Image

നട്ടുച്ചയിലെ ഇരുട്ട് (പുസ്തകലോകം: സുധീശ് രാഘവൻ)

Published on 10 October, 2026
നട്ടുച്ചയിലെ ഇരുട്ട് (പുസ്തകലോകം: സുധീശ് രാഘവൻ)

പി കെ ശ്രീനിവാസന്റെ ഭൂതാവിഷ്ടരുടെ സിംഹാസനങ്ങൾ എന്ന നോവലിന്റെ വായന.

യഥാർഥ വാർത്തകൾ പുറത്തുവരാത്ത കാലത്താണ് നാം ജീവിക്കുന്നത്. എല്ലാ വാർത്തകൾക്കും സർക്കാർ ഭാഷ്യമാണ്. പുറത്തു വരുന്ന വാർത്തകൾ അടഞ്ഞവാതിലിൽ എഴുതിവയ്ക്കപ്പെട്ടിരിക്കുന്നു. ആ വാതിൽ വെട്ടിപ്പൊളിച്ച് അതിന്റെ ഉള്ളിലേക്കും വീണ്ടും ഉള്ളറകളിലേക്കും പോകാൻ മാധ്യമപ്രവർത്തകൻ തയ്യാറല്ല. അതവരുടെ ജോലിയല്ല. അടുത്തനിമിഷത്തിലെ വാർത്തയിലേക്കാണ് അവർ പരക്കം പായുന്നത്. ഉരുട്ടി എറിഞ്ഞ വാർത്തകൾ വിഴുങ്ങി പുളകിതരാകുന്ന ജനവും.

മനഃസാക്ഷിയുള്ള ഒരു ജേർണ്ണലിസ്റ്റ് പ്രകാശിതമാകുന്ന വാർത്തകൾ മാത്രമല്ല കാണുന്നത്. അയാൾ വാർത്തകളുടെ വാതിലുകൾ തല്ലിതകർക്കുന്നു. അതിന്റെ ഉള്ളറകൾ അനുഭവിക്കുന്നു. ആ തപിക്കുന്ന ഉള്ളറകളുടെ പേജുകൾ അയാളിൽ എഴുതപ്പെടാതെ കിടക്കുന്നു. അവ എന്നെങ്കിലും പുറത്തുവന്നേ മതിയാകൂ.

പി കെ ശ്രീനിവാസന്റെ ഭൂതാവിഷ്ടരുടെ സീംഹാസനം എന്ന നോവൽ വായിച്ച പശ്ചാത്തലത്തിലാണ് ഇതിവിടെ പറഞ്ഞത്. ജേർണ്ണലിസ്റ്റായ ശ്രീനിവാസന്റെ രാത്രി മുതൽ രാത്രിവരെ എന്ന നോവലിന്റെ ഉള്ളറകൾ അടിയന്തിരാവസ്ഥയുടെ കറുത്ത ദിനങ്ങളായിരുന്നു എങ്കിൽ എന്റെ മുന്നിലിരിക്കുന്ന ഭൂതാവിഷ്ടരുടെ സിംഹാസനങ്ങൾ അടിയന്തരാവസ്ഥ ഇല്ലാതെ തന്നെ ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന സമീപകാല യാഥാർഥ്യങ്ങളുടെ സൂഷ്മതലങ്ങളാണ് വിഷയം. സൂര്യൻ പ്രകാശം വിതറി നിൽക്കുന്ന ഉച്ച സമയത്ത് ഇരുട്ടനുഭവിക്കുന്ന പ്രതീതി. നിങ്ങൾക്ക് ജനാധിപത്യത്തിന്റെ സ്വാതന്ത്ര്യങ്ങൾ ഉണ്ട്. നിങ്ങളെ വിചാരണത്തടവുകാരനായി ജീവിതകാലം മുഴുവൻ ജയിലടക്കാനുള്ള സ്വാതന്ത്ര്യം ഭരണകൂടത്തിനുമുണ്ട്.

