Image

ലൊസാഞ്ചലസ് ഒളിംപിക്‌സ്: ബർത്ത് ഉറപ്പിച്ച് ഇന്ത്യന്‍ ഹോക്കി, വനിതാ ക്രിക്കറ്റ് ടീമുകള്‍ (സനില്‍ പി. തോമസ്)

Published on 10 October, 2026
ലൊസാഞ്ചലസ് ഒളിംപിക്‌സ്: ബർത്ത്  ഉറപ്പിച്ച് ഇന്ത്യന്‍ ഹോക്കി,  വനിതാ ക്രിക്കറ്റ് ടീമുകള്‍ (സനില്‍ പി. തോമസ്)

ലൊസാഞ്ചലസ് ഒളിംപിക്‌സ് 2028 ജൂലൈ 14 മുതല്‍ 30 വരെയാണ്. ഇനി രണ്ടു വര്‍ഷം ഇല്ല. പുതിയ അഞ്ച് ഇനങ്ങള്‍ ഉള്‍പ്പെടെ 35 ഇനങ്ങളില്‍ ആണ് മത്സരം. ഇതില്‍ ഏതാനും ഇനങ്ങളില്‍ പങ്കെടുക്കാന്‍ ഇന്ത്യ യോഗ്യത നേടിക്കഴിഞ്ഞു. ഏതാനും ക്വോട്ടാ സ്ഥാനങ്ങളും ഉറപ്പിച്ചിട്ടുണ്ട്. ജപ്പാനിലെ ഐച്ചി-നഗോയയില്‍ സമാപിച്ച ഏഷ്യന്‍ ഗെയിംസില്‍ ഏഴ് സ്‌പോര്‍ട്‌സിലായി 20 ക്വോട്ടാ സ്ഥാനങ്ങള്‍ ഉണ്ടായിരുന്നു.

ആര്‍ച്ചറി, ഹോക്കി, സെയ്‌ലിങ്, സ്‌ക്വാഷ്, സര്‍ഫിങ്, ടെന്നിസ് ട്രയാത്‌ലന്‍ എന്നിവയിലായിരുന്നു ഒളിംപിക് ക്വാട്ട നേടാന്‍ അവസരം. ഇതില്‍ ട്രയാത്‌ലനില്‍ ഇന്ത്യ പങ്കെടുത്തില്ല. ഇന്ത്യയുടെ പുരുഷ-വനിതാ ഹോക്കി ടീമുകള്‍ സ്വര്‍ണ്ണം നേടിക്കൊണ്ട് ലൊസാഞ്ചലസില്‍ മത്സരിക്കാന്‍ യോഗ്യത നേടി. ഹോക്കിയില്‍ കോണ്ടിനെന്റല്‍ ചാമ്പ്യന്‍മാര്‍ക്കു മാത്രമാണ് നേരിട്ട് അവസരം. ഇന്ത്യയുടെ പുരുഷ ഹോക്കി ടീം ടോക്കിയോയിലും പാരിസിലും വെങ്കല മെഡല്‍ ജേതാക്കളാണ്. വനിതാ ഹോക്കി ടീം ടോക്കിയോയില്‍ നാലാം സ്ഥാനം നേടിയെങ്കിലും പാരിസില്‍ മത്സരിക്കാന്‍ യോഗ്യത ലഭിച്ചില്ല.
ആര്‍ച്ചറിയില്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണം കരസ്ഥമാക്കി ഇന്ത്യ രണ്ട് ഒളിംപിക് ക്വോട്ടാ സ്ഥാനങ്ങള്‍ ഉറപ്പാക്കി. ഇത് രാജ്യത്തിനുള്ള ക്വോട്ടയായതിനാല്‍ ജയിച്ചവര്‍ തന്നെ മത്സരിക്കണമെന്നില്ല. ആര്‍ച്ചറി കോമ്പൗണ്ട് വിഭാഗത്തില്‍ മിക്‌സ്ഡ് ഇനത്തില്‍ ചികിത തനിപരതി-സഹില്‍ ജാദവ് ടീമാണ് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണവുമായി ക്വോട്ട ഉറപ്പാക്കിയത്. ഈ ഇനം 2028ൽ  ഒളിംപിക്‌സില്‍ ആദ്യമായി ഉള്‍പ്പെടുത്തുകയാണ്.

ആര്‍ച്ചറി റിക്കര്‍വ് വിഭാഗത്തില്‍ പുരുഷ-വനിതാ സിംഗിള്‍സില്‍ ഏഷ്യാഡ് സ്വര്‍ണ്ണം ഒളിംപിക് യോഗ്യതയാണ്. ഇതില്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ കുംകും മൊഹദ് സ്വര്‍ണ്ണ മെഡല്‍ നേടിയിരുന്നു. ലൊസാഞ്ചലസിൽ അരങ്ങേറ്റ ഇനമായ സ്‌ക്വാഷില്‍ ഏഷ്യന്‍ ഗെയിംസ് സിംഗിള്‍സ് ജേതാക്കള്‍ക്ക് ക്വോട്ട ഉണ്ടായിരുന്നു. ഇന്ത്യക്കു പ്രയോജനപ്പെട്ടില്ല. ടെന്നിസില്‍ ആകട്ടെ ഇന്ത്യ മെഡല്‍ ഇല്ലാതെയാണ് ഏഷ്യാഡിൽ നിന്നു മടങ്ങിയത്. സര്‍ഫിങ്ങിലും സെയ്‌ലിങ്ങിലും ക്വോട്ട കരസ്ഥമാക്കാന്‍ ഇന്ത്യക്കു സാധിച്ചില്ല.

1900 ത്തിനു ശേഷം ആദ്യമായി 2028 ല്‍ ക്രിക്കറ്റ് ഒളിംപിക് ഇനമാകുമ്പോള്‍ ഇന്ത്യന്‍ വനിതാ ടീം ബര്‍ത്ത് ഉറപ്പാക്കി. ഈ വര്‍ഷം നടന്ന ഐ.സി.സി. ട്വന്റി 20 വനിതാ ലോകകപ്പില്‍ ഏററവും മികച്ച പ്രകടനം കാഴ്ചവച്ച ഏഷ്യന്‍ രാജ്യമെന്ന നിലയിലാണ് ഇന്ത്യ ഒളിംപിക് യോഗ്യത നേടിയത്. ഇതേ സമയം ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന് ഇനിയും കാത്തിരിക്കണം. ഐ.സി.സി.യുടെ ട്വന്റി 20 റാങ്കിങ്ങില്‍ ഈ വര്‍ഷം ഡിസംബര്‍ 31ന് ഏഷ്യയിലെ ആദ്യ റാങ്കുകാരായാല്‍ ഇന്ത്യക്കു യോഗ്യത കൈവരും. അല്ലാത്ത പക്ഷം, അടുത്ത വര്‍ഷം നടക്കുന്ന ക്വാളിഫയിങ് ടൂര്‍ണമെന്റില്‍ പങ്കെടുക്കണം.
ട്വന്റി 20 ക്രിക്കറ്റാകും ലോസാഞ്ചലസില്‍ ഉണ്ടാവുക. പരുഷ-വനിതാ വിഭഗങ്ങളില്‍ ആറു ടീമുകള്‍ വീതമാണ് മത്സരിക്കുക. കഴിഞ്ഞ രണ്ട് ഏഷ്യന്‍ ഗെയിംസിലും പുരുഷ-വനിതാ ക്രിക്കറ്റില്‍ ഇന്ത്യക്കായിരുന്നു സ്വര്‍ണ്ണം. പക്ഷെ, ക്രിക്കറ്റില്‍ ഏഷ്യന്‍ ഗെയിംസില്‍ ഒളിംപിക് ക്വോട്ട ഇല്ലാതെ പോയി. ക്രിക്കറ്റില്‍ ഒളിംപിക്  സ്വർണ്ണം ലക്ഷ്യമിട്ടു തന്നെയാകും ഇന്ത്യ കളിക്കുക. പുരുഷന്മാരും യോഗ്യത നേടുമെന്ന് പ്രതീക്ഷിക്കാം.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക