Image

'പുല്‍പ്പള്ളി എക്സ്പ്രസ്സ്' ഷൂട്ടിംഗ് ആരംഭിച്ചു; എസ് ഐ വേഷത്തില്‍ അനുശ്രീ

Published on 09 October, 2026
 'പുല്‍പ്പള്ളി എക്സ്പ്രസ്സ്' ഷൂട്ടിംഗ് ആരംഭിച്ചു; എസ് ഐ വേഷത്തില്‍ അനുശ്രീ

പ്രേക്ഷക ശ്രദ്ധയും നിരൂപക പ്രശംസയും ഏറെ നേടിയ' കാക്കിപ്പട 'എന്ന പോലീസ് ചിത്രത്തിനുശേഷം ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന 'പുല്‍പ്പള്ളി എക്സ്പ്രസ്സ് ' തിരുവനന്തപുരത്ത് ഷൂട്ടിംഗ് ആരംഭിച്ചു.

സോണി മങ്കിടി ഫിലിംസിന്റെ ബാനറില്‍ സോണി മങ്കിടി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അനുശ്രീ എസ് ഐ റോളില്‍ പ്രധാന കഥാപാത്രമായെത്തുന്നു. അനുശ്രീയുടെ കരിയറിലെ രണ്ടാമത്തെ പോലീസ് കഥാപാത്രമാണിത്. 'ഒപ്പം 'എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ എ സി പി യുടെ വേഷം ചെയ്തിരുന്നു. തിരുവനന്തപുരം തൈക്കാടുള്ള കിറ്റ്സില്‍ വെച്ചായിരുന്നു ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നടന്നത്. പ്രൊഡ്യൂസര്‍ സോണി മങ്കിടി സ്വിച്ച് ഓണ്‍ ചെയ്തു. സോഫി വര്‍ഗീസ് ക്ലാപ്പടിച്ചു. തുടര്‍ന്ന് ഷൂട്ടിങ് ആരംഭിച്ചു.

ഷെബി ചൗഘട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വന്‍ താരനിരയാണുള്ളത്. പുതുമുഖമായ സ്റ്റീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിഷ്ണു അഗസ്ത്യ, ഇര്‍ഷാദ്, ഷാജോണ്‍, അലന്‍സിയര്‍, ജാഫര്‍ ഇടുക്കി,സുജിത് ശങ്കര്‍, ബാലാജി ശര്‍മ്മ , സാബുമോന്‍ വിനീത് തട്ടില്‍, അബൂ സലിം, പാര്‍വതി കൃഷ്ണ, സംഗീത ( ചിന്താവിഷ്ടയായ ശ്യാമള ), ദേവനന്ദ( മാളികപ്പുറം ), ശ്രീലക്ഷ്മി( ഭൂതക്കണ്ണാടി ) ശ്രീലത നമ്പൂതിരി ഡോ: ആര്യ, സ്മിനു സിജോ തുടങ്ങിയ താരങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നു.

മലയാള സിനിമയില്‍ ഇപ്പോള്‍ പോലീസ് ത്രില്ലര്‍ കഥകള്‍ സൂപ്പര്‍ ഹിറ്റ് അടിക്കുന്ന സമയമാണ്. കഥയും അവതരണ ശൈലിയും കൊണ്ട് കാക്കിപ്പട എന്ന പോലീസ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ തുടര്‍ന്നും പോലീസ് കഥ പറയുന്നത് വീണ്ടും ആകാംക്ഷ ഉണര്‍ത്തുകയാണ്. 30 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ചിത്രീകരണംപൂര്‍ണ്ണമായും തിരുവനന്തപുരത്താണ് നടക്കുന്നത്.

ചിത്രത്തിന്റെ ക്യാമറ രജീഷ് രാമന്‍. എഡിറ്റര്‍ സുബിന്‍. എസ്. സംഗീതം വിവേക് കൃഷ്ണ. വരികള്‍ വിവേക് മുഴക്കുന്ന്. പ്രോജക്ട് ഡിസൈനര്‍ മുരുകന്‍ എസ്. കലാസംവിധാനം അജി അമ്പലത്തറ. വസ്ത്രാലങ്കാരം റാണാപ്രതാപ്. മേക്കപ്പ് ജയന്‍ പൂങ്കുളം. ആക്ഷന്‍ റണ്‍ രവി. കൊറിയോഗ്രാഫി ശാന്തി മാസ്റ്റര്‍. അഡീഷണല്‍ ഡയലോഗ് ജെയിന്‍ ജോര്‍ജ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കൃഷ്ണകുമാര്‍ വി. എസ്. അസോസിയേറ്റ് ഡയറക്ടര്‍ പ്രകാശ് ആര്‍.നായര്‍. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് ഹരി കാട്ടാക്കട, ശിവന്‍ പൂജപ്പുര. പ്രൊഡക്ഷന്‍ മാനേജര്‍ കുര്യന്‍ ജോസഫ്. പി ആര്‍ ഓ മഞ്ജു ഗോപിനാഥ്. സ്റ്റില്‍സ് അമല്‍ ജെയിംസ്. ഡിസൈന്‍സ് ഇലുമിനാര്‍ട്ടിസ്റ്റ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക