Image

മരണത്തിന്റെ നിമിഷത്തിൽ സംഭവിക്കുന്നത് എന്താണ്? മരണത്തിന് ശേഷം ജീവന്റെ അദൃശ്യ സാന്നിധ്യം എവിടെയെങ്കിലും തുടരുന്നുണ്ടോ?(ശ്രീകുമാർ ഉണ്ണിത്താൻ)

Published on 09 October, 2026
മരണത്തിന്റെ നിമിഷത്തിൽ സംഭവിക്കുന്നത് എന്താണ്?  മരണത്തിന് ശേഷം ജീവന്റെ  അദൃശ്യ സാന്നിധ്യം എവിടെയെങ്കിലും തുടരുന്നുണ്ടോ?(ശ്രീകുമാർ ഉണ്ണിത്താൻ)

'മരണം ശരീരത്തിന്റെ അവസാനമാണെന്ന് നമുക്ക് അറിയാം; എന്നാൽ ആ അവസാന നിമിഷത്തിൽ മനുഷ്യന്റെ അനുഭവത്തിനുള്ളിൽ കൃത്യമായി എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് നമുക്ക് ഇനിയും അറിയില്ല എന്നതാണ് സത്യം.'

മരണസമയത്ത് ശരീരത്തിൽ നിന്ന് ഒരു തരത്തിലുള്ള 'എനർജി' പുറത്തേക്ക് പ്രവഹിക്കുന്നു എന്ന് ചിലർ വിശ്വസിക്കുന്നു. അതിന് ശാസ്ത്രീയമായി വ്യക്തമായ തെളിവുകളില്ലെങ്കിലും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആളുകൾ പങ്കുവയ്ക്കുന്ന ചില അനുഭവങ്ങൾ ഈ ചോദ്യത്തെ വീണ്ടും വീണ്ടും നമ്മുടെ മുന്നിലെത്തിക്കുന്നു.

ചിലർക്ക് ഒരു പ്രത്യേക ഗന്ധം അനുഭവപ്പെടുന്നു. ചിലർക്ക് പെട്ടെന്ന് മുറിയിൽ അസാധാരണമായ തണുപ്പ് തോന്നുന്നു. മറ്റു ചിലർക്ക് ആരോ അടുത്തുണ്ടെന്നൊരു ശക്തമായ തോന്നൽ. ചിലർക്ക് അപ്രതീക്ഷിതമായി ഒരു സ്വപ്നം, ശബ്ദം, ഓർമ്മ, അല്ലെങ്കിൽ മരിച്ചവർ വന്നുനിൽകുന്നു എന്ന് മരണപ്പെടാൻ പോകുന്ന വ്യക്തിയുടെ വാക്കുകൾ  അങ്ങനെ  വിചിത്രമായ സംഭവങ്ങൾ ആണ് പലർക്കും  അനുഭവപ്പെടുന്നത്.

ഇതെല്ലാം യാദൃച്ഛികതകളായിരിക്കാം. പക്ഷേ, ചില അനുഭവങ്ങൾ യുക്തിയുടെ അതിരുകൾക്കപ്പുറത്തേക്ക് നമ്മെ  ചിന്തിപ്പിക്കും. എല്ലാം മനസ്സിന്റെ ഓരോ തോന്നലുകൾ മാത്രമാണോ ?

എന്റെ  ജീവിതത്തിൽ ഏറ്റവും സ്നേഹിച്ച ഒരാളെ നഷ്ടപ്പെട്ട നിമിഷം ഇന്നും എന്റെ മനസ്സിൽ വ്യക്തമായി നിൽക്കുന്നു.

അന്ന് ശൈത്യകാലമായിരുന്നു. ആ മുറിയിൽ ഇരിക്കുമ്പോൾ പെട്ടെന്ന് മുറിയാകെ അസാധാരണമായ ഒരു തണുപ്പ് അനുഭവപ്പെട്ടു. സാധാരണ തണുപ്പല്ലായിരുന്നു അത്. ശരീരത്തിലൂടെ അസാധാരണ  തണുത്തൊരു കാറ്റ് കടന്നുപോകുന്നതുപോലെ. ആദ്യം ഞാൻ കരുതിയത് ആരെങ്കിലും ജനൽ തുറന്നിട്ടുണ്ടാകുമെന്നാണ്.
ഞാൻ ജനലുകൾ പരിശോധിച്ചു. എല്ലാ ജനലുകളും അടഞ്ഞുകിടക്കുകയായിരുന്നു.

എങ്കിലും ആ തണുപ്പ് മാറിയില്ല. അപ്പോഴാണ് മനസ്സിൽ ഒരു വിചിത്രമായ അസ്വസ്ഥത നിറഞ്ഞത്. എന്തോ സംഭവിച്ചിരിക്കുന്നു എന്ന  തോന്നൽ. കുറച്ച് സമയത്തിന് ശേഷം മനസ്സിലായി…ഞാൻ ഏറ്റവും സ്നേഹിച്ച ആ വ്യക്തി ഈ ലോകത്തോട് വിടപറഞ്ഞിരുന്നു.

ആ നിമിഷം മുതൽ ആ അനുഭവത്തെ ഞാൻ മറ്റൊരു രീതിയിലാണ് കാണുന്നത്. അത് ശരിക്കും എന്തായിരുന്നു? ശരീരത്തിലെ സ്വാഭാവികമായ പ്രതികരണമോ? ദുഃഖം സൃഷ്ടിച്ച മാനസിക അനുഭവമോ?
യാദൃച്ഛികമായി  ശരീരത്തിൽ ഉണ്ടായ  മാറ്റമോ? അല്ലെങ്കിൽ നമുക്ക് ഇതുവരെ മനസ്സിലാക്കാൻ കഴിയാത്ത എന്തെങ്കിലും ബന്ധമോ? ഉത്തരം എനിക്ക് ഇന്നും അറിയില്ല.

മറ്റൊരു സംഭവം…

എന്റെ ഒരു സുഹൃത്ത് ഒരിക്കൽ കാർ ഓടിച്ചുകൊണ്ടിരിക്കുകയായിരുന്നു. യാത്രയ്ക്കിടയിൽ പെട്ടെന്ന് ഒരു വലിയ പക്ഷി വാഹനത്തിന്റെ വിൻഡ് ഷീൽഡിൽ ശക്തമായി ഇടിച്ചു. പക്ഷി അവിടെവെച്ച് തന്നെ മരിച്ചു.
ആ സംഭവം  സുഹൃത്തിനെ അസ്വസ്ഥനാക്കി. അൽപ്പസമയത്തിനകം നാട്ടിൽ നിന്ന് ഒരു ഫോൺ കോൾ എത്തി. “അമ്മ മരിച്ചു…”

ആ വാർത്ത കേട്ടപ്പോൾ, വിൻഡ് ഷീൽഡിൽ വന്ന് ഇടിച്ച ആ പക്ഷിയുടെ ചിത്രം വീണ്ടും അവന്റെ മനസ്സിലേക്ക് വന്നു. ആ പക്ഷിയുടെ മരണം… അതിനുശേഷം എത്തിയ അമ്മയുടെ മരണവാർത്ത…
രണ്ടു സംഭവങ്ങൾക്കും യാതൊരു ബന്ധവുമില്ലായിരിക്കാം. അത് വെറും യാദൃച്ഛികത (coincidence) ആയിരിക്കാം.
പക്ഷേ മനുഷ്യ മനസ്സിന്റെ ഒരു പ്രത്യേകതയുണ്ട്. നമ്മുടെ ജീവിതത്തിലെ ഏറ്റവും ശക്തമായ വികാരങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങൾ തമ്മിൽ നാം സ്വാഭാവികമായി ബന്ധം കണ്ടെത്താൻ ശ്രമിക്കും.

മരണം അടുത്തുവരുന്നതായി ചിലർ മുൻകൂട്ടി മനസ്സിലാക്കിയ അനുഭവങ്ങൾ കുടുംബാംഗങ്ങൾ പലപ്പോഴും പങ്കുവയ്ക്കാറുണ്ട്.

ഒരു മുത്തച്ഛൻ രണ്ട് കൈകളും കൂപ്പി പ്രാർത്ഥിച്ചുകൊണ്ട് മരണത്തെ വരവേറ്റ കാഴ്ച ഞാൻ കണ്ടിട്ടുണ്ട്. ആ നിമിഷം അദ്ദേഹത്തിന് എന്താണ് അനുഭവപ്പെട്ടിരുന്നത് എന്ന് നമുക്ക് അറിയില്ല. എന്നാൽ മരണത്തെ മുൻകൂട്ടി കണ്ടതുപോലെ തോന്നിയിരുന്നു. ലോകത്തിന്റെ പല സംസ്കാരങ്ങളിലും മരണത്തെ ചുറ്റിപ്പറ്റി ഇത്തരം വിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്.

ലോകത്തിന്റെ പല സംസ്കാരങ്ങളിലും മരണത്തെ ചുറ്റിപ്പറ്റി ഇത്തരം വിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്.
മരിക്കാൻ പോകുന്ന ഒരാൾക്ക് മരണപ്പെട്ട ബന്ധുക്കളെ കാണുന്നതായി തോന്നുക, ആരെയെങ്കിലും വിളിക്കുക, അപ്രതീക്ഷിതമായി പഴയ ഓർമ്മകളിലേക്ക് മടങ്ങുക, മുറിയിൽ ആരോ ഉണ്ടെന്നപോലെ സംസാരിക്കുക തുടങ്ങിയ അനുഭവങ്ങൾ പല കുടുംബങ്ങളും പങ്കുവയ്ക്കാറുണ്ട്.

ഇതിൽ പലതിനും വൈദ്യശാസ്ത്രപരമായ വിശദീകരണങ്ങൾ ഉണ്ടായേക്കാം. മസ്തിഷ്കത്തിലെ മാറ്റങ്ങൾ, മരുന്നുകളുടെ സ്വാധീനം, ഓക്സിജന്റെ കുറവ്, ബോധാവസ്ഥയിലെ വ്യതിയാനങ്ങൾ—ഇവയെല്ലാം ഇത്തരം അനുഭവങ്ങൾക്ക് കാരണമാകാം.

എന്നാൽ എല്ലാ അനുഭവങ്ങളെയും ഒരൊറ്റ വിശദീകരണത്തിലേക്ക് ചുരുക്കാൻ കഴിയുമോ എന്നത് മറ്റൊരു ചോദ്യം. ചില ചോദ്യങ്ങൾക്കു മുമ്പിൽ ശാസ്ത്രം മറുപടി നൽകാറില്ല.

നമുക്ക് അറിയാത്ത ഒരു ലോകമുണ്ടോ?  മരണസമയത്ത് ഒരു വ്യക്തിയുടെ “ആത്മാവ്” അല്ലെങ്കിൽ “എനർജി” നഷ്‌ടപ്പെടുപ്പോൾ അത് എവിടേക്കാണ് പോകുന്നത്? അത് അന്തരീഷത്തിൽ ആണോ .. അവർക്കു നമ്മെ കാണുവാൻ പറ്റുമോ? ഇപ്പോഴും പലരും ചോദിക്കുന്ന ചോദ്യങ്ങൾ ആണ് ഇത്.

ഒരിക്കൽ മനുഷ്യന് വൈദ്യുതി പോലും ഒരു അത്ഭുതമായിരുന്നു. ഒരിക്കൽ ഭൂമിക്ക് പുറത്തുള്ള ലോകത്തെക്കുറിച്ചുള്ള അറിവ് സ്വപ്നം മാത്രമായിരുന്നു. ഇന്ന് നാം കാണാത്ത അനവധി തരംഗങ്ങളെയും ഊർജങ്ങളെയും ശാസ്ത്രം തിരിച്ചറിഞ്ഞിട്ടുണ്ട്.

അതുകൊണ്ടുതന്നെ, മരണത്തെ ചുറ്റിപ്പറ്റിയുള്ള മനുഷ്യാനുഭവങ്ങളെ പൂർണ്ണമായും പരിഹസിക്കുകയോ, മറുവശത്ത് അവയെല്ലാം അതീന്ദ്രിയ സത്യങ്ങളാണെന്ന് പ്രഖ്യാപിക്കുകയോ ചെയ്യുന്നതിന് പകരം, “നമുക്ക് ഇതുവരെ അറിയാത്തത് എന്താണ്"  എന്ന ചോദ്യം ചോദിക്കുന്നതായിരിക്കും കൂടുതൽ ശരി.

മരിച്ചവർ ആരും ഇതുവരെ തിരിച്ചു വന്നിട്ടില്ല. അതുകൊണ്ട് തന്നെ ചോദിച്ചറിയുവാനും ബുദ്ധിമുട്ടാണ്.

ചില അനുഭവങ്ങൾ വിശ്വാസമായി മാറുന്നത് എന്തുകൊണ്ട്? നാം ഒരാളെ അതിയായി സ്നേഹിക്കുമ്പോൾ, ആ വ്യക്തിയുമായുള്ള ബന്ധം ശരീരത്തിന്റെ സാന്നിധ്യത്തിൽ മാത്രം ഒതുങ്ങുന്നില്ല. അവരുടെ ശബ്ദം, ചിരി, ഗന്ധം, സ്പർശം, ഓർമ്മകൾ എല്ലാം നമ്മുടെ മനസ്സിൽ ജീവിച്ചുകൊണ്ടിരിക്കും. അതിനാൽ അവർ നമ്മിൽ നിന്ന് വേർപെടുന്ന നിമിഷങ്ങളിൽ നമ്മുടെ മനസ്സും ശരീരവും അതീവ ശക്തമായി പ്രതികരിച്ചേക്കാം.

അപ്പോൾ ഒരു ചെറിയ ശബ്ദം പോലും അവരുടെ ശബ്ദമായി തോന്നാം. ഒരു തണുത്ത കാറ്റ് അവരുടെ സാന്നിധ്യമായി അനുഭവപ്പെടാം. ഒരു പക്ഷിയുടെ പറക്കൽ പോലും ഒരു സന്ദേശമായി തോന്നാം.
അത് സത്യമാണോ, മനസ്സിന്റെ സൃഷ്ടിയാണോ എന്നതിനേക്കാൾ, ആ അനുഭവം നമ്മിൽ സൃഷ്ടിക്കുന്ന വികാരമാണ് ചിലപ്പോൾ പ്രധാനപ്പെട്ടത്. കാരണം, നമ്മൾ സ്നേഹിച്ച ഒരാൾ മരിച്ചാലും, ആ സ്നേഹം മരിക്കുന്നില്ല.

എന്റെ സുഹൃത്തിന്റെ അനുഭവത്തിനും ഒരുപക്ഷേ യുക്തിസഹമായ വിശദീകരണമുണ്ടാകും.
ഇവയെല്ലാം യാദൃച്ഛികതകളായിരിക്കാം. പക്ഷേ ചില യാദൃച്ഛികതകൾ നമ്മുടെ ഹൃദയത്തിൽ അങ്ങനെ ആഴത്തിൽ പതിയുന്നു, പിന്നീട് അവയെ വെറും “coincidence” എന്ന് പറഞ്ഞ് മറക്കാൻ കഴിയാതെ വരും.

മരണത്തിന്റെ നിമിഷത്തിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത്? ഒരു ജീവൻ അവസാനിക്കുന്നു എന്നത് നമുക്കറിയാം. പക്ഷേ അതിനൊപ്പം  ഒരു അദൃശ്യ സാന്നിധ്യം എവിടെയെങ്കിലും തുടരുന്നുണ്ടോ?
അതിനുള്ള ഉത്തരം ഒരുപക്ഷേ ശാസ്ത്രത്തിന് ഇന്നും പൂർണ്ണമായി നൽകാനായിട്ടില്ല.

ഈ  അദൃശ്യ സാന്നിധ്യത്തെ ചിലർ    “ആത്മാവ്” എന്ന് വിളിക്കും. മറ്റുചിലർ  “എനർജി” എന്ന് വിളിക്കും. വേറെ ഒരുപറ്റം  “മനസ്സിന്റെ പ്രതികരണം” എന്ന് പറയും. പക്ഷേ പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെട്ട ഒരാളോട് ചോദിച്ചാൽ ഒരേയൊരു കാര്യം ഉറപ്പായി പറയാനാകും...

“അവർ പോയി… പക്ഷേ അവർ നമ്മിൽ നിന്ന് പൂർണ്ണമായി അപ്രത്യക്ഷരായിട്ടില്ല.” അവരുടെ സാനിധ്യം ഞാൻ ഇന്നും അനുഭവിക്കുന്നുണ്ട്....അവർ നമ്മുടെ ഓർമ്മകളിൽ ജീവിക്കുന്നു.
ചിലപ്പോൾ, നമുക്ക് വിശദീകരിക്കാനാകാത്ത ഒരു തണുത്ത കാറ്റായി… ഒരു അപ്രതീക്ഷിത ശബ്ദമായി…
 

Join WhatsApp News
വിശ്വാസിയുടെ വെറും വിശ്വാസം. 2026-10-09 15:07:56
യുക്തിവാദിയും ഈശ്വര വിശ്വാസിയും ചത്ത് കഴിഞ്ഞാൽ ഒരുപോലെ, ചീഞ്ഞു നാറുന്ന വെറും ശവംമാത്രം. ആത്‌മാവ്‌ [സോൾ] ഇവയൊക്കെ ഉണ്ടെന്നുള്ളത് വിശ്വാസിയുടെ വെറും വിശ്വാസം. ഒരു ജീവിയെ നിലനിർത്തുന്ന എല്ലാ ജൈവ പ്രവർത്തനങ്ങളുടെയും മാറ്റാനാവാത്ത വിരാമം/വേർപാട് ആണ് മരണം. അതായത്; ഒരു വ്യക്തിയുടെ ബോധത്തിന്റെയും വ്യക്തിത്വത്തിന്റെയും ജീവിതത്തിന്റെയും, തത്വ ചിന്തകളുടെയും ദൈവവിശ്വാസത്തിന്റെയും 'ഞാൻ എന്ന ഭാവങ്ങളുടെയും അവസാനമാണിത്. മരണം എന്നാൽ മറ്റൊരു തരത്തിലുള്ള അസ്തിത്വത്തിലേക്കുള്ള പരിവർത്തനമല്ല, പുനർജൻമ്മത്തിനുള്ള സാദ്യതകളും ഇല്ല. മരണം എന്നാൽ സ്വാഭാവികവും ഒഴിവാക്കാനാവാത്തതുമായ ഒരു ജൈവ പ്രക്രിയ മാത്രമാണ്. ഇ ഭൂമിയിലെ ഘടകങ്ങൾ ബയോളജിക്കലായി സംയോജിക്കപ്പെട്ട ഒരു ഭൗതികമായ അവസ്ഥമാത്രാണ്‌ ജീവൻ. ഇ സംയോജനം നിത്യമല്ല, അവയുടെ കാലതികവിങ്കൽ അവ, അവയെ സംയോജിക്കപ്പെട്ട മൂല്യ ഘടകളായി ഭൂമിയിൽ ലയിക്കുന്നു. എല്ലാ ജീവജാലങ്ങളിലും ജീവൻ നിലനിൽക്കുന്നതിനാലാണ് അവയെ ജീവി എന്ന് വിളിക്കുന്നത്. മനുഷനും ഒരു ജീവി. ജൈവശാസ്ത്രപരവും ശാരീരികവുമായ നിത്യ വിരാമമാണ് മരണം. വീണ്ടും ഒരിക്കലും പുനർജീവിക്കാത്ത നിത്യമായ നിലയ്ക്കൽ ആണ് മരണം. തലച്ചോറ്, ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവർത്തനം സ്ഥിരമായി നിലയ്ക്കുമ്പോഴാണ് മരണം സംഭവിക്കുന്നത്. തലച്ചോറിന് നിരന്തരം ഓക്സിജൻ ആവശ്യമാണ്; രക്തചംക്രമണത്തിന്റെ അഭാവം മൂലം ഓക്സിജൻ സപ്ലൈ ഓഫാകുമ്പോൾ, എല്ലാ ബോധപൂർവമായ അനുഭവങ്ങളും നിലയ്ക്കുന്നു. അതായത് ബയോ ഇലക്ട്രിസിറ്റിയുടെ പ്രവാഹം നിലക്കുമ്പോൾ മരണം സംഭവിക്കുന്നു. ജീവിയുടെ മരണശേഷം, ശരീര കോശങ്ങളും അടിസ്ഥാന മൂലകങ്ങളായി വിഘടിക്കുന്നു. വ്യക്തിത്വം, ഓർമ്മകൾ, ബോധം എന്നിവ തലച്ചോറിന്റെ ഘടനയുടെയും പ്രവർത്തനത്തിന്റെയും ഉൽപ്പന്നങ്ങളാണ്. തലച്ചോറ് ക്ഷയിക്കുമ്പോൾ, ഈ പ്രവർത്തനങ്ങൾ കുറയുന്നു, തലച്ചോറ് മരിക്കുമ്പോൾ വ്യക്തിത്വവും വിശ്വാസവും പൂർണ്ണമായും നിലയ്ക്കും. ഒരു ആത്മാവോ ബോധമോ മനുഷ്യന് ഉണ്ടെന്നുള്ളത് മതവിശ്വാസങ്ങളിലൂടെ നമ്മളിൽ ഉണ്ടായ ഒരു സംസ്ക്കാരത്തിന്റെ തുടർച്ച മാത്രമാണ്. ജീവിതചക്രത്തിന്റെയും പുനരുൽപാദനത്തിന്റെയും പരിണാമത്തിന്റെയും അനിവാര്യ ഭാഗമാണ് മരണം. വർത്തമാനകാലത്തിനു വേണ്ടി ജീവിക്കുക; മരണാനന്തര ജീവിതത്തിൽ വിശ്വാസമില്ലാതെ, പലരും ഇ ജീവിതത്തിന്റെ പരിമിതിയിൽ ജീവിക്കുക എന്നതാണ് യാഥാർഥ്യം. ഒരു വ്യക്തിയുടെ "മരണാനന്തര ജീവിതം" പലപ്പോഴും പ്രിയപ്പെട്ടവരുടെ ഓർമ്മകളും അവരുടെ ജീവിതം ലോകത്തിൽ ചെലുത്തിയ സ്വാധീനവുമാണ്. മരണത്തെയും മരണത്തെയും കുറിച്ചുള്ള പഠനം താനറ്റോളജി എന്നറിയപ്പെടുന്നു , ഇത് മരണത്തിന്റെ ജൈവശാസ്ത്രപരവും മാനസികവും സാമൂഹികവുമായ വശങ്ങളെ ഒരു മതേതര വീക്ഷണകോണിൽ നിന്ന് പരിശോധിക്കുന്നു. ജീവശാസ്ത്രപരവും ബോധപൂർവവുമായ പ്രവർത്തനങ്ങളുടെ അവസാന സ്റ്റോപ്പായിട്ടാണ് ശാസ്ത്രം മരണത്തെ കാണുന്നത്. ജീവിച്ചിരിക്കുമ്പോൾ; ജീവിതത്തെ വിലപ്പെട്ടതും പരിമിതവുമായ ഒരു അനുഭവമായി കാണുന്നു. ''ആത്മാവ്" ഒരു അമർത്യവും അഭൗതികവുമായ വസ്തുവല്ല, മറിച്ച് മനുഷ്യബോധം, വ്യക്തിത്വം, ഓർമ്മ എന്നിവയുടെ ആകെത്തുകയുടെ ഒരു രൂപകമായിട്ടാണ് കാണപ്പെടുന്നത് . ശാരീരിക മരണത്തെ അതിജീവിക്കുന്ന ഒരു പ്രത്യേക അസ്തിത്വമല്ല അൽമാവ്. ഭൗതിക തലച്ചോറിന്റെ പ്രവർത്തനം നിൽക്കുന്നതോടെ എല്ലാം അവസാനിക്കുന്നു. തലച്ചോറിന്റെ സങ്കീർണ്ണമായ നാഡീ ശൃംഖലകളുടെപ്രവർത്തനം മാത്രമാണ് അൽമാവ് ഉണ്ടെന്നുള്ള തോന്നൽ. അത് മതവിശ്വാസ സംസ്കാരത്തിന്റെ ഒരു ബൈ -പ്രൊഡറ്റ് മാത്രമാണ്. പ്രതിഫലന പ്രതികരണം, അനുഭവങ്ങൾ, വികാരങ്ങൾ, ചിന്തകൾ എന്നിവ തലച്ചോറിലെ ഇലക്ട്രോ-കെമിക്കൽ പ്രവർത്തനങ്ങളാണ്ളു. ഈ പ്രവർത്തനങ്ങൾ നിലയ്ക്കുമ്പോൾ, ബോധം [അൽമാവ്] അവസാനിക്കുന്നു. തലച്ചോറിനുണ്ടാകുന്ന പരിക്കുകൾ, നമ്മൾ ഉപയോഗിക്കുന്ന മരുന്നുകൾ,ഭക്ഷണം , ജീവിത സാഹചര്യങ്ങൾ, സാമ്പത്തികം, ജീവിത സ്ട്രെസ്, രോഗങ്ങൾ എന്നിവ ഒരു വ്യക്തിയുടെ വ്യക്തിത്വത്തെയും ഓർമ്മകളെയും മാറ്റിമറിക്കും, ഇത് സൂചിപ്പിക്കുന്നത് "ആത്മാവിന്റെ" ഘടകങ്ങൾ ഭൗതിക അവസ്ഥകൾക്കു അതിരുകടന്നതല്ല, മറിച്ച് അൽമാവ് എന്നത് തീർത്തും ഭൗതികമാണെന്ന് മനസ്സിലാകും. ആധുനിക ന്യൂറോ സയിൻസ്സ് & ജനിതക ശാസ്ത്രം കൂടുതൽ മനസ്സിലാക്കുമ്പോൾ അൽമാവ് വെറും ഒരു വിശ്വാസ സങ്കൽപ്പമാണ് എന്ന യാഥാർഥ്യം മനസ്സിലാകും. സർഗ്ഗാത്മകത, സഹാനുഭൂതി, അർത്ഥനിർമ്മാണം, യുക്തിബോധം ഇവയൊക്കെ അല്മമാവിൻറ്റെ ഫലങ്ങളാണ് എന്നത് വെറും തോന്നൽ മാത്രം. ഒരു ശാസ്ത്രീയ വീക്ഷണകോണിൽ നിന്ന് നോക്കുമ്പോൾ, ആത്മാവ് ഒരു സ്വതന്ത്ര അസ്തിത്വമായി നിലനിൽക്കുന്നില്ല, എന്നാൽ സ്നേഹം, ബോധം, ആഴത്തിലുള്ള അനുഭവം തുടങ്ങിയ "ആത്മീയ" ഗുണങ്ങൾ തലച്ചോറ് ഉത്പാദിപ്പിക്കുന്ന യഥാർത്ഥ പ്രതിഭാസങ്ങളാണ്. അത് നിങ്ങളുടെ "പാറ്റേൺ" വ്യക്തിതം ആണ്. നിങ്ങൾ മരിക്കുമ്പോൾ നിങ്ങളുടെ വികാര,വിചാര,വിശ്വാസങ്ങളും അവസാനിക്കുന്നു- andrew
Sudhir Panikkaveetil 2026-10-09 16:21:47
രണ്ടാഴ്ച കൂടുമ്പോൾ ബാങ്ക് അകൗണ്ടിൽ നിറയുന്ന ശമ്പളം. ആരോഗ്യം, കുടുംബം, കുട്ടികൾ അവരുടെ സന്തോഷം, കൂട്ടുകാർ/കാരികൾ ഇതൊക്കെ ഇവിടെ കിട്ടുന്നുണ്ട്. സുഖം സുഖകരം. സ്വർഗ്ഗത്തേക്കാൾ (അങ്ങനെ ഒന്നുണ്ടെങ്കിൽ) സുന്ദരം. പ്രണയിക്കുക ജീവിതം ആഘോഷം ആക്കുക. പിന്നെന്തിനാണ് ജനം സ്വർഗ്ഗമെന്നും ദൈവമെന്നും പറഞ്ഞു സ്വയം നശിക്കുകയും മറ്റുള്ളവരെ നശിപ്പിക്കുകയും ചെയ്യുന്നത്.അങ്ങനെയുള്ള മൂഢത്തത്തിൽ നിന്നും രക്ഷപെടാൻ ശ്രീ നെടുങ്ങാടപ്പള്ളി എല്ലാ ആഴ്ചയിലും വിജ്ഞാനം വിളമ്പുന്നു. അത് മൃഷ്ടാന്നം കഴിച്ചു ഏമ്പക്കം വിട്ടു സുഖമായിരിക്കുക. ഈശ്വരസങ്കല്പം എല്ലാവര്ക്കും ഉണ്ടാകാം അത് കുഞ്ഞുമനസ്സിൽ മാതാപിതാക്കൾ ഏൽപ്പിക്കുന്നത്. അത് ആസ്വദിക്കുക അല്ലാതെ അയല്പക്കകാരനെ കൊല്ലാൻ പോകരുത്. നിങ്ങൾ ഏതു വിശ്വാസത്തിലാണോ അതിൽ ഉറച്ച് നിൽക്കുക. ദൈവം ഏകനാണ്. മരണശേഷം ജീവിതമുണ്ടോ എന്നാലോചിച്ചു നമ്മൾ നമ്മുടെ വിലപ്പെട്ട സമയം കളയരുതെന്നു എന്റെ അഭിപ്രായം. മറ്റുള്ളവരുടെ അഭിപ്രായം മറിച്ചായിരിക്കാം ആയിക്കോട്ടെ നമ്മൾ എന്തിനു വാദിക്കാൻ പോണം.
Raju Thomas 2026-10-09 21:27:17
Nevertheless, both commenters failed to commend the writer for his beautiful presentation.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക