുകയും ചിലർ അത് തുറന്നു പറയാതിരിക്കുകയും ചെയ്യുന്നു. ഈ വിമർശനങ്ങളെ കണ്ടില്ലെന്നു നടിക്കുന്നത് സാഹിത്യനിരൂപണത്തിന്റെ പരാജയമാണ്. ഈ നോവൽ സംസാരിക്കുന്ന വിഷയം, ചരിത്രം ഒക്കെ പ്രധാനമായിരിക്കെ തന്നെ അതിന്റെ സൌന്ദര്യശാസ്ത്രത്തെപ്പറ്റി പ്രസന്നരാജനെപ്പോലെ ഒരു നിരൂപകൻ മൌനം പാലിക്കുന്നത് എന്തുകൊണ്ടാണ് എന്നറിയില്ല. ഈ നോവൽ പഠനത്തിൽ അദ്ദേഹം സ്വീകരിക്കുന്നത് അക്കാദമിക് വിമർശനത്തിന്റെ ശൈലിയാണെന്ന് പറയാം. ഇതിലെ പഠനങ്ങൾ ആ നിലയ്ക്ക് കുഴപ്പമില്ലാതെ മുന്നേറുമ്പോഴും നിരൂപണം എന്ന നിലയിൽ ഇത് അദ്ദേഹത്തിന്റെ മുൻകാല സമീപനനങ്ങളോട് ചേർന്നുനിൽക്കുന്ന ഒന്നല്ല എന്നാണ് ഇവിടെ പറയാൻ ശ്രമിച്ചത്. നോവലുകൾ കൈകാര്യം ചെയ്യുന്ന വിഷയങ്ങളിൽ കുടുങ്ങിയ അദ്ദേഹം ആധുനികവിമർശനത്തിൽ നിന്ന് താൻ സ്വാംശീകരിച്ച നല്ല കാര്യങ്ങളെ ഉപേക്ഷിച്ചോ എന്നുപോലും സംശയം തോന്നിപോകുന്നു ഈ കൃതിയുടെ വായനാനുഭവം. ഇതിലെ പല നോവലുകളെയും മുൻനിർത്തി നടക്കുന്ന ചർച്ചകൾ, നിരൂപണങ്ങൾ, മറ്റു വിവാദങ്ങൾ ഒക്കെ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ വന്നിട്ടുണ്ടോ എന്ന കാര്യം അറിയില്ല. എങ്കിലും പുതിയ തലമുറ എങ്ങനെ ഈ കൃതികളെ സമീപിക്കുന്നു എന്നറിയേണ്ടത്   നിരൂപകൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ ഉത്തരവാദിത്വം ആണെന്ന് ഞാൻ കരുതുന്നു.