അടിയന്തരാവസ്ഥയിൽ ഇരുപത്തൊന്ന് ദിവസങ്ങൾ നീണ്ട കറുത്ത രാത്രികളായിരുന്നുവെങ്കിൽ എന്നവസാനിക്കും എന്നു പറയാനാവാത്ത ഭീകരദിനങ്ങളാണ്. ജനാധിപത്യ മതേതര സമൂഹം വർഗ്ഗീയ ഫാസിസ്റ്റ് മാനസികവസ്ഥയിലേക്ക് മാറികൊണ്ടിരിക്കുന്ന രസതന്ത്രം നാമറിയുന്നില്ല. നമ്മുടെ അയൽപക്കത്തെ ഇന്നലെ വരെ സ്നേഹത്തോടെ കഴിഞ്ഞ മുസ്ലീമിനെ ഇന്ന് വെറുപ്പോടെ നോക്കുന്ന രീതിയിൽ ഒരുവൻ പരിണമിക്കുന്നതാണ് കഴിഞ്ഞ ഒരു കാൽ നൂറ്റാണ്ടു കൊണ്ട് നാം കാണുന്നത്. അയൽവക്കത്തെ മുസ്ലീം തന്റെ സുഹൃത്തായിരുന്ന ഹിന്ദുനാമധാരിയെ സംശയത്തോടെ നോക്കുന്നു. അയാൾ എന്നെ അവർക്ക് ചൂണ്ടികാണിക്കുമോ എന്ന് ഭയക്കുന്നു. തന്റെ മുസ്ലീം നാമം അയാൾക്ക് ബാധയാകുന്നു. അടിവസ്ത്രം മാറ്റിനോക്കിയാൽ തന്റെ കഥ കഴിയും എന്നയാൾ പേടിക്കുന്നു. ഭരണകൂടമാണ് ഈ ഭയത്തിന്റെ വിത്തുകൾ വിതറിയത്. അടിയന്തരാവസ്ഥയിൽ ഭരണകൂടത്തെയാണ് ഭയപ്പെട്ടതെങ്കിൽ ഇന്ന് രണ്ടു മതക്കാർ അന്യോന്യം ഭയപ്പെടേണ്ട അവസ്ഥ ഭരണകൂടം സൃഷ്ടിച്ചിരിക്കുന്നു.. ഇത് അർബ്ബുദംപോലെ പടരുന്നു. ഹിന്ദുത്വ ലക്ഷ്യമിട്ടത് ഇതുതന്നെയാണ്. ആർ എസ് എസി ന്റെ അജണ്ട മറ്റൊന്നല്ല. ഇനി ഏത് ഭരണം വന്നാലും ഒരു മതേതര ജനാധിപത്യത്തിലേക്കുള്ള തിരിച്ചുപോക്ക് എളുപ്പമല്ല.

യാഥാർഥ്യങ്ങൾ അല്ലാതെ മറ്റൊന്നും ഈ നോവലിൽ ഇല്ല. എല്ലാം നമ്മുടെ കൺമുന്നിൽ നടന്നിട്ടും നാം കാണാതെ പോയവ. യാഥാർഥ്യങ്ങളുടെ സൂഷ്മദർശനം ഫിക്ഷനെക്കാൾ ശക്തവും മൂർച്ചയുള്ളതുമാണോ എന്ന് വായിച്ചു തീരുമ്പോൾ നാം ചിന്തിച്ചുപോകും. ഭാവനയുടെ കണ്ണാടിയെ മാറ്റിവച്ച് ഫിക്ഷന്റെ വിദഗ്ദ്ധ സങ്കേതം ഉപയോഗിച്ച് നേർക്കാഴ്ചയിൽ നാം ജീവിക്കുന്ന ലോകത്തെ ഈ നോവൽ അനുഭവിപ്പിക്കുന്നു.

അഖിലേഷ് എന്ന ഗവേഷണ വിദ്യാർത്ഥിയിലൂടെയാണ് സമകാലീന ഇന്ത്യയിലാകെ വ്യാപിച്ച ഭീതിദമായ സംഭവ പരമ്പരകളുടെ ചുരുൾ നിവരുന്നത്.അയാൾ ആദിവാസി ഗോത്രവിഭാഗത്തെ കുറിച്ചുള്ള ഗവേഷണത്തിന് ഗുജറാത്തിൽ എത്തുമ്പോഴാണ് പോലീസിന്റെ പിടിയിലാകുന്നത്. കുടെ അയാളോടൊപ്പം ജെ എൻ യു വിൽ പഠിക്കുന്ന റഹിമും. കുറ്റം ചെയ്യാതെ വിചാരണയിൽ കഴിയുന്ന തടവുകാരുടെ കൂട്ടത്തിൽ അഖിലേഷും റഹിമും ഭീകര മർദ്ദനത്തിന് ഇരയാകുന്നു. കുറ്റം ചെയ്യാതെ വിചാരണത്തടവുകാരായി കിടക്കുന്നവന്റെ മാനസികാവസ്ഥയും മാനസിക പരിണാമങ്ങളും നോവൽ നമ്മെ അനുഭവിപ്പിക്കുന്നു.

