
(Kadhayarivu YouTube channel)
ഇതൊരുകഥയാണ്, എന്നാൽ കാര്യവുമുണ്ടുതാനും.
250ലക്ഷം വർഷങ്ങൾക്ക് മുമ്പ് ആഫ്രിക്കയിൽ, കുരങ്ങൻമാരുടെ ഒരു സംഘം മരത്തിനുമുകളിൽ കായ്കനികളൊക്കെ ഭക്ഷിച്ച് സുഖമായി കഴിയുകയായിരുന്നു. അവരെല്ലാം ഒരു കുടുംബത്തിൽ പെട്ടതായതുകൊണ്ട്, അന്യവാനര സംഘങ്ങളെ അവരുടെ കൂട്ടത്തിൽ അടുപ്പിക്കാതെയാണ് ജീവിച്ചിരുന്നത്. കാലാവസ്ഥ മാറ്റങ്ങൾ മുഖേനയോ, അസുഖങ്ങൾ പിടിപെട്ടതുകൊണ്ടോ, അവർ ജീവിച്ചു കൊണ്ടിരുന്ന പ്രദേശത്തെ വന്മരങ്ങൾ ഉണുങ്ങുവാൻ തുടങ്ങി. അപ്പോൾ അവർ പുതിയ മേച്ചിൽ പുറങ്ങൾ തേടി വടക്കു ദിക്കുകളിലേക്ക് യാത്ര തിരിച്ചു എന്ന് കരുതുക. എന്നാൽ അവിടെ താമസിച്ചിരുന്ന, മറ്റുള്ള വാനര സംഘങ്ങൾ തെക്ക് ദിശയിലേക്കാണ് സഞ്ചരിച്ചത്. വടക്കോട്ടു പോയ കുരങ്ങൻമാർ, കൂടുതൽ കൂടുതൽ യാത്ര ചെയ്യുംതോറും വന്മരങ്ങൾ നിറഞ്ഞ കാടുകൾ കാണുവാൻ സാധിച്ചില്ല. പകരം പുൽമേടുകളും ഇടക്കിടെ ഉയർന്നു നിൽക്കുന്ന ചെറിയ മരങ്ങളുമുള്ള (സാവന്ന) പ്രദേശങ്ങളിലാണ് അവർ എത്തപ്പെട്ടത്.

മരങ്ങളിൽ നിന്നും താഴെയിറങ്ങി പുൽമേടുകളിലൂടെ ദീർഘ ദൂരം നടന്നാൽ മാത്രമേ, ഭക്ഷണം കണ്ടുപിടിക്കുവാൻ സാധിക്കൂ എന്ന അവസ്ഥയിലേക്ക് അവർ നിര്ബന്ധിതരായി. അപ്പോൾ അവർ അതുവരെ ഇല്ലാതിരുന്ന പുതിയ ഒരു പ്രശ്നത്തെ നേരിടേണ്ടതായി വന്നു. പുൽമേടുകളിൽ കൂടി നടക്കേണ്ടി വന്നപ്പോൾ, പതിയിരിക്കുന്ന ഇരപിടിയൻമാർ, ഇവരെ പിടിച്ച് തിന്നാൻ തുടങ്ങി. ഇവർക്ക് നിലനിൽക്കണമെങ്കിൽ ഇടക്കിടെ ഇരുകാലുകളിൽ എഴുന്നേറ്റ് നിന്ന് പുൽമേടുകളിൽ ഒളിഞ്ഞിരിക്കുന്ന ഹൈന, പുള്ളിപ്പുലി, സിംഹം മുതലായ മൃഗങ്ങൾ പരിസരത്ത് ഉണ്ടോ എന്ന് നോക്കേണ്ടതായും വന്നു.

കാലക്രമേണ ഇരുകാലുകളിൽ കൂടുതൽ സമയം ഉയർന്നു നിൽക്കാൻ കഴിയുന്ന കുരങ്ങന്മാർ കൂടുതൽ നാൾ ജീവിക്കും എന്ന അവസ്ഥ ഉണ്ടായി. ഉയർന്നു നിന്ന് നോൽക്കാത്തവരെ, മറ്റു മൃഗങ്ങൾ കൊന്നു തിന്നുന്നതു കൊണ്ട് അവർക്ക് അധികം നാൾ ജീവിക്കാൻ സാധിക്കാതെ വരുകയും, അടുത്ത തലമുറകൾ സൃഷ്ടിക്കാൻ സാധിക്കാതെ വരുകയും ചെയ്തു. ഇരുകാലിൽ ഉയർന്നുനിൽക്കുന്നവരുടെ വംശപരമ്പര ലക്ഷകണക്കിന് വർഷങ്ങൾ കഴിഞ്ഞപ്പോൾ പല ശാഖകളായി പിരിഞ്ഞു. അതിനിടയിൽ, തുലനം ചെയ്യാനും, ആശയവിനിമയത്തിനും, മറ്റുചിലപ്പോൾ മരക്കമ്പുകൾ ചുറ്റിപിടിക്കാനും എല്ലാം ഉപയോഗിച്ചിരുന്ന വാൽ, ചുരുങ്ങിച്ചുരുങ്ങി വന്ന് ഇല്ലാതായി.

ഏതാണ്ട് 70 ലക്ഷം വർഷങ്ങൾക്ക് മുമ്പ്,കുരങ്ങൻ മാരുടെ തലയോട്ടി നട്ടെലിന്റെ അറ്റത്ത് തൂക്കിയിട്ട നിലയിൽ നിന്നും, ഇരുകാലുകളിൽ നടക്കാൻ തുടങ്ങിയപ്പോൾ തലയോട്ടിക്കു താഴെ, നടുവിൽ കുത്തി നിറുത്തിയിരിക്കുന്നു, എന്ന നിലയിലേക്കുള്ള മാറ്റവും സംഭവിച്ചു. 32 ലക്ഷം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ലൂസി മുത്തശ്ശിയുടെ ഫോസിലുകൾ എത്യോപ്പിയയിൽ നിന്നും ലഭിച്ചപ്പോൾ, “ആസ്ട്രോലാപിത്തിക്കാസ് അഫറെൻസിസ്” എന്ന ഇരുകാലി ജീവികളുടെ ജീവിത രീതികൾ കൂടുതൽ മനസ്സിലാക്കുവാൻ സാധിച്ചു. 3.5 അടി ഉയരവും 60 പൗണ്ട് (27 കിലോ) ഭാരവും, ഇപ്പോൾ കാണപ്പെടുന്ന ചിമ്പാൻസികളുടെ തലച്ചോർ വലിപ്പവും ആയിരുന്ന ലൂസി മുത്തശ്ശിക്കുണ്ടായിരുന്നത്. ലൂസിയുടെ ശരീരത്തിന്റെ ഭാഗമായിരുന്നു എല്ലുകളിൽ, 40 ശതമാനവും ഫോസിലുകളായി ലഭിച്ചു എന്നതുകൊണ്ട്, നാല്കാലികൾ, ഇരുകാലികൾ ആയി മാറിയ കാലത്തിൽ, അവരുടെ ശരീര ഘടനക്കുണ്ടായ മാറ്റങ്ങളെകുറിച്ചുള്ള അറിവ് കൂടുതലായി ഇപ്പോൾ ലഭ്യമാണ്.

അവിടെ നിന്നും, ശാഖകളും ഉപശാഖകളും ഉള്ള വൻമരം പോലെ, വീണ്ടും വീണ്ടും, പല, പല ജീവി വർഗ്ഗങ്ങളായി പിരിഞ്ഞ് അവസാനം, മൂന്നുലക്ഷം വർഷങ്ങൾക്ക് മുമ്പ് “ഹോമോ സേപിയൻസ്” എന്ന ആധുനിക മനുഷ്യർ രൂപപ്പെട്ടുവന്നു
അപ്പോൾ തെക്ക് ഭാഗത്തേക്ക് യാത്രചെയ്ത കുരങ്ങന്മാർക്ക് എന്തുസംഭവിച്ചു?
അവർ യാത്രചെയ്ത് എത്തിച്ചേർന്ന സ്ഥലത്ത് വലിയ വൃക്ഷങ്ങൾ നിലനിൽക്കുകയും, മരത്തിൽ നിന്നും താഴേക്ക് ഇറങ്ങിവരാതെ തന്നെ പഴവർഗങ്ങൾ കിട്ടുകയും ചെയ്തുപോന്നു. മേൽ വിവരിച്ച വലിയമാറ്റങ്ങൾ ഒന്നും തന്നെ ഈ വിഭാഗത്തിൽ പെട്ട കുരങ്ങന്മാരിൽ സംഭവിക്കാതിരുന്നതുകൊണ്ട് അക്കൂട്ടർ ഇന്നും വാനരന്മാരായി ജീവിക്കുന്നു.

2.5 ലക്ഷത്തിനും 3 ലക്ഷം വർഷത്തിനുമിടയിൽ മനുഷ്യർ വർഗം ഉണ്ടായി വന്നപ്പോൾ തന്നെ, അവരോടൊപ്പം ഉടലെടുത്ത മറ്റൊരു ജീവി വർഗമാണ് “നിയാന്ദ്രത്താൽ” 30000 വർഷങ്ങൾ മുമ്പ് വരെ ഇവർ യൂറോപ്പിലും ഏഷ്യയിലും ഒക്കെ ജീവിച്ചിരുന്നു. തണുപ്പുള്ള പ്രദേശങ്ങളിൽ നിന്നുമാണ് “നിയാന്ദ്രത്താൽ” ഫോസിലുകൾ ലഭിച്ചിരിക്കുന്നത്. ഹോമോ സേപ്പിയൻസിനേക്കാൾ ഉയരവും, ബലവാൻമാരുവായിരുന്നു ഇക്കൂട്ടർ. അവർ താമസിച്ചിരുന്ന സ്ഥലത്തെ കാലാവസ്ഥ വ്യതിയാനങ്ങളും, ഭക്ഷണത്തിനും , പാർപ്പിടത്തിനും മനുഷ്യരുമായി നടത്തിയ മത്സരങ്ങളുമാവാം ഇവരെ ഇല്ലാതാക്കിയത്. മെച്ചപ്പെട്ട ആയുധങ്ങളും, ഉപകരണങ്ങളും, ആശയ വിനിമയ ശേഷിയും ഉണ്ടായിരുന്നതുകൊണ്ട്, മനുഷ്യർക്ക് നിയന്ത്രത്താലുകളെക്കാൾ മുന്നിലെത്താൻ സാധിച്ചു. ആധുനിക മനുഷ്യരുടെ ജനിതികത്തിൽ (DNA ) നിയന്ത്രത്താലുകളുടെ ജനിതകങ്ങൾ ഉള്ളതുകൊണ്ട് മനുഷ്യരും ഇവരുമായി ഇടകലർന്നിട്ടുണ്ട് എന്നും നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും. 30000നും 40000നും വർഷങ്ങൾക്കിടയിൽ നിയാന്ദ്രത്താലുകൾ പൂർണമായും ഭൂമിയിൽ നിന്നും അപ്രത്യക്ഷമായി. ഇതുവരെ ലഭിച്ചിരിക്കുന്നു ഫോസ്സിലുകളുടെ പ്രായം കണക്കാക്കിയാണ് വർഷങ്ങളെല്ലാം നിജപ്പെടുത്തുന്നത്ത്. എവിടെനിന്നെങ്കിലും 30000 വർഷങ്ങൾക്ക് ശേഷമുള്ള നിയാന്ത്രത്താൽ ഫോസിൽ കിട്ടുകയാണെങ്കിൽ. അതിൻ്റെ കാലപ്പഴക്കം കണ്ടുപിടിച്ച്, അത്രയും വർഷങ്ങൾകൂടി ഈ ജീവിവർഗം ഭൂമിയിൽ ഉണ്ടായിരുന്നതായി ശാസ്ത്രജ്ഞന്മാർ പ്രഖ്യാപിക്കും

കുരങ്ങനിൽ നിന്നും മനുഷ്യർ ഉണ്ടായി എങ്കിൽ മനുഷ്യരിൽ നിന്നും എന്തുകൊണ്ട് മറ്റൊരുജീവിവർഗ്ഗം ഉണ്ടാകുന്നില്ല?
കുരങ്ങനിൽ നിന്നും നേരിട്ട് മനുഷ്യർ ഉണ്ടായിട്ടില്ല എന്നും, അതിനിടയിൽ അനേകം ജീവിവർഗങ്ങൾ നിലനിന്നിരുന്നു എന്നും ശാസ്ത്രം നമ്മളെ മനസ്സിലാക്കി തരുന്നു. പരിണാമം നേർരേഖയിൽ സഞ്ചരിക്കുന്നില്ല, പകരം ഒരു വൃക്ഷത്തിൻറെ ശാഖകൾ പോലെയാണ് പ്രവർത്തിക്കുന്നത്.
മനുഷ്യരിൽ വരുന്ന മാറ്റങ്ങൾ അറിയാൻ ആയിരകണക്കിന് വർഷങ്ങങ്ങളുടെ നിരീക്ഷണം ആവശ്യമാണ്.
നമ്മൾക്ക് വളരെ എളുപ്പത്തിൽ അറിയാൻ കഴിയുന്ന ഒരു വ്യത്യാസം നിറമാണല്ലോ?

കറുപ്പ്, വെളുപ്പ്, തവിട്ട് ഇങ്ങനെയുള്ള മനുഷ്യർ എങ്ങനെയാണ് ഉണ്ടായത്? ഭൂമദ്ധ്യ രേഖയോടടുത്ത് ജീവിക്കുന്നവരുടെ ദേഹത്ത് അൾട്രാ വയലറ്റ് രശ്മികൾ കൂടുതൽ പതിക്കുന്നതുകൊണ്ട്, സ്കിൻ ക്യാൻസറുകൾ ഉണ്ടാവാനുള്ള സാദ്ധ്യത കൂടുതലാണ്, ഇതിൽ നിന്നും രക്ഷനേടാനായി ത്വക്കിൽ, “മെലാനിൻ” എന്ന പിഗ്മെന്റ് കൂടുതലായി ഉള്ളതുകൊണ്ടാണ് ഈ പ്രദേശങ്ങളിൽ താമസിക്കുന്നവർ കറുത്ത വർഗ്ഗക്കാരായി മാറിയത്. ഭൂമദ്ധ്യ രേഖയോട് അകലത്തിൽ ജീവിക്കുമ്പോൾ, അൾട്രാ വയലറ്റ് രശ്മികൾ വളരെ കുറവ്ലഭിക്കുകയും, കിട്ടുന്ന രശ്മികളെ മുഴുവൻ വിറ്റാമിൻ D ഉല്പാദിപ്പിക്കാൻ ആവശ്യമായിവരികയും ചെയ്തു. അതുകൊണ്ട്, അവരുടെ ത്വക്കിന് കറുത്ത നിറം ഇല്ലാതായി.
ആധുനിക മനുഷ്യർ, ഭൂമിശാസ്ത്രപരമായ അതിർത്തികൾ, ആകാശ യാത്രയിലൂടെ മറികടക്കുന്നതു കൊണ്ട്, വിവിധ ജനിതക സവിശേഷതകൾ ഉള്ള സമൂഹങ്ങൾ ഇപ്പോൾ എളുപ്പത്തിൽ കൂടിക്കലരുന്നു. അതു കൊണ്ട്, മറ്റൊരു ജീവിവര്ഗം ഉണ്ടായിവരാൻ ചിലപ്പോൾ അന്യഗ്രഹ വാസികൾ ആകുന്നതുവരെ നമ്മൾക്ക് കാത്തിരിക്കേണ്ടതായി വന്നേക്കാം. പ്രപഞ്ചത്തിൽ മാറ്റമില്ലാതെ നിൽക്കുന്ന ഒരേ ഒരു പ്രതിഭാസം മാറ്റം ആയതുകൊണ്ട്, നമ്മളും മാറും എന്നകാര്യത്തിൽ സംശയം വേണ്ട.
