
വാഷിംഗ്ടൺ: ഇടക്കാല തിരഞ്ഞെടുപ്പിന്റെ ഏർലി വോട്ടിംഗ് ദിനങ്ങൾ അടുക്കുകയാണ്. അനുദിനം പുറത്തു വരുന്ന അഭിപ്രായ സർവേ ഫലങ്ങൾ മാറി മറിയുന്നു. വളരെ സുരക്ഷിതമെന്ന് കരുതിയിരുന്ന സെനറ്റ്, സ്റ്റേറ്റ് ഗവർണ്ണർ, ജനപ്രതിനിധി മത്സരങ്ങൾ ഇപ്പോൾ അത്ര സുരക്ഷിതമല്ല എന്ന് റിപോർട്ടുകൾ പറയുന്നു.
ഇതിനിടയിൽ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പിന്റെയും മുൻപ്രസിഡന്റു ബരാക് ഒബാമയുടെയും രാഷ്ട്രീയ തന്ത്രങ്ങൾക്ക് വാർത്താ മാധ്യമങ്ങൾ വലിയ പ്രാധാന്യം നൽകുന്നു. ഒബാമ രണ്ട് തവണ അമേരിക്കൻ പ്രസിഡണ്ട് ആയിരുന്ന വ്യക്തിയാണ്. ട്രംപ് പ്രസിഡണ്ട് ആയി തന്റെ രണ്ടാമത്തെ ഊഴത്തിലുമാണ്. യു എസിന്റെ ഭരണഘടന പ്രകാരം ഒരു വ്യക്തിക്ക് രണ്ടു തവണ മാത്രമേ ഈ ഉന്നത പദവി വഹിക്കുവാൻ കഴിയൂ. എന്നാൽ ഈ ഭരണഘടനാ വിലക്കുകൾ മറി കടന്നു മൂന്നാമതും പ്രസിഡന്റാകാനാണ് ഇരുവരുടെയും ശ്രമം എന്നാണ് റിപോർട്ടുകൾ പറയുന്നത്. ഒബാമ വീണ്ടും സജീവമായി രാഷ്ട്രീയ രംഗത്ത് തുടരുവാൻ ശ്രമിക്കുന്നതിനൊപ്പം മാധ്യമ സുഹൃദ് വലയത്തെ വീണ്ടും വലിയ തോതിൽ ഉപയോഗിക്കുവാൻ ആരംഭിച്ചിരിക്കുകയാണ്. ട്രംപാകട്ടെ റിപ്പബ്ലിക്കൻ പാർട്ടിയുടെ അടുത്ത പ്രസിഡണ്ട് സ്ഥാനാർത്ഥയായി തന്റെ വൈസ് പ്രസിഡണ്ട് ജെ ഡി വാൻസിനെ പരസ്യമായി പിന്തുണക്കുവാൻ ഇനിയും തയ്യാറായിട്ടില്ല. ഈ സൂചനകൾ ഇവർ രണ്ട് പേർക്കും ഉന്നത കസേരകളിൽ വീണ്ടും എത്താനുള്ള അതിയായ താത്പര്യം പ്രകടമാക്കുന്നതായി മാധ്യമങ്ങൾ പറയുന്നു.
പ്രസിഡന്റിന്റെ കസേരയിൽ വീണ്ടും എത്താൻ ഒരു വളഞ്ഞ വഴിയുണ്ട് എന്ന് ചില രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. ട്രമ്പിനോ ഒബാമക്കോ ഏതെങ്കിലും ഒരു പ്രസിഡണ്ട് സ്ഥാനാർത്ഥിക്കൊപ്പം ഒരു ടീമിൽ വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥിയായി മത്സരിക്കാവുന്നതാണ്. എന്നിട്ട് ആ കൂട്ടുകെട്ടിന് വിജയിക്കുവാൻ കഴിഞ്ഞാൽ പ്രസിഡന്റാകുന്ന വ്യക്തി രാജി വയ്ക്കുകയോ സ്ഥാനം ഒഴിയുകയോ, ശാരീരികമായി പ്രസിഡന്റിന്റെ ചുമതലകൾ നിർവഹിക്കുവാൻ കഴിയാതെ വരികയോ ചെയ്താൽ, വൈസ് പ്രസിഡന്റിന് പ്രസിഡണ്ട് സ്ഥാനം ഏൽക്കാൻ തടസ്സമില്ല. അങ്ങനെ മൂന്നാമതും പ്രസിഡന്റാകാൻ കഴിഞ്ഞു എന്ന് വരാം. കോടതി കേസുകൾ വിലങ്ങു തടിയായി വന്നു എന്നും വരാം.
ഡെമോക്രറ്റുകൾക്കു ജന പ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടാൽ മൈക്ക് ജോൺസണ് സ്പീക്കർ സ്ഥാനം നഷ്ടമാകും. അങ്ങനെ വന്നാൽ താൻ രാഷ്ട്രീയത്തോട് വിട പറഞ്ഞു ഒരു ലോൺ മോവിങ് (പുല്ലു വെട്ടൽ) കമ്പനി തുടങ്ങുമെന്ന് ജോൺസൻ പറയുന്നു. ജോൺസന്റെ തമാശ ചിലപ്പോൾ യാഥാർഥ്യമായേക്കാം. എന്നാൽ ഏറ്റവും പുതിയ സർവേകൾ റിപ്പബ്ലിക്കനുകൾക്കു നേരിയ പ്രത്യാശ നൽകുന്നുണ്ട്.
ചില ഉദാഹരണങ്ങൾ റിപ്പോർട്ടുകളിൽ കാണുന്നു. ടെക്സസിലെ സെനറ്റ് മത്സരത്തിൽ ഇത് വരെ ഡെമോക്രാറ്റ് സ്ഥാനാർഥി ജെയിംസ് തലറിക്കൊ റിപ്പബ്ലിക്കൻ സ്ഥാനാർഥി കെൻ പാക്സ്റ്റോണിന് മേൽ പുലർത്തിയിരുന്ന മേൽക്കോയ്മ ഏതാണ്ട് നഷ്ടമായിരിക്കുകയാണ്, രണ്ടു പേരും ഏതാണ്ട് ഒപ്പത്തിനൊപ്പമാണ് എന്നാണ് പുതിയ ചില സർവേകൾ വ്യക്തമാക്കുന്നത്.
അയോവയിലെ സെനറ്റ് മത്സരത്തിൽ സെപ്റ്റംബറിൽ എട്ടു പോയിന്റുകൾക്കു പിന്നിലായിരുന്ന റിപ്പബ്ലിക്കൻ സ്ഥാനാർഥി ആഷ്ലി ഹിൻസോൺ ഇപ്പോൾ ഡെമോക്രറ്റിക് സ്ഥാനാർഥി ജോഷ് ട്യൂറിക്കിനെ കാൾ മുന്നിലാണ് എന്നാണ് റിപ്പോർട്ട്. ഇതുവരെ നഷ്ടപ്പെടുമെന്ന് കരുതിയിരുന്ന അയോവ ഗവർണർ മത്സരവും പ്രവചനാതീതമായി മാറിയിരിക്കുന്നതായാണ് പുതിയ റിപ്പോർട്ട്. ഇവ ജന പ്രതിനിധി സഭയിലേക്കുള്ള മത്സരങ്ങൾ അല്ലെങ്കിലും മാറ്റം ആ മത്സരങ്ങളിലും പ്രതിഫലിക്കും എന്ന് റിപ്പബ്ളിക്കനുകൾ പ്രതീക്ഷിക്കുന്നു.
അർക്കൻസായിൽ യു എസ് സെനറ്റിലേക്കു മത്സരിക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർഥി ടോം കോട്ടൺ ആദ്യ ആഴ്ചകളിൽ പിന്നിലായിരുന്നുവെങ്കിലും ഇപ്പോൾ ഡെമോക്രാറ്റ് ഹാലി ഷൊഫ്‌റിനെ പിന്നിലാക്കിയിരിക്കുകയാണ് എന്നാണ് റിപോർട്ടുകൾ പറയുന്നത്. ഇവിടെ ഗവെർണറായി റിപ്പബ്ലിക്കൻ സാറാ ഹക്ക്ബീ സാന്ഡേഴ്സ് വീണ്ടും ജയിക്കുമെന്നാണ് കരുതുന്നത്.
ഇങ്ങനെയാണ് ചില മത്സരങ്ങളെ കുറിച്ചുള്ള പ്രവചനങ്ങൾ.