പ്രസന്നരാജന്റെ ഭാഷ

ചില വിമർശനങ്ങൾ കൂടി ഇവിടെ പറഞ്ഞുവെങ്കിലും പ്രസന്നരാജന്റെ നിരൂപണത്തിന്റെ മികവുകളെ തമസ്കരിക്കാൻ ആർക്കും സാധ്യമല്ല. ആ മികവിൽ ഏറ്റവും പ്രാധാന്യം ഉള്ളതായി ഞാൻ കാണുന്ന കാര്യം അദ്ദേഹത്തിന്റെ ഭാഷയാണ്. ഭാഷയിൽ അദ്ദേഹം തന്റെ സമകാലികരെക്കാൾ ഏറെദൂരം മുന്നിലാണ്. 'മലയാളനോവൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ' എന്ന കൃതിയിലെ സമീപനരീതിയെ വിമർശിച്ച് പറയുമ്പോഴും അതിലെ ഭാഷ അക്കാദമിക് പാണ്ഡിത്യത്തിന്റെ ജഡതയിലേക്ക് ഒരിക്കലും പോകുന്നില്ല. മുൻകൃതികളിലെ പോലെ തന്നെ നല്ല വായനാസുഖമുള്ള ഭാഷ അദ്ദേഹത്തിന് കരഗതമാണ്. അദ്ദേഹം ഈ പുസ്തകത്തിൽ വിശകലനം ചെയ്യുന്ന ചില നോവലുകൾ വായനയിൽ ക്ലിഷ്ടത അനുഭവിപ്പിക്കുന്നു എന്നു ധാരാളം പേർ പറഞ്ഞുകേട്ടിട്ടുണ്ട്. ഈ ലേഖകനും അങ്ങനെയുള്ള വായനാനുഭവങ്ങളുണ്ട്. എന്നാൽ അതിനെക്കുറിച്ച് പഠിച്ചിരിക്കുന്ന പ്രസന്നരാജന്റെ എഴുത്ത്  ആ നോവലുകൾ വായിക്കുന്നതിനെക്കാൾ സുഖമായി വായിച്ചുപോകാം. പറയുന്ന കാര്യങ്ങൾ ഗൌരവതരം ആകുമ്പോൾ പോലും അത് നല്ല ഭാഷയിൽ  ആവിഷ്കരിക്കാൻ കൂടി നിരൂപകന് കഴിവുണ്ടാകണം. സമകാലിക നിരൂപണത്തിൽ നിന്നും വായനക്കാർ അകലുന്നതിലെ ഒരു പ്രധാനകാര്യം ഭാഷയിൽ അനാവശ്യമായി സൃഷ്ടിക്കുന്ന കൃത്രിമത്വവും താൻ വലിയ ബുദ്ധിജീവിയാണെന്ന് കാണിക്കാൻ ഉള്ള നാട്യങ്ങളുമാണ് എന്നതിൽ സംശയമില്ല. മനുഷ്യർക്ക് മനസ്സിലാകാത്ത ഭാഷയിൽ പ്രബന്ധം എഴുതുന്നത് പാണ്ഡിത്യത്തിന്റെയും ബൌദ്ധികതയുടെയും അളവുകോലായി മലയാളത്തിലെ അക്കാദമിക് സമൂഹം ധരിച്ചുവശായിട്ടുണ്ട്. അതിനു പിറകിൽ ചില കപടബുദ്ധിജീവികളുടെ സാന്നിധ്യവും പിന്തുണയും കാണാം. അവിടെയൊക്കെയാണ് പ്രസന്നരാജൻ എന്ന നിരൂപകൻ വ്യത്യസ്തനാകുന്നത്. ഭാഷ ആദ്യം അത് വായിക്കുന്ന മനുഷ്യരോട് ആശയവിനിമയം നടത്തണം; എങ്കിൽ മാത്രമേ ബാക്കി ആശയപരമായ ചർച്ചകൾക്കും സംവാദങ്ങൾക്കും പ്രസക്തിയുള്ളൂ. സമകാല നിരൂപണത്തിൽ നിരൂപകർ എന്ന വ്യാജവേഷം ധരിച്ചു നടക്കുന്ന ധാരാളം ആളുകളുണ്ട്; അവരെയൊക്കെ നല്ല വായനക്കാർ തിരിച്ചറിയണം. സിദ്ധാന്തങ്ങൾ പുതിയത് ഏതെങ്കിലും പടിഞ്ഞാറു നിന്നു വരുന്നുണ്ടോ എന്നു കഴുകദൃഷ്ടിയുമായി കാത്തിരിക്കുന്നുണ്ട് അവർ നമുക്ക് ചുറ്റും. അവരുടെ ഒന്നും കൂട്ടത്തിൽ ഒരിക്കലും കാണാൻ കഴിയാത്ത പ്രസന്നരാജനെപ്പോലെ നല്ല നിരൂപകരെ നമ്മൾ ആഘോഷിക്കേണ്ട കാലം അതിക്രമിച്ചരിക്കുന്നു എന്നു മാത്രം പറഞ്ഞു നിർത്തട്ടെ

'സൂക്ഷ്‌മ ജാഗ്രതയുടെ ലാവണ്യരൂപങ്ങൾ.'
എഡിറ്റര്‍   :ജയന്‍  മഠത്തിൽ 
പ്രസാധകർ : സിദ്ധാർത്ഥ പബ്ലിക്കേഷൻസ്
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക