Image

അഴിമതിരാഷ്ട്രീയത്തിനെതിരെ ജനനായകൻെറ പടപ്പുറപ്പാട് ( ദേശീയ രാഷ്ട്രീയം /തമിഴകം: പി കെ ശ്രീനിവാസൻ)

Published on 09 October, 2026
അഴിമതിരാഷ്ട്രീയത്തിനെതിരെ   ജനനായകൻെറ പടപ്പുറപ്പാട് ( ദേശീയ  രാഷ്ട്രീയം /തമിഴകം: പി കെ ശ്രീനിവാസൻ)

ആറ് പതിറ്റാണ്ട് കാലത്തെ ധാരണകളെ തകർത്തെറിഞ്ഞു കൊണ്ടാണ് ഒരു സിനിമാനടൻ തമിഴകത്ത് അത്ഭുതങ്ങൾ വാരിവിതറിക്കൊണ്ട് രാഷ്ട്രീയഭീകരന്മാരെ മലർത്തിയടിച്ചിരിക്കുന്നത്.പ്രതിപക്ഷത്തെപ്പോലും ഞെട്ടിച്ചുകൊണ്ടാണ് വിജയ് സർക്കാർ മുന്നോട്ടു നീങ്ങുന്നത്. മൂന്നര മാസത്തിനുള്ളിൽ പലതും ചെയ്യാൻ കഴിഞ്ഞെങ്കിലും അഴിമതി തുടച്ചുനീക്കാനുള്ള ശ്രമങ്ങൾക്കാണ് കൂടുതൽ ജനശ്രദ്ധ ലഭിച്ചിരിക്കുന്നത്.  

തമിഴ് രാഷ്ട്രീയത്തിൽ അത്ഭുതങ്ങൾ സംഭവിക്കുക വിരളമാണ്. കഴിഞ്ഞ അറുപതു വർഷങ്ങളായി രണ്ട് ദ്രാവിഡകക്ഷികൾ തിരിഞ്ഞും മറിഞ്ഞും ഭരിച്ചതുകൊണ്ടാണ് ഇവിടെ അത്ഭുതങ്ങൾ സംഭവിക്കാതെ പോയത്. എന്നാൽ ആറ് പതിറ്റാണ്ട് കാലത്തെ ധാരണകളെ തകർത്തെറിഞ്ഞു കൊണ്ടാണ് ഒരു സിനിമാനടൻ തമിഴകത്ത് അത്ഭുതങ്ങൾ വാരിവിതറിക്കൊണ്ട് രാഷ്ട്രീയഭീകരന്മാരെ മലർത്തിയടിച്ചിരിക്കുന്നത്. ദ്രാവിഡരാഷ്ട്രീയത്തിൻെറ മഹത്വങ്ങൾ വെറും പൊള്ളയാണെന്നും അതിൽ വിശ്വസിക്കരുതെന്നും ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് രാഷ്ട്രീയഗോദയിൽ ഇറങ്ങിയ, തട്ടുപൊളിപ്പൻ ചിത്രങ്ങളുടെ ജനനായകനായ സി ജോസഫ് വിജയ് ഉയർത്തിയ ഉരുക്കുകോട്ടയുടെ മുന്നിൽ ദ്രാവിഡചക്രവർത്തിമാർക്ക് മുട്ടുമടക്കേണ്ടിവന്നു..

അധികാരത്തിൻെറേയും അഴിമതിയുടെയും ആർത്തിയിൽ മുങ്ങികുളിച്ചുനിൽക്കുന്ന ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) എന്ന ഒറ്റയാനയെ തളച്ചിടാൻ വിജയ് ശ്രമിച്ചപ്പോൾ ജനാധിപത്യത്തിൻെറ വിശുദ്ധ ഭൂമിയിൽ വിശ്വസിക്കുന്ന ജനം മാറിച്ചിന്തിച്ചതിൽ അത്ഭുതമില്ല. വർഷങ്ങളായി കുടുംബവാഴ്ച വേണ്ടുവോളം അനുഭവിച്ച ഡിഎംകെയുടെ തലതൊട്ടപ്പനായ മുത്തുവേൽ കരുണാനിധിയുടെ മകൻ സ്റ്റാലിൻെറ വിശ്വാസങ്ങളാണ് ചീട്ടുകൊട്ടാരം പോലെ ഇപ്പോൾ ചിതറി വീണിരിക്കുന്നത്. ടിവികെ സൃഷ്ടിച്ച മാജിക്കിൻെറ അന്ത്യത്തിൽ ജനങ്ങളുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള ശ്രമമാണ് വിജയ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ജനവിശ്വാസം ആർജ്ജിച്ചില്ലെങ്കിൽ തൻെറ സർക്കാരിന് പിടിച്ചുനിൽക്കാനാവില്ലെന്ന കേവലമായ തത്വം വിജയ് സർക്കാരിനറിയാം. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ പാലിക്കാനും പഴയ സർക്കാരിൻെറ കോട്ടങ്ങളും അഴിമതിപരമ്പരകളും പരസ്യമാക്കാനും ശ്രമിക്കുകയാണ് വിജയ്. യുവനിരക്ക് മാത്രമേ അഴിമതിരഹിത ഭരണം കാഴ്ചവയ്ക്കാനും ജനോപകാരപ്രദമായ കാര്യങ്ങൾ ചെയ്യാനും കഴിയൂ എന്ന യാഥാർത്ഥ്യം വ്യക്തമാകുകയാണ്.  

സർക്കാർ നൂറു ദിവസം പൂർത്തിയാക്കിയപ്പോൾ തന്നെ അസാധാരണമായ കാര്യങ്ങളാണ് നടപ്പിലാക്കിത്തുടങ്ങിയത്. ജനങ്ങളുടെ വിശ്വാസമാർജ്ജിക്കാനും  അവരുടെ പ്രതീക്ഷകൾക്ക് ആക്കം വർദ്ധിപ്പിക്കാനുമുള്ള ശ്രമങ്ങളാണ് തുടക്കത്തിൽ തന്നെ ടിവികെ സർക്കാർ ആരംഭിച്ചിരിക്കുന്നത് തമിഴകത്തെ സംബന്ധിച്ച് മദ്യവ്യവസായം സർക്കാരിൻെറ കറവപ്പശുവാണ്. വമ്പിച്ച രാഷ്ട്രീയ അഴിമതിക്കും അത് കളമൊരുക്കുന്നുണ്ട്. മദ്യപാനത്തിലൂടെ സാധാരണക്കാരുടെ ജീവിതം താറുമാറാക്കിയ ഒരു സംസ്ഥാനമാണ് തമിഴ്നാട്. അഴിമതിക്കാരായ ഭരണക്കാർക്ക് പണം വാരിക്കൂട്ടാനുള്ള ഒരു മാർഗവുമാണ് മദ്യ വ്യവസായം. ഏകദേശം 4765 മദ്യഷാപ്പുകളാണ് സംസ്ഥാനത്തുള്ളത്. മദ്യക്കച്ചവടം ഘട്ടംഘട്ടമായി നിർത്തലാക്കുമെന്ന് പ്രചരിപ്പിച്ച് വോട്ടുപിടിച്ച ഡിഎംകെ സർക്കാർതന്ന മദ്യഷാപ്പുകളുടെയും സ്വകാര്യബാറുകളുടെയും എണ്ണം വർദ്ധിപ്പിച്ച് സാധാരണക്കാരെ വഞ്ചിച്ചതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. എന്നാൽ ഭരണത്തിൽ കയറിയ ഉടൻ തന്നെ വിജയ് സർക്കാർ കൈക്കൊണ്ട് തീരുമാനങ്ങൾ ജനങ്ങളെ ഞെട്ടിപ്പിച്ചു. സ്കൂളുകളുടെയും ആരാധനാലയങ്ങളുടെയും ബസ്റ്റാൻഡുകളുടെയും 500 മീറ്റർ ചുറ്റുവട്ടത്തിലുള്ള 717 മദ്യഷാപ്പുകൾ അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടു. അനധികൃതമായി എംആർപിക്ക് മുകളിൽ ഉപഭോക്താക്കളിൽ നിന്ന് പിടിച്ചുവാങ്ങിയിരുന്ന അധിക തുകയും സർക്കാർ അവസാനിപ്പിച്ചു.

അഴിമതിയിൽ കുളിച്ചുനിന്ന കഴിഞ്ഞ ഡിഎംകെ സർക്കാരിൻ്റെ പ്രധാന പദ്ധതികളിൽ ഒന്നായിരുന്നു പരന്തൂർ വിമാനത്താവള പദ്ധതി. കോടിക്കണക്കിന് രൂപയുടെ അഴിമതി ആരോപിച്ചിരുന്ന ഈ പദ്ധതി വിജയ് റദ്ദ് ചെയ്തു. 5800 ൽ പരം ഏക്കർ ഭൂമി വേണ്ടിവരുന്ന ഈ വിമാനത്താവളപദ്ധതി സാധാരണ കൃഷിക്കാരുടെ ജീവിതത്തെയാണ് തകർത്തു തരിപ്പണമാക്കാൻ തുടങ്ങിയത്. ഇതിൽ 1900 ഏക്കർ ഭൂമി കൃഷിയിടമായിരുന്നു. അതെല്ലാം ഏറ്റെടുത്താൽ അതിൻെറ പരിസരത്തുള്ള വിശാലമായ ഭൂപ്രദേശം പാർട്ടി നേതാക്കൾക്ക് കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാമെന്നും ഡിഎംകെ പദ്ധതി ഒരുക്കിയിരുന്നു. അതിഭീകരമായ ഒരു അഴിമതി കഥയാണ് വിജയ് സർക്കാർ പൊളിച്ചടിക്കിയത്.

500 ൽ താഴെ യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവർക്ക് 200 യൂണിറ്റ് സൗജന്യമാക്കാനും സർക്കാർ മുന്നോട്ടുവന്നു. 350 കോടി രൂപ ചെലവിൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി സിംഹപ്പെൺ എന്നൊരു പദ്ധതിയും രൂപീകരിച്ചു. അതിനുവേണ്ടി ഒരു വനിതാ ഐജിയുടെ കീഴിൽ 2500 പോലീസ് ഔട്ട് പോസ്റ്റുകളും സംസ്ഥാനത്ത് സ്ഥാപിച്ചു. പരിസ്ഥിതിക്ക് 11 ശതമാനം നികുതി ഒഴിവാക്കിയതോടെ തുണിവ്യവസായത്തിനും ആശ്വാസമായി. സംസ്ഥാനത്ത് വമ്പൻ സ്രാവുകൾ നിയന്ത്രിച്ചിരുന്ന ഗ്രാനൈറ്റ് ക്വാറികൾ നിരോധിച്ചു.

അഴിമതി നിരോധനം എന്ന യജ്ഞത്തിലൂടെ സർക്കാരിന് മഹനീയമായ മറ്റൊരു  തലത്തിൽ എത്താൻ കഴിഞ്ഞു. ഇതൊരു വൻനേട്ടമായി ജനം കാണുന്നു. സർക്കാർ സ്ഥാപനങ്ങളിൽ ഉദ്യാഗസ്ഥർക്ക് കൈക്കൂലി കൊടുക്കുന്നത് ശിക്ഷാർഹമാണെന്നും അത് കണ്ടെത്തിയാൽ പോലീസിനെ അറിയിക്കണമെന്നും ഓഫീസുകളിലും മറ്റും പരസ്യങ്ങൾ പതിച്ചു. തമിഴകത്തിൻെറ വികസനത്തെ ഏറ്റവുമധികം ബാധിക്കുന്ന ഭീകരതയാണ് അഴിമതി. മാറിമാറി വന്ന ദ്രാവിഡ സർക്കാരുകൾ അതുവഴി കോടികളാണ് സ്വാന്തം പോക്കറ്റിലാക്കിയത്. കരുണാനിധി ആയാലും ജയലളിത ആയാലും സ്റ്റാലിനായാലും അഴിമതിക്ക് മാറ്റമൊന്നുമില്ല. അഴിമതിരഹിത മുന്നേറ്റംവഴി ജനങ്ങൾക്കിടയിൽ വിജയ് സർക്കാരിന് അസാധാരണമായ വരവേൽപ്പാണ് ലഭിച്ചത്. ഡിഎംകെ ഭരണകാലത്ത് വ്യവസായ സ്ഥാപനങ്ങളിൽ നിന്ന് 20/ 30 ശതമാനമാണ് പാർട്ടി ഫണ്ടിനുവേണ്ടി പിരിച്ചെടുത്തിരുന്നത്. ചെന്നൈ, കോയമ്പത്തൂർ, തിരുപ്പൂർ, തൃച്ചി മേഖലകളിലെ വ്യവസായങ്ങളെ പാർട്ടി ഫണ്ട് ശേഖരണം വല്ലാതെ തകർത്തിരുന്നു. വിജയ് സർക്കാർ ഈ കിരാതഭരണം അവസാനിപ്പിച്ചതോടെ വലിയ ആശ്വാസമാണ് ഉണ്ടായിരിക്കുന്നതെന്ന് വ്യവസായികൾ പറയുന്നു. പാർട്ടിഫണ്ട് ശേഖരണപരാമർശം നിയമസഭയിൽ വലിയ കോലാഫലങ്ങൾക്ക് കളമൊരുക്കി. ക്ഷേത്രങ്ങളിലും ആരോഗ്യരംഗത്തും റേഷൻ വിതരണരംഗത്തും കൊടികുത്തി വാണിരുന്ന അഴിമതിയും അവസാനിപ്പിക്കുന്നതിലും മുൻഗണന ലഭിച്ചു. വിവാഹത്തിന് സ്ത്രീധനമായി പാവപ്പെട്ടവർക്ക് ആയിരം രൂപ സഹായം നൽകാനും നവജാതശിശുക്കൾക്ക് തായ്മാമൻ തങ്കമോതിരം പദ്ധതി അനുസരിച്ച് സ്വർണ്ണ മോതിരം കൊടുക്കാനും തീരുമാനിച്ചപ്പോൾ ജനങ്ങളിൽ നിന്ന് അസാധാരണമായ പ്രതികരണങ്ങളാണ് ഉണ്ടായത്.

മുൻസർക്കാർ ആവിഷ്കരിച്ച സ്കൂൾ ബാഗുകളിൽ മുഖ്യമന്ത്രിയുടെ ഫോട്ടോ പതിക്കുന്ന ഏർപ്പാടും എടുത്തുകളഞ്ഞു. ജയലളിതയുടെ ഭരണകാലത്ത് പാവപ്പെട്ടവർക്ക് മൂന്ന് നേരം വിലക്കുറവിൽ ഭക്ഷണം കൊടുക്കുന്ന “അമ്മ ഉണവകം” പദ്ധതി ഡിഎംകെ കാലത്ത് മന്ദഗതിയിലായിരുന്നു. എന്നാൽ വിജയ് ആ പദ്ധതി വിപുലീകരിക്കുകയും ആഹാരസാധനങ്ങളുടെ നിലവാരം ഉയർത്തുകയും ചെയ്തു. സ്കൂളുകളിൽ വാർഷിക മെട്രിക്കുലേഷൻ ഫീസുകൾ ഒഴിവാക്കി. ഏറ്റവും അധികം അഴിമതി നിറഞ്ഞുനിന്ന രജിസ്ട്രേഷൻ/ ട്രാൻസ്പോർട്ട് വിഭാഗങ്ങൾ ഓൺലൈനിലേക്ക് മാറ്റിയതോടെ നിലനിന്നിരുന്ന അഴിമതിക്കെട്ടുകൾ തകർന്നുവീണു.

ഗ്രാമങ്ങളിൽ പോലും പൈപ്പിലൂടെ കുടിവെള്ളം വിതരണം ചെയ്യാനുള്ള പദ്ധതിയും ആരംഭിച്ചു. പൊതുകിണറുകളിൽ നിന്ന് വെള്ളം എടുക്കാൻ അനുവദിക്കാത്ത സവർണ്ണമേധാവികൾക്ക് ഇതൊരു കനത്ത തിരിച്ചടിയായി. ഇന്നും ജാതിയുടെ പേരിൽ ഏറ്റവുമധികം ദുരിതങ്ങൾ അനുഭവിക്കുന്നത് തമിഴകത്തെ ഗ്രാമീണ ജനതയാണ്. വിജയ്ൻെറ പരിഷ്ക്കാരങ്ങൾ അത്തരക്കാർക്ക് കൂടുതൽ ഉപകാരപ്രദമാകുന്നു. സ്കൂൾ കുട്ടികൾക്കുള്ള പ്രഭാതഭക്ഷണ പരിപാടിക്ക് ഒരു ലക്ഷം കോടി രൂപയുടെ വികസനമാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.  

ഹുണ്ടായി പോലുള്ള വമ്പൻ കമ്പനികളുമായി പുതിയ എഗ്രിമെന്റുകൾ ഉണ്ടാക്കി തമിഴ് വ്യവസായ മേഖലയ്ക്ക് വമ്പൻ പരിവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. 67452 കോടിയുടെ വികസന പദ്ധതികൾ ഇതിനകം ആസൂത്രണം ചെയ്തുകളഴിഞ്ഞു. മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം സെപ്തംബർ പത്തു മുതൽ വിജയ് വ്യവസായവികസനത്തിനു വേണ്ടി ലണ്ടൻ യാത്ര നടത്തിയിരുന്നു. വ്യവസായ മന്ത്രി കീർത്തനയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സെപ്റ്റംബർ നാലിന് തായ്‌ലാൻഡിലേക്ക് പുറപ്പെട്ടിരുന്നു. യുകെ- ഇന്ത്യ സ്വതന്ത്ര വ്യാപാര കരാർ 2026 ജൂലൈ 15ന് ഒപ്പുവച്ച ശേഷം നിക്ഷേപ സാധ്യതകൾ വർധിച്ചിരിക്കുകയാണ്. അത് അനുകൂലമാക്കുന്നതിന് വേണ്ടിയാണ് ഇപ്പോൾ വിജയ് ഉൾപ്പെടെയുള്ളവർ വിദേശയാത്ര സംഘടിപ്പിച്ചിരിക്കുന്നത്.

തമിഴകത്തെ സമഗ്രമായ മാറ്റം മനസ്സിലാക്കിയ ചിലർ അടുത്ത ഇന്ത്യൻ പ്രധാനമന്ത്രിയായി വിജയിനെ എടുത്തു കാണിച്ചിരുന്നു. ചില എംഎൽഎമാർ തേനിയിലും തൂത്തുക്കുടിയിലും അടുത്ത പ്രധാനമന്ത്രി വിജയ് എന്ന പോസ്റ്റർ ഒട്ടിച്ചാണ് ആത്മവിശ്വാസം പ്രകടിപ്പിച്ചത്. സിവോട്ടർ മൂഡ്‌  ഓഫ് ദി നേഷൻ എന്ന പരിപാടിയിൽ ഇന്ത്യാടുഡേ വിജയിനെ മൂന്നാമത്തെ ദേശീയനേതാവായി ഉൾപ്പെടുത്തിയിരുന്നു. ഒന്നും രണ്ടും സ്ഥാനങ്ങൾ മോദിക്കും രാഹുൽ ഗാന്ധിക്കുമായിരുന്നു.

സെക്രട്ടേറിയേറ്റ് മാറ്റി  സ്ഥാപിക്കാനുള്ള വിജയ്ൻെറ നീക്കത്തിനാണ് തരിച്ചടി നേരിട്ടിരിക്കുന്നത്. പട്ടണപ്പാക്കത്തെ കടൽപ്രദേശത്ത് സെക്രട്ടേറിയേറ്റ് നിർമ്മിക്കുന്നതിനെതിരെ വന്നിരിക്കുന്നത് മത്സ്യബന്ധനംവഴി ഉപജീവനം കഴിക്കുന്നവരാണ്. തങ്ങളുടെ ജീവിതം താറുമാറാകുമെന്നാണ് അവർ വിലപിക്കുന്നത്. എന്തായാലും പ്രതിപക്ഷത്തെപ്പോലും ഞെട്ടിച്ചുകൊണ്ടാണ് വിജയ് സർക്കാർ മുന്നോട്ടു നീങ്ങുന്നത്. മൂന്നര മാസത്തിനുള്ളിൽ പലതും ചെയ്യാൻ കഴിഞ്ഞെങ്കിലും അഴിമതി തുടച്ചുനീക്കാനുള്ള ശ്രമങ്ങൾക്കാണ് കൂടുതൽ ജനശ്രദ്ധ ലഭിച്ചിരിക്കുന്നത്.  


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക