
ടെഹ്‌റാൻ: ഇറാനെതിരായ യുഎസ് സൈനിക നടപടികൾക്കിടെ 81 സൈനിക വിമാനങ്ങൾ തകരുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തതായി യുഎസ് കോൺഗ്രസ് റിസർച്ച് സർവീസിന്റെ (സിആർഎസ്) റിപ്പോർട്ട്. യഥാർഥ നഷ്ടം ഇതിലും വളരെ കൂടുതലാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരാഗ്ചി ആരോപിച്ചു.
വ്യാഴാഴ്ച എക്സിൽ പങ്കുവച്ച കുറിപ്പിലാണ് അരാഗ്ചി ഇക്കാര്യം ഉന്നയിച്ചത്. മേയിൽ ഇറാന്റെ സായുധസേന 42 യുഎസ് സൈനിക വിമാനങ്ങൾ തകർത്തതായി കോൺഗ്രസ് റിസർച്ച് സർവീസ് സമ്മതിച്ചിരുന്നുവെന്നും ഇപ്പോൾ പുറത്തുവന്ന കണക്കിൽ 81 വിമാനങ്ങളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. യുഎസ് സൈനിക താവളങ്ങളിലെ യഥാർഥ സ്ഥിതി പരിശോധിക്കാൻ ഒരു സെനറ്ററെ പോലും സെൻട്രൽ കമാൻഡ് അനുവദിക്കുന്നില്ലെന്നും അരാഗ്ചി ആരോപിച്ചു.
ഒക്ടോബർ അഞ്ചിന് പുതുക്കിയ സിആർഎസ് റിപ്പോർട്ടിലാണ് ഫെബ്രുവരി 28 മുതൽ ഇറാനെതിരായ സൈനിക നടപടികളിൽ നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്ത 81 വിമാനങ്ങളുടെ പട്ടിക ഉൾപ്പെടുത്തിയിരിക്കുന്നത്. ആളില്ലാ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉൾപ്പെടുന്നതാണ് ഈ കണക്ക്. മാധ്യമ റിപ്പോർട്ടുകൾ, യുഎസ് പ്രതിരോധ വകുപ്പ്, യുഎസ് സെൻട്രൽ കമാൻഡ്, പ്രതിരോധ വകുപ്പിന്റെ ഇൻസ്പെക്ടർ ജനറൽ എന്നിവരുടെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
പട്ടികയിൽ 12 എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ യുദ്ധവിമാനങ്ങൾ, ഒരു എഫ്-35എ യുദ്ധവിമാനം, രണ്ട് എ-10 ആക്രമണവിമാനങ്ങൾ, ഏഴ് കെസി-135 ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങൾ, ഒരു ഇ-3 നിരീക്ഷണവിമാനം, രണ്ട് എംസി-130ജെ പ്രത്യേക സൈനിക വിമാനങ്ങൾ, ഒരു എച്ച്എച്ച്-60ഡബ്ല്യു രക്ഷാപ്രവർത്തന ഹെലികോപ്റ്റർ എന്നിവ ഉൾപ്പെടുന്നു.
ഇതിനു പുറമെ ഒരു എംക്യു-4സി ട്രൈറ്റൺ, മൂന്ന് എംക്യു-1 ആളില്ലാ വിമാനങ്ങൾ, 45 എംക്യു-9 റീപ്പർ ഡ്രോണുകൾ, ഒരു എഎച്ച്-64 അപ്പാച്ചെ ആക്രമണ ഹെലികോപ്റ്റർ, നാല് എഎച്ച്-6 ലിറ്റിൽ ബേഡ് ഹെലികോപ്റ്ററുകൾ, ഒരു എംഎച്ച്-60 സീഹോക്ക് ഹെലികോപ്റ്റർ എന്നിവയും പട്ടികയിലുണ്ട്.
എന്നാൽ, ഈ കണക്കുകൾ അന്തിമമല്ലെന്നും രഹസ്യവിവരങ്ങളുടെ ലഭ്യതക്കുറവ്, തുടരുന്ന സൈനിക നടപടികൾ, നാശനഷ്ടങ്ങളുടെ ഉത്തരവാദിത്തം നിർണയിക്കുന്നതിലെ ബുദ്ധിമുട്ടുകൾ തുടങ്ങിയ കാരണങ്ങളാൽ കണക്കുകൾ പുതുക്കേണ്ടിവരാമെന്നും സിആർഎസ് മുന്നറിയിപ്പ് നൽകി. കേടുപാടുകൾ സംഭവിച്ച ചില വിമാനങ്ങൾ പിന്നീട് വീണ്ടും പ്രവർത്തനക്ഷമമാക്കിയിരിക്കാമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
വിമാനങ്ങൾക്കും മറ്റ് സൈനിക ഉപകരണങ്ങൾക്കും സംഭവിച്ച നാശനഷ്ടങ്ങളുടെ സാമ്പത്തിക പ്രത്യാഘാതവും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഓഗസ്റ്റ് ഒന്നുവരെയുള്ള ഉപകരണനഷ്ടങ്ങൾ നികത്തുന്നതിനുള്ള ചെലവ് 190 കോടി മുതൽ 330 കോടി ഡോളർ വരെയാകാമെന്ന് യുഎസ് കോൺഗ്രസ് ബജറ്റ് ഓഫീസ് സെപ്റ്റംബറിൽ കണക്കാക്കിയിരുന്നു. നഷ്ടപ്പെട്ട ഉപകരണങ്ങൾ എങ്ങനെ പകരംവയ്ക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ചെലവിലെ വ്യത്യാസം.
അതേസമയം, ഇറാനെതിരായ വലിയ തോതിലുള്ള സൈനിക നടപടികൾ പുനരാരംഭിക്കുന്ന കാര്യത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അന്തിമ തീരുമാനമെടുത്തിട്ടില്ലെങ്കിലും പുതിയ ആക്രമണങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ നടത്താൻ പെന്റഗണിന് നിർദേശം നൽകിയതായി ആക്സിയോസ് റിപ്പോർട്ട് ചെയ്തു. ഇറാനെതിരായ സൈനിക നടപടികൾ പുനരാരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കാൻ യുഎസ് സെൻട്രൽ കമാൻഡിനോട് ദിവസങ്ങൾക്കുമുമ്പ് നിർദേശിച്ചിരുന്നുവെന്നാണ് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.
നവംബർ മൂന്നിന് നടക്കുന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പ് പുതിയ സൈനിക നീക്കങ്ങൾ ഉണ്ടായേക്കാമെന്നും ഇസ്രയേലിലെ തിരഞ്ഞെടുപ്പിന് മുമ്പും ആക്രമണം പുനരാരംഭിക്കാനുള്ള സാധ്യതയുണ്ടെന്നും യുഎസ്, ഇസ്രയേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ആക്സിയോസ് റിപ്പോർട്ട് ചെയ്തു. എന്നാൽ ആക്രമണത്തിനായി പ്രത്യേക തീയതി നിശ്ചയിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.