
അഞ്ച് വര്‍ഷം മുമ്പ്. ഒരു മകനെപ്പോലെ എന്നെ സ്നേഹിച്ച വേലായുധന്‍ പിള്ളയുടെ അടിയന്തര കത്ത് അനുസരിച്ചായിരുന്നു ആ യാത്ര. തറവാടിന്‍റെ പടി കടന്നപ്പോള്‍ ഉണ്ടായ എന്‍റെ വികാരത്തിനു പേരില്ല. പണ്ട്, ആവീടിന്‍റെ വാതില്‍ തുറക്കുമ്പോള്‍, അകത്തുനിന്നും അച്ഛന്‍ ചോദിക്കുമായിരുന്നു: ആരാ അത്? അന്ന് വാതില്‍ തുറന്നപ്പോള്‍ താക്കോല്‍ തിരിയുന്ന ശബ്ദം മാത്രം കേട്ടു. ശൂന്യതയുടെ നിച്ഛല നിശ്ശബ്ദത. അനവധി അവിസ്മരണീയമായ അനുഭവങ്ങള്‍ തന്ന കുടുംബം. ആ വീട്ടിലാണ് ഞാന്‍ മുട്ടില്‍ ഇഴഞ്ഞത്. ആ വീട്ടുമുറ്റത്ത് വീണു മുറിവേറ്റു കരഞ്ഞിട്ടുണ്ട്. അവിടെവച്ചായിരുന്നു അമ്മയുടെ അതിരറ്റ വാത്സല്യം അനുഭവിച്ചത്. എന്നെ തോളിലേറ്റി അച്ഛന്‍ ഉലാത്തിയതും ആ വിശാലമായ മുറ്റത്തായിരുന്നു.
ഉമ്മറത്തിരുന്ന അച്ഛന്‍റെ ചാരുകസേര കണ്ടില്ല. അത് മുറിയുടെ മൂലയില്‍ മടക്കി വച്ചിരുന്നു. അമ്മയുടെ അടുക്കളസാധനങ്ങള്‍ അടുക്കളയില്‍ തന്നെ ഉണ്ടായിരുന്നു. ഉമ്മറഭിത്തിക്ക് അലങ്കാരമായിരുന്ന അച്ഛനമ്മമാരുടെ ചിത്രം മുറിക്കുള്ളിലെ മേശവലിപ്പില്‍ വച്ചിരുന്നു. വീട്ടില്‍ ഉണ്ടായിരുന്നതെല്ലാം അതേപടി സൂക്ഷിച്ചിരുന്നു.
മറക്കാന്‍ശ്രമിച്ചിട്ടും മറക്കാനാവാതെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഒരു ആത്മബന്ധത്തിന്‍റെ ആദ്യ ചുംബനം എന്‍റെ കിടപ്പുമുറിയില്‍വച്ചായിരുന്നു. എന്‍റേതു മാത്രമെന്നു ഞാന്‍ കരുതിയ, എന്‍റെ മുറപ്പെണ്ണായിരുന്നു അവള്‍. പക്ഷേ, അവള്‍ ഒരു പണക്കാരന്‍റെ ഭാര്യയായി. മോഹഭംഗത്തിന്‍റെ മുറിപ്പാടുകള്‍ മരണം വരെ മായാതെ ചിലരുടെ മനസ്സില്‍ കിടക്കുമല്ലോ. സ്വാര്‍ത്ഥതയെന്ന് തോന്നാമെങ്കിലും, ഉറച്ച തീരുമാനങ്ങള്‍ കടമകളെയും ബന്ധങ്ങളെയും മറികടക്കാറുണ്ട്. അമേരിക്കയിലേക്ക് പോകാന്‍ എന്നെ നിര്‍ബന്ധിച്ചത് മറ്റൊന്നല്ല.
അച്ഛന്‍റെ പൂര്‍വ്വികരുടെ ആത്മാക്കള്‍ തറവാട്ടില്‍ വരാറുണ്ടെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. അത് സത്യമെങ്കില്‍, എന്‍റെ അമ്മയുടെയും അച്ഛന്‍റെയും ആത്മാക്കളും അവിടെ വരുമല്ലോ. അമേരിക്കന്‍ ജീവിതം ഉപേക്ഷിച്ചു മടങ്ങിവന്നു തറവാട്ടില്‍ താമസിക്കാന്‍ എനിക്ക് ഒട്ടും മനസ്സില്ലായിരുന്നു. മക്കള്‍ക്ക്, കേരളം ഒരു വിദേശമാണ്. അവര്‍ മലയാളം സംസാരിക്കും. എഴുതാനും വായിക്കാനും അറിയില്ല. എന്‍റെ തീരുമാനത്തിന് എതിരായി ഒരു അഭിപ്രായം ഭാര്യ പറയത്തുമില്ല.
അമ്മയുടെ കാലശേഷം അച്ഛനെയും, അച്ഛന്‍ പോയപ്പോള്‍ തറവാടിനെയും ശുശ്രൂഷിച്ചത് വേലായുധന്‍പിള്ളയായിരുന്നു. കിടപ്പിലായ അയാള്‍ക്കു എഴുന്നേറ്റു നടക്കാന്‍ വയ്യാഞ്ഞതുകൊണ്ടാണ് എന്നെ വിളിച്ചുവരുത്തിയത്. മറ്റൊരാളെ വീട് ഏല്പ്പിച്ചിട്ട് മടങ്ങിപ്പോകുന്നത് ബുദ്ധിപരമല്ലെന്നും മനസ്സിലാക്കി.
ഹോട്ടല്‍ മാനേജര്‍ ഒരു ദല്ലാളിനെ പരിചയപ്പെടുത്തിത്തന്നു. “വസ്തു വാങ്ങാന്‍ ആളുണ്ട്. കച്ചവടം ഉറപ്പിച്ചാലുടന്‍ കമ്മീഷന്‍ തുക തരണം. അതിന് രേഖ തരില്ല. നിയമം അനുസരിച്ചു അഡ്വാന്‍സ് തുക തരും. മൊത്തവിലയുടെ പകുതി ആധാരത്തില്‍ കാണിക്കും. പകുതി കാഷായിട്ട് തരും. മൂന്നുമാസത്തെ കാലാവാധിവെച്ച് ഉടമ്പടി തയ്യാറാക്കി രജിസ്തര് ചെയ്യണം.” അങ്ങനെയായിരുന്നു ദല്ലാളിന്‍റെ മുന്‍കൂര്‍ വിവരം. അതിനോടു യോജിക്കാന്‍ സാധിച്ചില്ല. വസ്തു വില്പന മുഖാന്തിരം കലഹത്തിലും വ്യവഹാരത്തിലും വീഴ്ത്തിയ ദല്ലാളന്മാരെക്കുറിച്ചും കേട്ടു. ഒരു തീരുമാനമെടുക്കാന്‍ കഴിയാതെ ഞാന്‍ ഹോട്ടലില്‍ താമസിച്ചു.
അച്ഛന്‍റെ അന്ത്യകര്‍മ്മങ്ങള്‍ക്ക് വന്നപ്പോള്‍ കണ്ട ഗ്രാമത്തിന്‍റെ രൂപവും ഭാവവും അപ്പോള്‍ മാറിയിരുന്നു. ആശുപത്രി, കടകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ബാങ്കുകള്‍, പുതുവഴികള്‍, പോലീസ് സ്റ്റേഷന്‍, പോസ്റ്റ് ഓഫീസ് എന്നിവ ഗ്രാമത്തിനു നാഗരികതയുടെ ഭാവം നല്‍കി. നാട് കാണുന്നതിനു ഞാന്‍ ഒരു ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചു. അപ്പോള്‍ ഓട്ടോ ഡ്രൈവര്‍ പറഞ്ഞു: സാറേ വിദേശികള്‍ക്കായി ഒരു പുതിയ കട തുറന്നിട്ടുണ്ട്. അബുദാബിയില്‍ ജോലി ചെയ്ത ഒരു മലയാളി തുടങ്ങിയതാണ്. അവിടെ പീസ്സായും ബര്‍ഗറും കിട്ടും. “പീസ്സാ ഹട്ട്” എന്നാണ് പേര്. അയാളുടെ വര്‍ണ്ണന കേട്ട്, അവിടേക്ക്പോയി.
ആകര്‍ഷകമായി അലങ്കരിച്ച പിസ്സാ ഹട്ടിന്‍റെ ഹാളില്‍ നിറയെ ആളുകള്‍. പിസ്സാ കഴിച്ചുകൊണ്ടിരുന്നപ്പോള്‍ തിണ്ണയില്‍ നില്‍ക്കുന്ന സുന്ദരിയായ ഒരു യുവതിയെ ഞാന്‍ കണ്ടു. അവള്‍ കൂടെക്കൂടെ എന്നെ നോക്കി. ഞാന്‍ മടങ്ങിപ്പോകാന്‍ തിണ്ണയില്‍ ഇറങ്ങിയപ്പോള്‍ അവള്‍ പറഞ്ഞു: “സാറേ സഹായിക്കണം. അനാഥാലയത്തിലെ കുഞ്ഞുങ്ങക്കുവേണ്ടിയാ.” ഞാന്‍ നൂറ് രൂപയുടെ ഒരു നോട്ട് അവളെ ഏല്‍പിച്ചു. അപ്പോള്‍ അവള്‍ ചോദിച്ചു: രസീത് വേണോ സാറേ?. ഒന്നും പറയാതെ ഞാന്‍ ഓട്ടോയില്‍ കയറി. അപ്പോള്‍ ഡ്രൈവര്‍ പറഞ്ഞു: “ഈ വാര്‍ഡിലൊരു അനാഥാലയമുണ്ട് സാറെ. ഇവള്‍ പിരിക്കുന്നതിലൊരു ഭാഗം അവിടെ കൊടുക്കും. നല്ലപങ്ക് ഇവളെടുക്കും.”
അന്നോളം അനാഥമന്ദിരം കണ്ടിട്ടില്ലാത്ത ഞാന്‍ അവിടേക്ക് പോകാമെന്ന് പറഞ്ഞു. എങ്കിലും അല്‍പ ദൂരത്തുള്ള വൃദ്ധസദനത്തിലേക്കാണ് പോയത്.
ഒരു ചെറിയ കുന്നിന്‍റെ താഴ്വരയില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന കെട്ടിടം. അറുപത് വയസ്സിനുമേല്‍ പ്രായമുള്ളവരും, ശുശ്രൂഷിക്കാന്‍ ആരും ഇല്ലത്തവരും, ഒറ്റപ്പെട്ടവരുമായ സ്ത്രീകള്‍ താമസിക്കുന്ന വീട്. സാമൂഹ്യ വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനം. അവിടെ അന്തേവാസികള്‍ക്ക് താമസ സൗകര്യവും, ഭക്ഷണവും, വൈദ്യസഹായവും മറ്റും സൗജന്യമായി ലഭിക്കും. അവരെ സന്ദര്‍ശിക്കാനുള്ള അനുവാദം വാങ്ങി. മുറികള്‍ കാണിക്കാനും ചോദ്യങ്ങള്‍ക്ക് മറുപടി പറയാനും ഒരാള്‍ ഞങ്ങളുടെ കുടെ വന്നു.
അവിടെയുള്ള സ്ത്രീകളുടെ ആത്മനൊമ്പരങ്ങളും നിസ്സാഹായതയും എന്നെ ചിന്തിപ്പിച്ചു. അവരോട് ആഴമുള്ള അനുകമ്പയും, സ്നേഹവും തോന്നി. കുറ്റബോധത്തോടെ, ഞാന്‍ എന്‍റെ അമ്മയെയും അച്ഛനെയും ഓര്‍ത്തു. ഏറെ പ്രായമുള്ള സ്ത്രീകളില്‍ എന്‍റെ മുത്തശ്ശിയുടെ മുഖം കണ്ടു. ഒരിക്കല്‍ ഭര്‍ത്താവും മക്കളുമൊത്തു സുഖമായി ജീവിച്ചവരും അന്ന് അവിടെ ഉണ്ടായിരുന്നു. കുടുംബത്തില്‍ നിന്നും അടര്‍ത്തപ്പെട്ട് മരണം കാത്തു കഴിയുന്ന അന്തേവാസികള്‍. അവരുടെ കഥകള്‍ കേള്‍ക്കാന്‍ ആരെങ്കിലും അവരുടെ അടുത്തിരിക്കണമെന്ന് അവര്‍ക്ക് ആഗ്രഹമുണ്ട്. പക്ഷേ, അരികിലിരിക്കാന്‍ ആരുമില്ല. ഒറ്റപ്പെടലും രോഗവും മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥയും മൂലം വാര്‍ദ്ധക്യം അടിമത്തമെന്നു തോന്നാം. എന്നാല്‍ വാര്‍ദ്ധക്യം അടിമത്തമല്ല. പൂര്‍ണ്ണതയാണ്. നമ്മള്‍ ചെയ്ത നന്മകളും നേടിയ അറിവുകളുമെല്ലാം, ശാന്തമായി ഓര്‍ത്തിരിക്കാനുള്ള കാലഘട്ടത്തിന് അതിന്‍റേതായ ഭംഗിയുണ്ട്. വാര്‍ദ്ധക്യത്തെ ഭയത്തോടെയല്ല ധീരതയോടെ കാണണമെന്ന് തോന്നി. വൃദ്ധസദനത്തിന് സംഭാവന നല്‍കിയ ശേഷം ഞാന്‍ ഹോട്ടലിലേക്ക് മടങ്ങി.
വക്കീലിന്‍റെ നിര്‍ദ്ദേശപ്രകാരം തറവാട്ടുസ്വത്ത് വില്‍ക്കുന്നതിന് കുറെ രേഖകള്‍ വേണമായിരുന്നു. ഞാന്‍ തറവാടിന്‍റെ ഏക അവകാശിയാണെന്നു തെളിയിക്കുന്ന രേഖ, അച്ഛന്‍റെയും അമ്മയുടെയും മരണസര്‍ട്ടിഫിക്കറ്റുകള്‍, അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ്, ബന്ധം തെളിയിക്കുന്ന മറ്റ് രേഖകള്‍, തറവാട് സംബന്ധിച്ച വിവര രേഖകള്‍, സ്വത്തിന് മറ്റ് അവകാശികള്‍ ഇല്ലെന്നു തെളിയിക്കുന്ന സത്യവാങ്മൂലം, സ്വത്തിന്‍റെ മൂല്യസര്‍ട്ടിഫിക്കറ്റ്, മാതാപിതാക്കള്‍ തയ്യാറാക്കി രജിസ്തര് ചെയ്തു സൂക്ഷിച്ച വില്‍പത്രം എന്നിവ കൈവശപ്പെടുത്തി. എന്നിട്ടും, ഒരു തീരുമാനം എടുക്കാന്‍ കഴിയാതെ ഞാന്‍ കുഴങ്ങി.
എന്‍റെ കാലശേഷം ഭാര്യക്കും മക്കള്‍ക്കും കിട്ടേണ്ട സ്വത്ത്, അവരുടെ സമ്മതത്തോടെയും, തെറ്റിദ്ധാരണയും പരാതിയും ഉണ്ടാക്കാതെയും, കുടുംബത്തിലെ ഐക്യവും സ്നേഹവും നിലനിര്‍ത്തിക്കൊണ്ടുമാണ് വില്‍ക്കേണ്ടത്. അതുകൊണ്ട്, വീണ്ടും ഭാര്യയെ വിളിച്ചു. അഭിപ്രായം ചോദിച്ചു. “നമ്മള്‍ക്കിനി ആ പഴയ വീട്ടില്‍ ചെന്ന് താമസിക്കാന്‍ പറ്റില്ല. മക്കളും വരില്ല. അതുകൊണ്ട് സുരേഷേട്ടന്‍റെ താല്പര്യമനുസരിച്ചു ചെയ്താട്ടെ” അതായിരുന്നു അവളുടെ മറുപടി. എന്നിട്ടും അസ്വസ്ഥത. ഉറങ്ങാന്‍ കഴിയാതെ കണ്ണടച്ചു കിടന്നു. അച്ഛന്‍റെ കോപം കൊണ്ടു ചുവന്ന മുഖം മനസ്സില്‍ തെളിഞ്ഞു.
അമേരിക്കന്‍ ജീവിതത്താല്‍ നീ ഞങ്ങളെ അവഗണിച്ചു. ഇപ്പോള്‍ തറവാടും നിനക്കൊരു ഭാരമായി. കുടുബം വിറ്റുകിട്ടുന്ന മൊത്തം തുകയുമായി നിനക്ക് പോകാം. എന്നാലും, ഈ തറവാട്ടില്‍ ജീവിച്ചു മരിച്ചവരുടെ ആത്മാക്കള്‍ ഇവിടെത്തന്നെ കാണും. നിന്‍റെ മക്കള്‍ അവരെ ആരെയും ഓര്‍ക്കുകയില്ല. പക്ഷേ, എങ്ങനെ എല്ലാ ബന്ധങ്ങളെയും വിച്ഛേദിക്കാന്‍ നിനക്ക് കഴിയും? അങ്ങനെ അച്ഛന്‍ ചോദിച്ചതുപോലെ തോന്നി!
അതിനുശേഷം അഞ്ച് വര്‍ഷം കഴിഞ്ഞാണ് ജന്മഭൂമിയില്‍ ഞാന്‍ മടങ്ങിവന്നത്. ഭാര്യയും മക്കളും എന്നോടൊപ്പം ഉണ്ടായിരുന്നു. ഞങ്ങള്‍ ഗേറ്റ് കടന്നു ചെന്നപ്പോള്‍ കണ്ടത് തറവാടിന്‍റെ സ്ഥാനത്ത് നില്‍ക്കുന്ന രണ്ട്നില കെട്ടിടമാണ്. അതിന്‍റെ പിന്നില്‍ അച്ഛന്‍ നട്ടുവളര്‍ത്തിയ പ്ലാവും തേന്മാവും തണല്‍ വിരിച്ചുനില്‍ക്കുന്നു. തെങ്ങിന്‍തോപ്പിന്‍റെ പകുതി ഭാഗം പാര്‍ക്കിംഗ് സ്ഥലമാക്കിയിരിക്കുന്നു. അവിടേക്കുള്ള വഴികളുടെ ഇരു വശങ്ങളിലും വിളക്കുമരങ്ങള്‍. വീടിന്‍റെ മുന്‍വശത്ത്, ഭിത്തിയോടു ചേര്‍ത്ത്, ഒരു ശിലാഫലകം സ്ഥാപിച്ചിട്ടുണ്ട്. IN LOVING MEMORY OF KRISHNAALAYATTHIL NAARAAYANAPILLAI AND HIS WIFE BHAARATHIYAMMA എന്ന് അതില്‍ കൊത്തിവച്ചിട്ടുണ്ട്.
ഞങ്ങള്‍ ആ കെട്ടിടത്തിലെ സ്വീകരണമുറിയിലെത്തി. അവിടെ, പ്രധാന ഭിത്തിയില്‍ എന്‍റെ അച്ഛന്‍റെയും അമ്മയുടെയും ചിത്രം. അതിന്‍റെ അടിയില്‍, വര്‍ണ്ണലിപികളില്‍ എഴുതിയിരിക്കുന്നു: DONATED BY Mr. SURESH PILLAI, KRISHNAALAYATTHIL, KARUVAATTA, IN loving MEMORY OF HIS PARENTS NAARAAYANAPILLAI AND BHAARATHYAMMA.
ഞങ്ങള്‍ എല്ലാ മുറികളും സന്ദര്‍ശിച്ചു. അന്തേവാസികളോടും സംസാരിച്ചു. സ്വീകരണമുറിയില്‍ മടങ്ങിയെത്തിയപ്പോള്‍ ഞാന്‍ എന്‍റെ മക്കളോട് ചോദിച്ചു: എന്‍റെ അച്ഛനില്‍ നിന്ന് എനിക്ക് കിട്ടിയ സ്വത്ത് നിങ്ങള്‍ക്ക് വീതം വച്ചു തരാഞ്ഞത് എന്തുകൊണ്ടാണെന്ന് അറിയാമോ? മകള്‍ അശ്വതിക്ക് ചോദ്യം മനസ്സിലായില്ല. അവള്‍ മിണ്ടിയില്ല. അറിയാമെന്ന് മകന്‍ അനന്തന്‍ പറഞ്ഞു. ഞാന്‍ വിശദീകരിച്ചു: എന്‍റെ അച്ഛന് മകനായി ഞാനുണ്ടെങ്കിലും, അവസാനമായി അച്ഛന്‍ എന്നോട് പറഞ്ഞത് അദ്ദേഹത്തിന് ആരുമില്ല എന്ന് തോന്നുന്നുവെന്നാണ്. അതിന് ഒരു കാരണമുണ്ടായിരുന്നു. അമ്മ മരിച്ചപ്പോള്‍ ഞാന്‍ അരികിലില്ലായിരുന്നു. മാതാപിതാക്കളുടെ അന്ത്യകാലത്ത്, അവരോടൊത്ത് ജീവിക്കാന്‍ എനിക്ക് സാധിച്ചില്ല. ആ കുറ്റവും കുറവും പരിഹരിക്കാന്‍ ഈ ഒറ്റ വഴിയേ ഞാന്‍ കണ്ടുള്ളു. മാതാപിതാക്കളുടെയും മക്കളുടെയും നടുവില്‍ സ്വത്ത് എന്നു പറയുന്നത്, വീടും പറമ്പുമല്ല. സ്നേഹവാത്സല്യങ്ങള്‍ നല്‍കേണ്ട ഇടമാണ്. അതില്ലെങ്കില്‍ വീട് നിച്ഛലവും ശൂന്യവുമാകും. തറവാട് പഴയ രീതിയില്‍ തന്നെ നിന്നിരുന്നുവെങ്കില്‍, അതുകൊണ്ട് ആര്‍ക്കും വലിയ ഉപകാരം ഉണ്ടാകുമായിരുന്നില്ല. ഇപ്പോള്‍, ഈ സദനത്തില്‍ ഇരുപത്തിമൂന്ന് അമ്മമാരുണ്ട്. അവര്‍ക്ക് മക്കളും വീടുമില്ല. നമ്മുടെ സ്വത്ത് ഈ അമ്മമാര്‍ക്കു വേണ്ടി കൊടുത്തതുകൊണ്ട് അവര്‍ക്കും വീടായി. അവരുടെ പ്രാര്‍ത്ഥന നമ്മള്‍ക്ക് കൂട്ടായി.
പെട്ടെന്ന് അനന്തന്‍ സംശയത്തോടെ ചോദിച്ചു: മുത്തച്ഛന്‍റെയും മുത്തശ്ശിയുടെയും പേരെഴുതിയ പ്ലേക്കും ഭിത്തിയില്‍ വച്ചിട്ടുള്ള പടവും ഇതിന്‍റെ അധികാരികള്‍ക്ക് എടുത്ത് കളയാന്‍ പറ്റുമോ?
“അങ്ങനെ ചെയ്യാന്‍ ആര്‍ക്കും തന്നെ അവകാശമില്ല. വ്യവസ്ഥയുണ്ട്.” ഞാന്‍ കൂടുതല്‍ വ്യക്തമാക്കി: കൊടുത്തത് ദാനാധാരമാണ്. നിയമപരമായി തയ്യാറാക്കുന്ന ദാനാധാരത്തില്‍ സ്വീകര്‍ത്താവ് സ്വീകരിക്കുന്നതിനും, അതനുസരിച്ച് നടപ്പാക്കുന്നതിനുമായി “സമര്‍പ്പണ വ്യവസ്ഥ” എഴുതി ചേര്‍ത്തിട്ടുണ്ട്. അതനുസരിച്ചാണ് ഈ കെട്ടിടത്തിന് “നാരായണമന്ദിരം” എന്ന് പേരിട്ട്, നാമ ഫലകവും ചിത്രവും വച്ചിട്ടുള്ളത്. ഈ കെട്ടിടം മറ്റ് സ്ഥാപനങ്ങള്‍ക്ക് കൈമാറാനും വില്‍ക്കാനും സാധ്യമല്ല. വ്യവസ്ഥക്ക് വിപരീതമായി പ്രവര്‍ത്തിച്ചാല്‍ ദാനാധാരം റദ്ദാക്കപ്പെടുമെന്നും എഴുതി ചേര്‍ത്തിട്ടുണ്ട്. എന്‍റെ വിശദീകരണം കേട്ടുകൊണ്ട് അരികെ നിന്ന ഒരു സന്ദര്‍ശകന്‍ പറഞ്ഞു:
“ഇന്ന് നമ്മള്‍ മുതിര്‍ന്നവരോട് എങ്ങനെ പെരുമാറുന്നുവോ, നാളെ ലോകം നമ്മോടും അങ്ങനെ തന്നെ പെരുമാറും. വലിയ പണക്കാരനായിട്ടോ പണ്ഡിതനായിട്ടോ പ്രസിദ്ധനായിട്ടോ കാര്യമില്ല. ഓരോരുത്തനും അവനവന്‍റെ മനസ്സ് വലുതാക്കുകയാണ് വേണ്ടത്. അമ്മയുള്ള വീടാണ് സ്വര്‍ഗ്ഗം. അമ്മമാരെ വൃദ്ധസദനങ്ങളിലല്ല നമ്മുടെ ഹൃദയങ്ങളിലാണ് സൂക്ഷിക്കേണ്ടത്”. ഞാന്‍ അയാളെ അഭിനന്ദിച്ചു! ഭാര്യയോടും മക്കളോടുമൊത്ത് പാര്‍ത്ഥസാരഥി അമ്പലത്തിലേക്ക് ദര്‍ശനത്തിനു പോയി!
__________________________________________