
അന്താരാഷ്ട്ര ക്രിമിനൽ കോടതി(ICC)ക്കെതിരെ ഉപരോധം പ്രഖ്യാപിച്ച് അമേരിക്ക. അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ ഔദ്യോഗികമായി ഒരു സ്ഥാപനമെന്ന നിലയിൽ അമേരിക്ക ഉപരോധിച്ചു. ആഗോള ട്രൈബ്യൂണലുമായുള്ള ഏറ്റുമുട്ടൽ കടുപ്പിച്ചുകൊണ്ട്, യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയാണ് പ്രഖ്യാപനം നടത്തിയത്.
അമേരിക്കൻ പൗരന്മാർ, സൈനികോദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കൾ എന്നിവർക്ക് മേൽ കോടതിയുടെ അധികാരപരിധി അംഗീകരിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി.
ഇതേസമയം അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ അമേരിക്ക പ്രഖ്യാപിച്ച ഉപരോധം സ്വതന്ത്രമായ ഒരു നീതിന്യായ സ്ഥാപനത്തിന് നേരെയുള്ള അഭൂതപൂർവ്വമായ ആക്രമണമാണെന്ന് ഐ.സി.സി വ്യക്തമാക്കി. യുദ്ധക്കുറ്റങ്ങളും ഗുരുതരമായ മറ്റ് കുറ്റകൃത്യങ്ങളും അന്വേഷിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ഈ നടപടി ഗുരുതരമായി ബാധിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
''അമേരിക്കക്കാരെ വിചാരണ ചെയ്യാൻ അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരിക്കലും അനുവദിക്കില്ല. അതുകൊണ്ടാണ് ഇന്ന് കോടതിക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നത്. കോടതിയുമായുള്ള ഇടപാടുകൾ നിരോധിക്കുകയും പ്രവർത്തനശേഷി ദുർബലപ്പെടുത്തുകയും ചെയ്യും,” റൂബിയോ പ്രസ്താവനയിൽ പറഞ്ഞു
അമേരിക്കൻ പൗരന്മാർക്കും സഖ്യകക്ഷികൾക്കുമെതിരെയുള്ള കോടതിയുടെ നിയമനടപടികളും അധികാരപരിധിയും അംഗീകരിക്കില്ലെന്ന കടുത്ത നിലപാടിലാണ് ട്രംപ് ഭരണകൂടം. കോടതിയുടെ ഭീഷണികൾ അവസാനിപ്പിക്കണമെന്നാണ് മാർക്കോ റൂബിയോ വ്യക്തമാക്കിയത്.
എക്സിക്യൂട്ടീവ് ഓർഡർ 14203 പ്രകാരമാണ് ഉപരോധം. അമേരിക്കയുടെ എതിർപ്പിന് വിധേയമായ അന്വേഷണങ്ങളിലോ നടപടികളിലോ പങ്കാളികളായ വ്യക്തികൾക്കെതിരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഈ ഉത്തരവ് അധികാരം നൽകുന്നു. നേരത്തേ 17 വ്യക്തികൾക്കെതിരെ ഈ ഉത്തരവിന്റെ ഭാഗമായി ഉപരോധം ഏർപ്പെടുത്തിയിരുന്നുവെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. വെള്ളിയാഴ്ചത്തെ നടപടി കോടതിയെന്ന സ്ഥാപനത്തെയും ഉപരോധത്തിന്റെ പരിധിയിൽ കൊണ്ടുവന്നു.
അമേരിക്കൻ അധികാരപരിധിയിലുള്ള കോടതിയുടെ സ്വത്തുക്കളും ആസ്തികളിലുള്ള താൽപര്യങ്ങളും മരവിപ്പിക്കും. അതേസമയം, കോടതിയുടെ ചില പ്രവർത്തനങ്ങൾ തുടരുന്നതിനായി യു.എസ് ട്രഷറി വകുപ്പ് പ്രത്യേക അനുമതികളും പ്രഖ്യാപിച്ചിട്ടുണ്ട്.
നയപരമായ ചർച്ചകൾക്കും പരിഹാരങ്ങൾക്കുമായി 180 ദിവസത്തെ പ്രത്യേക ഇളവുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും അന്താരാഷ്ട്ര കോടതിയുമായുള്ള ഏറ്റുമുട്ടൽ കൂടുതൽ രൂക്ഷമായിരിക്കുകയാണ്.