
കവി, ചലച്ചിത്രകാരൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ ജയൻ കെ. സി. യുടെ തെരഞ്ഞെടുത്ത കവിതകളുടെ സമാഹാരമാണ് 'പച്ചയ്‌ക്ക് ' എന്ന ഈ പുസ്തകം. 1997 നും 2006 നു ഇടയിൽ മലയാളത്തിലെ പ്രമുഖ ആനുകാലികങ്ങളിൽ വെളിച്ചം കണ്ടതും ആധുനിക മലയാളം അവേശത്തോടെ ചർച്ച ചെയ്യപ്പെട്ടവയുമാണിത്. സമകാലികരുടെ കവിതകളിൽ നിന്നും പ്രകടമായും വ്യത്യസ്തമാണ് ഈ കവിതകൾ. ഭാഷാരൂപകാലങ്കാരങ്ങൾ, പ്രതിബിംബകല്പനകൾ എന്നു മാത്രമല്ല പ്രമേയ സ്വീകരണത്തിലും ഇത് വേറിട്ടു നിൽക്കുന്നു.
സ്വന്തം തട്ടകത്തിൽ നിന്ന് നിഷ്കാസിതനായ ഒരു കുടിയേറ്റക്കാരൻ്റെ കവിതകളാണിത്. മനസ്സിൽ മലയാളനാടും ഭാരതവും പച്ച വിരിച്ച് നിൽക്കുമ്പോഴും അമേരിക്കയിൽ കുടിയേറ്റക്കാരനായി ജീവിക്കുകയും ഇവിടുത്തെ യാഥാർത്ഥ്യങ്ങളോട് നിരന്തരമായി സംവേദിക്കുകയും ചെയ്തു കൊണ്ടാണ് ഈ കവിതകൾ രചിക്കപ്പെട്ടത്.
പുസ്തകത്തിൻ്റെ ശീർഷകമായ 'പച്ചയ്‌ക്ക് ' എന്ന പേരിൽ ഒരു കവിത ഈ പുസ്തകത്തിൽ ഇല്ലെങ്കിലും കവിതകളൊക്കെ പച്ചയ്ക്കു തന്നെ പറയേണ്ട കാര്യങ്ങൾ പറയുന്നവയാണ്. ലളിത വായനക്കാർക്കുള്ളതല്ല ഈ ഗദ്യ കവിതകൾ. ഒരോ കവിതയും പല ആവർത്തി വായിക്കുമ്പോൾ കൂടുതൽ ആഴങ്ങളിലേക്ക് ഊളിയിടാനാവും.

'കിളി' എന്ന കവിതയിൽ കൂടുവിട്ടുണർന്ന്, കൂടും, കൂടിരിക്കും ചില്ലയും, ചില്ലപേറും മരവും, മരം മുളച്ച മലയും, മലയൊഴിച്ച പുഴയും, പുഴ വിഴുങ്ങിയ കരയും, കരയും പുഴയുമാകെ വിഴുങ്ങിയ കടലും, കണ്ടുവെന്ന് പറഞ്ഞ് തുടങ്ങി അത് അളക്കുന്നതും അതൊക്കെ വിഴുങ്ങുന്നതും പിന്നെ ചിറക് വിരിച്ച് ആദിയും അന്തവുമില്ലാത്ത ആകാശമാകുന്നതായി പറയുന്ന മനോഹരമായ ഒരു പരിസ്ഥിതി കവിതയാണ്. ദുരമൂത്ത് എല്ലാം എനിക്കു വേണം എനിക്കു മാത്രം വേണം എന്നു പറഞ്ഞ് മുച്ചൂടും വിഴുങ്ങുന്നവരായി മനുഷ്യൻ മാറിപ്പോയിരിക്കുന്നു.
"എഴുത്തുമെഴുത്തച്ഛനെയും
എഴുത്താണിയിൽത്തളച്ച
എഴുത്തിൻ്റെ പ്രഭുക്കളെ
വഴങ്ങി നിൽക്കാതെ
ഒഴിഞ്ഞു മാറുക
കിഴിഞ്ഞു നോക്കാതെ
നേരെ നിൽക്കുക"
"ഓർമ്മയിൽ നിന്നെക്കോർത്തു നിൽക്കുക
കാറ്റിനെതിരെ നേർത്തു നിൽക്കുക"
എന്ന് 'കാഞ്ഞിരസ്മരണ' എന്ന കവിതയിൽ നാം എങ്ങനെയാണ് കാറ്റിനെതിരെ ഒടിയാതെ നിൽക്കേണ്ടതെന്ന് പറയുന്നുണ്ട്.
'ദുരന്തം' എന്ന കവിതയിൽ എൻ്റെ രക്തവും നിൻ്റെ രക്തവും, എൻ്റെ ജീവനും നിൻ്റെ ജീവനും ഒന്നാണെന്നും; അഹന്ത വാർന്ന എൻ്റെ മരണവും കുഴിബോബുകൾക്ക് മുകളിൽ വരണ്ട കാറ്റിലേക്ക് അസ്ഥി കൂർപ്പിക്കുന്ന നിൻ്റെ ജീവിതവും തുല്യമാണെന്ന് പറയുന്നു.
"വിളക്ക്
ഇരുട്ടിനെ
നക്കിക്കൊണ്ടിരുന്നു.
പ്രാർത്ഥനയുടെ സ്വാദുള്ള സന്ധ്യ
അത്താഴമണങ്ങളിൽ
മുങ്ങിയിരുന്നു.
ചാരം പൂണ്ട അടുപ്പിലൂടെ
അതിഴയുന്നത്
അമ്മ കണ്ടു
ആരോടും പറഞ്ഞില്ല"
എന്ന് 'വിശപ്പ് ' എന്ന് കവിതയിൽ വായിക്കുന്നു. അങ്ങനെ ഓരോ വാക്കുകളും വളരെ സൂക്ഷമതയോടെ തെരഞ്ഞെടുത്താണ് ഓരോ കവിതയും നിർമ്മിച്ചിരിക്കുന്നത്. വായനക്കാർക്ക് ചിന്തിക്കുവാനുള്ള മൗനം വാക്കുകൾക്കിടയിൽ നിക്ഷേപിച്ചിരിക്കുന്നതിനാൽ വായന പൂർത്തിയാവുമ്പോൾ കവിത വായനക്കാരൻ്റെ കവിതയായി മാറും. പിന്നീട് എഴുത്തുകാരൻ ആ കവിതയിൽ എന്താണ് ഉദ്ദേശിച്ചിരിക്കുന്നതെന്ന് വ്യാകുലപ്പെടേണ്ട കാര്യമില്ല. അങ്ങനെ വ്യാകുലപ്പെട്ടാലും പിടിതരാതെ കവിയുടെ കവിത അവിടെത്തന്നെയുണ്ടാവും.
'യൊ മാമാസ് ലാസ്റ്റ് സപ്പർ' എന്ന കവിത പ്രശസ്ത ജെമൈക്കൻ അമേരിക്കൻ ഫോട്ടോ ഗ്രാഫറായ റെനീ കോക്സ്സിനാണ് ഭക്ത്യാദരങ്ങളോടെ സമർപ്പിച്ചിരിക്കുന്നത്. 1996 ലെ ആ വിവാദ ചിത്രത്തിൻ്റെ പേരുതന്നെയാണ് കവിതയ്ക്കും നൽകിയിരിക്കുന്നത്. ഈ ചിത്രം ന്യൂയോർക്കിലെ ബ്രൂക്കിളിൻ മ്യൂസിയം ഓഫ് ആർട്ടിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ക്രിസ്തുവിൻ്റെ അന്ത്യ അത്താഴം ചിത്രീകരിക്കുന്ന ഈ കൂറ്റൻ ഫോട്ടോഗ്രാഫിൽ പന്ത്രണ്ട് കറുത്ത ശിഷ്യന്മാർക്ക് നടുവിൽ ക്രിസ്തുവിനെ നഗ്നയായ ഒരു നീഗ്രോ യുവതിയായി ചിത്രീകരിച്ചിരുന്നു. ചിത്രത്തിൽ നഗ്നക്രിസ്തുവായി പ്രത്യക്ഷപ്പെടുന്നത് റെനീ കോക്സ്സ് തന്നെയാണ്. യൂദാസിനെ വെള്ളക്കാരനായും ചിത്രീകരിച്ചിരിക്കുന്നു.

"നിൻ്റെ
മേൽച്ചുണ്ടിൽ
നിന്ന്
എൻ്റെ
കീഴ്ച്ചുണ്ടിലേക്ക്
ഒരു ചുംബനം
'ഡൗൺലോഡ്' ചെയ്യപ്പെടുന്നു."
എന്ന് ' പ്രണയം പ്രത്യുത്പാദനം പ്രതിവിപ്ളവം; എന്ന കവിതയിൽ കാണുന്നു. മലയാള ഭാഷയുടെ വളർച്ചയിലും വികാസത്തിലും അന്യഭാഷകളിൽ നിന്നുള്ള പദസ്വീകരണം (Borrowing of words) വളരെ വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്. അന്യഭാഷകളിൽ നിന്ന് വാക്കുകൾ കടം കൊള്ളുന്നതിനേക്കുറിച്ച് വിഭിന്നാഭിപ്രായമുണ്ടാകാം. നല്ല മലയാളത്തിൽ കവിത എഴുതിയിരിക്കുമ്പോഴും വളരെ സ്വാഭാവികമാവും വിധം ഇംഗ്ളീഷ് വാക്കുകളും വാചകങ്ങളും കവിതയിൽ മലയാളം അക്ഷരങ്ങളിൽ വായിക്കാനാവും. അതേ കവിതയിൽ തുടർന്ന് വായിക്കാം.
അറ്റാച്ച് മെയിൽ
ഒരു 'സിപ്പ്ഫയൽ' നിറയെ
പ്രണയഭൂണങ്ങൾ
(അൺസിപ്പ് വിത്ത് വിൻസിപ്പ് ഓൺലി)
ഇന്നലെകളിൽ മലയാളികൾ ഇംഗ്ലീഷിൽ നിന്ന് വാക്കുകൾ കടം കൊണ്ടിരുന്നത് മാന്യതയുടെ മൂടപടമണിഞ്ഞു കൊണ്ടാണ്. ഈ കവിതകളിൽ ആഴങ്ങളിലേക്ക് പോകാനാണ് ഈ പരകീയ പദങ്ങൾ ആദേശം ചെയ്യപ്പെടുന്നത്. അത്തരം വാക്കുകളൊക്കെ സ്വന്തമാക്കി മലയാളഭാഷ വളർന്നു കൊണ്ടേയിരിക്കുന്നു. അങ്ങനെ ഭാഷയുടെ വളർച്ചയ്ക്കും ഈ കവിതകൾ സഹായിക്കുന്നു എന്നത് കാണാതെ പോകാനാവില്ല.
"പർദ്ദയിൽ-
പ്പൊതിഞ്ഞ്
അടുക്കളയിൽ
അടക്കിയ
ശ്വസിക്കുന്ന 'മമ്മി' "
യെ 'വിഘ് ന ബുദ്ധൻ' എന്ന കവിതയിൽ കാണാം.
"ദൈവഭയമകറ്റാൻ
ദ്രാവകരൂപിയായ
ദൈവത്തിൽ
നക്ഷത്രപ്പൊടികളായ്
പാറി വീണ്
അതിനെ ഖരമാക്കുക...
"ലുക്ക് നീത്ഷേ
നൗ ഗോഡ് ഈസ്
പെർമെനൻ്റെലി
ഡിലീറ്റഡ്"
എന്ന് 'ഖരം ദ്രാവകം ദൈവം' എന്ന കവിതയിൽ വായിക്കുന്നു.
ഫിലഡൽഫിയായിൽ പത്രപ്രവർത്തകനായിരുന്ന ശബ്ദരഹിതരുടെ ശബ്ദം എന്ന് അറിയപ്പെട്ടിരുന്ന മൂമിയ അബു ജമാൽ എന്ന ബ്ളാക് പാന്തർ മുൻ നേതാവ് വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് അമേരിക്കൻ ജയിലിൽ കഴിഞ്ഞിരുന്ന കാലത്ത് 1998 ൽ എഴുതിയതാണ് 'ശബ്ദരഹിതരുടെ ശബ്ദം' എന്ന കവിത. ഇപ്പോൾ തൻ്റെ 72 ആം വയസ്സിലും പരോളില്ലാതെ ജമാൽ ജീവപര്യന്തം തടവടയിൽ തന്നെയാണ്.
ആശയ സമ്പുഷ്ടമായ വ്യത്യസ്തമായ വായനകൾ സാധ്യമാക്കുന്ന 42 കവിതകളുടെ ഈ സമാഹാരം തൃശ്ശൂർ നിന്നുള്ള കറൻ്റ് ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കോസ്മോ ബുക്സ് ഈ പുസ്തകം വിതരണം ചെയ്യുന്നു. 98 പേജുകളുള്ള ഈ പുസ്തകത്തിൻ്റെ വില 50 രൂപയാണ്.
ജയൻ കെ. സി. (ജയൻ കെ. ചെറിയാൻ)
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയിൽ 1966 മാർച്ച് 5 നു ജനിച്ചു. രണ്ടാറ്റിൻകര കളപ്പുരയ്ക്കൽ ചെറിയാൻ, കോതമംഗലം മാലിയിൽ മേരി എന്നിവർ മാതാപിതാക്കൾ. ഗവ. എൽ. പി. സ്കൂൾ കാരിമറ്റം, സേക്രട്ട് ഹാർട്ട് ഹൈസ്കൂൾ ആയവന, മാർ ബേസിൽ ഹൈസ്കൂൾ കോതമംഗലം, നിർമ്മല കോളേജ് മൂവാറ്റുപുഴ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം.
1990 ല്‍ കുടുംബസമേതം അമേരിക്കയിലെത്തി. ന്യൂയോർക്ക് സിറ്റി യൂണിവേഴ്സിറ്റിയുടെ ഹണ്ടർ കോളേജിൽ നിന്ന് ഫിലിം മിലും ക്രിയേറ്റീവ് റൈറ്റിങ്ങിലും ബിരുദങ്ങൾ, സിറ്റി കോളേജ് ഓഫ് ന്യൂയോർക്കിൽ നിന്ന് ഫിലിം മേക്കിങ്ങിൽ ബിരുദാനന്തര ബിരുദം. ക ബോഡിസ്കേപ്സ്, പപ്പിലിയോ ബുദ്ധ, ഷെയ്പ് ഓഫ് ദ ഷെയിപ്പ്ലെസ്സ്, റിഥം ഓഫ് ദമ്മാം എന്നിവ പ്രധാന സിനിമകൾ. നിരവധി ലോകമേളകളിലേക്ക് സിനിമകൾ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
2012ല്‍ ആദ്യ ചിത്രമായ 'പപ്പിലിയോ ബുദ്ധ' സംവിധാനം ചെയ്തു. പരിസ്ഥിതി പ്രവര്‍ത്തകനായ കല്ലേല്‍ പൊക്കുടന്‍, തമ്പി ആന്റണി, പത്മപ്രിയ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. വയനാട്ടിലെ ആദിവാസി ഭൂമിപ്രശ്‌നവും അതിനെ തുടര്‍ന്ന് ദളിതര്‍ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിന് 2012 ലെ സംവിധാനത്തിനുള്ള കേരള സര്‍ക്കാരിന്റെ പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചിരുന്നു.
കേരളത്തിലും അമേരിക്കയിലും ആനുകാലികങ്ങളിൽ ലേഖനങ്ങളും കവിതയും എഴുതുന്നു. അയനം വചന രേഖയില്‍ എന്ന കവിതാ സമാഹാരത്തിന് 2003 ലെ കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ എന്‍ഡോവ്‌മെന്റ് അവാര്‍ഡ് ലഭിച്ചു. നിരവധി പുരസ്കാരങ്ങൾ പുസ്തകങ്ങൾക്കും സിനിമയ്‌ക്കും ലഭിച്ചിട്ടുണ്ട്. അമേരിക്കയിലെ വിവിധ സാഹിത്യ സാമൂഹ്യ സംഘടനകളിൽ സജീവമാണ്.
ആയോധനത്തിൻ്റെ അച്ചുതണ്ട് (1996), അയനം വചനരേഖയിൽ (1999), പോളിമോർഫിസം (2002), പച്ചയ്‌ക്ക് (2006) എന്നീ കവിതാ സമാഹാരങ്ങൾ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു. പപ്പിലിയോ ബുദ്ധ, കബോഡി സ്കേപ്സ് എന്നീ സിനിമകളുടെ തിരക്കഥ പുസ്തകരൂപത്തിൽ ലഭ്യമാണ്.
ന്യുയോർക്കിൽ കുടുംബസമേതം താമസിക്കുന്നു. കൂട്ടുകാരി :- നിഷ, മക്കൾ :- ഗാർഗ്ഗി, ഗാഥ. email :- jayankc@aol.com