Image

ഡല്‍ഹിയില്‍ 'അപ്രഖ്യാപിത എമർ-ജെൻസഡ്'; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ

Published on 10 October, 2026
ഡല്‍ഹിയില്‍ 'അപ്രഖ്യാപിത എമർ-ജെൻസഡ്'; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി  ശശി തരൂർ

ന്യൂഡല്‍ഹി: ജന്തർ മന്ദറിൽ കോക്രോച്ച് ജനതാ പാർട്ടി നടത്താനിരുന്ന പ്രതിഷേധത്തിനെതിരെ ഏർപ്പെടുത്തിയ കടുത്ത പൊലീസ് നടപടികളെയും നിയന്ത്രണങ്ങളെയും വിമർശിച്ച് കോൺഗ്രസ് എം.പി ശശി തരൂർ രംഗത്ത്. ഡൽഹിയിലെ ഇപ്പോഴത്തെ സാഹചര്യത്തെ 'അപ്രഖ്യാപിത എമർ-ജെൻസഡ്' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, നമ്മുടെ യുവതലമുറ (ജെൻ-ഇസഡ്) തലമുറ ഇതിലും മികച്ചത് അർഹിക്കുന്നുണ്ടെന്ന് വ്യക്തമാക്കി

പ്രതിഷേധം അടിച്ചമർത്താൻ സർക്കാർ സ്വീകരിച്ച കടുത്ത നടപടികളെ തരൂർ ശക്തമായി അപലപിച്ചു. ഡൽഹിയുടെ ഹൃദയഭാഗത്ത് ഇൻ്റർനെറ്റ് വിച്ഛേദിച്ചതും മെട്രോ സ്റ്റേഷനുകൾ അടച്ചുപൂട്ടിയതും ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞതും അതീവ പിന്തിരിപ്പൻ നയങ്ങളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ കാണിക്കാത്ത എന്ത് അടിയന്തര പ്രാധാന്യമാണ് സമാധാനപരമായി പ്രതിഷേധിക്കുന്ന യുവാക്കളെ അടിച്ചമർത്താൻ സർക്കാർ കാണിക്കുന്നതെന്ന് അദ്ദേഹം ചോദ്യം ചെയ്‌തു.

ലാത്തിയല്ല, മറുപടിയാണ് സർക്കാർ നൽകേണ്ടതെന്നും, അടിച്ചമർത്തലല്ല അഭിപ്രായപ്രകടനത്തിനുള്ള അവസരമാണ് ഒരുക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം പൂർണമായും തടയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡൽഹിയുടെ മധ്യഭാഗത്ത് പൗരന്മാർക്ക് വിയോജിപ്പുകൾ പ്രകടിപ്പിക്കാനായി പ്രത്യേകം അനുവദിച്ച സ്ഥലമാണ് ജന്തർ മന്തർ, എന്നാൽ ഇന്ന് അവിടേക്കുള്ള റോഡുകൾ പോലും നിരോധിത മേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബെർലിനിലായിരുന്ന തരൂർ പുലർച്ചെ രണ്ടിന് ശേഷമാണ് തലസ്ഥാനത്ത് തിരിച്ചെത്തിയത്. ഡൽഹിയിൽ ഇപ്പോൾ കാണുന്നതുപോലൊരു സാഹചര്യം താൻ അപൂർവമായേ കണ്ടിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കസ്റ്റഡിയിലുള്ളവരെ വിട്ടയക്കേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടിയ തരൂർ, പ്രതിഷേധക്കാർ തിങ്കളാഴ്‌ച വീണ്ടും തിരിച്ചെത്തിയാൽ അധികൃതർ തലസ്ഥാന നഗരിയെ വീണ്ടും അടച്ചിടുമോ എന്നും ചോദിച്ചു. "പ്രഖ്യാപിക്കപ്പെടാത്ത അടിയന്തരാവസ്ഥയേക്കാൾ മികച്ചത് നമ്മുടെ 'ജെൻ-ഇസഡ്' തലമുറ അർഹിക്കുന്നു" അദ്ദേഹം പറഞ്ഞു.

Join WhatsApp News
Jayan varghese 2026-10-10 13:31:29
സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ മോഹന പ്രതീക്ഷകൾ കശക്കിയെറിഞ്ഞതിൽ കോൺഗ്രസ്സിന്നും വലിയൊരു പങ്കുണ്ട്. കോൺഗ്രസിനെ പിൻതള്ളി പിന്നീട് വന്ന ഭരണകൂടങ്ങൾക്കും ജനങ്ങളുടെ സ്വപ്‌നങ്ങൾ പൂവണിയിക്കാൻ സാധിച്ചില്ല. ഒരു നൂറ്റാണ്ടോളം നീണ്ട സ്വതന്ത്ര ഭാരത ഭരണം ദാരിദ്ര്യ രേഖയുടെ വർണ്ണവലയ്ക്കടിയിൽ ഇന്നും പകുതിയെണ്ണത്തിനെ കുടുക്കിയിടുന്നുവെങ്കിൽ ആ വലിയ കൂട്ടത്തിന്റെ പ്രതിഷേധമാണ് ഇടയ്ക്കിടെ ഇന്ത്യയിൽ മുഴങ്ങുന്ന രണ്ടാം സ്വാതന്ത്ര്യ സമര കാഹളങ്ങൾ. ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക