Image

വാർത്തകൾക്കും വരകൾക്കുമിടയിൽ (പ്രത്യേക അഭിമുഖം മോത്തി രാജേഷ് / തയാറാക്കിയത്: പ്രദീപ് പനങ്ങാട്)

Published on 10 October, 2026
വാർത്തകൾക്കും വരകൾക്കുമിടയിൽ (പ്രത്യേക അഭിമുഖം മോത്തി രാജേഷ് / തയാറാക്കിയത്: പ്രദീപ് പനങ്ങാട്)

മലയാള മാധ്യമ ലോകം ഇന്ന് സ്ത്രീകളുടെ കൂടിയാണ്. പ്രത്യേകിച്ച് ദൃശ്യമാധ്യമം. ദൃശ്യ മാധ്യമത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീ സാന്നിധ്യമുണ്ട്. ചാനലുകളുടെ വാർത്താ വിഭാഗത്തെ നിയന്ത്രിക്കാൻ വരെ അവർക്ക് കഴിയുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ കേരളത്തിലുണ്ടായ വലിയ മാറ്റമാണത്. അതുകൊണ്ട് തന്നെ സ്തീ സംബന്ധമായ വാർത്തകളും പ്രശ്നങ്ങളും സജീവമായി നിലനിർത്താൻ കഴിയുന്നു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെക്കാലമായി മോത്തി രാജേഷ് ദൃശ്യ മാധ്യമ രംഗത്തുണ്ട്. റിപ്പോർട്ടറായി അവതാരകയായി ന്യൂസ് പ്രസന്ററായി.മാതൃഭൂമി  ന്യൂസ്  സീനിയര്‍ റിപ്പോര്‍ട്ടര്‍ ആണ് മോത്തി  രാജേഷ് .ഒരു  മാധ്യമത്തിന്റെ സാധ്യതകളും സ്വാധീനവും മനസ്സിലാക്കിയാണ് മോത്തി പ്രവർത്തിക്കുന്നത്. മാധ്യമ പ്രവർത്തക എന്നതോടൊപ്പം ചിത്രകാരി കൂടിയാണ്. നിരവധി ചിത്ര പ്രദർശനങ്ങളിൽ പങ്കാളിയായി.  വാർത്തകൾക്കും വർണ്ണങ്ങൾക്കും ഇടയിലെ ജീവിതത്തെ കുറിച്ചു   മോത്തി സംസാരിക്കുന്നു

ഒരു മാധ്യമപ്രവർത്തക എന്ന നിലയിൽ ഇന്ന് നേരിടുന്ന പ്രതിസന്ധി എന്താണ്?

എല്ലാം രാഷ്ട്രീയമായി മാത്രം കാണുന്ന കെട്ട കാലം എന്ന് ഞാൻ പറയും. ഏതു സ്വതന്ത്ര വാർത്ത എന്ന് പറഞ്ഞാലും അതിനെ രാഷ്ട്രീയമായി മാത്രം എടുക്കുന്നതാണ് ഇപ്പോഴത്തെ രീതി. പുരോഗമന ചിന്താഗതി ഉണ്ട് എന്നോ വിദ്യാസമ്പന്നർ എന്നോ ഒക്കെ നമ്മൾ കരുതുന്ന മനുഷ്യരാവും ഏറ്റവും ആദ്യം നമ്മുടെ വാർത്താ നിലപാടുകളെ ആക്രമിക്കുക. പറഞ്ഞതിൽ ന്യായമയുണ്ടോ എന്നത് അവരുടെ വിഷയമേ അല്ല എന്നുതോന്നും. വിമർശനം വളരെ സ്വാഗതാർഹം ആണ്. എന്നാൽ, വിമർശനത്തിന്റെ സീമകൾ കടന്നു വെറുപ്പിന്റെ രാഷ്ട്രീയം പറയുകയും, വ്യക്തിപരമായി കുറ്റപ്പെടുത്തുകയും, സൗഹൃദം പോലും ഉപേക്ഷിക്കുകയും ഒക്കെ ചെയ്‌യുന്ന തരത്തിലേക്ക് കാര്യങ്ങൾ പോകും. സൈബർ ലോകം ജനങ്ങൾക്കുമുന്നിൽ ഇത്ര എക്സ്പോസ്ഡ് ആയതോടെ ഒളിഞ്ഞും തെളിഞ്ഞും ഇരുന്നു കൊണ്ട്  വ്ക്തിയ അധിക്ഷേപത്തിലേക്കു കാര്യങ്ങൾ നീങ്ങുന്നു. അതെല്ലാം രാഷ്ട്രീയ പ്രത്യയശാസ്ത്ര വ്യത്യാസങ്ങളുടെ പേരിൽ ആണ് എന്നതാണ് വേദനാജനകം. എന്റെ ശെരികൾ ആയിരിക്കില്ല മറ്റൊരാളുടെ ശെരികൾ എന്നും, അവകൂടി അംഗീകരിക്കാനോ, സൗഹൃദത്തിന് പോറൽ ഏൽക്കാത്ത വിധം തള്ളിക്കളയാനോ ഉള്ള സഹിഷ്ണുതയാണ് സംസ്കാരം എന്നോ പലരും മറന്നുപോയിരിക്കുന്നു.

മാധ്യമ പ്രവർത്തനം സ്വയം തിരഞ്ഞെടുത്തതാണോ?

അതെ. ഭാവി സെറ്റ് ചെയ്യുന്നതിൽ പ്ലാൻ എ യും പ്ലാൻ ബിയും ഞാൻ കണ്ടിരുന്നു. പ്ലാൻ എ സെക്കന്റ് ഗ്രൂപ്പ് പഠിച്ചു ഡോക്ടർ ആവുക ആയിരുന്നു എങ്കിൽ പ്ലാൻ ബി ലിറ്ററേച്ചർ  പഠിച്ചു ജേണലിസത്തിലേക്കു പോവുക എന്നതായിരുന്നു. പ്ലാൻ എ വീട്ടുകാർ തീരുമാനിച്ചപ്പോൾ പ്ലാൻ ബി ഞാൻ തീരുമാനിച്ചു. ആദ്യത്തേത് സ്വതസിദ്ധമായ താല്പര്യക്കുറവുകൊണ്ടും,പ്ലാൻ ബിയോടുള്ള കടുത്ത താല്പര്യം കൊണ്ടും നടന്നില്ല. അങ്ങനെ ജേണലിസത്തിൽ മാസ്റ്റേഴ്സ് ചെയ്തു. ജേണലിസ്റ്റായി.

ഇത്രയും കാലത്തെ അനുഭവത്തിൽ നിന്ന് മാധ്യമങ്ങളും സമൂഹവും തമ്മിലുള്ള ബന്ധത്തെ എങ്ങനെ കാണുന്നു?

മലയാളികൾ എല്ലാക്കാലവും മാധ്യമങ്ങളോട് അടുത്ത് നിൽക്കുന്നവരാണ്. ദിവസവും വാർത്തകൾ അറിഞ്ഞില്ലെങ്കിൽ 90 ശതമാനം മലയാളിക്കും പൂർണത ഇല്ലാത്തത്  പോലെ ആണ്. പണ്ടത്തെ മാധ്യമ - സാമൂഹ്യ ബന്ധം അല്ല ഇപ്പോൾ. പുറത്തുനിന്നു വാർത്തകൾ അറിയുക എന്നതല്ല, മാധ്യമങ്ങളിലേക്കു എത്തി വേണ്ട വാർത്തകൾ എടുക്കുക എന്ന രീതി ആണല്ലോ. അതുകൊണ്ടുതന്നെ ഇടപെടലുകൾ കൂടി. ഒരുപറ്റം എലൈറ്റ് ക്ലാസ്സിന്റെ ബൗദ്ധികതയുടെ അടയാളമായി മാധ്യമപ്രവർത്തനത്തെ കാണുന്ന രീതി ഇന്നില്ല. അതിന്റെ ആവശ്യവും ഇല്ല. ഇന്ന് സമൂഹമാധ്യമങ്ങൾ വഴി ഓരോരുത്തരും ജേണലിസ്റ്റുകളാണ്. പക്ഷെ അതിന്റെ ആധികാരികത എത്രത്തോളം എന്നത് ഓഡിറ്റ് ചെയ്യപ്പെടേണ്ടതും ആണ്. എന്തുകൊണ്ട് മാധ്യമസ്ഥാപനങ്ങളിൽ നിന്ന് വരുന്ന വാർത്തകൾ ഒരുപരിധി വരെ എങ്കിലും വിശ്വസനീയവും സിറ്റിസൺ ജേണലിസം പലപ്പോഴും അങ്ങനെ അല്ലാതെയും പോകുന്നു എന്നത് പൊതുജനം ശ്രദ്ധിക്കാത്തതായി തോന്നിയിട്ടുണ്ട്. എനിക്കിഷ്ടം ഇല്ലാത്തതു പറഞ്ഞാൽ അത് വ്യാജവാർത്ത എന്ന ധാരണയാണ് ഇപ്പോൾ ജനങ്ങൾക്ക്. അങ്ങനെയും ഒരു വാർത്താ വശം ഉണ്ട് എന്ന ഉൾക്കൊള്ളൽ ഇല്ല. ഒരുപക്ഷെ സമൂഹമാധ്യമങ്ങൾ വഴി ഒഴുകുന്ന വാർത്തകൾ ഒരു സ്ക്രീനിംഗ് നടപടിയിലൂടെ കടന്നുപോയാൽ കുറച്ചുകൂടി  കാര്യങ്ങൾ നിലവാരം ഉള്ളതായേക്കും.

ദൃശ്യമാധ്യമത്തിലാണല്ലോ സജീവമായി പ്രവർത്തിക്കുന്നത്.ദൃശ്യ മാധ്യമങ്ങൾക്ക് വാർത്തകളോടും വസ്തുതകളോടും നീതി പുലർത്താൻ കഴിയുന്നുവോ?

ദൃശ്യമാധ്യമത്തിലാണ് ഇപ്പോൾ സജീവമായി പ്രവർത്തിക്കുന്നത്. അതിന്റെ ഭാഗമായി ചിലപ്പോഴൊക്കെ എഴുതാറും ഉണ്ട്. ദൃശ്യമാധ്യമത്തിൽ ഫസ്റ്റ് കം ഫസ്റ്റ് എന്ന തരത്തിൽ വാർത്തകൾ നൽകുമ്പോൾ വല്ലപ്പോഴും എങ്കിലും തെറ്റുകൾ സംഭവിക്കാറുണ്ട്. മാറ്റിപ്പറയേണ്ടി വരാറുണ്ട്. മത്സര ഓട്ടത്തിൽ അത് ജോലിയുടെ ഭാഗമായി പോകുന്നു. പലവട്ടം കാര്യങ്ങൾ ഉറപ്പിച്ചു വരുമ്പോഴേക്കും  മറ്റൊരു ചാനൽ അത് നൽകിയിട്ടുണ്ടാവും . പൊതുജനം അപ്പോൾ അതിനെ കാണുന്നത്, നിങ്ങൾ മാത്രം എന്തേ വൈകി, നാണമില്ലേ? എന്ന തരത്തിലാണ്. 99 ശതമാനവും വാർത്തകളോട് നീതിപുലർത്താൻ കഴിയാറുണ്ട്. ഒരുശതമാനം വാർത്ത മാർക്കറ്റിംഗ് താല്പര്യങ്ങളോടെ ആയിരിക്കും. അത് എല്ലാസ്ഥാപനങ്ങളുടെയും കാര്യത്തിൽ അങ്ങനെ തന്നെ ആണ്. അത് ആവശ്യവും ആണ്. പിന്നെ രാഷ്ട്രീയ താല്പര്യങ്ങൾ ആണ് ഉദേശിച്ചത് എങ്കിൽ, ഞാൻ ജോലിചെയ്യുന്ന സ്ഥാപനത്തിൽ ഒരു എംപ്ലോയീ എന്ന നിലയിൽ എനിക്ക് അത്തരത്തിൽ നീതിപുലർത്താൻ കഴിയാത്ത അവസ്ഥ വന്നിട്ടില്ല. ഇടപെടലുകൾ ഉണ്ടായിട്ടില്ല.

ഒരു കാലത്ത് പുരുഷന്മാരുടെ ആധിപത്യമായിരുന്നു മാധ്യമ മേഖലയിൽ ഇപ്പോൾ  അത് മാറി.വനിതാ മാധ്യമ പ്രവർത്തകർക്ക് വാർത്തകളുടെ തിരഞ്ഞെടുപ്പിലും അവതരണത്തിലും വെണ്ടത്ര സ്വാതന്ത്ര്യം കിട്ടുന്നുവോ ?

ഉണ്ട്. അത്തരത്തിൽ ലിംഗവ്യത്യാസം ഇന്ന് ഇല്ല. കാരണം നിർണായക സ്ഥാനങ്ങളിലേക്ക് സ്ത്രീകൾ ലിംഗഭേദമന്യേ കടന്നുവന്നിട്ടുണ്ട്. അപ്പോൾ അവരുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റി അല്ലാതെ മുന്നോട്ടുപോകാൻ കഴിയില്ല. സ്ത്രീ മാറി നിൽക്കട്ടെ, പുരുഷൻ ചെയ്യട്ടെ എന്ന് പറയാൻ പറ്റില്ല. അങ്ങനെ തീരുമാനിച്ചാൽ പോലും അവിടെ ചിലപ്പോൾ സ്ത്രീയെ ഉണ്ടാവൂ കാര്യങ്ങൾ നോക്കാൻ. അത്തരത്തിൽ ഒരു ലിംഗവ്യത്യാസവും എനിക്ക് അനുഭവപ്പെട്ടിട്ടില്ല ഇതുവരെ. ഇനി അങ്ങനെ അനുഭവപ്പെട്ടാൽ ചോദ്യം ചെയ്യാൻ മടികാണിക്കുകയും ഇല്ല ഞാൻ.  

വാർത്താ അവതാരകരുടെ ഭാഷയെ കുറിച്ചു  വിമർശനങ്ങൾ ഉയർന്നു വരാറുണ്ട്. താങ്കൾ അത്തരം ജാഗ്രത പുലർത്താറുണ്ടോ?

ഉണ്ട്. ഭാഷയിൽ വളരെ ജാഗ്രതപുലർത്തുന്ന ഒരാളാണ് ഞാൻ. മാധ്യമങ്ങളുടെ എടുക്കേറ്റീവ് പർപ്പസ് നിറവേറണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. അതുകൊണ്ടുതന്നെ ഭാഷാപരമായി, എല്ലാ തട്ടിൽ ഉള്ളവർക്കും ശെരി മാത്രം കിട്ടണം എന്ന് എനിക്ക് നിർബന്ധം ഉണ്ട്. ഞാൻ കൊടുക്കുന്നത് തെറ്റായാൽ അതുകേട്ടു വളരുന്ന ഒരു സമൂഹം എന്റെ മുന്നിൽ ഉണ്ടായി വരും എന്ന ഉറച്ച ബോധ്യം എനിക്കുണ്ട്. ഭാഷയിൽ വെള്ളംചേർക്കലുകൾക്കു ഞാൻ താല്പര്യപ്പെടുന്നില്ല. ഉച്ചാരണം എന്നെ സംബന്ധിച്ചിടത്വതോളം വളരെ മുഗ്ധ്യം ആണ്. അറിയാത്തവ, അറിയുന്ന ആരോടെങ്കിലും ചോദിച്ചു മനസിലാക്കാനും എനിക്ക് മടിയില്ല. വാർത്തകളിൽ പലപ്പോഴും ഇംഗ്ലീഷ് വാക്കുകളും നമുക്ക് ഒഴിവാക്കാൻ ആവില്ല. അവയും ശ്രദ്ധയോടെ ഡെലിവേര് ചെയ്യുന്നു എന്ന് ഉറപ്പുവരുത്താറുണ്ട്. വിദ്യാർഥി,അദ്ധ്യാപകൻ, തുടങ്ങിയ വാക്കുകളൊക്കെ പലരും തെറ്റായി  ഇപ്പോഴും പറയുന്നത് കേൾക്കുമ്പോൾ വിഷമം തോന്നാറുണ്ട്. മാധ്യമപ്രവർത്തകർ വഴികാട്ടികൾ ആവേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഒരിക്കലും തെറ്റുവരാതിരിക്കാൻ ശ്രദ്ധിക്കണം.

വാർത്താ അവതരണത്തിനിടയിൽ അപ്രതീക്ഷിതമായി  വരുന്ന വാർത്താ സന്ദർഭങ്ങളെ എങ്ങനെ നേരിടുന്നു അത്തരം ഒരു സന്ദർഭം ഓർക്കാമോ?

വളരെ പെട്ടെന്ന് ആ വാർത്തയുമായി താദാത്മ്യപ്പെട്ടു പോകേണ്ടത് ഒരു വെല്ലുവിളി തന്നെയാണ്. പരിമിതമായ വിവരങ്ങൾ ആവും തുടക്കത്തിൽ ഉണ്ടാവുക. ആ വാർത്തയുടെ കൂടുതൽ വിവരങ്ങൾക്കായി കയ്യിലുള്ള ഫോൺ ഉപയോഗിച്ചും മറ്റും വിവരങ്ങൾ ശേഖരിക്കാനും, ഉറപ്പുവരുത്താനും ശ്രമിക്കാനുള്ള അവസരം ഇപ്പോൾ ഉണ്ട്. ഫോൺ വഴി തന്നെയാണ് റിപ്പോർട്ടർ വിവരങ്ങൾ പങ്കുവയ്ക്കുന്നതും. ഈ ആധുനിക സാംവിധാനങ്ങൾക്കു മുൻപ് ഉണ്ടായ ഒന്നാണ് മനസിലേക്ക് വരുന്നത്. അത് ബേനസിർ ഭൂട്ടോ വെടിയേറ്റ് മരിച്ച ദിവസം ആണ്. അങ്ങനെ ഒരു സംഭവത്തില്‍  അവർ ആരായിരുന്നു എന്നും, അവരുടെ രാഷ്ട്രീയം എന്ത് എന്നും, അവർ കടന്നുപോകുന്ന ആഭ്യന്തര സാഹചര്യം എന്ത് എന്നുമൊക്കെ ഒരു ധാരണ ഇല്ലെങ്കിൽ ആ സന്ദർഭം  കൈകാര്യം ചെയ്യാൻ കഴിയില്ല. അന്ന് അത് കൈകാര്യം ചെയ്തത് ഓർമയിലുണ്ട്.

. വാർത്തകൾ ജീവിതത്തോടൊപ്പം കൂടാറുണ്ടോ?

ഉണ്ട്. ഞാൻ ഒരു ചിത്രകാരി കൂടി ആണ്. അതുകൊണ്ടുതന്നെ പലതും വൈകാരികമായി ബാധിക്കാറുണ്ട്. ചിലതൊക്കെ വേട്ടയാടാറുണ്ട്. ഉറക്കം കെടുത്താറുണ്ട്. ചില വാർത്തകളിൽ  ആ മനുഷ്യനെപ്പറ്റി കുറച്ചുകൂടി കഥകൾ അറിഞ്ഞിരുന്നെങ്കിൽ എന്ന് തോന്നും. മനസുനിറയെ ചോദ്യങ്ങൾ വരും. അവയൊക്കെ ഉത്തരംകിട്ടാതെ  വിങ്ങും. ഇക്കഴിഞ്ഞ ഒരു ദിവസം തന്നെ ഒറ്റയ്ക്ക് താമസിച്ചിരുന്ന യുവതി മരിച്ചതോടെ അവരുടെ നായ ഒറ്റക്കായിപ്പോയതും പിന്നീട് അതിനെ ഒരു സംഘടന ഏറ്റെടുത്തതും വാർത്ത ആയിരുന്നു. എന്നാൽ അവർ എങ്ങനെ ഒറ്റപ്പെട്ടുപോയി , കുടുംബം ഇല്ലാതായിപ്പോയത് എന്തുകൊണ്ട്, സുഹൃത്തുക്കൾ ഉണ്ടായിരിക്കില്ലേ, ഒറ്റക്കായ നായയുടെ മനസ്സിൽ എന്താവും, മറ്റാരെങ്കിലും  ആഹാരം കൊടുത്താൽ കഴിക്കുമായിരിക്കുമോ, അങ്ങനെ നൂറു ചോദ്യങ്ങൾ കൊണ്ട് മനസ് വിങ്ങിപ്പോയി . വയനാട് ദുരന്തത്തിന്റെ സമയത്തു എത്രയോ ദിവസങ്ങളിൽ ദുരന്തവാർത്തകൾ മാത്രമായി ചാനൽ ബുള്ളറ്റിനുകൾ. അപ്പോഴൊക്കെ കണ്ണീരടക്കാൻ പാടുപെട്ടിരുന്നു. പല റിപോർട്ടർമാരും ലൈവിൽ പൊട്ടിക്കരഞ്ഞുപോയിരുന്നു. ഇതൊക്കെ കാഴ്ചക്കാർ അറിയാത്ത ജേണലിസ്റ്റിന്റെ മുഖങ്ങൾ ആണ്. മരണങ്ങൾ ആഘോഷിക്കുന്നു എന്ന കുറ്റപ്പെടുത്തൽ വല്ലാതെ നോവിക്കാറുണ്ട്.

ചിത്രകല ഒരു പാഷനായി മാറിയത് എങ്ങനെയാണ്?

അച്ഛനിലൂടെ ജന്മനാ കിട്ടിയതാണ് എനിക്ക് ചിത്രകല. അതെന്റെ ആത്മാവിൽ ഉള്ളതാണ്. പറിച്ചുമാറ്റിയാലും പോകാത്തവിധം എന്നിൽ ചേർന്നതാണ്. അതിനെ ഹോബി എന്നൊന്നും ഒരിക്കലും വിളിക്കാൻ പറ്റില്ല. 3 വയസുമുതൽ വരച്ചുതുടങ്ങിയതാണ്. അച്ഛൻ ചിത്രകലാ അധ്യാപകനും ഫോട്ടോഗ്രാഫറും ആണ്. കുഞ്ഞായിരിക്കുമ്പോഴേ എന്റെ മനസ്സിൽ വരകളുടെയും വർണങ്ങളുടെയും ലോകം തീർത്തത് അച്ഛനാണ്. എന്നിൽ ഒരു ലൈവ് കളർ  പാലറ്റ് ഇപ്പോഴും ഉണ്ട്. അതിൽ ഞാൻ വർണങ്ങൾ ചലിച്ചുകൊണ്ടേയിരിക്കാറുണ്ട്. വറക്കാതിരിക്കുന്ന നേരങ്ങളിൽപോലും. ഏതൊക്കെ നിറങ്ങൾ ചേർന്നാൽ ഈ നിറം ഉണ്ടാവും എന്ന് മനസ്സിൽ ചായം ചാലിച്ചുകൊണ്ടേയിരിക്കും.

കലയിൽ, രൂപത്തിലേക്ക് വർണങ്ങളിലേക്ക് എത്തുന്നത് എങ്ങനെയാണ്?

ചില നിറങ്ങൾ, കാഴ്ചകൾ, മുഖങ്ങൾ സന്ദർഭങ്ങൾ, ഒക്കെ എവിടെയോ ഒരു ചലനം ഉണ്ടാക്കും . അത് ഒരു സമ്പൂർണ്ണ ചിത്രമായൊന്നും അല്ല മനസ്സിൽ വരുക. വെറും ഒരു മെന്റൽ സ്റ്റിമുലേഷൻ പോലെ . അതങ്ങനെ വളർന്നു വരച്ച മതിയാവൂ എന്ന അവസ്ഥയിലേക്ക് കൊണ്ടുചെന്നെത്തിക്കും. പക്ഷെ എന്താണോ അതിലേക്കു എന്നെ കൊണ്ടുവന്നെത്തിച്ചത്, അതായിരിക്കില്ല വരയ്ക്കുമ്പോൾ. കാരണം വരക്കാനുള്ള തോന്നൽ മുതൽ പിന്നീടങ്ങോട്ട് അതൊരു യാത്രയാണ്. ആ ക്രീയേറ്റീവ് ജേണിയിൽ മറ്റുപലതും സ്വാധീനിക്കും. ചിന്തകൾ കെട്ടുപൊട്ടിയ പട്ടംപോലെ നമ്മളെ എങ്ങോട്ടൊക്കെയോ എത്തിക്കും. വരകളും വർണങ്ങളും നിറഞ്ഞൊരു മായാലോകത്തു വിഹരിക്കുന്ന സമയങ്ങള്‍ l ആയിരിക്കും അത്. ചുറ്റുപാടുകൾ ഡിലീറ്റ് ആയിപ്പോയതുപോലെ തോന്നിയേക്കാം . പുതിയ നിറങ്ങൾ ഉണ്ടാക്കി എടുക്കുന്നതിൽ മാത്രമായിരിക്കാം ശ്രദ്ധ. അതൊരു മനോഹര യാത്ര ആണെന്ന് ചുരുക്കത്തിൽ പറയാം.

കലയിലെ സ്വാധീനങ്ങൾ എങ്ങനെയാണ്!

അങ്ങനെ ആരും, ഒന്നും എന്നെ പൂർണമായും സ്വാധീനിക്കാറില്ല. ചില വായനകളിൽ കിട്ടുന്ന ഇമേജുകൾ ആയിരിക്കും ചിലപ്പോള്‍ ഒരു ചിത്രത്തിലേക്ക് എത്തുന്നത്, അല്ലെങ്കിൽ ചില ചിന്തകൾ ആയിരിക്കും. മനസ്സിൽ പ്രവർത്തിക്കുന്ന പാലെറ്റിൽ അപ്പോൾത്തന്നെ നിറങ്ങളും  ഞാൻ ചാലിച്ചിട്ടുണ്ടാവും. അത് പകർത്തുകയേ വേണ്ടൂ.

വാർത്തയിൽ നിന്ന് കലയിലേക്കും കലയിൽ നിന്ന് വാർത്തയിലെക്കും സഞ്ചരിക്കാൻ കഴിയുന്നുണ്ടോ ?

തീർച്ചയായും. ചുറ്റുപാടുകൾ എന്തുതന്നെ ആയാലും കല എന്റെ ആത്മാവിൽ ഉള്ളതാണ്. ആത്മാവിലേക്കുള്ള  സഞ്ചാരം എന്റെ ജീവൻ തന്നെയാണല്ലോ. കല ഉണ്ടാവുന്നത് നമ്മുടെ ചുറ്റുപാടുകളിൽ നിന്ന് നമ്മിലേക്ക് തരുന്ന ഇമ്പൾസസിൽ നിന്ന് ആണ്. അതുകൊണ്ടു എന്നെ  സംബന്ധിച്ച് ജോലിയും കുടുംബവും എല്ലാം എനിക്ക് കലയിലേക്കുള്ള സഞ്ചാരത്തിന് ഉതകുന്ന ഘടകങ്ങൾ മാത്രം. അനുഭവങ്ങൾ എത്രത്തോളം ഉണ്ടാകുന്നുവോ അവയിൽ നിന്നൊക്കെ കലയുണ്ടാവും .
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക