
വൈറ്റ് ഹൗസിൽ പുതിയ പ്രസ് സെക്രട്ടറിയായി കേറ്റി സഖറിയയെ (41) പ്രസിഡന്റ് ട്രംപ് നിയമിച്ചു. കരോളിൻ ലീവിറ്റ് രാജി വച്ച ഒഴിവിലാണ് അല്പകാലം ഹോംലാൻഡ് സെക്യൂരിറ്റി ഉദ്യോഗസ്ഥയായിരുന്ന വലതുപക്ഷ നിരീക്ഷകയെ ട്രംപ് തിരഞ്ഞെടുത്തത്.
സഖറിയ ജൂണിൽ ട്രംപ് മീഡിയ ആൻഡ് ടെക്നോളജി ഗ്രൂപ്പിൽ കമ്മ്യൂണിക്കേഷൻസ് ഡയറക്റ്ററായി ചേർന്നു. ട്രംപിന്റെ സോഷ്യൽ മീഡിയ ട്രൂത് സോഷ്യൽ നടത്തുന്നത് ഈ ഗ്രൂപ്പാണ്. ഒരു പതിറ്റാണ്ട് മുൻപ് രണ്ടു വർഷം ചൈനയിലും ജോലി ചെയ്തിരുന്നു.
ഹോംലാൻഡ് സെക്യൂരിറ്റി മുൻ സെക്രട്ടറി ക്രിസ്റ്റി നോയമിന്റെ വക്താവ് ആയിരുന്നപ്പോൾ ഫോക്സ് ന്യൂസ്, ന്യൂസ് മാക്സ് തുടങ്ങി വലതുപക്ഷ മാധ്യമങ്ങളിൽ സ്ഥിരം സാന്നിധ്യമായിരുന്നു സഖറിയ.
തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും സഖറിയ ഉണ്ടായിരുന്നുവെന്നു ട്രംപ് പറഞ്ഞു. "നിർണായക സംസ്ഥാനങ്ങൾ വിജയിക്കാൻ അവർ സഹായിച്ചു. വിട്ടുവീഴ്ചയില്ലാത്ത സഹകരണത്തിന്റെ പശ്ചാത്തലം അവർക്കുണ്ട്."
നിർണായക ഇടക്കാല തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്ന നേരത്തു ഏറ്റെടുക്കുന്ന ചുമതലയിൽ സഖറിയക്കു വെല്ലുവിളിയുണ്ട്. ട്രംപിനെതിരായ ജനരോഷം പരിഗണിച്ചു പല റിപ്പബ്ലിക്കൻ സ്ഥാനാർഥികളും അദ്ദേഹത്തിൽ നിന്ന് അകന്നു നിൽക്കുന്നതു പതിവായിട്ടുണ്ട്.
വൈറ്റ് ഹൗസും വാർത്താ മാധ്യമങ്ങളും തമ്മിൽ സംഘർഷം മുറുകി നിൽക്കുന്ന സമയത്തു സഖറിയക്കു അതും കൈകാര്യം ചെയ്യേണ്ടതുണ്ട്. മൂന്ന് മാധ്യമങ്ങളെ ട്രംപ് വൈറ്റ് ഹൗസിൽ നിരോധിച്ചതിനെതിരായ കേസുകൾ കോടതിയിലുണ്ട്.
ലീവിറ്റിന്റെ 'ഉന്നത നിലവാരത്തെ' പ്രശംസിച്ച സഖറിയ മികച്ച രീതിയിൽ തൻറെ ഉത്തരവാദിത്തം നിറവേറ്റുമെന്നു ഉറപ്പു നൽകി.
കാലിഫോർണിയയിൽ ജീവിക്കുന്ന അഭിഭാഷകയായ സഖറിയ നാലു കുട്ടികളുടെ അമ്മയാണ്.
Katie Zacharia named White House press secretary