
കൊച്ചി: ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്ന പൗരന്റെ മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് കേരള ഹൈക്കോടതി. അധ്യാപികമാർ ചുരിദാർ ധരിച്ച് സ്‌കൂളിലെത്തുന്നത് വിലക്കിയ കൊല്ലം നെടുവത്തൂർ ഈശ്വരവിലാസം ഹൈസ്‌കൂൾ മാനേജരുടെ നടപടിക്കെതിരെ ഹെഡ്മിസ്ട്രസ് സിന്ധു എസ്. നായർ നൽകിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന്റെ സുപ്രധാന വിധി. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ ഉത്തരവുപ്രകാരം അധ്യാപകർക്ക് സ്കൂളിൽ ചുരിദാർ ധരിക്കാൻ പൂർണ അനുമതിയുണ്ടെന്നും കോടതി വ്യക്തമാക്കി.
ഏതു വസ്ത്രം ധരിക്കണമെന്നത് പൂർണമായും വ്യക്തിപരമായ തീരുമാനമാണെന്നും അതിൽ ഇടപെടാൻ മറ്റൊരാൾക്കോ സമൂഹത്തിനോ യാതൊരു അവകാശവുമില്ലെന്നും സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടി. ഭരണഘടന സ്ത്രീയുടെ അന്തസ്സ് നിശ്ചയിച്ചിരിക്കുന്നത് മറ്റുള്ളവർക്ക് ഇഷ്ടപ്പെട്ട വസ്ത്രം അവർ ധരിക്കണമെന്ന വ്യവസ്ഥയിലല്ല. മാന്യമായ രീതിയിൽ ചുരിദാർ ധരിക്കുന്നത് ഒരാളുടെ പദവിയെയോ ഔദ്യോഗിക കാര്യക്ഷമതയെയോ ഒരു തരത്തിലും കുറച്ചുകാണിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
സ്കൂളിൽ എത്തുന്നതിൽ ഹെഡ്മിസ്ട്രസിന് മാനേജർ ഇനിയും തടസ്സം സൃഷ്ടിച്ചാൽ അവർക്ക് ആവശ്യമായ സംരക്ഷണം നൽകാൻ കൊട്ടാരക്കര പോലീസിന് ഹൈക്കോടതി നിർദേശം നൽകി. ചട്ടങ്ങൾ ലംഘിച്ച സ്കൂൾ മാനേജരെ അയോഗ്യനാക്കണമെന്ന ഹർജിക്കാരിയുടെ ആവശ്യത്തിൽ ബന്ധപ്പെട്ട വിദ്യാഭ്യാസ വകുപ്പ് അധികാരികൾക്ക് യുക്തമായ തീരുമാനമെടുക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.