
"പ്രണയത്തിന്റെ ഉല്പത്തി പുസ്തകം", അമേരിക്കൻ മലയാളി നോവലിസ്റ്റും കഥാകൃത്തുമായ ശ്രീ മുരളി ജെ നായരുടെ പുതിയ നോവലാണ്. ബൈബിളിലെ ഉല്പത്തി പുസ്തകത്തിലെ യാക്കോബിന്റെയും റാഹേലിന്റെയും കഥ സ്നേഹം, വഞ്ചന, കുടുംബപരമായ സംഘർഷങ്ങൾ എന്നിവയാൽ നിറഞ്ഞതാണ്. അതാണ് നോവലിന്റെ പ്രമേയം. അതിനാൽ വളരെ കൗതുകത്തോടെയാണ് ഈ പുസ്തകം വായിച്ച് തീർത്തത്. കാരണം ബി.സി. 2200 നും 1800നും ഇടയിൽ നടന്ന ഒരു പ്രണയകഥയാണ് ഇതിന്റെ പ്രതിപാദ്യമെന്നുള്ളതു തന്നെ. പ്രണയം മധുരതരമായ അനുഭൂതി ഏതുകാലത്തും പകരുന്നതാണെങ്കിലും അതിനു ഓരോ കാലത്തും വ്യത്യസ്തതയുണ്ടെന്നു ഈ നോവലിൽ കാണുന്നു. ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ ആകർഷണം നോവലിസ്റ്റ് തന്റെ ആമുഖത്തിൽ പറയുന്ന വരികളാണ്. " ഉല്പത്തി പുസ്തകത്തിൽ നിന്നുള്ള ഏതാനും പേരുകളും സംഭവങ്ങളുമൊഴികെ ഇതിലുള്ളതെല്ലാം തികച്ചും ഭാവനാസൃഷ്ടികളാണെന്നു." അതുകൊണ്ട് ഇത് ബൈബിളിൽ നിന്നുള്ള ഒരു കഥയുടെ പുനരാവിഷ്കാരമല്ല; മറിച്ച് ഈ രചന തികച്ചും മൗലികമായ ഒന്നാണ്. ഇങ്ങനെയുള്ള കൃതികളിൽ യഥാർത്ഥ രൂപത്തോട് 100% കൃത്യത പുലർത്തണമെന്ന് നിർബന്ധമില്ല. കലാകാരന് സ്വന്തം ശൈലിയും പുതിയ സാങ്കേതികവിദ്യകളും ഇതിൽ ഉപയോഗിക്കാം. തന്മൂലം ഇതിന്റെ രചന നോവലിസ്റ്റിനു വളരെ വലിയ വെല്ലുവിളിയായിരിന്നിരിക്കണം. അതറിയാൻ വേഗം വായിച്ചു തീർക്കുക തന്നെയെന്ന് തീരുമാനിച്ചുകൊണ്ട് പുസ്തകം തീർത്തു.
ബൈബിളിലെ കഥയായതുകൊണ്ട് വായനക്കാർക്ക് പരിചിതമായേക്കാമെന്നു ധരിക്കേണ്ട. കാരണം ആഗോള ക്രൈസ്തവ പഠന കേന്ദ്രത്തിൽ (Center for the Study of Global Christianity) നിന്നുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നത്, ലോകമെമ്പാടുമുള്ള ക്രൈസ്തവരിൽ 30 ശതമാനത്തിൽ താഴെ ആളുകൾ മാത്രമേ ബൈബിൾ മുഴുവനായി വായിച്ചിട്ടുള്ളൂ എന്നാണ്. ചതിയിലൂടെ ജേഷ്ടാവകാശം നേടിയ ജേക്കബ് ജേഷ്ഠസഹോദരനായ ഈശോയെ ഭയന്ന് തന്റെ ഭവനം വിട്ട്, അമ്മയുടെ സഹോദരനായ ലാബാനോടൊപ്പം താമസിക്കാനായി ഹാരാനിലേക്ക് യാത്രയായി. വഴിമധ്യേ ഒരു സ്വപ്നത്തിലൂടെ ദൈവം ജേക്കബിനോട് ഇങ്ങനെ പറയുന്നതായി അവൻ കേൾക്കുന്നു. "നീ പോകുന്നേടത്തെല്ലാം നിന്നെ കാത്തുരക്ഷിക്കാൻ ഞാൻ കൂടെയുണ്ടാകും" ജേക്കബ് തലയണയായി ഉപയോഗിച്ച കല്ല് കുത്തനെ നിർത്തി അമ്മ തന്നയച്ച ഒലിവെണ്ണ അതിനുമേൽ അഭിഷേകം ചെയ്യുന്നു. ആഴ്ചകളോളം സഞ്ചരിച്ച് അവസാനം അവൻ ലാബാന്റെ ഗ്രാമത്തിൽ എത്തിച്ചേരുന്നു.
പിതാവിന്റെ ആടുകളെ മേയിച്ചുകൊണ്ടിരുന്ന റാഹേലിനെ അവിടെയുള്ള കിണറ്റിങ്കരയിൽവച്ച് അദ്ദേഹം കണ്ടുമുട്ടി.പ്രഥമദൃഷ്ടിയിൽ അവളുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായി അവളിൽ അനുരക്തനായി. യാക്കോബ് റാഹേലിനെ അഗാധമായി സ്നേഹിക്കുകയും, അവളെ വിവാഹം കഴിക്കുന്നതിനായി ലാബാനുവേണ്ടി ഏഴ് വർഷം ജോലി ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തു. എന്നാൽ ലാബാൻ ചതിയിലൂടെ മൂത്ത പുത്രിയായ ലേയയെ വിവാഹം കഴിച്ചുകൊടുത്തു. വീണ്ടും ഏഴ് വര്ഷം കൂടി ജോലി ചെയ്യാമെന്ന വ്യവസ്ഥയിൽ ലാബാൻ റാഹേലിനെ വിഹാഹം ചെയ്തുകൊടുത്തു. കഥ തുടരുന്നെങ്കിലും നോവലിൽ റാഹേലിന്റെ വിവാഹവും അതിനുശേഷം ജേക്കബിന്റെ മനസ്സിലേക്ക് വരുന്ന വികാരങ്ങളെപ്പറ്റിയുള്ള വിവരണവുമായി നോവൽ അവസാനിക്കുന്നു.

മേൽ പറഞ്ഞ കഥ നോവൽ രൂപത്തിൽ ഇരുനൂറ്റിപന്ത്രണ്ട് പേജുകളിലായി നോവലിസ്റ്റ് എഴുതി വച്ചിരിക്കുന്നത് വായനക്കാരെ വിസ്മയാധീനരാക്കും. ചരിത്രപരമായ യാഥാർത്ഥ്യങ്ങളെ ഉറപ്പിച്ചുനിർത്തികൊണ്ടു കഥാപാത്രങ്ങൾ ജീവിച്ചുപോന്ന പശ്ചാത്തലങ്ങളെ സജീവവും തീവ്രമായ അനുഭവവേദ്യവുമാക്കുന്നതിൽ നോവലിസ്റ്റ് മികവ് കാട്ടുന്നത് പ്രത്യേകം ശ്രദ്ധാർഹമാണ്. റാഹേലിന്റെയും ജേക്കബിന്റെയും നിരവധി പ്രേമരംഗങ്ങൾ ഇതിൽ വിവരിക്കുന്നുണ്ട്. അതിലൊന്നാണ് എവിടെ വച്ച് നമ്മൾ കാണും എന്ന ജേക്കബിന്റെ ചോദ്യത്തിന് റാഹേലിന്റെ മറുപടി " പൂന്തോട്ടത്തിന്റെ വടക്കേ മൂലയിൽ നിൽക്കുന്ന ഏറ്റവും പൊക്കമുള്ള ആ വാകമരത്തിന്റെ ചുവട്ടിൽ" ജനലിലൂടെ ആ ഇരുണ്ട ദിശയിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് റാഹേൽ മന്ത്രിച്ചു. നിഷ്കളങ്കയായ ഒരു അജപാലബാലികയുടെ രാഗാർദ്രമായ മനസ്സിന്റെ മോഹങ്ങൾ ആ വിവരണത്തിൽ അടങ്ങിയിരിക്കുന്നു
ഒരു നിശ്ചിത ചരിത്രകാലഘട്ടത്തെ അതിന്റെ എല്ലാ സവിശേഷതകളോടെയും പുനഃസൃഷ്ടിക്കുന്ന എഴുത്തുകാരന്റെ കഴിവിനെ ചരിത്രപരമായ പുനർനിർമ്മാണമോ ചരിത്ര പുനർനിർമ്മാണമോ എന്നറിയപ്പെടുന്നു. അത്തരം സാങ്കേതികത്വം രചനയിലുടനീളം നോവലിസ്റ്റ് പ്രകടമാക്കുന്നുണ്ട്. നോവലിലെ ഓരോ രംഗങ്ങളും വായിക്കുമ്പോൾ അതിൽ പറയുന്ന സംഭവങ്ങൾ വെറുതെ നിരത്തുന്നതിന് പകരം, സവിശേഷമായ സാഹിത്യപരമായ ശൈലികളും ഇന്ദ്രിയാനുഭവങ്ങളെ ഉണർത്തുന്ന വിശദാംശങ്ങളും ഉപയോഗിക്കുന്നതിനാൽ 3800 വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവങ്ങളാണ് നമ്മൾ വായിക്കുന്നത് എന്ന പ്രതീതി ഉണ്ടാകുന്നില്ല. ഒരു രംഗം മുഴുവനായി വിവരിക്കുന്നതിനുപകരം നോവലിസ്റ്റ് അതിനോട് ബന്ധപ്പെട്ട ശബ്ദം, ഗന്ധം, എന്നിവ തിരഞ്ഞെടുത്തതായി കാണാം. അതിലൂടെ വായനക്കാരന് ആ രംഗം മുന്നിൽ പ്രത്യക്ഷപ്പെടുന്നു.
ഇവിടെ കമിതാക്കളുടെ ആഗ്രഹപ്രകാരം അവർ സംഗമത്തിനായി കണ്ടുമുട്ടുന്ന സ്ഥലവും അതിനോടൊപ്പം പെയ്തൊഴിഞ്ഞ പെരുമഴയിൽ നനഞ്ഞ പനിനീർപ്പൂക്കളുടെ സുഗന്ധം ആസ്വദിച്ച് കാത്തിരിക്കുന്ന കാമുകൻ നിലാവെളിച്ചത്തെ കീറിമുറിച്ചു വരുന്ന പ്രണയിനിയുടെ വശ്യരൂപം കണ്ടു അവന്റെ മനസ്സ് പെരുമ്പറ കൊട്ടുന്നത് വിവരിക്കുന്നതിലൂടെ അന്നും ഇന്നും കാമുകഹൃദയങ്ങളുടെ മിടിപ്പുകൾക്ക് വ്യത്യസമില്ലെന്നു നോവലിസ്റ്റ് സൂചിപ്പിക്കുന്നു വളരെ വിശ്വസനീയമായി.
വ്യത്യസ്ഥമത വിശ്വാസങ്ങൾ ഇന്നത്തെപോലെ അന്നത്തേയും കമിതാക്കളെ സങ്കടപെടുത്തുവെന്നു ജേക്കബിന്റേയും റാഹേലിന്റെയും ജീവിതത്തിൽ കാണാം. ജേക്കബിനെപോലെ മതത്തിനുവേണ്ടി കടുംപിടുത്തം പിടിക്കുന്നവളല്ല റാഹേൽ. സ്നേഹത്തിനുവേണ്ടി അവൾ അതൊക്കെ ത്യാഗം ചെയ്യുന്നത് കാണാം. ദിവസങ്ങളോളമായി നടക്കുന്ന പ്രണയ സല്ലാപങ്ങളുടെ ലഹരി പതഞ്ഞു പൊങ്ങാൻ തുടങ്ങിയപ്പോൾ അവർ ശാരീരികമായി ബന്ധപ്പെടുന്നുണ്ട്. വിവാഹപൂർവ രതിയിൽ ഏർപ്പെട്ടാൽ റാഹേൽ വിശ്വസിക്കുന്ന ഇഷ്ടാർ ദേവി കോപിക്കുമെന്നു അവൾക്കറിയാം. അതിനുശേഷം വിവാഹം കഴിഞ്ഞാലും പിന്നെ കുട്ടികൾ ഉണ്ടാകില്ല. അവൾ അതേപ്പറ്റി പറയുമ്പോൾ ജേക്കബ് തന്റെ യഹോവ എല്ലാറ്റിനും വഴിയുണ്ടാക്കുമെന്ന വിശ്വാസകാരനാണ്. അദ്ദേഹം യഹോവയുടെ വാക്കുകളിൽ വിശ്വസിച്ചു നടക്കുന്നുണ്ടെങ്കിലും സ്വാർത്ഥതക്ക് കുറവില്ല. നീതിമാനായ വഞ്ചകൻ എന്ന് ബൈബിൾ ജേക്കബിനെ വിശേഷിപ്പിക്കുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ പ്രവർത്തികൾ ആ വ്യക്തിത്വമാണ് കാണിക്കുന്നത്. പ്രണയിനിയുടെ കന്യകാത്വം കവരുമ്പോൾ അദ്ദേഹത്തിന് യഹോവയെപ്പറ്റി ഓർക്കാൻ നേരമില്ല. റാഹേൽ അവളുടെ ആശങ്ക അറിയിക്കുമ്പോൾ എല്ലാം യഹോവ നേരെയാക്കുമെന്ന ശുഭാപ്തി അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ടു. ജേക്കബിന്റേയും റാഹേലിന്റെയും കഥാപാത്ര സൃഷ്ടിയിൽ നോവലിസ്റ്റ് പൂർണ്ണത കൈവരിച്ചിട്ടുണ്ട്.
ചതിയും വഞ്ചനയും യഹോവ പൊറുക്കുകയില്ലെന്ന വിശ്വാസം ജേക്കബിനെ വേട്ടയാടുന്നുണ്ടായിരുന്നു. റാഹേൽ തയ്യാറാക്കിയ പരിപ്പ് കറി കഴിക്കുമ്പോൾ താൻ തന്റെ ചേട്ടനോട് ചെയ്ത ചതിയുടെ ഓർമ്മ അദ്ദേഹത്തിനെ വിമ്മിഷ്ടപെടുത്തുന്നത് നോവലിസ്റ്റ് വളരെ സ്വാഭാവികമായി ചിത്രീകരിച്ചിട്ടുണ്ട്. ജേക്കബിൽ ഉണ്ടാകുന്ന പശ്ചാത്താപബോധം പക്ഷേ യഹോവയുടെ മനസ്സ് അലിയിക്കുന്നില്ല. അദ്ദേഹം ചെയ്ത ചതിക്ക് പകരമായി അമ്മാവനും അദ്ദേഹത്തെ വഞ്ചിക്കുന്നുണ്ട്. കൂടുതൽ വർഷങ്ങൾ ജോലി ചെയ്യിക്കുന്നുണ്ട്.
പ്രാഥമികവും ആധികാരികവുമായ ഉറവിടം ബൈബിൾ ആണെങ്കിലും, അതിലെ കഥകൾ പുനരാഖ്യാനം ചെയ്യുകയോ പുനരാവിഷ്കരിക്കുകയോ ചെയ്യുന്നത് അർത്ഥവത്തായ കാര്യങ്ങൾ നമ്മെ പഠിപ്പിക്കുകയും നമുക്ക് മാർഗ്ഗമായി തീരുകയും ചെയ്യും. നമ്മൾ ചെയ്യുന്ന തെറ്റുകളുടെ കണക്കുകൾ ദൈവം സൂക്ഷിക്കുന്നുണ്ട് എന്ന സൂചന ഈ നോവൽ തരുന്നു. ഗ്രീക്കുകാരുടെ ഒരു ദേവതയുണ്ട് ഒരു കയ്യിൽ തുലാസും മറുകയ്യിൽ ചമ്മട്ടിയോ വാളോ ഏന്തിയ, ഒരു ദേവത. നെമെസിസ് (Nemesis) എന്നായിരുന്നു അവളുടെ പേര്; ഗ്രീക്കുകാർ അവളെ ക്രൂരതയുടെ പ്രതീകമായല്ല, മറിച്ച് തിരുത്തലിന്റെ ദേവതയായാണ് കണ്ടിരുന്നത്. ഈ നോവലിൽ താൻ മറ്റുള്ളവരോട് ചെയ്ത തെറ്റുകൾ മറ്റൊരു രൂപത്തിൽ തന്നെ തേടിയെത്തുന്നത് കണ്ടു ജേക്കബ് ഭയപെടുന്നുണ്ട്. അമ്മ തന്നെക്കൊണ്ട് ആട്ടിൻതോൽ ധരിപ്പിച്ച് അപ്പനെ കബളിപ്പിച്ചു . കട്ടിയുള്ള മുഖാവരണം ധരിപ്പിച്ച് റാഹേൽ ആണെന്ന് പറഞ്ഞു അവളുടെ അപ്പൻ മൂത്തമകൾ ലേയയെ കല്യാണപെണ്ണായി ജേക്കബിന് നൽകുന്നു.
ജേഷ്ഠനെ ചതിച്ച് അമ്മാവന്റെ വീട്ടിൽ അഭയം തേടിയ ജേക്കബിന് മുറപ്പെണ്ണായ റാഹേൽ പ്രണയം പകർന്നെങ്കിലും അവിടത്തെ ജീവിതം പ്രയാസരഹിതമല്ലായിരുന്നു. ജീവിതദുരിതങ്ങൾ അദ്ദേഹത്തിന് നേരിടേണ്ടിവന്നിട്ടുണ്ട്. അമ്മാവന്റെ സ്വഭാവം അനുസരിച്ച് റാഹേലിനെ തനിക്ക് വിവാഹം ചെയ്തുകിട്ടുമെന്നും അദ്ദേഹത്തിന് ഉറപ്പില്ലായിരുന്നു. ആ നാട്ടിലെ ഏതോ പ്രമാണിയുടെ മകന് തന്നെ വിവാഹം ചെയ്തു കൊടുത്തേക്കുമെന്ന വിവരം റാഹേൽ പറയുമ്പോൾ ജേക്കബ് പരിഭ്രമിക്കുകയും നിസ്സഹായനായി വിഷമിക്കയും ചെയ്യുന്നുണ്ട്. റാഹേലുമായി ബന്ധപ്പെട്ട വിവരം അറിയുമ്പോൾ അമ്മാവൻ അയാളെ വീട്ടിൽ നിന്നും പുറത്താക്കി അമ്മാവന്റെ തന്നെ മറ്റൊരു പുരയിടത്തിൽ പാർപ്പിക്കുന്നുണ്ട്. സുഖകരമല്ലാത്ത, ആടിന്റെ ഗന്ധം നിറഞ്ഞ പരിസരമുള്ള അവിടെ അദ്ദേഹം കഴിയുന്നതും ചെയ്ത കർമ്മങ്ങളുടെ പ്രായശ്ചിത്തമായി കാണാം. നോവലിസ്റ്റ് ഇതെല്ലാം വളരെ വിശ്വസനീയതയോടെ പകർത്തുന്നു. തന്നെയുമല്ല ആ നാട്ടിലെ ആചാരങ്ങൾ, ചിട്ടകൾ എന്നിവ വിവരിക്കുന്നത് വായിക്കുമ്പോൾ നമ്മൾ വിസ്മയിച്ചുപോകുന്നു. ഉദാഹരണമായി ജേക്കബിന്റെ കല്യാണത്തലേന്നാൾ കൂട്ടുകാർ അയാളെ വീഞ്ഞ് കുടിപ്പിക്കുന്നു. സുന്ദരിമാരായ നർത്തകിമാരെ കൊണ്ടുവന്നു പറയുന്നു. "ഇത് അവിവാഹിതൻ എന്ന നിലയ്ക്ക് നിന്റെ അവസാനത്തെ രാത്രിയാണ്”. ഈ രാത്രിയിൽ ഇവരിൽ ആരെയെങ്കിലും ആസ്വദിക്കുക. എന്നാൽ ജേക്കബ് അതിൽ നിന്നെല്ലാം മാറിൽ നിൽക്കുന്നുണ്ട്.
വഞ്ചന (ജേക്കബ് ഈശോവിനെ/ ലാബാൻ യാക്കോബിനെ കബളിപ്പിക്കുന്നു), പക്ഷപാതം,(റെബേക്ക) സഹോദര സ്പർദ്ധ,(ഈശോ /ജേക്കബ്) എന്നിവ ഉണ്ടായിരുന്നിട്ടും, ദൈവം തന്റെ ഉടമ്പടി വാഗ്ദാനങ്ങൾ നിറവേറ്റുന്നുവെന്ന് ബൈബിളിലെ വിവരണങ്ങളെ അടിസ്ഥാനമാക്കി ഈ നോവലിൽ വെളിപ്പെടുത്തിയിരിക്കുന്നു. കൂടാതെ ദൈവത്തിന്റെ സമയക്രമത്തിൽ ആശ്രയിച്ച് കാത്തിരിക്കേണ്ട ആവശ്യകത മനുഷ്യർക്കുണ്ടെന്ന പാഠവും ഈ നോവൽ നൽകുന്നു.
ശുഭം