ദളിതരുടെയും ആദിവസികളുടെയും ഇടയിൽ പ്രവർത്തിക്കുന്ന പലരും അനന്തമായ വിചാരണയും പീഡനവും അനുഭവിച്ച് ജയിലിലുണ്ട്. അതിലൊരാളായ ദീപാങ്കുർ റാവുവിലാണ് ഇന്നത്തെ ഇന്ത്യയെ കണ്ടെത്താനുള്ള അഖിലേഷിന്റെ ദുർഘടപാത തുടങ്ങുന്നത്. വൃദ്ധനായ ദീപാങ്കുർ ദളിത് കുട്ടികൾക്ക് നാടകം അവതരിപ്പിച്ചതിനാണ് പിടിക്കപ്പെട്ടത്. അദ്ദേഹം അഖിലേഷിനോട് പറയുന്നത് ഈ നോവലിന്റെ മർമ്മവാക്യമാണ്. “ ഫാസിസം ചെയ്യുന്നത് കേവലം ശാരീരികമായ ഉന്മൂലനം മാത്രമല്ല, അത് മാനസികമായ കടന്നാക്രമണങ്ങൾ കൂടിയാണ്”.

മറ്റൊരു തടവുകാരനായ പ്രഫുല്ല കുമാർ പറഞ്ഞത്, നാഷണൽ ക്രൈം റിക്കാർഡ് ബ്യൂറോയുടെ കണക്ക് പ്രകാരം ജയിലിലെ വിചാരണത്തടവുകാരിലെ എൺപതുശതമാനവും ആദിവാസികളും ദളിതരും മുസ്ലീങ്ങളും ആണെന്നാണ്. പ്രഫുല്ല കുമാർ ആദിവാസിയാണ്. പ്രഫുല്ല കുമാറിലിലൂടെ അഖിലേഷ് കണ്ടിട്ടില്ലാത്തതും അനുഭവിക്കാത്തതുമായ യാഥാർഥ ഇന്ത്യയെ അറിയുകയായിരുന്നു.

പോർബന്ദർ ജയിലിൽ നിന്ന് തിഹാർ ജയിലിലെത്തിയ അഖിലേഷ് മറ്റൊരു വിചാരണത്തടവുകാരനായ അലിഖാനെ കണ്ടുമുട്ടുന്നു. സ്റ്റാൻലി സ്വാമിയുടെ സുഹൃത്തായിരുന്നു അലിഖാൻ. സ്റ്റാൻലി സ്വാമിയുടെ കഥകേട്ട് അഖിലേഷ് ശ്വാസം വിടാൻ കൂടി കഴിയാതെ ഇരുന്നു എന്ന് നോവലിൽ വായിക്കാം. നോവലിലെ ഭാവനാ കഥാപാത്രമായ അഖിലേഷ് സമീപകാലത്ത് ജീവിച്ചിരുന്നവരും, ഹിന്ദുത്വ ഭീകരതയിൽ രക്തസാക്ഷികളായുമായവരുടെ കഥകൾ കേൾക്കുന്നു. ഭീകരമർദ്ദനങ്ങളേറ്റവരെ കാണാനായി പുറപ്പെടുന്നു. അങ്ങനെ ഭാവന കഥാപാത്രം വർത്തമാന ചരിത്രഭൂമികയിലേക്കിറങ്ങുന്നു. ഫിക്ഷനും യാഥാർഥ്യവും  അഴിക്കാനാകത്തവിധം കെട്ടുപിണയുന്നു. ഇങ്ങനെയല്ലാതെ യാഥാർഥ്യങ്ങളുടെ ഗർഭ ഭൂമിയിൽ എത്താനാകില്ല എന്നു വായനക്കാരന് തോന്നിപ്പോകുന്നു.

ഇരുണ്ട വെളിച്ചത്തിൽ അലിഖാന്റെ വാക്കുകൾ ഒരു മന്ത്രമായി അവന്റെ കേൾവിയിൽ തൊട്ടു. ഓരോ ദിവസവും ഈ ഇരുട്ടറയിൽ നാം പുതിയ ഒന്നായി മാറിക്കൊണ്ടിരിക്കുന്നു. ഇനിയൊരു മടങ്ങിപ്പോക്ക് സാധ്യമല്ല. ഇതിൽ നിന്നൊരു മോചനം അനിവാര്യമാണ്. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ചെറുത്തുനിൽപ്പിന്റെ തത്വശാസ്ത്രമതാണ്. അലിഖാനുമായുള്ള പല ദിനങ്ങളിലെ സംഭാഷണത്തിനുശേഷം അഖിലേഷിന്റെ ഗവേഷണ ഡേറ്റ വിചാരണത്തടവുകാരിലേക്കും അവരെ ഇവിടെ കൊണ്ടെത്തിച്ച സാഹചര്യത്തിലേക്കും മാറി. അത് പുതിയ വെളിച്ചമായി. ആഴത്തിലെ സാമൂഹ്യ രാഷ്ട്രീയ കാഴച്പ്പാടൊന്നുമില്ലാത്ത ജെ എൻ യു  വിലെ ആ ഗവേഷണ വിദ്യാർത്ഥി ഭൂതാവിഷ്ടരുടെ ഇൻഡ്യയെ കാണുകയായിരുന്നു. അവൻ രക്ഷപ്പെടാനാകത്ത കുരുക്കിലാണെന്നറിഞ്ഞിട്ടും  സത്യങ്ങൾ പുറത്തുകൊണ്ടുവരാനുള്ള യാത്ര ആരംഭിച്ചു.

അങ്ങനെ ഗുജാറാത്ത് വംശഹത്യയുടെ ഭീകരദൃശ്യങ്ങളിലൂടെ അഖിലേഷ് കടന്നുപോകുമ്പോൾ നാം അനുഭവിക്കുന്ന മാനസികാവസ്ഥ വിവരിക്കാൻ കഴിയുന്നതല്ല. ഈ നോവലിലെ പതിനൊന്നും പന്ത്രണ്ടും അദ്ധ്യായങ്ങൾ വല്ലാത്ത രക്തസമ്മർദ്ദത്തോടെയല്ലാതെ നമുക്ക് വായിച്ചു തീർക്കാനാകില്ല. മുസ്ലീങ്ങളെ രണ്ടുരീതിയിൽ ഇല്ലാതാക്കാനാണ് ഹിന്ദുത്വ ലക്ഷ്യമിടുന്നത്. ഒന്ന് അവരെ തെരെഞ്ഞുപിടിച്ച് കൊല്ലുക.  കുട്ടികളെയും ഗർഭിണികളെയും കൊല്ലുന്നതിനാണ് അധിക പ്രാധാന്യം കൊടുക്കുന്നത്. മറ്റൊന്ന് വോട്ടർ പട്ടികയിൽ അവരുടെ പേരില്ലാതാക്കി പ്രാഥമിക പൌരാവകാശം തന്നെ റദ്ദു ചെയ്യുക. ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കാനുള്ള അത്യന്തം ഹീനമായ ഫാസിസ്റ്റ് ബുദ്ധി.

അഖിലേഷിന് കിട്ടിയ രണ്ടുമാസത്തെ പരോൾകാലത്തെ അന്വേഷണവും കണ്ടെത്തലുമാണ് നോവലിന്റെ ജീവനാഡി. അവൻ നേരേ പോയത് അവന്റെ സുഹൃത്തായ ജാമിയ മില്യയിൽ വിദ്യാർത്ഥിയായിരുന്ന  മുഹമ്മദ്റോഷന്റെ അടുത്തേക്കാണ്. ജെ എൻ യുവിലേയും ജാമിയ മില്യയിലേയും മുസ്ലീം നാമധാരികളായ ഒട്ടേറെ വിദ്യാർത്ഥികൾ ഇന്ന് വിചാരണത്തടവുകാരാണ്. അവരിൽ ഒരാളാണ് ഉമർഖാലിദ്. നമ്മോട് യാഥാർഥ്യങ്ങളുടെ ചുരുൾ നിവർത്തുന്ന അഖിലേഷ് ഉമർ ഖാലിദിന് സംഭവിച്ചതെന്തെന്ന് പറയുന്നു. അങ്ങനെ ഓരോ സംഭവ പരമ്പരകളിലൂടെ അഖിലേഷിനൊപ്പം ദുരന്തഭൂമിയിലൂടെ മനഃസാക്ഷിയെ താങ്ങിപിടിച്ച് വായനക്കാരൻ പേജുകളുിലൂടെ കടന്നുപോകേണ്ടിവരുന്നു. വെറും കഥയായിരുന്നെങ്കിലും വേദന നാം അനുഭവിക്കും. പക്ഷേ പച്ചയായ യാഥാർഥ്യമായതുകൊണ്ടാണ് നമ്മുടെ മനഃസാക്ഷി ഉണരുന്നത്. എവിടെയോ നമ്മളും ഇതിലൊക്കെ പങ്കാളികളായതുപോലെ. ഒരു ഇന്ത്യാക്കരനാകുന്നതു തന്നെ കുറ്റകരമാകുന്ന അവസ്ഥ. കാരണഭൂതർ ഭൂതാവിഷ്ടരായി സിംഹാസനത്തിൽ  ഇപ്പോഴുമിരിക്കുമ്പോൾ ഓരോ പൌരനും കുറ്റമുക്തരല്ല.

കഥയിൽ നിന്ന് അഖിലേഷിനെ റീയൽ സ്റ്റോറിയിലേക്കാണ്  നോവലിസ്റ്റ് പറഞ്ഞയക്കുന്നത്  സായിബാബയുടെ അടുത്തേക്കാണ്. അംഗപരിമിതന് കിട്ടേണ്ട അവകാശം പോലും നിഷേധിപ്പെട്ടാണ് പ്രൊഫസർ ജി എൻ സായിബാബ ജയിലിൽ കഴിഞ്ഞത്. മൂത്രമൊഴിക്കാൻ കൂടി അനുവദിക്കാതെ അണ്ഡാസെല്ലിൽ കഴിയെണ്ടിവന്നത് വായിക്കുമ്പോൾ പുസ്തകം  മടക്കാതെ വായന സ്തംഭിക്കും. നാം ശ്വാസത്തിനായി പരതും. അത്രയും യാഥാർഥ്യാനുഭവങ്ങളുടെ സൂഷ്മതയിൽ നോവലിസ്റ്റിന് എഴുതാൻ കഴിഞ്ഞിരിക്കുന്നു. രണ്ടുപേരുടെ സഹായമില്ലാതെ ദിനകൃത്യങ്ങൾ നടത്താനാവാത്ത ഒരാളുടെ പേരിൽ എത്ര എത്ര കുറ്റങ്ങൾ?

ഭീതിദമായ ശൂന്യത ജനിക്കുന്നു.
ഭീകരമായ ഒരു ഭാവി നമ്മെ കാത്തിരിക്കുന്നു.
എന്ന സായിബാബയുടെ കവിതയിലെ വരികളിലാണ് ആറാം അദ്ധ്യായം അവസാനിക്കുന്നത്.

ഒരദ്ധ്യായത്തിൽ മറ്റൊന്നിലേക്ക് കടക്കുമ്പോൾ പൈശാചികതയുടെയും ക്രൂതയുടെയും ഗ്രാവിറ്റി കൂടിക്കൂടി വരുന്നു. എല്ലാം നാം വാർത്തകളിൽ കേട്ടറിഞ്ഞതാണെങ്കിലും സംഭവങ്ങളുടെ വിശ്വരൂപത്തിൽ അനുഭവിക്കുമ്പോൾ നാം വായിച്ച വാർത്തകൾ യാഥാർഥ്യത്തിന്റെ പുറം പാട മാത്രമായിരുന്നു എന്ന് നമ്മൾ അനുഭവിക്കും. സൊഹ്റാബുദ്ദീൻ ഷേക്കിന്റെ കൊലപാതകവും അയാളുടെ ഭാര്യയെ അനവധിപേർ ബലാൽസംഗം ചെയ്ത് കൊന്നതുമായ സംഭവമാണ് അടുത്ത അദ്ധ്യായത്തിൽ നാം വായിക്കുന്നത്. സ്വരൂപ് ദയാൽ എന്ന പത്രപ്രവർത്തകൻ തന്റെ സുഹൃത്തായ ഒരു പോലീസുകാരനൊപ്പം സൊഹ്റാബുദ്ദീൻ വധത്തിലും ഭാര്യയുടെ  ബലാൽ സംഗത്തിലും പങ്കാളിയായ പോലീസുകാരോടൊപ്പം ഒരു മദ്യപാനം ഒരുക്കുന്നുണ്ട്. ദൃക്സാക്ഷികളുടെയും അനുഭവിച്ചവരുടെയും വിവരണങ്ങളിലൂടെ കൊലപാതകവും ബലാൽ സംഗവും നേർചിത്രങ്ങളായി പകർന്നിരിക്കുന്നു. ഇതൊരു വാർത്തയല്ല, ജീവിതമാണ്. മനുഷ്യരുടെ മേൽ വ്യവസ്ഥാപിത ഭരണകൂടം നടത്തിയ വേട്ട. നാലഞ്ചു കാലമാടൻമാർ അവളുടെ മേൽ കയറി ഇറങ്ങുമ്പോൾ എങ്ങനെ അവൾ മരിക്കാതിരിക്കും എന്നും താൻ അവളെ പ്രാപിക്കുമ്പോൾ അവൾ അബോധാവസ്ഥയിലായിരുന്നു എന്നും പറയുമ്പോൾ ആ പോലീസുകാരന് ഒട്ടും കുറ്റബോധം ഇല്ലായിരുന്നു എന്നും ആ ഓർമ്മയിൽ അയാൾ പുളകിതനാകുകയായിരുന്നു എന്നും സ്വരൂപ് ദയാൽ അഖിലേഷിനോട് പറയുന്നു.

അലിഖാൻ കൊടുത്തപേരുകളിലൊന്നായ രവി കിരണിനെകാണാൻ അഖിലേഷ് പൂനയിലേക്ക് പോകുകയാണ്. ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസ് പഠിക്കാൻ ശ്രമിച്ച വക്കീലാണ് രവി കിരൺ. ജസ്റ്റിസ് ലോയ കൊല്ലപ്പെട്ടതാണെന്നറിയാമെങ്കിലും ലോയയുടേത് സാധാരണമരണമാണ്. ഞങ്ങളെ വെറുതെ വിടൂ എന്ന് ലോയയുടെ അച്ഛനും കുടുംബവും ഹൃദയം പൊട്ടി നിലവിളിച്ചു. ഭരണകൂടവും അതിന്റെ മർദ്ദനോപാധികളും ജുഡീഷ്യറിയുമെല്ലാമാണ് കൊലപാതകത്തിനുത്തരവാദിയെങ്കിൽ ഭീതിയാൽ വായ് പൊത്തിപ്പിടിച്ച് വിങ്ങിവിങ്ങി കരയാനല്ലാതെ മറ്റൊന്നിനും കഴിയില്ല. സൊഹ്റാബുദ്ദീൻ ഷേക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണ ജസ്റ്റിസ് ലോയയുടെ ബഞ്ചിലായിരുന്നു. ഈ കേസിലെ ഒന്നാംപ്രതി ഗുജാറാത്ത് ആഭ്യന്തരമന്ത്രിയും  ബിജെപി പ്രസിഡന്റും ആയിരുന്ന വ്യക്തിയായിരുന്നു. ലോയ ഹൃദയസ്തംഭനം മൂലം മരിച്ചു എന്നാണ് മാധ്യമ റിപ്പോർട്ട്. നോവലിസ്റ്റിലെ  അന്വേഷണാത്മക പത്രപ്രവർത്തകൻ ഈ അദ്ധ്യായങ്ങളിലെ രചനയിൽ തെളിഞ്ഞു നിൽക്കുന്നു. ലോയയെ തുടർന്നു വന്ന ജഡ്ജ് മൂന്നു ദിവസത്തെ വിചാരണയ്ക്കുശേഷം ആഭ്യന്തരമന്ത്രിയെ കുറ്റവിമുക്തനാക്കി. അടിയന്തിരാവസ്ഥയില്ലാതെ ഭരണകൂടത്തിന് വ്യക്തികളേയും സമൂഹത്തിനേയും ഇല്ലാതാക്കാം എന്ന് ഈ സംഭവ പരമ്പരകൾ തെളിയിക്കുന്നു.. മാധ്യമങ്ങളും ജുഡീഷ്യറിയും ഭരണ സംവിധാനങ്ങളും ഭരണഘടനയെ നോക്കുകുത്തിയാക്കുന്നതാണ് ഭൂതാവിഷ്ടരുടെ സിംഹാസനങ്ങൾ വായിച്ചുപോകുമ്പോൾ നാം അനുഭവിക്കുന്നത്. ഇതൊക്കെ യാഥാർഥ്യമാണെന്ന തിരിച്ചറിവിൽ നിന്ന് നമുക്ക് രക്ഷപ്പെടാൻ കഴിയുന്നില്ല. പക്ഷേ ലോയയുടെ കുടുംബാംഗങ്ങളെ പോലെ നമ്മളും ഭയത്തിന്റെ കവചത്തിൽ മൂടിപ്പുതയ്ക്കാൻ വിധിക്കപ്പെടുന്നു. ആ ഭയത്തെ ഭേദിക്കുന്നതാണ് പി കെ ശ്രീനിവാസന്റെ എഴുത്ത്.

തുടർന്ന് അഖിലേഷ് പോകുന്നത് ഹിന്ദുരാഷ്ട്ര നിർമ്മാണത്തിന്റെയും അതിനുള്ള വംശഹത്യയുടെയും പരീക്ഷണശാലയായ ഗുജറാത്തിലേക്കാണ്. ഗോധ്ര യും തുടർന്ന് നടന്ന സർക്കാർ സ്പോൺസേഡ് കൂട്ടക്കൊല പരമ്പരകളുടേയും ചുരുൾ നിവരുന്ന പേജുകളിലൂടെ കടന്നുപോകുമ്പോൾ ഘനീഭവിച്ച മനസ്സ് വായനയെ പലയിടത്തും തടസ്സപ്പെടുത്തിയേക്കാം. അക്രമികളെ പോലീസ് സഹായിക്കുന്നതും സഹായമഭ്യത്ഥിച്ച ഇരകൾക്ക് സഹായം നൽകാതിരുന്നതുമായ സംഭവങ്ങൾ നാം കാണുന്നു. പള്ളികളും ദർഗ്ഗകളും തകർന്നടിഞ്ഞതും മുസ്ലീംങ്ങൾ തിങ്ങി പാർക്കുന്നിടത്ത് കടകളും വീടുകളും തകർന്നുകിടക്കുന്നതുമായ ദൃശ്യങ്ങൾ ഒരു ചലച്ചിത്രത്തിലെന്നപോലെ നാം കാണുന്നു. സ്ത്രീകളെ നഗ്നരാക്കി ക്രൂമായി കൊല ചെയ്തത്, ഗർഭിണികളെ വയറുകീറി കൊലപ്പെടുത്തിയത്, ബലാൽ സംഘം ചെയ്ത് കൊന്നത്, അങ്ങനെ നിരപരാധികളായ, നിസ്സഹായരായ സ്ത്രീകളെയും കുട്ടികളെയും അരിഞ്ഞുവീഴ്ത്തിയത്, ഇതിന്റെയൊക്കെ ചോരപ്പാടുകള്‍ ചിത്രത്തിൽ നിന്ന് മായില്ല. അത് മായരുത്. ജെൻ സി കുട്ടികൾ ഈ ചരിത്രം അറിയണം. അരാണ് ഹിന്ദുത്വർ എന്ന് തിരിച്ചറിയണം. ആ മഹത്തായ ധർമ്മമാണ് ഈ പുസ്തകം നിർവ്വഹിക്കുന്നത്.

തുടർന്ന് ബിൽക്കിസ് ബാനോ കേസിലേക്ക് കടക്കുന്നു. ഗ്രാമം കത്തിയെരിഞ്ഞപ്പോൾ ബിൽക്കിസ് ബനോയും കുടുംബവും പ്രാണ രക്ഷാർത്ഥം ഓടി. വഴിയിൽ ഹിന്ദു വർഗ്ഗീയ വാദികൾ അവരെ തടഞ്ഞു. പരസ്പരം അറിയാവുന്ന ഒരേ ഗ്രാമക്കാർ. തന്നെ മകളെപ്പോലെ കണ്ടിരുന്നവർ. മുസ്ലീങ്ങളാണിവർ കൊല്ലവരെ എന്നാക്രോശിച്ച് അവർ ബാനുവിന്റെ കുടുംബത്തെ വളഞ്ഞു. ബാനുവിന്റെ കൈയിലിലുന്ന മൂന്നു വയസ്സുള്ള കുഞ്ഞിനെ വലിച്ചെടുത്ത് തറയിലടിച്ചു കൊന്നു. തുടർന്ന് ഗർഭിണിയായ ബാനുവിനെ തന്റെ സ്വന്തം ആൾക്കാരുടെ  മുന്നിലിട്ട് ബലാൽ സംഗം ചെയ്തു. ഒരോരുത്തരേയും സംഘം കൊന്നുകൊണ്ടിരുന്നു. പന്ത്രണ്ടാം അദ്ധ്യായം അഗാധമായ നോവിൽ നിന്നേ വായിക്കാനാകൂ. അവൾക്ക് ബോധം തെളിയുമ്പോൾ നഗ്നയായി കിടക്കുന്ന അവൾക്കചുറ്റും മൃതദേഹങ്ങളാണ്. എട്ടു ബലാൽ സംഘങ്ങൾക്കും പതിനാല് കൊലപാതകങ്ങൾക്കും അവൾ മാത്രമാണ് സാക്ഷി. .... ഒക്കെ ചെയ്തത് തനിക്കറിയാവുന്ന സ്വന്തം ഗ്രാമവാസികൾ.  അവൾ നടന്ന് ഒരാദിവാസിഗ്രാമത്തിലെത്തി. ബാനുവിന് ജീവൻ നഷ്ടപ്പെടാത്തതുകൊണ്ടും അവൾ തീയിൽ കുരുത്താതാകാം എന്നതുകൊണ്ടും ഈ കേസ് വെളിച്ചത്തുവന്നു. നാമറിയാത്ത വാർത്തയാകാത്ത എത്ര എത്ര സംഭവങ്ങൾ. തൊട്ടയൽ പക്കത്തുള്ളവർക്ക് മതത്തിന്റെ പേരിൽ വിദ്വേഷം വിതറി കൊടു ക്രൂതകൾ കൂടി ചെയ്യാവുന്ന മാനസിക ഉടമകളാക്കി ഹിന്ദുത്വരെ മാറ്റുക എന്നതാണ് ഹിന്ദു ഫാസിസ്റ്റുകളുടെ ലക്ഷ്യം. മൃഗത്തിന് ഒരിക്കലും മനുഷ്യനെപ്പോലെ ക്രൂരനാകാൻ കഴിയില്ല എന്ന ദസ്തയേവിസ്ക്കിയുടെ വാക്കുകൾ ഒരദ്ധ്യയത്തിന്റെ മുഖകുറിപ്പായി കൊടുത്തിട്ടുള്ളത് എത്ര അർത്ഥവത്താണ്!

മുസ്ലീം ഐഡന്റിറ്റി ഭാരമായി മാറുന്ന അവസ്ഥയിൽ പേരുമാറ്റി എവിടെ എങ്കിലും പോയി ജീവീക്കേണ്ട ദുരവസ്ഥ ഈ നോവലിൽ കാണുന്നത് വർത്തമാനകാല യാഥാർത്ഥ്യമാണ്. ഇന്നത്തെ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഒന്നാണ് വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യുന്നത്. ഡേറ്റകൾ സഹിതം  എങ്ങനെയാണ് മതത്തിന്റെ പേരിൽ ആളുകളെ പുറത്തു നിർത്തുന്നതെന്ന്  നമുക്ക് വായിക്കാം.

ഇരുട്ടിലേക്ക് കൂടുതൽ ഇരുട്ടിലേക്ക് എന്നാണ് നോവൽ അവസാനിക്കുന്നതെങ്കിലും ഇരുട്ടിൽ നിന്ന് ഒരു പ്രകാശകണം പുറത്തു വരും എന്ന പ്രതീക്ഷയാണ് അഖിലേഷ് എന്ന കഥാപാത്രത്തിന്റെ സൃഷ്ടി. അതിലൂടെ സമകാലീന ഇരുട്ടിലേക്ക് പി കെ ശ്രീനിവാസൻ പ്രകാശത്തിന്റെ ഒരു കിരണം വിതറുകയാണ്. അര ശതാബ്ദക്കാലത്തെ പത്രപ്രവർത്തനിന്റെ സഞ്ചിത ഓർമ്മകൾക്ക് ഇരുളിൽ പോയി പ്രകാശത്തിനെ ഭൂതാവിഷ്ടരുടെ സിംഹാസനങ്ങളിലൂടെ പ്രകാശിപ്പിക്കാൻ കഴിഞ്ഞിരിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക