Image

ആദരം ഏറ്റുവാങ്ങി ഗാനഗന്ധർവൻ; സംഗീതത്തിൽ താനിന്നും വിദ്യാർത്ഥിയെന്ന് ഡോ.കെ.ജെ.യേശുദാസ്

മീട്ടു റഹ്മത്ത് കലാം Published on 11 October, 2026
ആദരം ഏറ്റുവാങ്ങി ഗാനഗന്ധർവൻ; സംഗീതത്തിൽ താനിന്നും വിദ്യാർത്ഥിയെന്ന് ഡോ.കെ.ജെ.യേശുദാസ്

ചിക്കാഗോ: പതിറ്റാണ്ടുകളായി  ഇന്ത്യൻ സംഗീതലോകത്ത് വിസ്മയമായി തുടരുന്ന പത്മഭൂഷൺ ഡോ. കെ.ജെ. യേശുദാസിനെ ചിക്കാഗോ മലയാളി അസോസിയേഷൻ ആദരിച്ചു. നോർത്ത് അമേരിക്കൻ മലയാളി സമൂഹത്തിനുവേണ്ടി അസോസിയേഷൻ പ്രസിഡന്റ് ജോസ് മണക്കാട്ട് ഡാളസിലെ യേശുദാസിന്റെ വസതിയിലെത്തിയാണ് പൊന്നാടയണിയിച്ചും മെമന്റോ സമ്മാനിച്ചും ആദരിച്ചത്.

യേശുദാസുമായി രണ്ടുമണിക്കൂറോളം ചെലവഴിക്കാനും സംഗീതത്തെയും ജീവിതത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ അനുഭവങ്ങളും കാഴ്ചപ്പാടുകളും അടുത്തറിയാനും കഴിഞ്ഞത് ജീവിതത്തിലെ അപൂർവവും ധന്യവുമായ നിമിഷമാണെന്ന് ജോസ് മണക്കാട്ട് പറഞ്ഞു. യേശുദാസിന്റെ ഭാര്യ പ്രഭയ്ക്കൊപ്പമായിരുന്നു കൂടിക്കാഴ്ച.

1961 നവംബർ 14-ന് ‘ജാതിഭേദം മതദ്വേഷം’ എന്ന ഗുരുദേവകീർത്തനം ആലപിച്ചുകൊണ്ട് സംഗീതലോകത്തേക്ക് കടന്നുവന്ന യേശുദാസ്, ആറര പതിറ്റാണ്ട് പിന്നിട്ടിട്ടും സംഗീതപഠനം തുടരുകയാണെന്നു പറഞ്ഞത് ജോസ് മണക്കാട്ടിനെ ഏറെ അത്ഭുതപ്പെടുത്തി.

സംഗീതത്തിൽ തനിക്ക് ഇനിയും പഠിക്കാനേറെയുണ്ടെന്നും ഗുരുക്കന്മാർ പകർന്നുനൽകിയ അറിവുകളും വിവിധ രാഗങ്ങളുടെ സവിശേഷതകളും ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണെന്നും യേശുദാസ് പങ്കുവെച്ചു. 72 രാഗങ്ങളെക്കുറിച്ചും സംഗീതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

സംഗീതത്തിൽ ഇത്രയേറെ അറിവും അനുഭവസമ്പത്തുമുള്ള ഒരാൾ ഇപ്പോഴും ഒരു വിദ്യാർഥിയുടെ മനോഭാവത്തോടെ പഠനം തുടരുന്നത് വലിയ പാഠമാണെന്ന് ജോസ് മണക്കാട്ട് പറഞ്ഞു.

തന്റെ സംഗീതജീവിതത്തിന് വഴികാട്ടിയായ ചെമ്പൈ വൈദ്യനാഥ ഭാഗവതരെക്കുറിച്ചുള്ള ഓർമകളും യേശുദാസ് പങ്കുവെച്ചു. പഴയകാലത്ത് മദ്രാസിലെ സംഗീത സ്റ്റുഡിയോകളിൽ ഗാനങ്ങൾ റെക്കോർഡ് ചെയ്തിരുന്ന രീതികളും സംഗീതത്തോടും കലാകാരന്മാരോടും പുലർത്തിയിരുന്ന ആദരവും അദ്ദേഹം ഓർത്തെടുത്തു.

മലയാള ചലച്ചിത്രസംഗീതത്തിലെ അതുല്യ പ്രതിഭയായ ദേവരാജൻ മാസ്റ്ററെക്കുറിച്ചും അദ്ദേഹവുമായുള്ള അനുഭവങ്ങളെക്കുറിച്ചും യേശുദാസ് ഏറെ നേരം സംസാരിച്ചു. സംഗീതലോകത്തെ വിവിധ കാലഘട്ടങ്ങളിലൂടെയുള്ള ഈ ഓർമപ്പെയ്ത്ത് കൂടിക്കാഴ്ചയെ കൂടുതൽ ഹൃദ്യമാക്കി.

 ഗാനഗന്ധർവന്റെ സ്വരമാധുരിയിൽ ഏകദേശം 75,000 ഗാനങ്ങൾ പിറന്നിട്ടുണ്ടെന്നാണ് പൊതുവെ കണക്കാക്കപ്പെടുന്നതെങ്കിലും, അതിന്റെ കൃത്യമായ എണ്ണം സ്ഥിരീകരിച്ചിട്ടില്ല. ഇത്രയേറെ ഗാനങ്ങൾ സമ്മാനിച്ചിട്ടും സംഗീതത്തെ നിരന്തരം പഠിക്കാനും അതിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുമുള്ള അദ്ദേഹത്തിന്റെ താൽപര്യം മാതൃകാപരമാണെന്നും ജോസ് മണക്കാട്ട് അഭിപ്രായപ്പെട്ടു.

ജീവിതത്തെക്കുറിച്ചുള്ള യേശുദാസിന്റെ കാഴ്ചപ്പാടുകളും സംഭാഷണത്തിലെ ശ്രദ്ധേയമായ ഭാഗമായി. ‘സത്യം ബ്രൂയാത്, പ്രിയം ബ്രൂയാത്, ന ബ്രൂയാത് സത്യമപ്രിയം ’ എന്ന സംസ്കൃതവാക്യം ഉദ്ധരിച്ചുകൊണ്ട്, സത്യം പറയണമെന്നും എന്നാൽ മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിയിൽ സത്യം പറയുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. പ്രിയമായ സത്യങ്ങൾ പറയണമെന്ന അദ്ദേഹത്തിന്റെ ഉപദേശം ജീവിതത്തിൽ പിന്തുടരേണ്ട വലിയൊരു സന്ദേശമായാണ് ജോസ് മണക്കാട്ട് കാണുന്നത്.

യേശുദാസ് എപ്പോഴും വെള്ള വസ്ത്രം ധരിക്കുന്നതിന്റെ കാരണവും ജോസ് മണക്കാട്ട് ചോദിച്ചു. അതിന് മറുപടിയായി തന്റെ ചെറുപ്പകാലത്തെ പരിമിതികളും ലളിതമായ ജീവിതസാഹചര്യങ്ങളും യേശുദാസ് ഓർത്തെടുത്തു. കുറച്ചുവസ്ത്രങ്ങൾ മാത്രമുണ്ടായിരുന്ന കാലത്ത് ഒരേ വസ്ത്രം വീണ്ടും ഉപയോഗിച്ചിരുന്നത് മറ്റുള്ളവർ അറിയേണ്ടെന്ന് കരുതി തുടങ്ങിയ ശീലമാണ് വെള്ളവസ്ത്രം മാത്രം ഉപയോഗിക്കുന്നത് എന്ന് ദാസേട്ടൻ വിവരിച്ചപ്പോൾ  ജീവിതത്തിലെ ലാളിത്യത്തിന്റെ പ്രാധാന്യം വ്യക്തമായെന്ന് ജോസ് മണക്കാട്ട് പറഞ്ഞു.

വലിയ പ്രശസ്തിയും അംഗീകാരങ്ങളും നേടിയിട്ടും  വിനയത്തോടെയും ശാന്തതയോടെയും സംസാരിച്ച യേശുദാസിന്റെ വ്യക്തിത്വം തന്നെ ആഴത്തിൽ സ്വാധീനിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നോർത്ത് അമേരിക്കൻ മലയാളി സമൂഹത്തിനുവേണ്ടി ഗാനഗന്ധർവനെ ആദരിക്കാൻ കഴിഞ്ഞത് ചിക്കാഗോ മലയാളി അസോസിയേഷന് അഭിമാനകരമായ നിമിഷമാണ്. സംഗീതസാധന, ഗുരുഭക്തി, അറിവിനോടുള്ള നിരന്തരമായ അന്വേഷണത്വര, ജീവിതത്തിലെ ലാളിത്യം എന്നിവയുടെ അപൂർവമായ സംഗമമായിരുന്നു ആ കൂടിക്കാഴ്ചയെന്നും അദ്ദേഹം വ്യക്തമാക്കി.

ആദരം ഏറ്റുവാങ്ങി ഗാനഗന്ധർവൻ; സംഗീതത്തിൽ താനിന്നും വിദ്യാർത്ഥിയെന്ന് ഡോ.കെ.ജെ.യേശുദാസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക