
ന്യൂഡൽഹി: കേരളത്തിലെ ദേശീയപാത വികസന പദ്ധതികൾ വേഗത്തിലാക്കാൻ ലക്ഷ്യമിട്ട് മുഖ്യമന്ത്രി കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിന്റെ റോഡ്-ഗതാഗത അടിസ്ഥാന സൗകര്യ വികസനം ത്വരിതപ്പെടുത്തുന്നതിന് സഹായകമായ നിരവധി നിർണായക തീരുമാനങ്ങൾ ചർച്ചയിൽ കൈക്കൊണ്ടതായി മുഖ്യമന്ത്രി അറിയിച്ചു. ദേശീയപാത 66 വികസനത്തിലെ കാലതാമസം പരിഹരിച്ച് നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകിയതായും അദ്ദേഹം വ്യക്തമാക്കി.
സ്ഥലമേറ്റെടുപ്പ് 80 ശതമാനം പൂർത്തിയായ കോഴിക്കോട്–പാലക്കാട് (എൻ.എച്ച് 966) പദ്ധതിക്കുള്ള തുടർ അംഗീകാരം മൂന്ന് മാസത്തിനകം ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തിരുവനന്തപുരം ഔട്ടർ റിങ് റോഡ് പദ്ധതിക്ക് ആവശ്യമായ കേന്ദ്ര മന്ത്രിസഭാ അനുമതി ഉടൻ ലഭ്യമാക്കുമെന്നും കൂടിക്കാഴ്ചയിൽ ധാരണയായി. ദേശീയപാത നിർമാണത്തിന് ആവശ്യമായ പുഴമണലും ക്വാറി മെറ്റീരിയലുകളും തടസ്സമില്ലാതെ ലഭ്യമാക്കാൻ സംസ്ഥാനതലത്തിൽ നടപടികൾ ഊർജിതമാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ശബരിമല റോപ്പ്‌വേ പദ്ധതിയുടെ ഡി.പി.ആർ വേഗത്തിലാക്കാനും കേന്ദ്ര-സംസ്ഥാന അനുമതികൾ ലഭ്യമാക്കി രണ്ടു വർഷത്തിനകം നിർമാണം പൂർത്തിയാക്കാനും യോഗത്തിൽ ധാരണയായി. ഇതുകൂടാതെ വെസ്റ്റേൺ എറണാകുളം ബൈപ്പാസ്, കോതമംഗലം-മൂവാറ്റുപുഴ ബൈപ്പാസുകൾ, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള കണക്റ്റിവിറ്റി, സംസ്ഥാനത്തെ മറ്റ് റോപ്പ്‌വേ പദ്ധതികൾ എന്നിവയും സമയബന്ധിതമായി മുന്നോട്ടുകൊണ്ടുപോകാൻ ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സഹകരണത്തോടെ കേരളത്തിന്റെ ഗതാഗത മേഖലയിൽ വൻ കുതിച്ചുചാട്ടം ഉണ്ടാക്കാൻ ചർച്ച വഴിതുറക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.