
ഒരു വ്യക്തി - രണ്ടു കൂടിക്കാഴ്ചകള്‍, രണ്ടു കാലങ്ങള്‍ ചില മനുഷ്യര്‍ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത് ഒരു പ്രത്യേക സമയത്തായിരിക്കാം. ആ നിമിഷം വരെ നമുക്ക് അവരെക്കുറിച്ച് വലിയ ധാരണകളോ മുന്‍പരിചയമോ ഉണ്ടാകണമെന്നില്ല. ചിലപ്പോള്‍ അവര്‍ പറയുന്ന ഒരു വാക്ക്, നമുക്ക് നേരെ നീളുന്ന ഒരു പുഞ്ചിരി, അല്ലെങ്കില്‍ തിരക്കുകള്‍ക്കിടയില്‍ പെട്ടെന്ന് കണ്ണില്‍പ്പെടുന്ന ഒരു മുഖം; അതില്‍ നിന്നൊക്കെയാകാം ആ പരിചയത്തിന്റെ തുടക്കം. പിന്നീട് ജീവിതം പല വഴികളിലൂടെ മുന്നോട്ടുപോകുമ്പോള്‍ അവരെ നമ്മള്‍ മറന്നുപോയെന്ന് കരുതും. എന്നാല്‍, കാലം അങ്ങനെയൊരു മുഖത്തെ ഓര്‍മ്മയുടെ ഏതെങ്കിലും കോണില്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ടാകും. വര്‍ഷങ്ങള്‍ക്കുശേഷം, തീര്‍ത്തും അപ്രതീക്ഷിതമായ ഒരു സന്ദര്‍ഭത്തില്‍, അതേ മുഖം വീണ്ടും മുന്നിലെത്തുമ്പോഴാണ് ഓര്‍മ്മയുടെ ചില വഴികള്‍ നമ്മള്‍ വിചാരിച്ചതിലും നീണ്ടതാണെന്ന് മനസ്സിലാകുന്നത്.
എന്റെ ജീവിതത്തിലും അത്തരമൊരു കൂടിക്കാഴ്ചയുണ്ടായിട്ടുണ്ട്. ഒരേ വ്യക്തിയെ രണ്ടു വ്യത്യസ്ത കാലങ്ങളില്‍ കണ്ടുമുട്ടിയതിന്റെ കൗതുകം മാത്രമല്ല അതിന്റെ പ്രത്യേകത. ആ രണ്ടു കൂടിക്കാഴ്ചകള്‍ക്കിടയില്‍ കടന്നുപോയ വര്‍ഷങ്ങളും, അതിനിടയില്‍ മാറിയ എന്റെ ജീവിതവും, മാറാതെ നിന്ന ചില ഓര്‍മ്മകളുമെല്ലാം ചേര്‍ന്നാണ് ആ അനുഭവം ഇന്നും മനസ്സില്‍ നില്‍ക്കുന്നത്.
2007-നുശേഷമുള്ള കുറച്ചുകാലം ജീവിതത്തില്‍ വലിയ ഉറപ്പുകളൊന്നുമില്ലാതിരുന്ന സമയമായിരുന്നു. കൗമാരം പിന്നിട്ട് ഇരുപതുകളിലേക്ക് കടന്നതേയുള്ളൂ. പി.എസ്.സി. പരീക്ഷകള്‍ എഴുതിയും ജോലി അന്വേഷിച്ചും മുന്നോട്ടുപോകുന്നു. ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സ് പരീക്ഷ എഴുതി ലിസ്റ്റില്‍ വന്നതോടെ ഒരു സര്‍ക്കാര്‍ ജോലി ലഭിക്കുമെന്ന പ്രതീക്ഷയും മനസ്സില്‍ വളര്‍ന്നു.
അതിനിടയിലും മറ്റൊരു ആഗ്രഹം എന്നെ പിന്തുടര്‍ന്നിരുന്നു; സിനിമയുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്യണം. വായനയിലും എഴുത്തിലും താല്‍പ്പര്യമുണ്ടായിരുന്നതിനാല്‍ ഒരു തിരക്കഥാകൃത്താകണമെന്നായിരുന്നു ആഗ്രഹം.
അക്കാലത്ത് സിനിമ കാണുന്നതും സിനിമയെക്കുറിച്ചുള്ള പുസ്തകങ്ങള്‍ വാങ്ങി വായിക്കുന്നതും എന്റെ പ്രധാന
വിനോദങ്ങളായിരുന്നു. 'കള്ളന്‍ പവിത്രന്‍', 'വടക്കുനോക്കിയന്ത്രം' പോലെയുള്ള ക്ലാസ്സിക് സിനിമകളുടെ തിരക്കഥകള്‍ തേടിപ്പിടിച്ചു വായിക്കും. പുതിയ സിനിമകള്‍ ഇറങ്ങിയാല്‍ കഴിയുന്നതും തിയേറ്ററില്‍ പോയി കാണും. ചില സിനിമകള്‍ ഒരിക്കല്‍ കണ്ടാല്‍ മതിയാകില്ല. വ്യത്യസ്ത തിയേറ്ററുകളില്‍, വ്യത്യസ്ത പ്രേക്ഷകര്‍ക്കൊപ്പം ഇരുന്ന് അതേ സിനിമ വീണ്ടും കാണുന്നതിലും ഒരു കൗതുകം കണ്ടെത്തിയിരുന്നു.
അങ്ങനെയാണ് ഒരു ദിവസം 'വാരണം ആയിരം' കാണാനായി കരുനാഗപ്പള്ളി ടൗണിലെത്തിയത്.
അക്കാലത്ത് തമിഴില്‍ വിജയ് സിനിമകളുടെ ആരാധകനായിരുന്ന എനിക്ക് ആ സിനിമ ഒരു ചെറിയ മാറ്റം തന്നെയായിരുന്നു. സൂര്യയുടെ രൂപവും വേഷവും പ്രണയരംഗങ്ങളുമൊക്കെ മനസ്സില്‍ പതിഞ്ഞു. സിനിമ കഴിഞ്ഞിറങ്ങിയപ്പോഴേക്കും വൈകുന്നേരം
ആറുമണിയോടടുത്തിരുന്നു.
ഡിസംബര്‍ മാസമായിരുന്നു. വര്‍ഷം അവസാനിക്കാറായതിന്റെ ഒരു മന്ദത പട്ടണത്തിലെ നിരത്തുകളിലുമുണ്ടെന്ന് തോന്നി. കടകളില്‍ വിളക്കുകള്‍ തെളിഞ്ഞുതുടങ്ങിയിരുന്നു. പകല്‍ച്ചൂട് കുറഞ്ഞ് അന്തരീക്ഷത്തില്‍ നേരിയ തണുപ്പ് പടര്‍ന്നിരുന്നു. സിനിമയുടെ പശ്ചാത്തലത്തില്‍നിന്ന് പെട്ടെന്ന് യാഥാര്‍ഥ്യത്തിലേക്ക് തിരിച്ചെത്താന്‍ കഴിയാത്ത ഒരവസ്ഥയിലായിരുന്നു ഞാന്‍. തിയേറ്ററില്‍നിന്ന് കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിലേക്ക് നടക്കുമ്പോഴും സിനിമയിലെ ചില രംഗങ്ങള്‍ മനസ്സില്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു.
എനിക്കു പോകേണ്ടിയിരുന്നത് കൊല്ലത്തേക്കായിരുന്നു. ഓര്‍ഡിനറി ബസില്‍ കയറിയാല്‍ വൈകുമെന്ന് കരുതി തിരുവനന്തപുരം ഭാഗത്തേക്കു പോകുന്ന ഏതെങ്കിലും ഫാസ്റ്റ് പാസഞ്ചറിലോ സൂപ്പര്‍ ഫാസ്റ്റിലോ കയറി പെട്ടെന്ന് പോകാനായിരുന്നു ഞാന്‍ ഉദ്ദേശിച്ചത്.
ഞാന്‍ അവിടെ ബസ് കാത്തുനിന്നു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ എതിര്‍വശത്തുനിന്നും മാവേലിക്കരയിലേക്കുള്ള ഒരു ഫാസ്റ്റ് പാസഞ്ചര്‍ ബസ് സ്റ്റാന്‍ഡിലേക്ക് കയറിവന്നു. ആളുകളെ ഇറക്കാനായി ഞാന്‍ നിന്നിരുന്നതിനു സമീപം ആ ബസ് കുറച്ചു സമയം
നിര്‍ത്തിയിട്ടു. എനിക്കപ്പോള്‍ പ്രത്യേകിച്ച് ഒന്നും തന്നെ ചെയ്യാനില്ലാതിരുന്നതിനാല്‍ ആ ബസില്‍നിന്നും ഇറങ്ങിവരുന്ന യാത്രക്കാരെ വെറുതെ നോക്കിനിന്നു. എന്റെ മുന്നില്‍ വന്നിറങ്ങുന്ന ഓരോ ആളില്‍നിന്നും എന്റെ നോട്ടം എങ്ങനെയോ അതിന്റെ
തുടര്‍ച്ചയെന്നോണം അവിടെ ഇറങ്ങാനായി ബസിനുള്ളിലെ വരിയില്‍ ഏറ്റവും പിന്നിലായി നിന്നിരുന്ന ഒരു പെണ്‍കുട്ടിയിലേക്ക് എത്തി.
സിനിമകളില്‍ കാണിക്കുന്നതുപോലെ മുന്നിലേക്ക് സഞ്ചരിച്ചിരുന്ന ക്യാമറ ലെന്‍സ് പെട്ടെന്ന് തിരിഞ്ഞുവന്ന് ഒരു മുഖത്ത് പതിഞ്ഞതുപോലെ... അന്നത്തെ ആ നിമിഷത്തില്‍ അങ്ങനെയൊന്നും ചിന്തിച്ചിരുന്നില്ല, വെറുതെ നോക്കിയതാണ്. പക്ഷേ, ആ നോട്ടം അവിടെത്തന്നെ നിന്നു.
എന്തുകൊണ്ടാണ് അവള്‍ എന്റെ ശ്രദ്ധ ആകര്‍ഷിച്ചതെന്ന് ഇന്നും കൃത്യമായി പറയാന്‍ കഴിയില്ല. അവളുടെ കണ്ണുകളും മുഖം മുഴുവന്‍ തെളിയുന്ന പുഞ്ചിരിയും ഓര്‍മയിലുണ്ട് എന്നല്ലാതെ വേറെ എന്തെങ്കിലും കാര്യം അവിടെ പ്രവര്‍ത്തിച്ചിരുന്നോ എന്നുള്ള കാര്യം ഇന്നും
എനിക്ക് അജ്ഞാതമാണ്. അന്ന് അവള്‍ ധരിച്ചിരുന്നത് ഗോള്‍ഡന്‍ പൈസ്ലി (Paisley) ഡിസൈന്‍ പതിപ്പിച്ച ഒരു കറുത്ത കുര്‍ത്തയും ചുവന്ന പലാസോ പാന്റുമായിരുന്നു.
കുറച്ചുമുമ്പ് കണ്ട സിനിമയുടെ സ്വാധീനം അപ്പോഴും മനസ്സില്‍നിന്ന് മാറിയിരുന്നില്ല. സിനിമയില്‍ സൂര്യ മേഘനയോട് പ്രണയം തുറന്നുപറയുന്ന രംഗം ഓര്‍മയില്‍ തെളിഞ്ഞിരിക്കാം. അതുകൊണ്ടായിരിക്കാം, അപരിചിതയായ ആ പെണ്‍കുട്ടിയെ
നോക്കിനില്‍ക്കുമ്പോള്‍ അവളോട് എന്തെങ്കിലും സംസാരിക്കണമെന്നോ പരിചയപ്പെടണമെന്നോ തോന്നിയത്. അതുവരെ പ്രണയത്തെക്കുറിച്ച് വലിയ പ്രതീക്ഷകളൊന്നും സൂക്ഷിച്ചിരുന്നില്ലെങ്കിലും ആ വൈകുന്നേരം മനസ്സ് പതിവില്‍നിന്ന് അല്‍പ്പം വ്യത്യസ്തമായിരുന്നു.
പക്ഷേ, പരിചയപ്പെടാനുള്ള ധൈര്യം ഉണ്ടായില്ല. അവള്‍ ബസില്‍നിന്നിറങ്ങി നടന്നുനീങ്ങുന്നതും നോക്കി ഞാന്‍ പോകുന്നതെന്നോ അറിയില്ല. ഒരുപക്ഷേ, അടുത്ത ദിവസംതന്നെ ആ മുഖം മറന്നുപോകുമായിരുന്നിരിക്കാം. എന്നാല്‍, സംഭവിച്ചത് അങ്ങനെയല്ല. ഓരോ ദിവസവും എഴുന്നേല്‍ക്കുമ്പോള്‍ എന്നോടൊപ്പം ആ രൂപം കൂടുതല്‍ ഭംഗിയോടെ എന്നെ പിന്തുടരാന്‍ തുടങ്ങി; പെട്ടെന്ന് മറയാന്‍ കൂട്ടാക്കാതെ എന്റെ മനസ്സില്‍ അത് തൂങ്ങിനില്‍ക്കാന്‍ തുടങ്ങി. അതിനുശേഷം സിനിമ കാണാനായി കരുനാഗപ്പള്ളിയിലെ
കൃഷ്ണ തിയേറ്റര്‍ പതിവായി തിരഞ്ഞെടുക്കാന്‍ തുടങ്ങി.
സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ പഴയ ആ സമയം നോക്കി ബസ് സ്റ്റാന്‍ഡിലെത്തും. അന്ന് കണ്ട പെണ്‍കുട്ടിയെ വീണ്ടും കാണാന്‍ കഴിയുമോ എന്നൊരു പ്രതീക്ഷ മനസ്സിലുണ്ടായിരുന്നു. ചില ദിവസങ്ങളില്‍ അതേ റൂട്ടിലെ ബസുകള്‍ വരുമ്പോള്‍ ഇറങ്ങിവരുന്നവരുടെ
മുഖങ്ങളിലേക്ക് അറിയാതെ നോക്കും.
പലതവണ അങ്ങനെ കാത്തുനിന്നിട്ടുണ്ട്, പക്ഷേ അവളെ വീണ്ടും കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം.
പിന്നീട് പുതിയ സിനിമകള്‍ വന്നു. ജോലിയും ജീവിതത്തിലെ മറ്റു തിരക്കുകളുമായി ദിവസങ്ങള്‍ കടന്നുപോയി. ഒരിക്കല്‍ മനസ്സില്‍ ചെറിയൊരു ചലനമുണ്ടാക്കിയ ആ മുഖം പതിയെ ഓര്‍മ്മകളുടെ പിന്നാമ്പുറത്തേക്ക് മാറി. ഇടയ്‌ക്കെപ്പോഴെങ്കിലും ആ വൈകുന്നേരത്തെ കാഴ്ചയെക്കുറിച്ച് ആലോചിക്കുമെങ്കിലും, വീണ്ടും കണ്ടുമുട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
പക്ഷേ പൗലോ കൊയ്ലോ പറഞ്ഞതുപോലെ, ഒരിക്കല്‍ തീവ്രമായി നമ്മള്‍ ആഗ്രഹിച്ച ഒരു കാര്യം നമ്മള്‍ മറന്നാലും, ഈ പ്രപഞ്ചത്തില്‍ അതീന്ദ്രിയമായ ഒരു ശക്തിയുണ്ടെങ്കില്‍ ആ ശക്തി അത് മറന്നുപോയിട്ടുണ്ടാകില്ല; ആ ആഗ്രഹം ഒരിക്കല്‍ നിറവേറ്റി നല്‍കും. അതിനി ഒരു വര്‍ഷമോ രണ്ടു വര്‍ഷമോ കഴിഞ്ഞിട്ടാണെങ്കില്‍ക്കൂടി. എന്റെ കാര്യത്തില്‍ അതിന് പതിനഞ്ചു വര്‍ഷം വേണ്ടി വന്നു എന്ന് മാത്രം.
ചെന്നൈയിലേക്കുള്ള ഒരു ട്രെയിന്‍ യാത്രയ്ക്കിടയിലാണ് അത് സംഭവിക്കുന്നത്.
ജോലിസംബന്ധമായ പരിശീലനത്തിനായി ചെന്നൈയിലേക്ക് പോകുകയായിരുന്നു ഞാന്‍. ട്രെയിനിലെ സ്ലീപ്പര്‍ കമ്പാര്‍ട്ട്‌മെന്റിലെ ആ ചെറിയ കൂപ്പയിലെ അരണ്ട വെളിച്ചത്തില്‍ ടോള്‍സ്റ്റോയിയുടെ 'വാര്‍ ആന്‍ഡ് പീസ്' എന്ന നോവല്‍ വായിക്കുകയായിരുന്നു അവള്‍. കറുത്ത ഫ്രെയിമുള്ള കണ്ണടയ്ക്കു പിന്നില്‍ കണ്ണുകള്‍ പുസ്തകത്തില്‍ ഉറച്ചുനില്‍ക്കുന്നു. ഇടയ്‌ക്കെപ്പോഴോ ഞാന്‍ അവളെ ശ്രദ്ധിച്ചു. പിന്നെ ഒന്നുകൂടി നോക്കി; പഴയ ക്യാമറ ലെന്‍സ് പോലെ എന്റെ കണ്ണുകള്‍ പെട്ടെന്ന് പ്രവര്‍ത്തിച്ചു.
എവിടെയോ കണ്ട മുഖം!
പഴയൊരു ഓര്‍മ്മയുടെ വാതില്‍ പതുക്കെ തുറക്കുന്നതുപോലെ തോന്നി. അത് അവള്‍ തന്നെയായിരുന്നു! കരുനാഗപ്പള്ളി ബസ് സ്റ്റാന്‍ഡില്‍, ഡിസംബറിലെ ഒരു വൈകുന്നേരത്ത്, ബസില്‍നിന്നിറങ്ങിവന്ന ആ പെണ്‍കുട്ടി. കാലം മുഖത്ത് ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും ആ പുഞ്ചിരി തിരിച്ചറിയാന്‍ പ്രയാസമുണ്ടായിരുന്നില്ല.
എങ്കിലും മനസ്സില്‍ തോന്നിയ സംശയനിവൃത്തിക്കായി അത് അവള്‍ തന്നെയാണോ എന്ന് ഉറപ്പുവരുത്താന്‍ ഞാന്‍ അവളോട് സംസാരിച്ചുതുടങ്ങി. ആദ്യം സാധാരണ യാത്രാവിശേഷങ്ങള്‍, പിന്നെ ജോലിയെക്കുറിച്ചും വായനയെക്കുറിച്ചുമൊക്കെ സംസാരിച്ചു. സംഭാഷണം മുന്നോട്ടുപോയപ്പോള്‍ ആ സംശയം മാറിക്കിട്ടി. ഇനിയൊരിക്കലും കാണാന്‍ കഴിയില്ല എന്ന് കരുതിയ ആ
പെണ്‍കുട്ടി ഇതാ എന്റെ എതിര്‍വശത്തിരിക്കുന്നു!
അവള്‍ ഇപ്പോള്‍ ചെന്നൈയില്‍ ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ജോലി ചെയ്യുകയാണ്. അതിനുമുമ്പ് ജോലി ചെയ്തിരുന്ന എന്‍ജിനീയറിങ് കോളേജിന്റെ പേര് പറഞ്ഞപ്പോള്‍ എനിക്ക് ചെറിയൊരു അത്ഭുതം തോന്നി. എന്റെ വീട്ടില്‍നിന്ന് വെറും ആറു കിലോമീറ്റര്‍ മാത്രം അകലെയുള്ള സ്ഥാപനം!
അന്ന് അവളെ വീണ്ടും കാണാനായി കരുനാഗപ്പള്ളിയില്‍ ബസ് കാത്തുനിന്നിരുന്ന എനിക്ക്, അവള്‍ അത്ര അടുത്തൊരിടത്ത് ജോലി ചെയ്തിരുന്നുവെന്ന കാര്യം അറിയുമായിരുന്നില്ല. ഒരുപക്ഷേ, ഒരേ നിരത്തുകളിലൂടെ പലതവണ കടന്നുപോയിട്ടുണ്ടാകാം. ഒരേ കടയില്‍നിന്ന് എന്തെങ്കിലും വാങ്ങിയിട്ടുണ്ടാകാം. ഒരേ ബസില്‍ യാത്ര ചെയ്തിട്ടുണ്ടാകാം... അന്നൊന്നും പരസ്പരം തിരിച്ചറിയാനുള്ള സാഹചര്യമുണ്ടായിരുന്നില്ലെന്നു മാത്രം.
പിന്നീട് സംസാരം സാഹിത്യത്തിലേക്കും എഴുത്തിലേക്കും നീങ്ങി. ഞാന്‍ എഴുതിയ ചില കഥകളെക്കുറിച്ച് അവള്‍ സംസാരിച്ചു. അവളുടെ അഭിപ്രായങ്ങളില്‍ എനിക്ക്കൗതുകം തോന്നി. ഒരു വായനക്കാരി എന്ന നിലയില്‍ അവള്‍ കഥകളെ സമീപിച്ച രീതി ശ്രദ്ധേയമായിരുന്നു. കഥാപാത്രങ്ങളെയും അവയുടെ സ്വഭാവങ്ങളെയും കുറിച്ച് അവള്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ടപ്പോള്‍, ഒരു കഥ
എഴുതുന്നതും അത് മറ്റൊരാള്‍ വായിക്കുന്നതും തമ്മില്‍ എത്രയോ വ്യത്യസ്തമായ അനുഭവങ്ങളാണെന്ന് വീണ്ടും തോന്നി.
അതിനിടയില്‍ കുടുംബത്തെക്കുറിച്ചും കുട്ടികളെക്കുറിച്ചുമൊക്കെ സംസാരിച്ചു. ജോലിയും വായനയും കുടുംബജീവിതവുമെല്ലാം ചേര്‍ന്ന അവളുടെ ലോകത്തെക്കുറിച്ച് കുറച്ചുകൂടി അറിയാന്‍ കഴിഞ്ഞു. പതിനഞ്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് കണ്ടപ്പോള്‍
അവളെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. അന്ന് ശ്രദ്ധയില്‍പ്പെട്ടത് ഒരു മുഖവും പുഞ്ചിരിയുമാണെങ്കില്‍, ഇപ്പോള്‍ ആ വ്യക്തിയുടെ ചിന്തകളും താല്‍പ്പര്യങ്ങളും ജീവിതാനുഭവങ്ങളും പരിചയപ്പെടാനുള്ള അവസരമായിരുന്നു.
ട്രെയിന്‍ ചെന്നൈയിലെത്തുമ്പോഴേക്കും ഞങ്ങള്‍ക്കിടയിലെ അപരിചിതത്വം മാറിയിരുന്നു. ഒരുപാട് വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരിക്കല്‍ മാത്രം കണ്ടിട്ടുള്ള രണ്ടുപേര്‍, തികച്ചും യാദൃച്ഛികമായി വീണ്ടും കണ്ടുമുട്ടി കുറച്ചുനേരം സംസാരിക്കുന്നു; അത്രയേയുള്ളൂ ആ
സംഭവത്തിന്റെ പുറംരൂപം. പക്ഷേ, ചില അനുഭവങ്ങള്‍ അവയുടെ ലളിതമായ രൂപത്തേക്കാള്‍ കൂടുതല്‍ നേരം മനസ്സില്‍ തങ്ങിനില്‍ക്കാറുണ്ട്.
സ്റ്റേഷനില്‍ ഇറങ്ങിയശേഷം അവള്‍ അവളുടെ വഴിക്കും ഞാന്‍ എന്റെ വഴിക്കും നടന്നു. പിന്നീട് ആ കൂടിക്കാഴ്ചയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുന്നത് ചെന്നൈയിലേക്കുള്ള ആ ട്രെയിന്‍ യാത്രയാണ്. പിന്നെ, പതുക്കെ അതിനുപിന്നില്‍
കരുനാഗപ്പള്ളിയിലെ പഴയ ബസ് സ്റ്റാന്‍ഡും ഡിസംബര്‍ മാസത്തിലെ ആ വൈകുന്നേരവും തെളിഞ്ഞുവരും.
അന്ന് അവളെ കണ്ടപ്പോള്‍ സംസാരിക്കാതിരുന്നതും പിന്നീട് പലതവണ അവളെ കാണാന്‍ കാത്തുനിന്നതുമൊക്കെ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ കൗതുകം തോന്നുന്നു. ആ പ്രായത്തിലെ ചെറിയൊരു ആകര്‍ഷണത്തെ അന്ന് ഞാന്‍ എത്ര ഗൗരവത്തോടെയാണ്
കണ്ടിരുന്നതെന്ന് ഓര്‍ക്കുമ്പോള്‍ ചിലപ്പോള്‍ ചിരിയും വരും. ജീവിതം അപ്പോഴേക്കും എത്രയോ മാറിയിരുന്നു!
എങ്കിലും, ആ പഴയ ഓര്‍മ്മയ്ക്ക് അതിന്റേതായൊരു സ്ഥാനമുണ്ട്.
ചെന്നൈയിലേക്കുള്ള ആ യാത്ര എനിക്ക് സമ്മാനിച്ചത് അത്തരമൊരു അനുഭവമായിരുന്നു. പതിനഞ്ചുവര്‍ഷങ്ങള്‍ക്കുശേഷം കണ്ടുമുട്ടിയ ആ വ്യക്തിയെയും,അവളെ വീണ്ടും കണ്ടപ്പോള്‍ ഓര്‍മ്മയില്‍ തെളിഞ്ഞുവന്ന പഴയ എന്നെക്കുറിച്ചും ഞാന്‍ പലപ്പോഴും
ആലോചിക്കാറുണ്ട്.
ഇതിനൊരു ചെറിയ Tail end; കൂടിയുണ്ട്. ഒരേ വ്യക്തി രണ്ടു വ്യത്യസ്ത കാലങ്ങളില്‍ ജീവിതത്തിലേക്ക് വന്നുപോയപ്പോള്‍ ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ എന്നിലുണ്ടായ മാറ്റമാണത്.
ആദ്യത്തെ കൂടിക്കാഴ്ച സമ്മാനിച്ച ആ വൈകാരികതയാണ് ഒരുപാട് വായനകള്‍ക്കൊടുവില്‍ ആദ്യമായി എന്നെക്കൊണ്ട് ഒരു കഥ എഴുതിച്ചത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള രണ്ടാമത്തെ കണ്ടുമുട്ടലാവട്ടെ, ആ പഴയ കുട്ടിത്തം നിറഞ്ഞ വൈകാരികതയില്‍ നിന്ന് എന്നെ മോചിപ്പിക്കുകയും, എഴുത്തിനെ കുറച്ചുകൂടി ഗൗരവത്തോടെയും പക്വതയോടെയും സമീപിക്കാന്‍ പ്രേരണയാവുകയും
ചെയ്തു!
Rajesh AR