
കൊച്ചി: കൂടത്തായി കൂട്ടക്കൊലക്കേസ് പ്രമേയമാക്കി നിർമിച്ചതെന്ന് കരുതുന്ന 'അണലി' എന്ന വെബ് സീരീസിന്റെ സംപ്രേഷണത്തിന് കോടതിയുടെ വിലക്ക്. കേസിലെ പ്രധാന പ്രതിയായ ജോളി ജോസഫിനെതിരെയുള്ള കോടഞ്ചേരി, താമരശ്ശേരി പോലീസ് സ്റ്റേഷനുകളിലെ ക്രിമിനൽ കേസുകളുടെ വിചാരണ പൂർത്തിയാകുന്നതുവരെയാണ് എറണാകുളം അഡീഷണൽ മുൻസിഫ് കോടതി സീരീസിന്റെ റിലീസ് തടഞ്ഞത്. സീരീസ് പുറത്തുവന്നാൽ അത് കേസിന്റെ വിചാരണയെയും തന്റെ നീതിയുക്തമായ അവകാശങ്ങളെയും ബാധിക്കുമെന്ന ജോളിയുടെ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്.
നിയമപ്രകാരം കുറ്റം തെളിയിക്കപ്പെടും വരെ ഏതൊരു വ്യക്തിക്കും നിരപരാധിയായി പരിഗണിക്കപ്പെടാനുള്ള അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. വെബ് സീരീസിന് ഹർജിക്കാരിയുമായി പ്രഥമദൃഷ്ട്യാ ബന്ധമുണ്ടെന്ന വാദങ്ങൾ നിലനിൽക്കുന്നതാണെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. ഹർജിക്കാരിയെ മുഖ്യകഥാപാത്രമായി തിരിച്ചറിയുന്ന രീതിയിലും വിചാരണയ്ക്ക് മുൻപേ യഥാർഥ കുറ്റവാളിയായി ചിത്രീകരിക്കുന്ന തരത്തിലുമാണ് സീരീസ് എത്തുന്നതെങ്കിൽ, അവരുടെ സ്വകാര്യതയ്ക്കും അന്തസ്സിനും സൽക്കീർത്തിക്കും ഉണ്ടാകുന്ന ഹാനി പിന്നീട് നഷ്ടപരിഹാരം കൊണ്ട് നികത്താനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത് നിഖില വിമലും ലിയോ ലിഷോയിയും പ്രധാന വേഷങ്ങളിലെത്തുന്ന വെബ് സീരീസിന് കോടതി നേരത്തെ താൽക്കാലിക സ്റ്റേ ഏർപ്പെടുത്തിയിരുന്നു. തുടർന്ന് നിർമാതാക്കളായ ജിയോ ഹോട്ട്സ്റ്റാർ വലിയ സാമ്പത്തിക നഷ്ടം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് ഹർജി വേഗത്തിൽ തീർപ്പാക്കാൻ മുൻസിഫ് കോടതിയോട് നിർദേശിച്ചത്. എന്നാൽ, ഇടക്കാല സ്റ്റേ റദ്ദാക്കണമെന്ന ഒ.ടി.ടി പ്ലാറ്റ്ഫോമിന്റെ വാദം തള്ളിയ കോടതി വിചാരണ കഴിയുംവരെ സമ്പൂർണ വിലക്ക് ഏർപ്പെടുത്തുകയായിരുന്നു.